Friday, May 27

ദാര…, ഒൗറംഗസേബ്…, ചരിത്രവും യാഥാർത്ഥ്യവും; സന്ധ്യാമേരി എഴുതുന്നു

ഒൗറംഗസേബ് മിഥ്യയും യാഥാർത്ഥ്യവും‘ എന്ന ലേഖനം യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും യാഥാർത്ഥ്യത്തെ അതിഭയങ്കരമായി വളച്ചൊടിക്കുന്നതുമാണ്. ഇൗ ലേഖനത്തിൽ അദീബ് ഹൈദറിന്റെ വാദങ്ങൾ എന്തൊക്കെ, ആഡ്രി ട്രസ്കി എന്ന ഗ്രന്ഥകാരിയുടെ വാദങ്ങൾ എന്തൊക്കെ എന്നു വ്യക്തമല്ല. ഇൗ പറഞ്ഞ പുസ്തകം ഞാൻ വായിച്ചിട്ടില്ല. അവർ ഏതു ചരിത്രപുസ്തകങ്ങൾ റഫർ ചെയ്തിട്ടാണ് പുസ്തകമെഴുതിയത് എന്നു മനസ്സിലാകുന്നില്ല. അക്കാലത്തെ ചരിത്രം അറിയാനും പഠിക്കാനുമായി അക്കാലത്തെഴുതപ്പെട്ട എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. പ്രശസ്ത ചരിത്രകാരന്മാരും ഇൗ പുസ്തകങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച മാനുച്ചിയുടേയും ബർണിയറുടേയും പുസ്തകങ്ങൾ, (ബർണിയറെ അപേക്ഷിച്ച് മാനുച്ചിയുടേതിൽനിന്നും ചരിത്രം കൂടുതലറിയാം കാരണം ഇദ്ദേഹം ഒട്ടേറെക്കാലം ഇവിടെയുണ്ടായിരുന്നു, ഒപ്പം ഹിന്ദുസ്ഥാനി, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു)ആലംഗീർനാമ(ഒൗറംഗസേബിനു കീഴിൽ എഴുതപ്പെട്ട ഒൗറംഗസേബിന്റെ ജീവചരിത്രമായതുകൊണ്ട് ഒരു സ്തുതിപാടൽ പുസ്തകമാണ്. ആ പുസ്തകംപോലും ഒൗറംഗസേബിനെ ഇസ്ലാമിന്റെ സംരക്ഷകനും കാഫിറുകളുടെ എതിരാളിയുമായിട്ടാണ് കാണുന്നത്)1853ൽ ഇറങ്ങിയ എലിയറ്റ്സ് ഷാജഹാൻ, പിന്നെ 1913ൽ പുറത്തിറങ്ങിയ ഒൗറംഗസേബിനെപ്പറ്റിയുള്ള ഏറ്റവും ആധികാരിക ഗ്രന്ഥമായ ജാദുനാഥ് സർക്കാരിന്റെ ഒൗറംഗസേബിന്റെ ചരിത്രം. (പരമാവധി ഒൗറംഗസേബിന്റെ നല്ല വശങ്ങൾ പുറത്തുകൊണ്ടുവരുന്ന പുസ്തകമാണിത്. അക്കാലത്തിറങ്ങിയ മുൻപറഞ്ഞ എല്ലാ പുസ്തകങ്ങൾക്കും പുറമേ ദർബാർ രേഖകളും ഒൗറംഗസേബും മുറാദും ദാരയും ഷാജഹാനുമൊക്കെ ഉൾപ്പെടെ എഴുതിയ മൂവായിരത്തോളം കത്തുകളുടെ ഒറിജിനൽ കോപ്പികളും ഇൗ ഗ്രന്ഥത്തിന്റെ രചനക്കായി ശ്രീ സർക്കാർ ഉപയോഗിച്ചിട്ടുണ്ട്.)

         യുവരാജനായ ദാര സൂഫിഗുരുവായ  മിയാന്‍ മിറിനോപ്പം

ഇനി ദാരയിലേക്കുവരാം. മദ്ധ്യകാല ഇന്ത്യ കണ്ട ഏറ്റവും വലിയ സെക്കുലറിസ്റ്റായിരുന്നു ദാരാ ഷുക്കോവ്. അതുപോലെ ആ കാലഘട്ടം കണ്ട ഏറ്റവും വലിയ ഇന്റലക്ച്വലുകളിൽ ഒരാളും. സംഘപരിവാർ പ്രൊപ്പഗണ്ടയുടെ ഭാഗമാക്കി മാറ്റപ്പെടുക എന്നത് ദാരക്കുണ്ടാകാവുന്ന ഏറ്റവും വലിയ ദുര്യോഗമാണ്. എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പ് ദാര ഷുക്കോവ് എന്ന ഉൽപ്പതിഷ്ണു മുന്നോട്ടുവച്ച എല്ലാ തത്വശാസ്ത്രങ്ങൾക്കും മതേതര ചിന്തകൾക്കും അപ്പാടെ വിരുദ്ധമാണത്. എന്നാൽ അതിനൊപ്പം തന്നെ എതിർക്കപ്പെടേണ്ടതാണ് ദാരക്കെതിരേ ഒൗറംഗസേബിനെ വെള്ളപൂശിക്കൊണ്ടുവരാനുള്ള മറുപക്ഷശ്രമവും. രണ്ടും അതിനീചവും സങ്കടകരവും വസ്തുതകളുമായി ലവലേശം ബന്ധമില്ലാത്തതുമാണ്.

നാൽപ്പത്തിനാലാം വയസ്സിലാണ് ദാരയെ കാഫിർ അഥവാ അവിശ്വാസി എന്നു മുദ്രകുത്തി ഒൗറംഗസേബ് വധിക്കുന്നത്. (അതല്ലെങ്കിലും ഒൗറംഗസേബ് ദാരയേയും സഹോദരന്മാരേയും സഹോദരപുത്രന്മാരേയും വധിക്കുമായിരുന്നു. കാരണം അതാണ് മുഗൾ ചരിത്രം) മതഭ്രാന്തനായ ഒരാൾ കാഫിർ എന്നുവിളിച്ചുകൊല്ലുമ്പോൾ അതാണ് ദാരക്കുകിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.

                    ഔറംഗസീബ്‌

അടിസ്ഥാനപരമായി ദാര രാജാവാകേണ്ടിയിരുന്ന ഒരാളല്ല. ഇന്റലക്ച്വൽ താൽപ്പര്യങ്ങളായിരുന്നു ദാരക്കുണ്ടായിരുന്നത്. ഭരണ കർത്താവാകുമായിരുന്നെങ്കിൽ ദാര അക്ബറെക്കാൾ മഹാനാകുമായിരുന്നു എന്നു പല ചരിത്രകാരന്മാരും ഉറച്ചുവിശ്വസിക്കുന്നു. ദാര അധികാരത്തിൽ എത്തിയിരുന്നെങ്കിൽ മദ്ധ്യകാല ഭാരതത്തിലെ ഏറ്റവും ഉദാത്തമായ മതനിരപേക്ഷ കാലഘട്ടമാകുമായിരുന്നു അത്. എന്നാൽ അക്ബറിന്റേതുപോലെ ഉറച്ച വ്യക്തിത്വമായിരുന്നില്ല ദാരയുടേത്. രണ്ടുപേരേയും കുറിച്ചുള്ള പ്രസിദ്ധമായ ഒരു താരതമ്യം ഉണ്ട്, അക്ബർ രാജാക്കന്മാർക്കിടയിലെ കവിഹൃദയനായിരുന്നെങ്കിൽ ദാര കവികൾക്കിടയിലെ രാജവംശജനായിരുന്നു. അടിസ്ഥാനപരമായി രാജഹൃദയത്തേക്കാൾ കവിഹൃദയമായിരുന്നു ദാരയുടേത്. അദ്ദേഹം ഒരു തത്വചിന്തകനും കവിയും (മനോഹരമായ കുറച്ചു ശായരികളുണ്ടു ദാരയുടേതായിട്ട്)ആയിരുന്നു. അക്ബറിന്റെ മതേതരസങ്കൽപ്പങ്ങൾ അതിനേക്കാൾ വിശാലമായി നടപ്പിൽ വരുത്തണമെന്നു സ്വപ്നം കണ്ടുനടന്ന ഒരു കാൽപ്പനികബുദ്ധിജീവി! ഹിന്ദു മിസ്റ്റിസിസവും മുസ്ലീം സൂഫിസവും താരതമ്യം ചെയ്തുകൊണ്ടുള്ള ദാരയുടെ ഫിലോസഫിക്കൽ ഗ്രന്ഥം മിംഗ്ലിംഗ് ഒാഫ് ദി റ്റു ഒാഷ്യൻസ് വായിച്ചാൽ ദാര എവിടെ നിൽക്കുന്നു എന്നതിനെപ്പറ്റി ഒരു ഏകദേശധാരണ കിട്ടും. തീവ്ര പോയിട്ട്, അദ്ദേഹം ഒരിക്കലും ഒരു ഹിന്ദുവാദിയോ മുസ്ലീം വാദിയോ പോലും ആയിരുന്നില്ല. ഒൗറംഗസേബ് കാഫിർ എന്നാണു ദാരയെ സ്ഥിരമായി വിളിച്ചിരുന്നതെങ്കിലും (ദാര തിരിച്ച് കള്ളസന്യാസി എന്നും!) ദാര അവിശ്വാസി ആയിരുന്നു എന്നതിന് ചരിത്രത്തിൽ തെളിവുകളില്ല. എല്ലാ സമയത്തും മതങ്ങളിൽ തീവ്രമായ താൽപ്പര്യം ദാരക്കുണ്ടായിരുന്നു, അതുപക്ഷേ സത്യാന്വേഷണത്തിന്റെ ഭാഗമായിരുന്നു. പലപലസമയങ്ങളിൽ പലപലമതങ്ങളുടെ പഠനത്തിൽ കൂടുതൽ താൽപ്പര്യം കാണിച്ചിരുന്നു. മുസ്ലീം, ഹിന്ദു, സിഖ്, കൃസ്ത്യൻ പണ്ഡിതന്മാരിൽനിന്ന് എപ്പോഴും അറിവ് തേടിക്കൊണ്ടിരുന്നു. ദാര എല്ലാ അർത്ഥത്തിലും ഗുരുവായി കണ്ടിരുന്നത് സൂഫിവര്യനായ മിയാൻ മിറിനെയാണ്. ഇദ്ദേഹത്തിന്റെ ജീവചരിത്രവും ദാര എഴുതിയിട്ടുണ്ട്.

Read Also  രാമൻ്റെ ജന്മസ്ഥലം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു

ദാര ക്ഷേത്രങ്ങൾക്കു സംഭാവനകൾ കൊടുക്കാറുണ്ടായിരുന്നു. അത് അന്നത്തെ സാഹചര്യങ്ങളിൽ മഹത്തായ ഒരു കാര്യമായിരുന്നു. കാരണം ഭരണം മുസ്ലീം വിഭാഗത്തിന്റെ കയ്യിലായിരുന്നതിനാൽ ഭരിക്കപ്പെടുന്ന ഹിന്ദുവിഭാഗത്തിനുവേണ്ടി ഒരു ഭരണവർഗ്ഗപ്രതിനിധി ചെയ്തിരിക്കേണ്ട കാര്യമാണത്. ‘A kind of good gesture’  ഇന്ന് ഭരണാധികാരികൾ മാതൃകയാക്കേണ്ട ഒന്നാണ്..

“അന്തസ്സുറ്റ പെരുമാറ്റത്തിന്റെ ഉടമ, സംഭാഷണങ്ങളിൽ വിനയാന്വിതനും ഉല്ലാസഭരിതനും, അന്യാദൃശമാംവിധത്തിൽ ഉൽപ്പതിഷ്ണു, ദയാലു, ആർദ്രചിത്തൻ…എന്നാൽ അവനവനെപ്പറ്റി അമിത ആത്മവിശ്വാസി…”ദാരക്കുകീഴിൽ സൈനികനായി ജോലിനോക്കിയിരുന്ന, ദാരയെ അടുത്തറിയുന്ന മാനുച്ചിയുടെ വാക്കുകളാണിവ. കറതീർന്ന സെക്കുലറിസ്റ്റും ഫിലോസഫറും മനുഷ്യസ്നേഹിയുമൊക്കെ ആയിരുന്നെങ്കിലും ദാരയുടെ സ്വഭാവത്തിൽ ഒത്തിരി പോരായ്മകളുമുണ്ടായിരുന്നു. അഹങ്കാരത്തോളം പോന്ന അമിതആത്മവിശ്വാസവും ആളുകളെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയും ദാരയുടെ വീഴ്ചക്കുതന്നെ കാരണമായി. ഒപ്പം തീവ്രമതചിന്തകരായിരുന്ന യാഥാസ്ഥിതിക മുഗൾ ദർബാർ അംഗങ്ങളെ കടുത്ത പരിഹാസത്തിലൂടെ ശത്രുക്കളാക്കി.

                            ദാര ഷിഖോ

ദാര കഴിവുകെട്ടവനാമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. യുദ്ധതന്ത്രങ്ങളിൽ ദാര കഴിവുകെട്ടവനായിരുന്നിരിക്കാം. പക്ഷേ യുവരാജാവായിരിക്കെ കൊല്ലപ്പെട്ട ദാരയുടെ ഭരണപരമായ കഴിവ് എങ്ങനെയാണ് അളക്കാനാവുക? ദാര ഷാജഹാനെ ഭരണത്തിൽ സഹായിച്ചിട്ടേയുള്ളൂ, ഭരിച്ചിട്ടില്ല. എന്നാൽ ദാര സുബേദാറായിരുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരനായിരുന്നു . പല പ്രദേശക്കാരും ദാര മരിച്ച് വർഷങ്ങൾക്കുശേഷവും ഒൗറംഗസേബിന്റെ ഭരണകൂടവുമായി കലഹത്തിലേർപ്പെട്ടിരുന്നു.

ഇനി ഒൗറംഗസേബിലേക്കുവരാം. മുഗൾ സാമ്രാജ്യത്തെ ദക്ഷിണേന്ത്യയിലേക്കു വ്യാപിപ്പിച്ചത് ഒരു ക്രഡിറ്റാണോ? അതുവെറും സാമ്രാജ്യത്വമോഹമല്ലേ? ഗോൽക്കോണ്ട സുൽത്താനായിരുന്ന അബ്ദുള്ള ക്വുത്തബ്ഷായെ പരാജയപ്പെടുത്തി വധിക്കാനൊരുങ്ങിയ ഒൗറംഗസേബിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചത് ദാര ഷാജഹാൻ വഴി നടത്തിയ ഇടപെടലായിരുന്നു. എന്നിട്ടും ഒൗറംഗസേബ് ഗോൽക്കോണ്ടയെ മുച്ചൂടും നശിപ്പിച്ചു. ബിജാപ്പൂരിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. മുഗൾ സാമ്രാജ്യം ഒൗറംഗസേബിന്റെ അവസാന ഇരുപത്‌-ഇരുപത്തഞ്ചു വർഷങ്ങളിൽത്തന്നെ ക്ഷയിച്ചിരുന്നു. സൈനികരും പട്ടിണിയിലായ കർഷകരും സമ്മിലുള്ള സംഘർഷം സാധാരണയായി മാറി. സാമ്രാജ്യം വികസിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നടത്തിയ ഡക്കാൻ യുദ്ധങ്ങൾ ഖജനാവു പാപ്പരാക്കി. ജനങ്ങൾ പട്ടിണിയിലായി. അവസാനവർഷങ്ങളിൽ സൈനികർക്കു ശമ്പളം കൊടുക്കാൻപോലും കഴിയാതെവന്നു.

ഒൗറംഗസേബ് മതഭ്രാന്തനായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ജസിയ നികുതിയെ ന്യായീകരിച്ച് ലേഖകൻ പറയുന്നുണ്ടല്ലോ, ‘ഭരണം നടത്തിക്കൊണ്ടുപോരുന്നതിന് ഗവണ്മെന്റ് ജനങ്ങളിൽനിന്ന് പണമോ സമ്പത്തോ പിരിക്കുന്നതിനെയാണ് നികുതി എന്നുപറയുന്നത്. ഇത് ഒൗറംഗസേബ് ചെയ്തപ്പോൾ വർഗ്ഗീയതയായി’എന്ന്. ഇത്രയും നിഷ്കളങ്കമായി തോന്നുന്ന രീതിയിൽ കാര്യങ്ങൾ വളച്ചൊടിക്കരുത്. നികുതിപിരിവ് ഒരിക്കലും വർഗ്ഗീയമല്ല. പക്ഷേ ഇന്ന മതത്തിൽ ജനിച്ചു എന്ന ഒറ്റപ്പേരിൽ അത് സന്ധ്യാമേരി എന്ന എന്നിൽനിന്നും പിരിക്കുകയും അദീബ് ഹൈദറിൽനിന്നും പിരിക്കാതിരിക്കുകയും ചെയ്യുമ്പോൾ അതു കൊടിമൂത്ത വർഗ്ഗീയതയാണ്. അക്ബറിനുമുമ്പ് ജസിയ ഉണ്ടായിരുന്നു. എന്നാൽ അക്ബർ നിർത്തലാക്കിയശേഷം അത് ജഹാംഗീറോ ഷാജഹാനോ പുന:പരിശോധിച്ചില്ല. ഒൗറംഗസേബ് വീണ്ടും ഏർപ്പെടുത്തി. 1665ൽ മുസ്ലീം കച്ചവടക്കാർക്ക് രണ്ടരശതമാനം കസ്റ്റംസ് ഡ്യൂട്ടി ഉണ്ടായിരുന്നപ്പോൾ ഹിന്ദുക്കൾക്ക് അത് 5% ആയിരുന്നു. 67ൽ മുസ്ലീങ്ങളുടേത് പൂർണ്ണമായും എടുത്തുകളഞ്ഞു, ഹിന്ദുക്കളുടേത് അതുപോലെതന്നെ നിലനിർത്തി. ഇതാണ് വർഗ്ഗീയത! ഇത്തരം നികുതികൾകൊണ്ടും സാധാരണ സർക്കാർ സർവ്വീസുകളിൽനിന്നും ഹിന്ദുക്കളെ ഒഴിവാക്കിക്കൊണ്ടും നിവൃത്തികേടുകൊണ്ട് ആളുകളെ മതപരിവർത്തനത്തിലേക്കെത്തിക്കുകയാണ് ഒൗറംഗസേബ് ചെയ്തത്.

ഇനിക്ഷേത്രങ്ങൾ തകർക്കുന്നതിനെപ്പറ്റി ഒൗറംഗസേബ് തന്നെ പറയട്ടെ, (കൊച്ചുമകൻ ബിലാൽ ഭക്തിനെഴുതിയ കത്തിൽനിന്നും) “ഒൗറംഗാബാദിനടുത്തുള്ള സത്താറ എന്റെ നായാട്ടു കേന്ദ്രമായിരുന്നു. അവിടെ കുന്നിൻമുകളിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ ഞാനതു തകർത്തു.” ഇൗ പറച്ചിലിൽ ഭരണപരമായ എന്തു മാനമാണുള്ളത്? മതപരമായ മാനം മാത്രമേ ഒൗറംഗസേബിന്റെ ക്ഷേത്രം നശിപ്പിക്കലുകൾക്കുള്ളൂ. ഇനിയും എത്രയെത്ര ഉദാഹരണം വേണമെങ്കിലും ഇവിടെ പേരുകൾ സഹിതം നിരത്താനാകും. പക്ഷേ ഇൗ കാലഘട്ടത്തിൽ ചരിത്രത്തിലെ ഇത്തരം വീഴ്ചകളെപ്പറ്റി ചർച്ചചെയ്യരുത് എന്നു ഞാൻ കരുതുന്നു, തീവ്രമായി ആഗ്രഹിക്കുന്നു. കാരണം ദാരയുടെ രാഷ്ടീയമാണ് എന്റെ രാഷ്ടീയം.

Read Also  ചരിത്രവും പാരമ്പര്യവും നിറയുന്ന ഈ നാട് ഇന്ന് കത്തിയെരിയുകയാണ്

ഇനി മുഗൾ ദർബാറിലെ ഹിന്ദുപ്രാതിനിധ്യത്തെക്കുറിച്ചു സംസാരിക്കാം. അക്ബർ മാത്രമാണ് സ്വന്തം നിലയിൽ ഹിന്ദുഅംഗങ്ങളെ ദർബാറിലെടുത്തത്. അതിനുശേഷമുള്ള കാലങ്ങളിൽ മുഗൾ ദർബാറിൽ ഹിന്ദു അംഗങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്നോ? അവർ മുഗൾ സമ്രാട്ടിന്റെ സാമന്തന്മാരാണ്. അതായത് മുഗൾ സമ്രാട്ട് കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിക്കുമ്പോൾ അതാതുദേശങ്ങളിലെ രാജാക്കന്മാർ സാമന്തന്മാരായി സ്വാഭാവികമായും മുഗൾദർബാറിലെ അംഗങ്ങളായി മാറുന്നു. അവർക്ക് സ്ഥാനക്രമമനുസരിച്ച് മാൻസബ് ദാറും -ശമ്പളവ്യവസ്ഥ-നിശ്ചയിക്കുന്നു. പിന്നീടുള്ള കാലം അവർ മുഗൾ സമ്രാട്ടിനുവേണ്ടി ഉദ്യേഗസ്ഥരെന്നനിലയിൽ യുദ്ധം ചെയ്യുന്നു. അവരുടെ സൈന്യം അവരുടെ കീഴിൽത്തന്നെയായിരിക്കും. രജപുത്രസൈന്യം മുഗൾസാമ്രാജ്യത്തിന്റെ നെടുംതൂണായിരുന്നു, ഒൗറംഗസേബിന്റെ കാര്യത്തിലും ഇതിനു മാറ്റമൊന്നുമില്ല. എന്നാൽ അക്ബർ, ജഹാംഗീർ, ഷാജഹാൻ എന്നിവരുമായി നല്ല ബന്ധം പുലർത്തിയിരുന്ന രജപുത്രരാജവംശങ്ങൾ മിക്കതും ഒൗറംഗസേബുമായി തെറ്റിപ്പിരിയുകയും യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്നുണ്ട്. തന്‍റെ തന്നെ സാമന്തനായിരുന്ന ജസ്വന്ത്സിംഗിന്റെ മരണശേഷം മാർവാർ കീഴ്പ്പെടുത്താനായി നടത്തുന്ന കുതന്ത്രങ്ങൾ ഒൗറംഗസേബിന്റെ വ്യക്തിത്വത്തിലേക്കുതന്നെ വെളിച്ചം വീശുന്നതാണ്.

 ഒൗറംഗസേബ് നൃത്തവും സംഗീതവും നിരോധിച്ചു. ദാരയാവട്ടെ നൃത്തത്തിന്റേയും സംഗീതത്തിന്റേയും ചിത്രകലയുടേയുമൊക്കെ ആരാധകനായിരുന്നു. റാണാദിൽ എന്ന തെരുവുനർത്തകിയെ പ്രണയംമൂത്ത് വിവാഹം കഴിക്കുന്നുപോലുമുണ്ട് ദാര! അതുവരെ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു അത്! വിവാഹം കഴിക്കാതെ തന്നെ എല്ലാ രാജാക്കന്മാരും ചെയ്യുന്നപോലെ കാര്യങ്ങൾ നടത്തിയാൽ മതിയായിരുന്നു ദാരക്കും. പക്ഷേ എല്ലാ യാഥാസ്ഥിതികരെയും അമ്പരപ്പിച്ചുകൊണ്ട് ദാര റാണാദില്ലിനെ വിവാഹം ചെയ്യുകയാണുണ്ടായത്.

“കാലത്തിന്റെ ദൗത്യം” ഏറ്റെടുത്ത് ഒൗറംഗസേബ് വരുമ്പോൾ വിശ്വാസവഞ്ചന ചെയ്യുന്ന സഹോദരന്മാരെ വകവരുത്തി എന്നു ലേഖനത്തിൽ കാണുന്നു! ഏതു ചരിത്രമാണിത്!! ഒൗറംഗസേബിനൊപ്പം നിന്ന് അവസാനം വരെ ദാരക്കെതിരേ പോരാടിയ മുറാദിനെ ചതിയിൽപ്പെടുത്തി തടവിലാക്കി വധിക്കുന്ന ചരിത്രം ഒന്നു വായിക്കൂ. ഒന്നുകിൽ തങ്ങൾ രാജ്യം പങ്കിട്ടെടുക്കുമെന്നും അല്ലെങ്കിൽ മതകാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാനായി മുറാദിനെ സിംഹാസനം ഏൽപ്പിച്ച് ഒൗറംഗസേബ് രംഗംവിടുമെന്നുമായിരുന്നു പാവം മുറാദിനെ അവസാനം വരെ ഒൗറംഗസേബ് അനവധി കത്തുകളിലൂടെ വിശ്വസിപ്പിച്ചിരുന്നത്!

ഇതിലെ ഏറ്റവും സങ്കടകരമായ വസ്തുത എന്തെന്നോ? ദാര ഷുക്കോവ് എന്ന മഹാനായ സെക്കുലറിസ്റ്റിനെ സംഘപരിവാർ തട്ടിയെടുക്കുന്നതും ഒപ്പംതന്നെ അതിനെ പ്രതിരോധിക്കേണ്ടതിനുപകരം ദാരയെ അവരുടെ ആളായി അങ്ങു തീരുമാനിച്ച് അതിനെ പ്രതിരോധിക്കാനായി അദ്ദേഹത്തെ ഇകഴ്ത്തി, ഒൗറംഗസേബ് എന്ന മതഭ്രാന്തനെ പൊക്കിക്കൊണ്ടുവരികയും ചെയ്യുന്നതാണ്. ദാര ഷുക്കോവ് അതിൽക്കൂടുതൽ നീതി, ബഹുമാനം അർഹിക്കുന്നു. ദാരയെ സംഘപരിവാർ പ്രൊപ്പഗാണ്ടയിൽനിന്നും രക്ഷിക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്ന നീതി.

ഇനി രസകരമായ ഒരു അനുബന്ധം: തന്റെ രണ്ടാൺമക്കളെയും മൂത്ത മകളെയും വർഷങ്ങളോളം തടവിലിട്ട ഒൗറംഗസേബ്(മൂത്ത മകനും മകളും തടവിൽക്കിടന്നാണ് മരിക്കുന്നത്)മനസ്സുനിറഞ്ഞു സ്നേഹിച്ച, അല്ലെങ്കിൽ ഒൗറംഗസേബിനെ അൽപ്പമെങ്കിലും സ്നേഹിച്ച മൂന്നുപേരും ദാരയുടെ ബാക്കിയായിരുന്നു! ആദ്യം ദാരയുടെ വെപ്പാട്ടിയായിരുന്ന, പിന്നീട് ഒൗറംഗസേബിന്റെ വെപ്പാട്ടിയായി മാറുന്ന ഉദിപ്പൂരിബീഗം. ഒൗറംഗസേബിന്റെ മകൻ മുഹമ്മദ് അസമിന്റെ ഭാര്യയായി മാറുന്ന ദാരയുടെ മകൾ ജാനിബീഗം, ഇവർക്കുണ്ടായ മകൻ ബിലാൽ ഭക്ത്! ഹതാശനും ഏകനും കുറ്റബോധം വേട്ടയാടുന്നവനുമായി (തന്റെ ചെയ്തികൾക്കുള്ള ശിക്ഷ പരലോകത്തിൽ കാത്തിരിപ്പുണ്ടെന്ന് ഒൗറംഗസേബ് അവസാനകാലത്ത് ബിലാൽഭക്തിനും മകൻ കാംബക്ഷിനും കത്തെഴുതിയിരുന്നു) മരിച്ച ഒൗറംഗസേബിന്റെ ഏറ്റവും വലിയ ദുര്യോഗമായിരുന്നിരിക്കണം ഇത്

നിരാകരണം  ഇവിടെ പറഞ്ഞിരിക്കുന്ന അഭിപ്രായം പ്രതിപക്ഷം .ഇൻ ൻ്റേതാകണമെന്നില്ല... 

ഔറംഗസേബ് – മിഥ്യയും യാഥാര്‍ത്ഥ്യവും; അദീബ് ഹൈദര്‍ എഴുതുന്നു

Spread the love

Leave a Reply