Sunday, May 31

7 പേർക്ക് കൂടി കോവിഡ് ; സൗജന്യഅരി വിതരണം നാളെമുതൽ

സംസ്ഥാനത്ത്  7 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215ആയി. തിരുവനന്തപുരം കാസര്‍കോട് ജില്ലയിലെ രണ്ട് പേര്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതോടെ 1,63,119 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇന്നുമാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,485 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,381 പേരുടെ ഫലം നെഗറ്റീവ് ആയി.

ലാബുകൾ കൂടുതൽ സാംപിൾ എടുക്കാൻ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതൽ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാൻ കഴിയുന്നു. കാസർകോട് ആശുപത്രികളിൽ 163 പേർ നിരീക്ഷണത്തിലുണ്ട്. കണ്ണൂരിൽ 108, മലപ്പുറത്ത് 102 പേർ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസർകോട് ജില്ലയ്ക്ക് പ്രത്യേക കർമ പദ്ധതി നടപ്പാക്കും.

ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസർകോട് മെഡിക്കൽ കോളജിൽ കോവിഡ് സെന്ററുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര സർവകലാശാലയിൽ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തിൽ ദൗർബല്യമില്ല. എൻ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവർക്കു മാത്രം മതി എന്നു നിര്‍ദേശം നൽകി.

ദില്ലി നിസാമുദീനിലും മലേഷ്യയിലും നടന്ന തബ്‍ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്കു പ്രശ്നമുണ്ടോയെന്ന് പരിശോധിക്കും. പൊലീസ് ഇതിൽ വിശദമായ പരിശോധന നടത്തി. വേണ്ട മുൻകരുതല്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിതരണം തികഞ്ഞ സത്യസന്ധതയോടെയും സുതാര്യമായും നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ ഒന്നുമുതല്‍ പൂജ്യം ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും അരിവിതരണം നടത്തുക. ഏപ്രില്‍ രണ്ടാം തിയ്യതി രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാം തിയ്യതി നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയ്യതി ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തിയ്യതി എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായിക്കും സൗജന്യ അരിവിതരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് ദിവസം കൊണ്ട് അരിവിതരണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിശ്ചിതസമയത്തിനുള്ളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി കടയില്‍ ഒരേസമയം അഞ്ച് പേര്‍ മാത്രമാണ് നില്‍ക്കാന്‍ പാടുള്ളുവെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. കട ഉടമയ്ക്കു ടോക്കണ്‍ വ്യവസ്ഥ ഏര്‍പ്പെടുത്താം.ജനപ്രതിനിധികളുടെയും റജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം സ്വീകരിക്കാം. കടയില്‍ എത്താനാകാത്തവര്‍ക്കു സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കടയുടമ ക്രമീകരണമുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Read Also  മാലിദ്വീപിൽനിന്നും 698 പേർ ജലാശ്വ കപ്പലിൽ കൊച്ചിയിലെത്തി

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോയും പിങ്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമായിരിക്കും ലഭിക്കുക. വെള്ള, നീല കാര്‍ഡുകൾക്ക് 15 കിലോ അരി ലഭിക്കും

Leave a Reply

Your email address will not be published.