Wednesday, June 23

‘കോവിഡ് വാക്സിൻ പരീക്ഷണം’ ; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

 

 

കോവിഡ് 19 ൻ്റെ പ്രതിരോധ മരുന്ന് പരീക്ഷണത്തിന് വിധേയനായ യുവാവ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി രംഗത്ത്. കോവിഡ് ഷീൽഡ് വാക്സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തിവെക്കണമെന്ന ആവശ്യവുമായി വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ചെന്നൈ സ്വദേശിയാണ് രംഗത്ത് വന്നത്.

വാക്സിൻ നിർമ്മാതാക്കളായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്രസെനക്ക, പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്കെതിരെയാണ് പരാതി. കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഡ് ഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം ഉയർന്നിരിക്കുന്നത്.

കോവിഡ് വാക്സിൻ എടുത്തതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരീക്ഷണത്തിൽ പങ്കാളിയായ 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കൺസൾട്ടന്റ് പറയുന്നത്. ഈ സാഹചര്യത്തിൽ അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽനിന്ന് ഒക്ടോബർ ഒന്നിന് കോവിഡ് വാക്സിനെടുത്ത യുവാവാണ് പരാതിക്കാരൻ.

വാക്സിൻ പരീക്ഷണത്തിന് വിധേയനായ യുവാവിന് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിട്ടത് പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്സിൻ എടുത്തതിന്റെ ഫലമായാണോ എന്നകാര്യം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) യും ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്സ് കമ്മിറ്റിയും പരിശോധിച്ചു. പരീക്ഷണത്തിൽ പങ്കെടുത്ത വോളന്റിയറുടെ നിർദ്ദേശ പ്രകാരം ഐസിഎംആർ ഡയറക്ടർ ജനറൽ, ഡിജിസിഐ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിട്ടുണ്ട്. ആസ്ട്ര സെനക്ക സിഇഒ, പ്രൊഫസർ ആൻഡ്രൂ പൊള്ളാഡ്, ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റർ, ശ്രീ രാമചന്ദ്രാ ഹയർ എഡ്യൂട്ടേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിന്റെ വൈസ് ചാൻസ്ലർ എന്നിവർക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. വക്കീൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ അഞ്ച് കോടിരൂപ നൽകണമെന്നാണ് ആവശ്യം

മരുന്ന് പരീക്ഷിച്ച ശേഷം തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ്  ചെന്നൈ സ്വദേശി പറയുന്നത്. ഇതുമൂലം ദീർഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. ആരോഗ്യത്തെക്കുറിച്ചും അനിശ്ചിതമായ ഭാവിയെക്കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോൾ കഴിയുന്നത്.

Spread the love
Read Also  കീം പരീക്ഷക്കെത്തിയ 600 രക്ഷിതാക്കൾക്കെതിരെ കേസ്