ദലിത് യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി ജാതിപ്പേര് വിളിച്ചു മർദ്ദിച്ചതായി എസ് ഐ ക്കെതിരെ പരാതി. തിരുവനന്തപുരത്തിനുസമീപം തിരുവല്ലത്താണ് സംഭവം. വാഹനപരിശോധനയ്ക്കിടെ തിരുവല്ലം എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ ജാതിപ്പേരു വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. മെയ് 13-ന് വൈകീട്ടാണ് സംഭവം. കോവളം വെള്ളാര്‍ സ്വദേശി രജീന്ദ്രനാണ് പൊലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഓട്ടോ വഴിയിൽ തടഞ്ഞ് നിര്‍ത്തി യുവാവിനെ എസ്.ഐ ഡ്രൈവറുടെ കരണത്തടിക്കുകയും ജാതിപേര് വിളിച്ച് അപമാനിക്കുകയും ചെയ്‌തെന്നുമാണു പരാതി. ഇത് ചോദ്യം ചെയ്തയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ലാത്തി കൊണ്ട് വയറില്‍ കുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ രാജേന്ദ്രൻ തിരുവനന്തപുരം ജനറല്‍ ആശുപത്രി ഇ.എന്‍.ടി വിഭാഗത്തില്‍ ഇപ്പോള്‍ ചികിത്സയിലാണ്

ഓട്ടോ റിക്ഷയില്‍ വരികയായിരുന്ന രജീന്ദ്രനെ വാഹനപരിശോധന നടത്തുന്ന പൊലീസുകാര്‍ തടഞ്ഞു നിർത്തി. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി അടുത്തേക്ക് വന്നു. താന്‍ മദ്യപിച്ചിട്ടില്ലെന്ന് മനസിലായതിനെത്തുടര്‍ന്ന് പൊലീസുകാര്‍ തെറി വിളിക്കുകയായിരുന്നുവെന്ന് രജീന്ദ്രന്‍ പറയുന്നു. ഇതിനെതിരെ പ്രതികരിച്ച രജീന്ദ്രനെ വാഹനപരിശോധന സംഘത്തിലെ എ.എസ്.ഐയായ രാജേന്ദ്രന്‍ പരസ്യമായി തല്ലി.

തുടർന്ന് മറ്റൊരു വാഹനത്തിലെത്തിയ തിരുവല്ലം എസ്.ഐ രജീന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താന്‍ പൊതു പ്രവര്‍ത്തകനാണെന്നും ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പി.ടി.എ ഭാരവാഹി ആണെന്നും പറഞ്ഞപ്പോള്‍ പൊലീസിനെ വാഹനപരിശോധനയ്ക്കിടെ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് കാട്ടി കേസെടുക്കുമെന്നും ജയിലില്‍ അടയ്ക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തി.

ജാതി ഏതെന്നു അന്വേഷിച്ചശേഷമാണ് തല്ലിയത് എന്നാണു പരാതി. ദളിതന്‍ ആണെന്ന് പറഞ്ഞപ്പോള്‍ നീയൊക്കെ തലപൊക്കി തുടങ്ങിയോടായെന്ന് ചോദിച്ച് വീണ്ടും തെറി വിളിച്ചു എന്നും രജീന്ദ്രന്‍ പരാതിപ്പെടുന്നു. രണ്ടാമത്തെ സിവിൽ പോലീസ് ഓഫീസറോട് എ. എസ്. ഐയെ വണ്ടി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച ആളാണ് രജീന്ദ്രന്‍ എന്ന് എസ്‌ ഐ പറഞ്ഞതായും തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വയറ്റില്‍ ലാത്തി കൊണ്ട് കുത്തിയെന്നും രജീന്ദ്രന്‍ പറയുന്നു. സ്റ്റേഷനിലെത്തിച്ച രജീന്ദ്രനെ വീണ്ടും പൊലീസ് ഉദ്യോഗസ്ഥര്‍ ചേർന്ന് മര്‍ദ്ദിച്ചു.

യാതൊരു കാരണവശാലും മർദ്ദനത്തെക്കുറിച്ചു പരാതിപ്പെടരുതെന്നു ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞതായി അറിഞ്ഞാൽ വീട്ടില്‍ കയറി തല്ലുമെന്നും കേസെടുത്ത് ജയിലില്‍ അടക്കുമെന്നും എസ്.ഐ വിമല്‍ മുന്നറിയിപ്പ് നൽകിയതായി രജീന്ദ്രന്‍ പറയുന്നു. മറ്റൊരു കേസുമെടുക്കാതെ വന്നതിനെ തുടര്‍ന്ന് അമിതവേഗത്തിൽ വണ്ടിയോടിച്ചു എന്ന കുറ്റം ചാർത്തി 500 രൂപ പെറ്റി അടിച്ച ശേഷം രജീന്ദ്രനെ വിടുകയായിരുന്നു.

Read Also  യുപിയിൽ 14 വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ജീവനോടെ കത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here