Wednesday, January 19

ദാരിയോ ഫോ: ഒരു അരാജകവാദിയുടെ അപകടകരമായ ജീവിതം

വി കെ അജിത്‌ കുമാര്‍

ദാരിയോ ഫോ എന്തായിരുന്നുവെന്ന്  സൂചിപ്പിക്കുന്നതിലും വേഗത്തില്‍ അദ്ദേഹത്തെ എന്തെല്ലാമായിരുന്നുവെന്നു അടയാളപ്പെടുത്തുവാന്‍ സാധിക്കും. നടനായും പാട്ടുകാരനായും ചിത്രകാരനായും സംവിധായകനായും ടെലിവിഷന്‍ അവതാരകനായും ജീവിക്കുമ്പോള്‍തന്നെ സ്വയം വാഴ്ത്തപ്പെട്ടവരുടെ കാലഘട്ടത്തില്‍ നിന്നുകൊണ്ട് ശബ്ദിച്ച നിഷേധിയുടെ സ്വരമായിരുന്നു ഫോയുടേത്. എഴുത്തിന്‍റെ ഒരിക്കലും നഷ്ടമാകത്ത ഊര്‍ജ്ജം പ്രസരിപ്പിക്കുകയും അരങ്ങിന്‍റെ പ്രകടനപരതയില്‍ അഭിരമിക്കുകയും ചെയ്തുവെന്നതാണ് ദാരിയോ ഫോയെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. എന്നാല്‍ സ്വീഡിഷ്‌ അക്കാദമി ബഹുമാനപുരസരം സമര്‍പ്പിച്ച നോബല്‍ സമ്മാനം ഫോയെ എഴുത്തുകാരന്‍ എന്ന കേവലാവസ്ഥയിലേക്ക്   മാറ്റിനിര്‍ത്തുകയായിരുന്നു.

മതം അധികാരം സമ്പത്ത് ഇവയെല്ലാം എപ്പോഴും ദാരിയോ ഫോയുടെ മറുപക്ഷത്തുണ്ടായിരുന്നു. ക്ഷുഭിതനായ ഒരു ശമര്യാക്കാരന്‍റെ സാമ്പ്രദായികവേഷം അഴിച്ചുവച്ച് ധൈര്യപൂര്‍വം നിലപാടുകള്‍ വിളിച്ചു പറയാന്‍ ഫോ കാട്ടിയ ആര്‍ജ്ജവം വത്തിക്കാന്‍ ചുവരുകളെ പലപ്പോഴും വല്ലാതെ ഉലച്ചിരുന്നു. മതപരമായ വിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന ഫോയെപ്പോലൊരാള്‍ക്ക് വിശിഷ്ടമായ ഈ ബഹുമതി നല്‍കുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് കുറിപ്പെഴുതിയിട്ട് വത്തിക്കാന്‍റെ മുഖപത്രമായ L’Osservatore Romano നോബല്‍ പ്രതിഷേധം വ്യക്തമാക്കി.

നാടകം തലയ്ക്ക് പിടിച്ച റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ കൂടിയായ ഫെലിസ് എന്ന പിതാവിനും Country of Frog എന്നാ ആത്മകഥ വിവരണം സൃഷ്ടിച്ച പിനാ റോട്ടോ എന്നാ മാതാവിനും ഫോയില്‍ പാരമ്പര്യത്തിന്‍റെ ജീനുകള്‍ അല്‍പ്പം കൂടുതല്‍‌ ലഭിച്ചതില്‍ അഭിമാനിക്കാം. രണ്ടാം ലോക യുദ്ധകാലത്തില്‍ ഇറ്റലിയിലെ ജൂതന്മാരെ സ്വിറ്റ്സര്‍ലണ്ടിലേക്ക് കടക്കാന്‍ സഹായിച്ചതിന്‍റെ ചരിത്രം ഫോയുടെ പിതാവിനുണ്ട്. യുദ്ധക്കെടുതികളും ആഭ്യന്തരപ്രശ്നങ്ങളും തീവ്രവാദവും രാഷ്ട്രീയവാദിയായ ഒരു പ്രതിഭയെ എങ്ങനെ നിര്‍ണ്ണയിക്കുന്നുവെന്ന് അനേകം തെളിവുകളുണ്ട്. പാട്രിക്ക് മോഡിയാണോ എന്ന പില്‍ക്കാല നോബല്‍ ജേതാവില്‍വരെ ഇത് വളരെ വ്യക്തമായി വേരോടിയിരിക്കുന്നു.

രണ്ടാം ലോക യുദ്ധാനന്തരം ഫോയുടെ ജീവിതം പതിയെ അരങ്ങത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഒരു സ്റ്റേജ് ഡിസൈനറായി അദ്ദേഹം രംഗത്ത് വരികയും വളരെ പെട്ടെന്ന് തന്നെ ഒരു ലഘുനാടകസംഘം രൂപികരിക്കുകയും ചെയ്തു. അതിലൂടെ സമൂഹ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇത് രംഗവേദികളില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിച്ചുകൊണ്ടിരുന്നു. മിലാന്‍ തിയറ്റര്‍ ഗ്രൂപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പരിചയപ്പെട്ട ഫ്രാങ്ക റമേ പിന്നിട് പത്നിയായി വ്യക്തിജീവിതത്തിലും ക്രിയാത്മക ജീവിതത്തിലും ഒരുപോലെ സ്വധീനം ചെലുത്തിയത് ഒരിക്കല്‍പോലും അദ്ദേഹം വിസ്മരിച്ചിട്ടില്ല. വര്‍ദ്ധക്യത്തിന്‍റെ ഉപബോധത്തിലും ഫോ, രചനകളിലെ റമെ സാന്നിദ്ധ്യം വിളിച്ചു പറഞ്ഞിരുന്നു. Accedental death of an anarchist മാത്രമാണ് റമേയില്ലാതെ രൂപപ്പെട്ടത് എന്നദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട്.

ഫോയുടെ ധിഷണാജീവിതം അപ്പോഴും അപകടകരമായ പാതയിലൂടെയായിരുന്നു സഞ്ചരിച്ചുകൊണ്ടിരുന്നത്. അതൊരു അരാജകവാദിയുടെ ജീവിതമായിരുന്നു. എന്നാല്‍ ഫോ ഒരിക്കലും ഇത് സമ്മതിക്കുകയില്ല കാരണം ഒരു അരാജകവാദി ഒരിക്കലും അവരെ അത്തരത്തിലൊരാളായി പരിഗണിക്കുകയില്ല അവര്‍ അവരെ സ്വയം വിലയിരുത്തുന്നത് ചില ചര്‍ച്ചകള്‍ക്കായി ഒത്തുചേരുന്നവര്‍ മാത്രമായാണെന്ന നിരീക്ഷണം അവതരിപ്പിച്ചത് ഫോ തന്നെയായിരുന്നു.

ഫോയുടെ എഴുത്തും അരങ്ങും മറ്റിടപെടലുകളും നിരന്തരമായി സാമ്പ്രദായികഭരണക്രമങ്ങളെ ചോദ്യം ചെയ്തു കൊണ്ടിരുന്നു. താന്‍ മാത്രമല്ല ചാപ്ലിന്‍ മുതല്‍ മാര്‍ക്വിസ്‌വരെ ഇത് തിരിച്ചറിഞ്ഞിരുന്നുവെന്നും സുര്യന് കീഴില്‍ പുതുതായി ഒന്നുമില്ലെന്നും അധികാരം ലഭിക്കുമ്പോള്‍ അത് നിലനിര്‍ത്തുവാന്‍ ഓരോരുത്തരും ജനാധിപത്യപരമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുവെന്നും അതേസമയം ജനാധിപത്യ മൂല്യങ്ങളെപ്പറ്റി പ്രസംഗിക്കുകയും ചുണ്ടുകള്‍ പൌരാവകാശത്തെപ്പറ്റി ഉല്‍കണ്ഠപ്പെടുകയും ചെയ്യുന്നുവെന്നും ഫോ വിശദമാക്കിയിട്ടുണ്ട്. ഫോയുടെ ദേശീയതയും മാനവികതയും ഈ തിരിച്ചറിവില്‍നിന്നും രൂപപ്പെട്ടതായി വ്യാഖ്യാനിക്കാം. ലാ കമ്യൂണ്‍ എന്ന സ്വന്തം നാടകകമ്പനിയില്‍ ദേശീയതയുടെയും ജനാധിപത്യത്തിന്‍റെയും ഈ നിരീക്ഷണം ശക്തമായി കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഓരോ അംഗത്തിനും തുല്യ അവകാശമുള്ള സംഘം എന്നാണ് അതിനെ വിശേഷിപ്പിച്ചത്‌. പ്രേക്ഷകനെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കാന്‍ കൂടിയാണ് നാടകങ്ങള്‍ അവര്‍ നടത്തിയത്, ഫോ തന്നെ പറയുന്നു കാര്യകാരണബന്ധം മനസിലാക്കുന്നത്‌ ഒരു വിനോദം കൂടിയാണെന്ന്. മനുഷ്യന്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി അവരെ താരതമ്യാവസ്ഥയിലെത്തിക്കാന്‍ അരങ്ങിനുകഴിയണം അത് പൌരാവകാശമായാലും വനിതാവിമോചനമായാലും തൊഴില്‍ മേഖലയിലായാലും മനസിലാക്കലുകളാണു വേണ്ടത്. കലയെന്നത് ഒരു തരം രാഷ്ട്രീയമാണെന്നും അതിനെ വേര്‍തിരിക്കുന്നത് ഗുരുതരമായ ഒരു സംഗതിയാണെന്നും ദാരിയോ ഫോ വാദിക്കുന്നു. ജീവിതത്തിലെ യഥാര്‍ത്ഥ്യങ്ങളുമായി വളരെ അടുത്തുനില്‍ക്കുന്നതാകണം കല. ഷേക്സ്പിയര്‍ ഇത് നന്നായി ചെയ്തിട്ടുണ്ട്. ഹാംലറ്റ് എലിസബത്തന്‍ രാഷ്ട്രീയത്തിന്‍റെ ദയാരഹിതമായ വിമര്‍ശനം എന്ന തരത്തിലാണ് കാണേണ്ടതെന്നും ദാരിയോ ഫോ അഭിപ്രായപ്പെടുന്നു. സാമ്രാജ്യത്വത്തിനും വലതുപക്ഷ തീവ്രവാദത്തിനും എതിരെ എപ്പോഴും കലഹിക്കുവാന്‍ ഫോയുടെ ഈ ഇടപെടല്‍തന്നെ ധാരാളം മതിയായിരുന്നു.

ദാരിയോ ഫോയും ഫ്രാൻക റമയും

അമേരിക്കന്‍ മനസിനെ വളരെ നിശിതമായി വിമര്‍ശിച്ചിരുന്ന ഫോ ആ രാജ്യത്തിന്‍റെ ചരിത്രത്തെതന്നെ ഒരിക്കല്‍ ക്രൂശിക്കുവാന്‍ മുതിര്‍ന്നു. ചരിത്രം വിജയികള്‍ക്കുള്ളതാണെന്നും അവര്‍ പലതും വെള്ളപൂശി അവരുടെ വരുംതലമുറയ്ക്കായി കാത്തു സൂക്ഷിക്കുന്നുവെന്നും വാദിച്ചു കൊണ്ട് ‘ജോഹന്‍ പദാനും അമേരിക്കയുടെ കണ്ടെത്തലും’ എന്ന ഏകാംഗനാടകത്തിലൂടെ അമേരിക്കയുടെ ഉല്‍കൃഷ്ടമായ ചരിത്രത്തെ അദ്ദേഹം വളരെ നിശിതമായി വിമര്‍ശിക്കുകയും പുനര്‍വായനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. പലപ്പോഴും ആശയപരമായ ഒഴിച്ചുനിര്‍ത്തല്‍ എന്ന ന്യായവാദത്തില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള വിസ നിഷേധിക്കപ്പെട്ട ഫോ ഒടുവില്‍ അഭിനേതാവ് കൂടിയായ മുന്‍ പ്രസിഡന്റ് റെയ്ഗന്‍റെ ഇടപെടല്‍കൊണ്ടാണ് യു എസില്‍ എത്തുന്നത്. എന്നിരുന്നാലും ആ രാജ്യത്തോടുള്ള വെറുപ്പ്‌ അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരുന്നു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിനു ശേഷമുണ്ടായ ഫോയുടെ ഈ മെയില്‍ സന്ദേശം ഇത് കൂടുതല്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 10 മില്യന്‍ ജനങ്ങള്‍ പട്ടിണികൊണ്ട് മരണത്തിനു കീഴടങ്ങുമ്പോഴാണ് 20000 പേരുടെ മരണം വാഴ്ത്തപ്പെടുന്നത് അതാകട്ടെ ആത്യന്തികമായി അക്രമത്തിന്‍റെ സംസ്കാരത്തിന്റെയും പട്ടിണിയുടെയും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളുടെയും പരിണിതഫലം മാത്രമാണ്. ഫോ ആ സന്ദേശം അവസാനിപ്പിക്കുന്നത് അങ്ങനെയായിരുന്നു. സ്വന്തം കാഴ്ചപ്പാടും കടമെടുക്കാത്ത മാനവികതയും ഒരിക്കലും വിട്ടുപോയിട്ടില്ല എന്ന സൂചനയിലൂടെ ഫോ നല്‍കിയ ഈ സന്ദേശം മഹാനായ ശാസ്ത്രകാരനും മാനവികവാദിയുമായ ഐന്‍സ്റ്റീനെ പോലും മറികടന്നു നില്‍ക്കുന്നു.

മത ചിന്തയുടെയും അധീശത്ത്വത്തിന്‍റെയും നേരെ ശബ്ദമുണ്ടാക്കാന്‍ അദ്ദേഹം ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗിച്ചിരുന്നു. ഇറ്റാലിയന്‍ ടെലിവിഷനിലെ ജനപ്രിയ പരിപാടിയായ Can Zonissima ഫോയും പത്നിയും ഏറ്റെടുത്തപ്പോള്‍ അത് ഇറ്റാലിയന്‍ ജനത ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ഒരു വാര്‍ത്താലേഖകന്‍റെ അസ്വഭാവികമായ മരണം ഇറ്റലിയിലെ മാഫിയകളുടെ അറിവോടെയാണെന്ന് വളരെ ധൈര്യപൂര്‍വം വിളിച്ചു പറഞ്ഞ ഫോയെയും ഭാര്യയെയും പിന്നെ ഈ ടെലിവിഷന്‍ ഷോയില്‍ തുടരാന്‍ ഭരണാധികാരികള്‍ അനുവദിച്ചില്ല.
ഇതൊരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു. ദാരിയോ ഫോയുടെ ജീവിതത്തിലെ ഏറ്റവും വലിയ സംഭാവനയായ Accedental death of an Anarchist എന്ന നാടകം തട്ടിലെത്താന്‍ ഇത് കാരണമായി തൊട്ടുപിന്നാലെ പാലസ്തീന്‍ ഇസ്രയേല്‍ തര്‍ക്കം ചര്‍ച്ചചെയ്യുന്ന ഫിദായില്‍ രംഗത്ത് വന്നു. ധിഷണാപരമായജിവിതം നല്‍കാവുന്ന ഏറ്റവും വലിയ ദുരന്തം ഫോയും റമേയും അനുഭവിച്ചതും ഇതിനു ശേഷമാണ് കഠിനമായ പോലിസ് ഭീകരതയുടെ ഇരയായി മാറി ഇരുവരും.

ആയിരത്തിതൊള്ളായിരത്തി അൻപത്തിയൊമ്പതിൽ വന്ന രംഗ ഭാഷയായ Archangels Don’t Play Pinball മുതല്‍ ദാരിയോ ഫോ യുടെ ഓരോ ഇടപെടലും പൊതുചിന്തയെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. പള്ളിയും മദ്ധ്യവര്‍ഗ്ഗ കപടതയും അധികാര ദുര്‍വിനിയോഗവും എപ്പോഴും ഫോ യുടെയും സംഘത്തിന്‍റെയും ചര്‍ച്ചാവിഷയം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ കടുത്ത സെന്‍സറിംഗിനും ആക്രമണത്തിനും വിധേയമായിട്ടുണ്ട്.

ഓരോ കലാകാരനും ഒരു മാസ്റ്റര്‍ വര്‍ക്കുണ്ടായിരിക്കും എന്ന് വിലയിരുത്തുമ്പോള്‍ ഫോയുടെതായി കണ്ടത്തുന്നത് Accedental death of an Anarchist ആണ്. ജന്മനഗരമായ മിലാനില്‍ ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊമ്പത്തില്‍ സംഭവിച്ച ഒരു ബോംബ്‌ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗിയോവന്നെ പിനെലെയെന്ന ഒരു മനുഷ്യന്‍ അറസ്റ്റുചെയ്യപ്പെടുകയും കഠിനമായ ചോദ്യം ചെയ്യലിനു വിധേയമാകുകയും ഒടുവില്‍ പോലീസ് ആസ്ഥാനത്തിലെ ഉയര്‍ന്ന കെട്ടിടത്തിന്‍റെ ജനലിലൂടെ അയാള്‍ വീണുമരിക്കുകയും ചെയ്യുന്നു. ഇത് ഒരു ആത്മഹത്യയല്ല കൊലപാതകമാണെന്ന് എല്ലാവര്ക്കും അറിയാമായിരുന്നെങ്കിലും അതല്ലെന്നായിരുന്നു പോലിസ് ഭാഷ്യം ഈ സംഭവംതന്നെയാണ് ഫോ യുടെ Accedental death of an Anarchist.

അവസാനമായി നല്‍കിയ ഒരു അഭിമുഖത്തില്‍ ഫോ ഇങ്ങനെ സൂചിപ്പിക്കുന്നു. തുര്‍ക്കിയില്‍ എന്റെ കൃതികള്‍ വിലക്കപ്പെട്ടിരിക്കുന്നു അവര്‍ ഷേക്സ്പിയറിനെയും ചെക്കൊവിനെയും ബ്രഹ്റ്റിനെയും വിലക്കിയിരുന്നു. അതിനാല്‍ ഇതു മറ്റൊരു നോബല്‍ സമ്മാനമായി ഞാന്‍ കരുതുന്നു. ഇതാണ് ദാരിയോ ഫോ. വലിയ കാര്യങ്ങളെ സസൂക്ഷ്മം നോക്കി കാണുകയും അവയെ കൃത്യമായ പരിഹാസത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത് ചില മേദസ്സുകളില്‍ പതിക്കുന്നു. അതുകൊണ്ട് തന്നെയാണ് ദാരിയോ ഫോ സ്വയം ഒരു കോമാളിയെന്നു വിളിച്ചത് ..

Spread the love