Wednesday, June 23

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പുല്ലുവിളയിലെ സമൂഹവ്യാപനം സർക്കാരിൻ്റെ പരാജയമോ

 

തലസ്ഥാന ജില്ലയുടെ തെക്കൻ തീരപ്രദേശമായ പുല്ലുവിള എല്ലാ കാലത്തും പകർച്ചവ്യാധികൾക്ക് വളക്കുറുള്ള ഭൂഭാഗമാണ്. പുല്ലുവിള ഉൾപ്പെടുന്ന കരിങ്കുളം പഞ്ചായത്ത് ലോകാരോഗ്യസംഘടനയുടെ ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രദേശമാണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശമാണ് കരിങ്കുളം പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശം എല്ലാ കാലത്തും പിരിമുറുക്കങ്ങൾ തിങ്ങിനിറഞ്ഞുനിന്ന പ്രദേശമാണ്. പലയിടങ്ങളും ഇടയ്ക്കിടെ സംഘർഷങ്ങളുടെ ഉറവിടമാകാറുണ്ട്.. അത് കൂടാതെ ശാസ്ത്രീയമായ രീതിയിൽ ഒരു പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്താനായി ആരോഗ്യവകുപ്പ് മുൻകൈ എടുത്തിട്ടില്ല എന്നതും ഇവിടെ സ്ഥിതിഗതികൾ വഷളാക്കി.

സംസ്ഥാനത്ത് ഒറ്റയടിക്ക് ലോക് ഡൗൺ ഇളവ് നടപ്പിൽ വരുത്തിയതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് വീണ്ടും കോവിഡ് രോഗവ്യാപനം തീവ്രമായത്. ഏറ്റവും ഒടുവിൽ പൂന്തുറയിലും ജനസാന്ദ്രത കൂടിയ പുല്ലുവിളയിലും സമൂഹവ്യാപനത്തിന് കാരണമായത് ഇതേ കാരണം കൊണ്ടുതന്നെയാണ്. ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളിലെ രോഗപ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായി മൂന്ന് മേഖലകളായി തിരിച്ചിരിക്കുകയാണ്. ഒന്ന് അഞ്ചുതെങ്ങ് മുതൽ പെരുമാതുറവരെ, രണ്ട് പെരുമാതുറ മുതൽ വിഴിഞ്ഞംവരെ മൂന്ന് വിഴിഞ്ഞം മുതൽ തമിഴ്നാട് അതിർത്തിയിലെ പൊഴിയുർവരെ

കേരളത്തിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ തിരുവനന്തപുരം തീരപ്രദേശങ്ങളിൽനിന്നും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി തമിഴ്നാട് ഭാഗത്തേക്ക് പോയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടതാണ് സമൂഹവ്യാപനത്തിന് ഇടയാക്കിയത്.

കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ ടെസ്റ്റിൽ 26 പേർക്ക് കോവിഡ് പോസിറ്റീവായി. പുതുക്കുറിശ്ശിയിൽ 75 സാമ്പിളുകൾ പരിശോധിച്ചതിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.

പൂന്തുറയെക്കൂടാതെ പുല്ലുവിളയിലും കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണങ്ങളും പ്രതിരോധപ്രവർത്തനങ്ങളും കടുപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇപ്പോൾ പുല്ലുവിളയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് രോഗബാധയുള്ളവരെ ചികിത്സിക്കാനായി ആരോഗ്യവകപ്പ് സംവിധാനമൊരുക്കിയിരിക്കുന്നത്. 100 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടിക്കഴിഞ്ഞാൽ ബദൽ സംവിധാനമൊരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

തലസ്ഥാനത്ത് രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിൽ സമൂഹവ്യാപനം വന്നിട്ടും സർക്കാർ ആ സ്ഥാപനത്തിൻ്റെ പേര് മറച്ചുവെച്ചു. പകരം അട്ടക്കുളങ്ങര മേഖലയിൽ രോഗവ്യാപനം എന്നു പറഞ്ഞതിന് പിന്നിൽ രാമചന്ദ്രയുടെ ഇടപെടലാണെന്നാണ് ആരോപണം. ഈ വ്യാപാരസ്ഥാപനത്തിൽ നിരവധി ഉപഭോക്താക്കൾ സംഘമായി എത്തുകയും സാധനങ്ങൾ വാങ്ങി മടങ്ങുകയും ചെയ്തതാണ്. രാമചന്ദ്രയിലെ 78 ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. ഇത് വെളിപ്പെടുത്തുന്നതിന് മടിക്കുന്ന സർക്കാർ ഏത് നീതിബോധത്തിലാണ് വിശ്വസിക്കുന്നത്. ഇനിയെങ്കിലും നിയന്ത്രണങ്ങൾ കർശനമാക്കി രോഗവ്യാപനം തടഞ്ഞില്ലെങ്കിൽ കേരളവും മഹാരാഷ്ട്രയായി മാറാൻ വലിയ കാലതാമസമുണ്ടാകാനിടയില്ല.

Spread the love
Read Also  ഇന്ന് ഒരു കോവിഡ് മരണം ; 65 പേർക്ക് രോഗം സ്ഥിരീകരിച്ചു