Monday, January 17

ക്വാറി മാഫിയക്കെതിരായ സേതുവിൻറെ സമരം 453 ദിവസം പിന്നിട്ടു; പട്ടികജാതി കമ്മീഷൻ തെളിവെടുപ്പ് നടത്തി

ക്വാറി മാഫിയക്കെതിരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുൻപിൽ കഴിഞ്ഞ 453 ദിവസങ്ങളായി ഒറ്റയാൾ സമരം നടത്തുന്ന സേതുവിന്റെയും ഭാര്യ ബിന്ദുവിന്റേയും പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി കമ്മീഷൻ തെളിവെടുപ്പ് നടത്തി. ഇന്നാണ് കമ്മീഷൻ കിളിമാനൂരിലെ ദളിത് കോളനിയായ തോപ്പിൽ, സേതുവിൻറെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. പട്ടികജാതി കമ്മീഷനൊപ്പം റവന്യൂ, പൊലീസ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

“ഇവിടെ കോളനിയിൽ ഉള്ളവരെല്ലാം കമ്മീഷനോട് കാര്യങ്ങൾ പറഞ്ഞു. എല്ലാവരും ക്വാറി മൂലമുള്ള അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു. പേടിയോടെ അല്ലാതെ ഒരു രാത്രി പോലും ഇവിടെ കിടക്കാൻ കഴിയില്ല. സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ കഴിയില്ലേ എന്ന് കമ്മീഷനോട് ചോദിച്ചപ്പോൾ കാര്യങ്ങൾ പഠിച്ച ശേഷം പറയാം എന്നാണ് പറഞ്ഞത്” സേതു പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

സേതുവിൻറെ വീടിന് സമീപമുള്ള ക്വാറി
സേതുവിൻറെ വീടിന് സമീപമുള്ള ക്വാറി

നേരത്തെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു. എത്രയും വേഗം ക്വാറി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്ന് പറഞ്ഞിരുന്നതായും അത് പ്രകാരം നാളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സേതു പറഞ്ഞു. ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന ക്വാറി മാഫിയക്കെതിരായുള്ള പോരാട്ടം ക്വാറിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും വരെ തുടരുമെന്നാണ് സേതുവിൻറെ നിലപാട്.

ക്വാറിയുടെ സമീപ പ്രദേശങ്ങളിൽ ഉള്ള ദളിത് കുടുംബങ്ങൾ ജീവ ഭയം മൂലം തങ്ങളുടെ വീടുകൾ ക്വാറി ഉടമയ്ക്ക് തന്നെ വിറ്റ് മറ്റ്‌ പ്രദേശങ്ങളിലേക്ക് പോയിരുന്നു. സേതുവിനെപ്പോലുള്ളവർ ഇപ്പോഴും നിലനിൽപ്പിനായി സമരം തുടരുകയാണ്.

സേതുവിന്റെ വീടിനടുത്ത് നിന്ന് വെറും 130 മീറ്റര്‍ ദൂരത്തിൽ പ്രവർത്തിക്കുന്ന ഭീമൻ എ.കെ.ആര്‍. എന്ന ക്വാറിക്കെതിരെയാണ് സേതു ഒറ്റയാൾ സമരം നടത്തി വരുന്നത്. 2017 മാർച്ച് മാസം 31ന് സേതുവിൻറെ വീട്ടിലേക്ക് ക്വാറിയിൽ നിന്നുള്ള പാറ കഷണങ്ങൾ തെറിച്ച് വീണിരുന്നു. വീടിനു മുകളിൽ കളിച്ചു കൊണ്ടിരുന്ന സേതുവിൻറെ കുട്ടികൾ അന്ന് അത്ഭുതകരമായാണ് രക്ഷപെട്ടത്. പാറ വീണ ആഘാതത്തിൽ വീടിനും അന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ക്വാറിക്ക് അനുകൂലമായ നടപടികളിലാണ് പൊലീസ് സ്വീകരിച്ചത്. പിന്നീട് റവന്യൂ അധികാരികൾ, പട്ടികജാതി കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി തുടങ്ങി വിവിധ ഭരണഘടനാ സ്ഥാപനങ്ങൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിരുന്നില്ല. സെക്രട്ടറിയേറ്റിൽ സമരം നടക്കുമ്പോൾ സേതു ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തുടർന്ന് മാനസിക രോഗിയാണെന്ന് പറഞ്ഞു സേതുവിനെ മാനസിക രോഗ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മാനസിക വൈകല്യത്തിനുള്ള കുത്തിവയ്പുകൾ എടുപ്പിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യസ്ഥിതി മോശമായ സേതു ഇപ്പോഴും സമരം തുടരവെയാണ് പട്ടികജാതി കമ്മീഷന്റെ തെളിവെടുപ്പ് നടന്നത്.

Spread the love
Read Also  ലാവലിന്‍ കേസ് പിണറായി വിജയന്‍റെ കാര്യം ഉച്ച കഴിഞ്ഞ് സുപ്രീം കോടതി തീരുമാനമാകും

Leave a Reply