Monday, January 17

പൊതുനിരത്തിലിറങ്ങിയ വേട്ടക്കാർ ..

 

സൈബർ ഇടങ്ങൾ പുതിയ കാലത്തെ പൊതു നിരത്താണ്. പല കാരണങ്ങളാൽ നാലു ചുവരും മേൽക്കൂരയും വിട്ട് പുറത്തിറങ്ങാൻ സാധിക്കാതെ വന്നാലും ഒരു പൊതു കൂട്ടായ്മയുടെ ഭാഗമെന്ന മനോഗതിയുണ്ടാക്കുന്ന ഇടം. രണ്ട് പേർ തമ്മിൽ കാണുമ്പോൾ, ഇപ്പോൾ FB യിലൊന്നും കാണുന്നില്ലല്ലോ? അല്ലെങ്കിൽ FB യിലൊക്കെ ആക്ടീവാ എന്നൊക്കെയുള്ള കുശലാന്വേഷണങ്ങൾ സ്വാഭാവികമായി മാറുന്നു. അത്രയേറെ പ്രാധാന്യമുണ്ട് സൈബർ സ്പെസിന്. അത് പലപ്പോഴും ചിന്താശേഷിയുള്ള മനുഷ്യർക്ക് അവരുടെ ചിന്തകളും രാഷ്ട്രീയ വ്യവഹാരങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഇടം കൂടിയാണ്.

പൊതുനിരത്തിലെന്ന പോലെ ഒരു കോഡ് ഓഫ് കോണ്ടക് ടിന്റെ നിയമപരമായ സാന്നിധ്യം കൂടിയിപ്പോൾ സൈബർ ഇടപെടലുകളിൽ വന്നു കഴിഞ്ഞു. ജാതി വർണ്ണം വർഗ്ഗം മതം രാജ്യം ലിംഗം ഇവ മുൻനിർത്തിയുള്ള വിദ്വേഷം വഴിയുന്ന ഇടപെടലുകൾക്ക് ലോകമാകമാനം നിയന്ത്രണങ്ങളോ നിയമസംഹിതകളോ എഴുതി ചേർത്തു കൊണ്ടിരിക്കുന്നു. ഇത്തരം ഒരു അവസ്ഥയിൽ നിന്നു വേണം ഈ അടുത്ത കാലത്തായി അക്ഷരതയിൽ മുന്നിൽ നിൽക്കുന്നുവെന്നഭിമാനിക്കുന്ന മലയാളികളിൽ ചിലരുടെ സമൂഹമാധ്യമ ഇടപെടലുകളെപ്പറ്റി ഉച്ചത്തിൽ ചിന്തിക്കേണ്ടത്.

ദീപാനിഷാന്ത് ഒരു കോളജ് അധ്യാപികയാണ്. സാഹിത്യകാരിയാണ്. പൊതു മാധ്യമങ്ങളിൽ പലപ്പോഴും സജീവമായി ഇടപെടാറുമുണ്ട്. ആശയപരമായി ഇടതു സഹയാത്രികയുമാണ്. പലപ്പോഴും അവരുടെ FB ഇടപെടലുകൾ അവർക്ക് നേരയുള്ള ആക്രമണങ്ങളിൽ അവസാനിച്ചിട്ടുണ്ട്. കാമ്പസ് രാഷ്ടീയത്തിലെ വർഗ്ഗീയതയുടെ ഇടപെടലുകളെ വളരെ ആർജ്ജവത്തോടെ പലപ്പോഴും നേരിടുന്നതിനാൽ ദീപാ നിഷാന്ത് എതിർചേരിയുടെ കണ്ണിലെ കരടായിത്തന്നെ നിൽക്കുന്നു. സ്ത്രീയെന്ന നിലയിൽ അവഹേളിക്കപ്പെടുന്ന തരത്തിലുള്ള കമന്റുകളും ട്രോൾ ആക്രമണങ്ങളും കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്ക് നേരിടേണ്ടി വരുന്നത്  പക്ഷെ, കേരളത്തെ ഇളക്കിമറിച്ച സിനിമാനടിയായ ഒരു പെൺകുട്ടിയെ തൊഴിൽ സ്ഥലത്ത് നിന്നും തട്ടിക്കൊണ്ട് പോയി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സംഭവത്തെപ്പറ്റി ഒരു പൊതുവേദിയിൽ ദീപാനിഷാന്ത് നടത്തിയ പ്രഭാഷണത്തിന്റെ ഫലമായാണ്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ ക്രോപ്പ് ചെയ്തെടുത്ത്, അത് വളരെ കൃത്യമായി ഒരു പെൺപറച്ചിലായി വ്യാഖ്യാനിച്ചുകൊണ്ട് , നികൃഷ്ടമായ ഭാഷയിൽ അപമാനിക്കുന്ന കാഴ്ചയാണ് മലയാള സൈബർ തെരുവിൽ കാണുന്നത്. മലയാളിയുടെ കപട സദാചാരത്തെപ്പറ്റി പലവുരു പറഞ്ഞിട്ടുണ്ട്. അതിന്റെ വ്യക്തമായ ഉദാഹരണമാണീ സംഭവവും. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയനെന്ന ഹൈപ്പിൽ നിന്ന ദിലീപെന്ന താരത്തെ അറസ്റ്റ് ചെയ്തപ്പോഴും അയാളെ തെളിവെടുപ്പിനായി പുറത്ത് കൊണ്ടു വന്നപ്പോഴുമെല്ലാം കൂകി വിളിച്ച മലയാളിയുടെ ആത്മബോധത്തെ പുകഴ്ത്തിപ്പാടാൻ ഒരുപാടുണ്ടായിരുന്നു. തെറ്റ് കാണിക്കുന്നവൻ ആരായാലും ഞങ്ങൾ ക്ഷമിക്കില്ല എന്ന പൊതുബോധമാണവിടെ കണ്ടതെന്ന വ്യാഖ്യാനം പെട്ടെന്നുതന്നെ തിരുത്തപ്പെട്ടു. സിനിമാരംഗത്ത് നിന്നു തന്നെയുള്ള മറ്റൊരു നടി മെഗാതാരത്തിന്റെ സിനിമയിലെ ഡയലോഗിലെ സ്ത്രീവിരുദ്ധതയെപ്പറ്റി പറഞ്ഞപ്പോൾ ദിലീപിനെ കൂകിവിളിച്ച ആൾക്കൂട്ടം പാർവതിക്ക് നേരെ തിരിഞ്ഞു. അവരുടെ സിനിമാ മാത്രമല്ല പാട്ടുകൾ പോലും ബഹിഷ്ക്കരിക്കാനും തീരുമാനിച്ചു. നോക്കൂ, എത്ര പെട്ടെന്നാണ് നമ്മൾ ആ പഴയ മനുസംഹിതയെടുത്തണിയുന്നത്.

Read Also  ദീപൻ ശിവരാമൻ നാടകത്തിൻ്റെ സ്ക്രിപ്റ്റ് കവർന്നതിനെപ്പറ്റി ലതീഷ് മോഹൻ സംസാരിക്കുന്നു

ഒരു സ്ത്രി എപ്പോഴും പുരുഷന്റെ സംരക്ഷണത്തിലായിരിക്കണമെന്നും അവൾക്ക് സ്വാതന്ത്യം വേണ്ടെന്നുമുള്ള ആ പഴയ ന്യായം. ഇവിടെ പ്രതികരിക്കാനും ഭരിക്കാനും ആക്രമിക്കാനും ഞങ്ങളുണ്ട്. അതിനിടെ ഒരു പെണ്ണിന്റെ നനുത്ത ശബ്ദത്തിന് പ്രാധാന്യമില്ലെന്നുള്ള മീശപിരിയൻ ധാർഷ്ട്യം. ഇതുതന്നെയാണ് സുഷമാ സ്വരാജിനു നേരെയുമുണ്ടായത്, മഹാരാജാസിലെ കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ വീട്ടിലെത്തിയ കൊച്ചുപ്രായമുള്ള കോളജ് അധ്യാപികയ്ക്കും നേരിടേണ്ടിവന്നത്. ഒരു വിധത്തിൽ പറഞ്ഞാൽ അസ്തിത്വം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഏത് പെണ്ണിനും ഇത്തരം ആൺ അഹന്തയുടെ വകതിരിവില്ലായ്മയെ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ചിത്രലേഖയായാലും ദീപാ നിഷാന്തായാലും കേന്ദ്ര മന്ത്രിയും വയോധികയുമായ സുഷമാ സ്വരാജായാലും അരമനയിലെ നിത്യകന്യകയായി ജീവിതം സ്വീകരിക്കുകയും കന്യകത്വം നശിപ്പിക്കപ്പെടുകയും ചെയ്ത ദൈവവധുക്കളായാലും. നമ്മൾ എവിടെയാണ് ചെന്നുനിൽക്കുന്നത്?

വൈധവ്യം പെണ്ണിനു മാത്രം. റാണി ലക്ഷ്മി ഭായിയെ കുറിച്ച് പറഞ്ഞു തന്നത് തന്മയത്തമുള്ള സ്ത്രീയാണെന്നാണ്. അധികാര രാഷ്ട്രീയ കോട്ടകളില്‍ കേറുമ്പോള്‍ ചെയ്യേണ്ട ചില വഴക്കങ്ങളെ കുറിച്ച്. അത് ഇതുവരെ ഛത്രപതി ശിവജിക്ക് വേണ്ടിവരുന്നില്ലെന്നും ആലോചിക്കണം.
ഒരു ദിവസം ഒരാള്‍ക്ക് തോന്നാന്‍ സാധ്യതയില്ലാത്ത ഒരു വിപ്ലവം ഒരാള്‍ നടത്തിയിട്ടുണ്ട്. ഇന്നാ മുല എന്ന് പറഞ്ഞിട്ട് ഒരു കത്തികൊണ്ട് അരിഞ്ഞെറിഞ്ഞ് കളഞ്ഞതായിരുന്നു. മുലയ്ക്ക് കരം വരെ സര്‍ക്കാര്‍ പിരിച്ചിരുന്ന കാലഘട്ടമായിരുന്നു. പൂമുള്ളി നമ്പൂതിരിമാര്‍ സാഹിത്യത്തില്‍ മുലകളെ, പ്രത്യേകിച്ചും ചെറുമക്കളുടെ മറയ്ക്കാത്ത മാറിനെ കുറിച്ച് വര്‍ണിച്ചിരുന്ന കാലവും.
ഓരം ചാരിയാൽ മതി നിവർന്ന് നിൽക്കണ്ട എന്ന ആൺബോധം, അതിനെ സൂക്ഷിക്കണം. എവിടെയാണ് ബഹുസ്വരത? ആർത്തവ ദിനങ്ങളിൽ മണ്ണ് കുഴച്ച് സേഫ്റ്റി പാഡുപയോഗിക്കുന്ന ദൈന്യപക്ഷം മുതൽ ആർഭാടത്തിന്റെ ആരവത്തിൽ ജീവിക്കുന്നവർ വരെ നമുക്ക് ചുറ്റുമുണ്ട്- പക്ഷേ ആൺബോധത്തിൽ ഇവർ പെണ്ണ് മാത്രമാണ്. വസ്ത്രം വലിച്ചുരിഞ്ഞ് പൊത് സമക്ഷത്തിൽ ആക്രമിക്കാനും ആസ്വദിക്കാനും പഠിപ്പിക്കുന്ന പഴയ നിയമങ്ങൾ കൊണ്ടു നടക്കുന്നവർ ഇതിനപ്പുറം എവിടെ പോകാൻ. വിശുദ്ധ പശുക്കൾക്ക് എന്ത് ലോകവീക്ഷണം?

ഇതിനെല്ലാം പുറമെയാണ് രാജ്യത്തിന്റെ ഓരോ സെഗ്‌മെന്റിലും നിരീക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചു കൊണ്ട് നവമാധ്യമങ്ങളെ വരുതിക്കു കൊണ്ടുവരാൻ നമ്മുടെ കേന്ദ്ര ഗവണ്മെന്റ് ശ്രമിച്ചത്. എന്തായാലും പരമോന്നത കോടതി അതിനു തടിയിട്ടുവെന്നത്ആശ്വാസം. ഒന്നോർത്തു നോക്കൂ, ഇവിടെ വ്യക്തി സ്വാതന്ത്ര്യത്തെ എത്രമാത്രം കടന്നാക്രമിക്കുന്നുവെന്ന്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും അവരുടെ പരിവാരങ്ങളുമാണതിനു മുന്പിലെന്നറിയുമ്പോൾ… എന്തായാലും ആശ്വാസ്യമായ ഒരു ഭൂമികയിലൂടെയല്ല യാത്രയെന്ന് വേണം കരുതാൻ.

Spread the love