Sunday, January 16

സവര്‍ണ ഭ്രഷ്ട് മൂലം ഗ്രാമം വിടേണ്ടിവന്ന മഹാരാഷ്ട്രയിലെ 24 ദളിത് കുടുംബങ്ങളുടെ കഥ

മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയില്‍, ഉദ്ഗിര്‍ താലൂക്കിലെ രുദ്രാവതി ഗ്രാമത്തിലെ ഇരുപത്തിനാല് ദളിത് കുടുംബങ്ങള്‍ക്ക് സവര്‍ണര്‍ ഏര്‍പ്പെടുത്തിയ ഭ്രഷ്ട് മൂലം സ്വഗ്രാമം വിട്ടോടേണ്ടി വന്നു. കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും തൊഴിലവസരങ്ങള്‍ തടയുകയും ഗ്രാമത്തിലെ സഞ്ചാര സ്വാതന്ത്രം പരിമിതപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ഗ്രാമം വിടേണ്ടി വന്നതെന്ന് ദവയര്‍.ഇന്നിലെ വര്‍ഷ തോര്‍ഗാല്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപമാനവും ഭീതിയും മൂലം പലായനം ചെയ്യേണ്ടി വന്നവരില്‍ ഗ്രാമമുഖ്യനും ഉള്‍പ്പെടുന്നു.
ഒരു ക്ഷേത്രം സന്ദര്‍ശിച്ചു എന്ന് ആരോപിച്ച ഒരു സംഘം സവര്‍ണ പുരുഷന്മാര്‍ നേരത്തെ ദളിതരെ ആക്രമിച്ചിരുന്നു. ആക്രമികള്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം അക്രമകാരികള്‍ക്കെതിരെ ഇരകള്‍ പരാതി നല്‍കിയിരുന്നു. പരാതി സമര്‍പ്പിച്ചവരില്‍ കുപിതരായ സവര്‍ണരാണ് ദളിത് കുടുംബങ്ങള്‍ക്ക് ഭ്രഷ്ട് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദ്ഗിറിന്റെ പ്രാന്തപ്രദശത്ത് ഒഴിഞ്ഞുകിടക്കുന്ന ഒരു സര്‍ക്കാര്‍ കെട്ടിടത്തിലാണ് പലായനം ചെയ്ത മതാംഗ് വിഭാഗത്തില്‍പെട്ട 24 കുടുംബങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുന്നതെന്നാണ് വിവരം.

ഗ്രാമം വിട്ടോടുന്നവര്‍

ഉപജീവനമാര്‍ഗ്ഗമില്ലാതെ പട്ടണത്തില്‍ എങ്ങനെ അതിജീവിക്കുമെന്നറിയാതെ ഉഴലുകയാണ് 40 സ്ത്രീകളും 15 കുട്ടികളുമടങ്ങുന്ന ഈ സംഘം. കേസില്‍ ഉള്‍പ്പെട്ടവര്‍ തങ്ങളെ ഇനിയും ആക്രമിക്കുമെന്ന ഭീതിയും ഇവര്‍ക്കുണ്ട്. ഇക്കഴിഞ്ഞ മേയ് എട്ടിനാണ് സംഭവ പരമ്പരകളുടെ തുടക്കമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി രുദ്രാവതി ഗ്രാമത്തിലെ സര്‍പഞ്ചായ ഷാലൂബായ് ഷിന്‍ഡെ പറയുന്നു. മതാംഗ് സമുദായത്തില്‍പെട്ട ഒരു നവവരനും കുടുംബവും ഗ്രാമത്തിലെ മാരുതി ക്ഷേത്രത്തില്‍ പോയി. ക്ഷേത്രത്തിനുള്ളില്‍ കടക്കാന്‍ ഇവര്‍ക്ക് വിലക്കുള്ളതിനാല്‍ ഏറ്റവും ഒടുവിലത്തെ പടിയില്‍ സ്പര്‍ശിച്ച് അവര്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ എന്തിന് ക്ഷേത്രത്തില്‍ പ്രവേശിച്ചു എന്ന് ആക്രോശിച്ച് സവര്‍ണ സമുദായത്തില്‍പെട്ട ചില പുരുഷന്മാര്‍ രണ്ടു, മൂന്ന് ദളിതരെ മര്‍ദ്ധിക്കുകയായിരുന്നു. ദളിത് വിഭാഗത്തില്‍പെട്ട രണ്ട് യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്തു. അവരില്‍ ഒരാള്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, സമുദായത്തില്‍പെട്ട മുതിര്‍ന്ന പിറ്റെ ദിവസം വിവാഹം ഉണ്ടായതിനാലാണ് ക്ഷേത്രത്തില്‍ പോയതെന്നും അതില്‍ ഖേദിക്കുന്നതായും അറിയിച്ചു. മേയ് പത്തിന് സംഭവത്തില്‍ പ്രതിഷേധിച്ച് യോഗം കൂടാന്‍ ഇരു വിഭാഗങ്ങളും തീരുമാനിച്ചു എന്നും ഷിന്‍ഡെ പറയുന്നു.
എന്നാല്‍ യോഗം നടന്നില്ല എന്ന് മാത്രമല്ല സവര്‍ണരുടെ നടപടിയെ ചോദ്യം ചെയ്ത ഒരു യുവാവിനെ ഒരു സംഘം വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമുദായത്തിലെ മറ്റ് ചിലര്‍ക്ക് നേരെയും അവര്‍ ആക്രമണം അഴിച്ചുവിട്ടു. ഉടനടി ദളിതര്‍ സമീപത്തുള്ള വദ്ധ്വാന പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മേയ് 11ന് പോലീസ് സ്‌റ്റേഷനില്‍ മുന്നില്‍ ദളിതര്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് മാത്രമാണ് പരാതിയില്‍ എഫ്‌ഐആര്‍ ഇടാന്‍ പോലീസ് തയ്യാറായത്. പക്ഷെ നിരവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല.
23 പേര്‍ക്കെതിരെ പരാതി ലഭിച്ചുവെന്നും അതില്‍ 16 പേരെ മേയ് 29ന് ഉള്ളില്‍ അറസ്റ്റ് ചെയ്‌തെന്നുമാണ് ലാത്തുരിലെ അഹമ്മദ്പൂര്‍ ഡപ്യൂട്ടി സൂപ്രണ്ട് ശ്രീധര്‍ പവാര്‍ നല്‍കുന്ന വിശദീകരണം. ബാക്കിയുള്ളവര്‍ ഒളിവിലാണെന്നും അറസ്റ്റിലായവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നും ഡപ്യൂട്ടി കമ്മീഷണര്‍ പറയുന്നു. ഇവര്‍ക്ക് ജൂണ്‍ ഏഴിന് ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഔറംഗബാദ് വരെയുള്ള റോഡില്‍ മേയ് 24ന് തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടികള്‍ക്ക് തയ്യാറായതെന്ന് ദളിത് സംരക്ഷണ പ്രവര്‍ത്തകനായ ധ്യാനേശ്വര്‍ സാവന്ത് ആരോപിക്കുന്നു. എന്നിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് മേയ് 28ന് പരാതിക്കാര്‍ ഡപ്യൂട്ടി കളക്ടറെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 16 പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്.
എന്നാല്‍ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ദളിതര്‍ക്കെതിരെ അപ്രഖ്യാപിത ഭ്രഷ്ട് നടപ്പിലാക്കുകയായിരുന്നു. ഭ്രഷ്ട് നടന്നതായും എന്നാല്‍ ദളിതര്‍ പരാതിപ്പെടുന്നതുപോലെ അതത്ര കടുത്തതല്ലായിരുന്നു എന്നുമുള്ള വിചിത്രവാദമാണ് ഡിവൈഎസ്പി പവാര്‍ പറയുന്നു. സാമൂഹ്യ ബഹിഷ്‌കരണം (തടയല്‍, നിരോധനം, പരാതിപരിഹാരം) ചട്ടപ്രകാരം സവര്‍ണ സമുദായങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എ്ന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഉള്‍പ്പെടെയുള്ള വീണ്ടും ഭീഷണിയുമായി മുന്നോട്ട് വരികയായിരുന്നു.

Read Also  കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് സംശയിച്ച് മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ദളിതര്‍ അഭയം തേടിയിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടം

ഭൂരഹിതരാണ് മാതംഗ് സമുദായാംഗങ്ങള്‍. സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. കടകളില്‍ കയറ്റാതിരിക്കുകയും തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും സഞ്ചാര സ്വാതന്ത്ര്യം വിലക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗ്രാമം വിട്ടോടാന്‍ ഇവര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇനി രുദ്രാവതി ഗ്രാമത്തിലേക്ക് മടങ്ങിയാലും അവിടെ സ്വസ്ഥ ജീവിതം നയിക്കാന്‍ സവര്‍ണര്‍ അനുവദിക്കില്ല എന്ന ഭീതിയും ഇവര്‍ക്കുണ്ട്. സര്‍പഞ്ച് തങ്ങളുടെ സമുദായക്കാരനാണെന്നത് കാര്യങ്ങള്‍ക്ക് ഒരു വ്യത്യാസവും ഉണ്ടാക്കില്ലെന്നും അവര്‍ പറയുന്നു. തന്റെ സമുദായത്തിന്റെയും ഗ്രാമത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന ആഗ്രഹത്താലാണ് താന്‍ സര്‍പഞ്ചായതെന്ന് ഷാലുബായ് പറയുന്നു. എന്നാല്‍ തനിക്ക് ഒരു അധികാരവും ഉണ്ടായിരുന്നില്ല എന്നും തീരുമാനമെടുത്ത കടലാസുകളില്‍ തന്നെ കൊണ്ട് ഒപ്പുവെപ്പിക്കുക മാത്രമാണ് സവര്‍ണര്‍ ചെയ്തിരുന്നതെന്നും അവര്‍ വിശദീകരിക്കുന്നു, തങ്ങളെ പുനരധിവസിപ്പിക്കാനും തൊഴിലും വാസസ്ഥലവും നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും ഷാലുഭായ് ഷിന്‍ഡെ ആവശ്യപ്പെടുന്നു.

Spread the love

Leave a Reply