Thursday, January 20

ദൈവത്തിന്റെ ഫോണ്‍ നമ്പറും ഹെല്‍മറ്റും പാമ്പും: അസീം താന്നിമൂടിന്‍റെ അനുഭവക്കുറിപ്പ്

അസീം താന്നിമൂട്‌

ദൈവത്തിന്‍റെ ഫോണ്‍ നമ്പര്‍ അറിയോ.? എനിക്കറിയില്ല. സംഘടിപ്പിക്കണം, ജീവിതം ആയാസരഹിതവും ആനന്ദ ഭരിതവുമാകാന്‍. വിര്‍ച്വല്‍ ലോകത്തിങ്ങനെ അഭിരമിച്ച്, ആസകലം മറന്ന് ജീവിക്കുന്നതിനിടയില്‍ എപ്പോഴോ ആണ് ഈ ആഗ്രഹം വന്നുപെട്ടത്. വെറുതേ വന്നുപെടുകയായിരുന്നില്ല. നേരിട്ടുള്ള സാമീപ്യം സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കാത്ത, ആഗ്രഹിച്ചു മതിമറന്നിട്ടുണ്ടെങ്കിലും അസ്ഥാനത്തെന്നു തീര്‍ച്ചപ്പെടുത്തിയ ഒരാളുമായുണ്ടാക്കാന്‍ കഴിഞ്ഞ ഫോണ്‍ ബന്ധവും സൗഹൃദവും അതുവഴി ലഭിച്ച അതിരറ്റ ആനന്ദവുമാണ്. ചോദിച്ചതെല്ലാം വാരിക്കോരിത്തന്നു ആ സൗഹൃദം, അഴകുറ്റ ആ ഉടലില്‍നിന്നും…ജീവിക്കാന്‍ അതുപോരല്ലൊ, വിര്‍ച്വല്‍ ലോകത്തിനു പുറത്തിങ്ങനെ വിയര്‍ത്തൊലിക്കണം. വെയിലേറ്റു വാടണം….അതല്ലെങ്കില്‍ ദൈവം കനിയണം….അതിനു ദൈവത്തിന്‍റെ ഫോണ്‍ നമ്പര്‍ വേണം..

സൗഹൃദത്തിലാകണം….ആരോടും ഉളുപ്പെന്യേ ഏതു നേരത്തും ഉരിയാടാനാകുന്ന ഇക്കാലത്ത്, മരിച്ചവരുടെ ഫോണ്‍ നമ്പരില്‍പ്പോലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന (ഒരു നമ്പരും മരിക്കുന്നില്ല. മരിച്ചവരുടെ ഫോണ്‍ നമ്പര്‍ നിശ്ചിതകാലത്തിനുള്ളില്‍ മറ്റൊരാളില്‍ ആക്ടീവാകും)ഇക്കാലത്ത് എന്‍റെ ആഗ്രഹം അസ്ഥാനത്തല്ലെന്ന് എനിക്കുറപ്പുണ്ട്. ഭ്രാന്തിനു സമൂഹം സങ്കല്പിച്ചു നല്‍കിയിട്ടുള്ള അടയാളങ്ങള്‍ ഇപ്പോഴും പഴയവതന്നെ (മാറ്റമില്ലാത്തതായി ഒന്നുമാത്രമല്ലെന്ന് അപ്പോഴാണ് എനിക്കും ബോധ്യമായത്)…അതിനാല്‍ ദൈവത്തിന്‍റെ ഫോണ്‍ നമ്പരിനായുള്ള അന്വേഷണം പരമരഹസ്യമാക്കി…രാപ്പകലന്യേ അതിനായ് പരതി.

ദൈവത്തിന്‍റെ ഫോണ്‍ നമ്പര്‍ ഒരിക്കലും ഈ റിയല്‍ ലോകത്തുണ്ടാകാന്‍ സാധ്യതയില്ലെന്നു തന്നെ ഞാന്‍ കരുതി. അതിനാല്‍ അന്വേഷണം സൈബറിടത്തിലെ നീലിച്ച ഊടുവഴികളിലൂടെ അതീവ രഹസ്യമായിട്ടായിരു ന്നു…ഊണും ഉറക്കവുമില്ലാതെ ദൈവത്തിന്‍റെ ആ ഫോണ്‍ നമ്പരിനായ് ഞാന്‍ ദിവസങ്ങളോളം കുത്തിയിരുന്നു പരക്കം പാഞ്ഞു…റിയലിടം പാടെ മറന്നു…ഭ്രാന്തമായ ആവേശത്താല്‍ നിര്‍ഭരമായി ഓരോ നിമിഷവും… പക്ഷെ, ഫോണ്‍ നമ്പര്‍മാത്രം കിട്ടിയില്ല….കിട്ടും…കിട്ടും…എന്ന വിശ്വാസം ആരോ പകര്‍ന്നുകൊണ്ടിരുന്നു. അതിനാല്‍ അന്വേഷണം തുടര്‍ന്നു…അതു മടുക്കുമ്പോള്‍ മാത്രമായി ഇഹലോകത്തേയ്ക്കുള്ള മടക്കവും ജീവിക്കാനുള്ള നെട്ടോട്ടവും….

അങ്ങനെയൊരു ഘട്ടത്തിലാണ് ഇഹലോകജീവിതമെന്ന പെരിയ ബാധ്യതയെക്കുറിച്ച് വീണ്ടും ഞാന്‍ ഓര്‍ത്തത്. രണ്ടു ദിവസംമുമ്പ് ജീവിക്കാനിറങ്ങിയത്…. നീലിച്ചു മങ്ങിയ മിഴികള്‍ മെല്ലെ തിരുമ്മിയുണര്‍ത്തി ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ ദാ ഒത്തിരി ജോലികള്‍ മുന്നില്‍ ബാക്കി…കുന്നുകൂടിയ ബാധ്യതകള്‍… ഉത്തരവാദിത്തശ്ശൂന്യ തയുടെ ഭാരിച്ച ഭാണ്ഡക്കെട്ടുകള്‍…പുഴുവിപ്പടരുന്നഅനിഷ്ടങ്ങള്‍.. മുഷിടുകള്‍….  ഊത്തളിച്ച ഉടലുമായ് ഒരാഴ്ചയിലധികം നിലംതൊടാതെ ഓടിനടന്നാലും തീരാത്ത പെരുക്കം…

മറ്റൊന്നും ആലോചിച്ചില്ല.ബാഗെടുത്ത് ബൈക്കില്‍ രാവിലേ പുറപ്പെട്ടു.വസ്ത്രം ധരിച്ചില്ലേലും ഹെല്‍മറ്റു ധരിക്കല്‍ എന്‍റെ ശീലമാണ്.അതു തലയിലേറ്റുമ്പോള്‍ ഒരു കൗതുകം ഉള്ളില്‍ ഊറിനിറയും. നീല്‍ ആംസ്ട്രോങും എഡ്വിന്‍ അര്‍നോള്‍ഡും തെളിഞ്ഞുവരും.മനസ്സിനും ശരീരത്തിനും ഭാരം പകുതിയാകും. നിലയുറപ്പിക്കാനുള്ളൊരാവേശം കാലുകളില്‍ താനേ പൊന്തിവരും..അതിനാല്‍ അതെടുക്കാനും ധരിക്കാനും എവിടെപ്പോയാലും ഞാന്‍ മറക്കില്ല.കണ്ണട തിരുകി,ഹെല്‍മറ്റു ധരിച്ച് ബൈക്കു സ്റ്റാര്‍ടുചെയ്തു പുറപ്പെടുമ്പോള്‍ ഒരേയൊരു ലക്ഷ്യമേ ഉള്ളിലുണ്ടായിരുന്നുള്ളു: വിവിധസ്ഥാപനങ്ങളില്‍ പോകണം. ചെയ്ത ജോലികളുടെ ബില്ലുകള്‍ കൊടുത്തു ചെക്കുകള്‍ വാങ്ങണം. ഉടമകളുടെ മുന്നില്‍ മൂച്ചടക്കി വിധേയപ്പെട്ടു നില്‍ക്കണം….ശീലമായതിനാല്‍ അലോസരമോ, മടിയോ അതില്‍ തരിമ്പുമില്ല.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ ഒരുകുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന നഗരമധ്യത്തിലെ റവന്യൂ ടവര്‍ അങ്കണത്തിലാണ് ഞാന്‍ ആദ്യമെത്തിയത്. ടവറിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കിലാണ് പോകേണ്ടത്. ടവര്‍ അങ്കണത്തോടു ചേര്‍ന്ന ഒഴിഞ്ഞ ഭാഗത്തു ബൈക്കു നിര്‍ത്തി. മുമ്പവിടെ പച്ചച്ചു പന്തലിച്ചു കിടന്ന കുറ്റിക്കാട് ആരോ തീയിട്ടു നശിപ്പിച്ചിരിക്കുന്നു. തലേദിവസമോ മറ്റോ ആവണം. സമീപത്തെ കൂറ്റന്‍ തണല്‍മരത്തിന്‍റെ ഇലകള്‍ ആ ആളലില്‍ വാടിപ്പോയിരിക്കുന്നു…ബൈക്കിന്‍റെ കോണ്‍വെക്സ് മിററില്‍ ആ ഇലകള്‍ ബിംബിക്കുന്നത് ഞാന്‍ ഹെല്‍മറ്റൂരി മിറര്‍ കമ്പിയില്‍ തിരുകി മറച്ചു. ബൈക്കു സ്റ്റാന്‍റു തട്ടിയിറങ്ങി. ശീഘ്രം ബാങ്കിലേയ്ക്കു നടന്നു. ചെക്കു കിട്ടാന്‍ ഇനിയും പലവുരു വരേണ്ടി വരുമെന്ന് ബാങ്കധികാരികളുടെ ഇടപെടലില്‍ ബോധ്യപ്പെട്ടു.

Read Also  തേക്കുപാട്ടിന്‍ തേരുരുണ്ട ഞാറ്റടിക്കരയില്‍ ; ഗിരീഷ് പുലിയൂരിന്‍റെ 'ഒറ്റക്കിനാവ്'എന്ന കവിതയെക്കുറിച്ച്

ആ നിരാശയില്‍ മടങ്ങുമ്പോഴാണ് ദൈവത്തിന്‍റെ ഫോണ്‍ നമ്പരിന്‍റെ ആവശ്യകത വീണ്ടും ഓര്‍ത്തത്. അടുത്ത സ്ഥാപനം ലക്ഷ്യംവച്ച് ധിറുതിയില്‍ മടങ്ങിയെത്തി ബൈക്കിലേറി. മിറര്‍ക്കമ്പിയില്‍നിന്നും ഹെല്‍മറ്റെടുത്ത് തലയില്‍ തിരുകാന്‍ തുടങ്ങിയതും അതാ വരുന്നു ഒരു ഫോണ്‍ കോള്‍! അജ്ഞാതനമ്പര്‍.`ചെക്കുതരാം, പോരൂ..’എന്നറിയിക്കാന്‍ ബാങ്കില്‍നിന്നും വിളിക്കുന്നതാണെങ്കിലോ…ഫോണ്‍ കട്ടു ചെയ്യാന്‍ തോന്നിയില്ല. തലയിലേറ്റേണ്ട ഹെല്‍മറ്റ് ഇടങ്കയ്യില്‍പ്പിടിച്ച്, ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിനുമേല്‍ മലര്‍ത്തിവച്ച് ഞാന്‍ ഫോണ്‍ അറ്റന്‍റു ചെയ്തു. ബാങ്കില്‍ നിന്നല്ല; റോങ് നമ്പറായിരുന്നു….സോറി പറഞ്ഞ് ഫോണ്‍ കട്ടുചെയ്യുന്നതിനും അടുത്തയാത്രയ്ക്കു ധൃതിപ്പെടുന്നതിനും ഇടയ്ക്കുള്ള അവ്യക്തമായ ആ ഇടവേളയിലാണ് ഹെല്‍മറ്റിനുള്ളിലെ ആ അനക്കം ശ്രദ്ധയില്‍പ്പെട്ടത്. ഒരു പാമ്പ് അതിനുള്ളില്‍ ചുരുണ്ടിരിക്കുന്നു!!ഫോണാണോ ഹെല്‍മറ്റാണോ ആദ്യം വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതൊരു കരിമൂര്‍ഖനായിരുന്നു. ഹെല്‍മറ്റില്‍ നിന്നും ഊര്‍ന്നിറങ്ങിയ മൂര്‍ഖന്‍ കത്തിപ്പോയ കുററിക്കാട്ടിലേയ്ക്ക് ഇഴഞ്ഞു നീങ്ങി.അവിടെക്കൂടിയ ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് അതിനെ തല്ലിക്കൊന്നു. കുറ്റിക്കാടു തീയിട്ടു വെടിപ്പാക്കിയതും അവരാണെന്ന് അപ്പോഴാണ് അറിഞ്ഞത്. എന്‍റെ ഫോണ്‍………..അതു മൂന്നായ് ചിതറി വിവിധ ഭാഗങ്ങളിലായ് കിടക്കുന്നു…അതിലായിരുന്നല്ലോ ആ നമ്പര്‍.‌..ദൈവത്തിന്‍റെ സ്ഥിരം നമ്പര്‍.

Spread the love