Sunday, May 31

മദ്യം ഒഴിവാക്കാനാവാത്ത മനുഷ്യരും ഈ ഭൂമുഖത്തുണ്ട്

നമ്മൾ സൃഷ്ടിക്കുന്നത് രണ്ടു തരം പൗരബോധമാണ്. ഈ ഭീതിയുടെ കാലത്തും സഹജീവിയുമായി സാമൂഹിക അകലം പാലിക്കാൻ നിരബന്ധിതരാകുമ്പോഴും മനസിലെ ഊതി വീർപ്പിച്ച പൊള്ളത്തരം ഒട്ടും വിട്ടുകൊടുക്കാൻ പൊതു സമൂഹമെന്ന് വിളിക്കപ്പെടുന്ന നമ്മൾ തുനിയുന്നില്ല.

ഡൽഹിയിലെ ജീവിതം കൊണ്ട് പായുന്ന അതിഥി തൊഴിലാളികളുടെ വ്യഥയിൽ നമ്മൾ പങ്കു ചേരും. കോവിഡിന്റെ ദുരിതങ്ങൾ അനുഭവിച്ച ഇറ്റലിയുടെയും അറേബ്യൻ രാജ്യങ്ങളുടെയും വ്യഥയിൽ നമ്മൾ പങ്കുചേരും. അവിടെയെല്ലാം നമ്മൾ സഹജീവിതത്തിന്റെ പുസ്തകത്തിൽ ചില വിശുദ്ധ വചനങ്ങൾ എഴുതിച്ചേർക്കും . കേരളത്തിൽ ലക്ഷകണക്കിന് മനുഷ്യരെ നമ്മുടെ ആരോഗ്യരംഗം കൊറോണയുടെ നിരീക്ഷണത്തിനായി കരുതലോടെ കാത്തുസൂക്ഷിക്കുന്നു. നമ്മുടെ കൈവിട്ടുപോയ ഒരു മനുഷ്യൻ ഇന്നലെ രോഗത്തിന് കീഴടങ്ങി മരണം വരിച്ചു, അദ്ദേഹത്തിന്റെ മരണാന്തര കർമ്മങ്ങൾ പോലും ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് വളരെ കൃത്യതയോടെ നമ്മൾ നടത്തി .  കോവിഡിന്റെ ആക്രമണത്തിൽ നമുക്ക് ഒരാളെ നഷ്ടമായപ്പോൾ നമ്മൾ വിലപിക്കുന്നു. പക്ഷെ നമ്മുടെ സമൂഹത്തിന്റെ ഭാഗമായ അഞ്ചുപേർ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കേരളത്തിൽ മരണപ്പെട്ടു. ആത്മഹത്യയും അസ്വാഭാവിക മരണവുമായി അതിനെ കണക്കിൽ പെടുത്തുമ്പോൾ ഗുരുതരമായ മറ്റൊരു സാമൂഹിക പ്രതിസന്ധിയായി അത് നിലനിൽക്കുന്നു.

ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും വില്ലനും പരിഹാസപാത്രവുമായ മദ്യപന്മാർ എന്ന വിഭാഗമാണ് ഇപ്പോൾ സമൂഹത്തിന്റെ യാതൊരു വിധ കരുണയും ഇല്ലാതെ മരണപ്പെട്ടു കൊണ്ടിരിക്കുന്നത്.
അഡിക്ഷൻ എന്നത് ലോകവ്യാപകമായി മനുഷ്യന്റെ ജീവിതത്തിൽ ഇഴചേർന്ന ഒരു മാനസികാവസ്ഥയാണ് . പുതിയ കാലത്ത് മൊബൈൽ ഉപയോഗവും സീരിയൽ സിനിമ പ്രേമവും പ്രണയവും എല്ലാം അഡിക്ഷന്റെ, തീവ്ര അഭിനിവേശത്തിന്റെ, ഒഴിച്ചുനിർത്താൻ പറ്റാത്ത അവസ്ഥയുടെ ഭാഗമായി മാറാറുണ്ട്. സുലഭമായി ലഭിച്ചു കൊണ്ടിരുന്ന ഒരു വസ്തു പെട്ടെന്ന് ലഭ്യമല്ലാതാകുമ്പോഴുണ്ടാകുന്ന മാനസികവും ശാരീരികവുമായ അസന്തുലിതാവസ്ഥ എന്നൊക്കെ നിർവ്വ ചിക്കുമ്പോഴും ഇത് സമൂഹ ശരീരത്തിന്റെ ഭാഗം തന്നെയാണെന്നുള്ളത് തിരിച്ചറിയേണ്ടതുണ്ട്. മരിച്ചവരെല്ലാം സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ നിന്നുള്ളവരാണ്. നമ്മുടെ സർക്കാർ സംവിധാങ്ങളുടെ ഭാഗമായി തന്നെ തുറന്ന ബിവറേജസ് ഔട്ട് ലറ്റുകളിൽ ക്യു നിന്ന് മദ്യം വാങ്ങി ഉപയോഗിച്ചവരാണ്. അവരുടെ പണം പരോക്ഷമായി നമ്മൾ ഉപയോഗിച്ചവരാണ്. ഒടുവിൽ എല്ലാം സർക്കാർ സംവിധാനങ്ങളും നിർത്തിയിട്ടും മദ്യശാലകൾ തുറന്നു വച്ചതിന്റെ മറ്റൊരു വശം തന്നെ കോവിഡിനെ പ്രതിരോധിക്കാനുള്ള ധനാഗമ മാർഗ്ഗം അതുതന്നെ എന്ന സർക്കാരിന്റെ ചിന്തതന്നെയാണ്. നമ്മുടെ പ്രതിപക്ഷം സമരം ചെയ്തതും ഈ ചിന്തയിൽ നിന്ന് തന്നെയാണ് ആ ധനാഗമ മാർഗ്ഗം കൂടി ഇല്ലാതാക്കി സർക്കാരിനെ ശ്വാസം മുട്ടിക്കുക എന്ന ചിന്തമാത്രം.

ഇത് തികച്ചും “പൈശാചികമാണ് ക്രൂരമാണ് “. ചാരായത്തിന്റെ വോട്ടു ബാങ്കിൽ അധികാരത്തിലെത്തിയ ഒരു നേതാവിന്റെ വാക്കുകൾ കടമെടുക്കാം. മദ്യശാലകൾ പൂട്ടാൻ ഈ വിരുതന്മാർ പറഞ്ഞത് ബീവറേജസുകളിൽ സാമൂഹിക അകലം ഇല്ല എന്നാണ്. ഇപ്പോൾ ഈ മനുഷ്യർ മരണപ്പെടുമ്പോൾ അവർക്കു വേണ്ടി കണ്ണീരൊഴുക്കിയ നേതാക്കൻമാർ നിർവചിക്കാൻ പറ്റാത്തവിധം സാമൂഹിക അകലത്തിലാണ്.

ആലോചിക്കേണ്ടതാണ്, നിലവിലെ കണക്കനുസരിച്ച് കേരളത്തിലെ പുരുഷന്മാരിൽ തൊണ്ണൂറ്റിയഞ്ചു ശതമാനത്തിലധികവും മദ്യപിക്കുന്നവർ തന്നെയാണ്. ഇതിൽ ക്ലാസ് വ്യത്യാസമില്ല. പണത്തിന്റെ വരവിന്റെ തോതനുസരിച്ച് കഴിക്കുന്ന ബ്രാന്റിന്റെ വിലയിലുള്ള വ്യത്യാസം മാത്രം.
സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഈ മനുഷ്യരുടെ കാര്യത്തിൽ ഉണ്ടാകേണ്ടതാണ്. അവരും നമ്മുടെ കൂടെ ജീവിക്കുന്നവരാണ് പക്ഷി മൃഗാദികളെ പ്പോലെ കരുതൽ ആവശ്യമായവരാണ് ആത്യന്തികമായി വോട്ടു ബാങ്കാണ്. പരോക്ഷമായി സർക്കാരിനെ താങ്ങിനിർത്തിയവരാണ്. പരിഗണന ആവശ്യമാണ് ഇപ്പോൾ മദ്യം ലഭ്യമാക്കുന്നതിലും അവരെ അതിൽനിന്നു മോചിപ്പിക്കുന്നതിലും. ഇതൊരു ജാഗ്രതയുടെ പ്രശ്നം തന്നെയാണ്. ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറയുമ്പോൾ തന്നെ അതിന്റെ കാലതാമസം തന്നെയാണ് ഇവിടെ പ്രശ്‌നമാകുന്നത്. വിത്‌ഡ്രോവൽ ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ ആശുപത്രിയിലൊന്നും എത്തിക്കാൻ തക്ക സാമ്പത്തിക സാമൂഹിക ചിന്തകളൊന്നും ഇല്ലാത്ത കുടുംബങ്ങളിലാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. ആശുപത്രിയിലോ ഡി അഡിക്ഷൻ സെന്ററുകളിലോ എത്തിക്കാനുള്ള മാനസികാവസ്ഥ അവിടുണ്ടാകില്ല.

ശ്രീനാരായണ ഗുരു മുതൽ ശ്രമിച്ചിട്ടുണ്ട് മദ്യാസക്തിയിൽ നിന്നും കേരളത്തെ വിടുതൽ ചെയ്യാൻ. ഇത് സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി തന്നെ മാറുന്ന ഒരു ചുറ്റുപാടിലേക്കു വ്യാപിച്ചിട്ടുണ്ട്. അതിനു നമ്മുടെ സർക്കാരുകൾ തന്നെയാണ് കാരണമായി തീർന്നത്.’ഇവിടെ മാത്രമല്ല ലോകമെമ്പാടും ഉള്ള സ്ഥിതി ഇത് തന്നെ. അതുകൊണ്ടു തന്നെ സർക്കാർ കുറേകൂടി കരുതൽ ഈ മനുഷ്യരിൽ കാണിക്കണം. ഒരു പക്ഷെ കൊറോണ കാലത്തെ മരണങ്ങളുടെ കണക്കെടുക്കുമ്പോൾ നമ്മുടെ ശ്രദ്ധയില്ലാതെ മരണപ്പെടുന്ന ഈ മനുഷ്യരുടെ എണ്ണം വലുതായിരിക്കും. അത് സംഭവിച്ചുകൂടാ.

വിദേശത്തുനിന്നും രോഗവാഹകരായി എത്തി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ യാതൊരു ഉത്തരവാദിത്വ പൗര സഹജീവി ബോധമോ ഇല്ലാതെ സഞ്ചരിച്ച് അജ്ഞാതരായ പലർക്കും രോഗം പകർന്നു നൽകിയവരെ പോലും നമ്മൾ സംരക്ഷിക്കുമ്പോഴാണ് ഈ അഞ്ചുപേർ നമുക്കിടയിൽ നിന്നും ഇല്ലാതായത്. മദ്യപാനം ഒരു വിരുദ്ധ പ്രവണതയായി കാണുന്ന മാനസികാവസ്ഥ ഇനിയെങ്കിലും ഉപേക്ഷിക്കണം ഇതൊരു രോഗമാണ്. അതിന്റെ ചികിത്സയാണു ആവശ്യം. അത് നൽകാൻ തെരെഞ്ഞെടുക്കപ്പെട്ട ഭരണ  സംവിധാനത്തിന് ഉത്തരവാദിത്വമുണ്ട് , ബാധ്യതയല്ല ഉത്തരവാദിത്വം.

Read Also  ഏറ്റവും വലിയ വലയ സൂര്യഗ്രഹണത്തിനു സാക്ഷ്യം വഹിച്ച് കേരളം

Leave a Reply

Your email address will not be published.