Wednesday, June 23

‘ദലിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് കൊന്നവരെ പരസ്യമായി തൂക്കിലേറ്റണം’ ; വൻപ്രതിഷേധവുമായി സിനിമാസമൂഹം

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചതിനെതിരെ വൻ പ്രതിഷേധമുയരുകയാണ്. കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പ്രതികരണവുമായി രംഗത്തെത്തി.

അതിഭീകരവും നിഷ്ഠൂരവുമാണ് ഈ പ്രവൃത്തിയെന്നാണ് നടന്‍ അക്ഷയ്കുമാര്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സംഭവത്തിൽ വേദനയും അമർഷവും തോന്നുന്നു.  ഇത്തരം സംഭവങ്ങൾ എന്നാണ് അവസാനിക്കുക. കുറ്റവാളികളെ പേടിപ്പിക്കുന്ന രീതിയില്‍ നമ്മുടെ നിയമങ്ങള്‍ നടപ്പാക്കണം. ഈ കൃത്യം ചെയ്തവരെ തൂക്കിലേറ്റുക തന്നെ വേണം. നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമാണിത്’- അക്ഷയ് ട്വീറ്റ് ചെയ്തു.

സംഭവം അത്യധികം വേദനിപ്പിക്കുന്നതാണെന്ന് പ്രശസ്ത നടന്‍ റിതേഷ് ദേശ്മുഖ് പറഞ്ഞത്. കുറ്റവാളികളെ പൊതുജനത്തിന് മുന്നില്‍വെച്ച് തൂക്കിക്കൊല്ലണമെന്നാണ് റിതേഷ് ട്വീറ്റ് ചെയ്തത്.

നടി സ്വര ഭാസ്കറും സംഭവത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്.

പെൺകുട്ടി കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കൂട്ടബലാത്സംഗത്തിനിരയായത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍  കണ്ടെത്തിയത്.

അതീവഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ അലിഗറിലെ ആശുപത്രിയിലെത്തിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

Spread the love
Read Also  മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ രാജി ; പ്രതികാരനടപടിയിൽ അഭിഭാഷകർ പ്രതിഷേധിക്കുന്നു