Wednesday, June 23

കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ മെഡി.കോളേജിൽനിന്നും വീട്ടിലെത്തിച്ചു

 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് കോവിഡ് ബാധിച്ചയാളെ  വീട്ടിലെത്തിച്ചത് പുഴുവരിച്ച നിലയിൽ എന്ന് പരാതി. കുടുംബാഗങ്ങളാണ് പരാതി ഉന്നയിച്ചത്. വട്ടിയൂർക്കാവ് സ്വദേശിയുടെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആറാം വാർഡിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

കഴിഞ്ഞമാസം 21-ാം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  അദ്ദേഹത്തിന് കോവിഡ് ബാധിച്ചത് ആശുപത്രിയിൽ നിന്നാണ്

ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് കോവിഡ് നെഗറ്റീവ് ആയത്. ഇതെത്തുടർന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തലയുടെ പിൻഭാഗം വരെ പുഴുവരിച്ച നിലയിലാണ് വീട്ടിൽ എത്തിച്ചത്.

വീട്ടിൽ നിന്നും എല്ലാ ദിവസവും  ആശുപത്രിയിലേക്ക് വിളിക്കുമായിരുന്നു എന്ന് ഇദ്ദേഹത്തിൻ്റെ മകൾ പറയുന്നു.. ഓക്സിജൻ നില നിയന്ത്രിക്കാനാകുന്നില്ല എന്നത് അല്ലാതെ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നതെന്നും മകൾ കൂട്ടിച്ചേർത്തു. അച്ഛന് വെള്ളം പോലും കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണെന്നും മകൾ പറഞ്ഞു.

റിസൾട്ട് തരാൻ ആശു പത്രി അധികൃതർ വിസമ്മതിച്ചുവെന്നും സഹോദരൻ പ്രശ്നമുണ്ടാക്കിയതിനു പിന്നാലെയാണ് റിപ്പോർട്ട് തരാൻ തയ്യാറായതെന്നും അവർ കൂട്ടിച്ചേർത്തു.

രോഗിയുടെ ദാരുണാവസ്ഥ  അറിഞ്ഞതിനു പിന്നാലെ  അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർ ഷിനു  പ്രതികരിച്ചു. ഇനി രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബാംഗങ്ങൾ തൽപര്യപ്പെടുന്നില്ലെന്നും അതിനാൽ പാലിയേറ്റീവ് കെയറിന്റെ അംഗങ്ങളോട് ദിവസവും രോഗിയുടെ അരികിൽ പോയി പരിചരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രി ‘അധികൃതരുടെ വീഴ്ചയാണെന്നും   ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗിക്ക് ഇനി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്

Spread the love
Read Also  ലോക്ക് ഡൗൺ പ്രതിസന്ധി ; ഓല ജീവനക്കാരെ പിരിച്ചുവിടുന്നു