Sunday, May 31

നെഗറ്റീവായ റാന്നി സ്വദേശികൾക്ക് വൻ യാത്രയയപ്പ്

കോവിഡ് രോഗബാധിതരായി ഇറ്റലിയിൽ നിന്നുമെത്തിയ റാന്നി സ്വദേശികളുടെ സംഘം രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ഇറ്റലിയിൽനിന്നെത്തിയ കുടുംബാംഗങ്ങളും ബന്ധുക്കളായ രണ്ടുപേരുമാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലേക്ക് മടങ്ങിയത്.

പരിശോധനയിൽ നെഗറ്റീവായവർ ഇവരാണ്: റാന്നി ഐത്തല പട്ടയിൽ മോൻസി ഏബ്രഹാം (55), ഭാര്യ രമണി (53), മകൻ റിജോ (26) എന്നിവരും മോൻസിയുടെ സഹോദരൻ പി.എ. ജോസഫ് (61), ഭാര്യ ഓമന ജോസഫ് (59) എന്നിവർ. ഇവർക്ക് ആശുപത്രി ജീവനക്കാരും സംഘവും വൻ യാത്രയയപ്പ് നല്കി.

വൈറസിൽനിന്ന് മുക്തരായ ഇവർക്ക് മധുരവുമായി ആശുപത്രി ജീവനക്കാർ പുറത്തുകാത്തുനിൽക്കുകയായിരുന്നു.

തങ്ങൾക്ക് മടങ്ങാനുള്ള ആംബുലൻസിലേക്ക് കയറാനായി റാന്നി  സ്വദേശികളായ കുടുംബം ആശുപത്രിക്കുള്ളിൽനിന്ന് പുറത്തേക്കെത്തുമ്പോൾ. ആർ.എം.ഒ. ഡോ. ആശിഷ് മോഹൻ കുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും ഇവരെ സ്വീകരിച്ചു. രോഗം ഭേദമായ ഇവർ ആരോഗ്യപ്രവർത്തകർക്ക് നന്ദിയർപ്പിച്ചു. സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും ഡി.എം.ഒ.യ്ക്കും കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു.

അവർ പറഞ്ഞു. ”ഞങ്ങളുടെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായി. തെറ്റാണെന്ന് മനസ്സിലാക്കുന്നു. പുതുജീവിതംതന്ന എല്ലാവർക്കും നന്ദി… പ്രാർഥനകളിൽ ഈ കരുതൽ ഞങ്ങൾ എന്നുമോർക്കും”- വൈകാരികമായി തന്നെ റിജോ പറഞ്ഞു

വീട്ടിലേക്ക് മടങ്ങിയ ഇവരെ എല്ലാ സജ്ജീകരണങ്ങളുമായാണ് ആശുപത്രി അധികൃതർ യാത്രയാക്കിയത്. ഡോക്ടർമാരും മറ്റു ജീവനക്കാരും ചേർന്ന് കേക്ക്, രണ്ട് കുടുംബങ്ങളിലായുള്ള അഞ്ചുപേർക്കും അടുത്ത ദിവസങ്ങളിൽ ഉപയോഗിക്കേണ്ട ഭക്ഷ്യവസ്തുക്കൾ, പച്ചക്കറി എന്നിവ വാങ്ങി. തിങ്കളാഴ്ച വീട്ടിലെത്തിയശേഷം ഇവർക്ക് കഴിക്കുന്നതിന് ചപ്പാത്തിയും കറികളും ഒപ്പം കരുതി. മധുരപലഹാരങ്ങളും ഭക്ഷ്യവസ്തുക്കളുമായാണ് കുടുംബാംഗങ്ങൾ ഐത്തലയിലേക്ക് മടങ്ങിയത്. കരുതലിൻ്റെ ഭാഗമായി ഇനിയും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

Read Also  കേരളത്തിന് ഇന്നും ഒരാശ്വാസദിനം കൂടി

Leave a Reply

Your email address will not be published.