Friday, May 27

മനോരമ വാർത്ത തെറ്റെന്ന് പൊലീസ്; വാർത്ത സത്യമെങ്കിൽ അപ്പോൾ നോക്കാമെന്ന് ചിത്രലേഖ

ഓട്ടോ ഓടിച്ചതിന്റെ പേരിൽ ജാതീയമായും ശാരീരികമായും സിപിഐഎം പ്രവർത്തകരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന ചിത്രലേഖയുടെ സുരക്ഷയ്ക്കായി ഹൈക്കോടതി നിർദ്ദേശ പ്രകാരം സംരക്ഷണം ഏർപ്പെടുത്തിയ വകയിൽ മൂന്നര ലക്ഷം രൂപയിലേറെ ചെലവ് ഈടാക്കാൻ പൊലീസ് നീക്കമെന്ന മനോരമന്യൂസ് വാർത്ത തെറ്റെന്ന് പൊലീസ്. ഇത്തരത്തിലുള്ള യാതൊരുവിധ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

മനോരമ റിപ്പോർട്ട് ചെയ്യുന്നത് കോടതി വഴി സ്വന്തമായി പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നവർ ചെലവു തുക സ്വന്തമായി അടയ്ക്കണമെന്നാണു നിയമമെന്നും ഹൈക്കോടതി നിർദേശപ്രകാരം പകലും രാത്രിയും വനിതാ പൊലീസിന്റെ സേവനം വിട്ടുനൽകിയതിനുള്ള പ്രതിഫലം ചിത്രലേഖയിൽ നിന്ന് ഈടാക്കിത്തരണമെന്നു ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണു പോലീസെന്നുമാണ്. എന്നാൽ താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നു കോടതിയിൽ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കോടതിയാണ് അത്തരത്തിൽ തനിയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്നും വാർത്ത സത്യമെങ്കിൽ അന്നേരം നോക്കാമെന്നും തനിക്കിതുവരെ യാതൊരു തരത്തിലുള്ള രേഖകളും ഇതിന്റെ പേരിൽ ലഭിച്ചട്ടില്ലെന്നും ചിത്രലേഖ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു. കൃത്യമായി പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയ്ക്ക് വരാറില്ലെന്നും വൈകുന്നേരം 7 മണിയോട് കൂടി പൊലീസ് പോകുമെന്നും ചിത്രലേഖ പറഞ്ഞു. നേരത്തെ പൊലീസ് തന്നോട് കാണിക്കുന്ന കടുത്ത ജാതി വിവേചനത്തെക്കുറിച്ച് ചിത്രലേഖ പ്രതിപക്ഷം ന്യൂസിനോട് സംസാരിച്ചിരുന്നു.

‘ജാതിയില്ലാ സർക്കാർ ഭരിക്കുന്ന കേരളത്തിൽ പുലച്ചിക്ക് പൊലീസ് പ്രൊട്ടക്ഷനോ?’: ചിത്രലേഖ

കാട്ടാമ്പള്ളിയിലെ വാടകവീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ചിത്രലേഖയുടെ സ്വകാര്യ സന്ദർശനങ്ങളിൽ പോലും കൂടെപ്പോകേണ്ടി വരുന്നെന്നും ചിത്രലേഖയ്ക്കൊപ്പം ജോലി ചെയ്യാൻ മാനസിക പ്രയാസമുണ്ടെന്നു വനിതാ പൊലീസുകാർ പരാതി ഉന്നയിച്ചന്നും മനോരമ റിപ്പോർട്ടിലുണ്ട്. മാന്യമായി ജീവിക്കുന്ന തന്നെ അപകീർത്തിപെടുത്തുന്നതാണ് ഇത്തരത്തിൽ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ ചെയ്തിട്ടുള്ളതെന്നും ഒരു പുലയസ്ത്രീയ്ക്ക് സംരക്ഷണം നൽകുന്നതിനുള്ള പ്രശ്നമാണ് ഇതിലൂടെ പോലീസിനും സിപിഐഎമ്മിനും ഉള്ളതെന്ന് വ്യക്തമാക്കുന്നതെന്നും ചിത്രലേഖ പ്രതികരിച്ചു.

ദിവസം 3945 രൂപ വീതം ആകെ 3,58,995രൂപ ചിത്രലേഖ സർക്കാരിലേക്ക് അടയ്ക്കേണ്ടി വരും എന്ന തുടങ്ങിയ കാര്യങ്ങളാണ് മനോരമ റിപ്പോർട്ടിലുള്ളത്. മനോരമ ന്യൂസ് വാർത്ത താഴെ.

Spread the love
Read Also  'ജമാഅത്തെ ഇസ്‌ലാമി സി പി എം നേതാക്കളെ കണ്ടു എൽ ഡി എഫിന് വോട്ടുചെയ്തു' വെളിപ്പെടുത്തലുമായി പാലൊളി