Sunday, September 20

ഇരുണ്ട ദിനങ്ങൾ, കോവിഡ് ഉയർത്തുന്നത് ഫെഡറലിസത്തെപ്പോലും ബാധിക്കുന്ന ഗുരുതരപ്രത്യാഘാതങ്ങൾ: രാമചന്ദ്ര ഗുഹ

1947 ഓഗസ്റ് മുതൽ തന്നെ ഇന്ത്യ എന്ന രാജ്യം പലപ്പോഴും ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സ്വാതന്ത്ര്യപ്രഖ്യാപനത്തോടൊപ്പം നടന്ന ഇന്ത്യാ വിഭജനം മുതൽ ചിന്തിച്ചാൽ 1960 കളിലെ ക്ഷാമങ്ങളും യുദ്ധങ്ങളും; പിന്നീട് ഇന്ദിരാഗാന്ധിയുടെ 1970 കളിലെ അടിയന്തരാവസ്ഥയും 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമുള്ള വർഗീയ കലാപങ്ങളും ഇങ്ങനെ പോകുന്നു സംഭവങ്ങൾ. എന്നാൽ നമ്മുടെ രാജ്യം ഇപ്പോൾ കടന്നുപോകുന്ന ദിവസങ്ങൾ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതാകാം.

ഇതുവരെ ഒരാവസ്ഥയിലും പരിഗണനീയമല്ലാതിരുന്ന ചില ഘട്ടങ്ങൾ ഈ സമയത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണ് ഇപ്പോഴുള്ള അവസ്ഥയുടെ കാഠിന്യത്തെ കൂടുതൽ വ്യകതമാക്കുന്ന ഘടകങ്ങൾ
ഇതിൽ തന്നെ ആദ്യത്തേത്, ഏറ്റവും പ്രകടമായി അനുഭവപ്പെടുന്ന ആരോഗ്യരംഗത്തെ പ്രതിസന്ധി തന്നെയാണ്. വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ, ഇപ്പോൾ തന്നെ ദുർബലമായ നമ്മുടെ ആരോഗ്യ സംവിധാനത്തിൽ സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. അതേസമയം തന്നെ പകർച്ചവ്യാധിയുടെ നിയന്ത്രണം കൈകാര്യം ചെയ്യുന്നതിലുള്ള ആരോഗ്യ രംഗത്തിന്റെ അമിതമായ ശ്രദ്ധ മറ്റ് പ്രധാന പ്രശ്‌നങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാനും ഇടയാക്കുന്നു. ക്ഷയരോഗം, ഹൃദ്രോഗം, രക്താതിസമർദ്ദം മുതലായവ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഡോക്ടർമാരും ആശുപത്രികളും അവർക്കു പെട്ടെന്ന് അപ്രാപ്യമാകുന്നു. മാത്രമല്ല ഇന്ത്യയിൽ പ്രതിമാസം ജനിക്കുന്ന ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കാര്യമാണ് ഇപ്പോൾ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. കാലങ്ങളായി, ഈ നവജാതശിശുക്കൾക്ക് മീസിൽസ്, മം‌പ്സ്, പോളിയോ, ഡിഫ്തീരിയ, മറ്റ് അസുഖങ്ങൾ എന്നിവയ്ക്കു പ്രതിരോധ കുത്തിവയ്പ് നൽകാൻ ഒരു സ്ഥാപന ഘടന ഏർപ്പെടുത്തിയിരുന്നു.

ഇപ്പോൾ, ഫീൽഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കോവിഡ് -19 ലേക്ക് ശ്രദ്ധ തിരിക്കുന്നതിലൂടെ, നമ്മുടെ വരുംകാല പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള പദ്ധതികളിൽ സംസ്ഥാന സർക്കാരുകൾ പിന്നിലാണെന്നാണ്.

രണ്ടാമത്തേത് സാമ്പത്തിക പ്രതിസന്ധിയാണ്. ടെക്സ്റ്റൈൽ , ഗതാഗതം , ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായങ്ങളെ ഈ പാൻഡെമിക് ഗുരുതരമായി തകർത്തു കളഞ്ഞു. ദശലക്ഷക്കണക്കിന് തൊഴിലാളികളെയും ഇടനിലക്കാരെയും കരകകൗശലത്തൊഴിലാളികളെയും ഇത് പട്ടിണിയിലാക്കി. മാർച്ച് ആദ്യം 7 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് ഇപ്പോൾ 27 ശതമാനത്തിലധികമാണെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി കണക്കാക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലെ സമ്പന്നവും മെച്ചപ്പെട്ടതുമായ രാജ്യങ്ങൾ , അവർ നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കാൻ മതിയായ സാമ്പത്തിക ആശ്വാസം നൽകുന്നുണ്ട് ഇവിടെയാകട്ടെ, നമ്മുടെ റിപ്പബ്ലിക്ക് നിരാലംബരായവർക്ക് ഭരണകൂടത്തിന്റെ വകയായി വളരെ തുച്ഛമായ പിന്തുണയാണ് നൽകികൊണ്ടിരിക്കുന്നത്.

മൂന്നാമത്, നമ്മുടെ കൈകളിൽ ഒരു വലിയ മാനുഷിക പ്രതിസന്ധിയുണ്ട്. ഭാവിയിൽ ഇന്ത്യൻ പാൻഡെമിക്കിനെ നിർവചിക്കുവാൻ പോകുന്ന ചിത്രം സ്വന്തം പട്ടണങ്ങളിലേക്കും സ്വദേശ ഗ്രാമങ്ങളിലേക്കും എത്താൻ നൂറുകണക്കിന് മൈലുകൾ നടക്കുന്ന കുടിയേറ്റക്കാരുടെ ഫോട്ടോകളും വീഡിയോകളും ആയിരിക്കും. ഒരുപക്ഷേ രാജ്യവ്യാപകമായി ഒരു ലോക്ക്ഡൗൺ നിർബന്ധമാക്കിയിരിക്കാം; എന്നാൽ അത് കൂടുതൽ വിവേകത്തോടെ ആസൂത്രണം ചെയ്യണമായിരുന്നു. ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണയുള്ള ആർക്കും അറിയാവുന്നതായിരുന്നു അത്, ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ കുടിയേറ്റക്കാരാണ്, അവരുടെ കുടുംബങ്ങൾ താമസിക്കുന്നിടത്തുനിന്ന് വളരെ അകലെയാണ് ഇവരെല്ലാം ജീവിക്കാനായി എത്തിയിരുന്നത്. ഈ വസ്തുത പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഉപദേശകരിൽനിന്നോ മനസിലാക്കിയതായി കണ്ടില്ല. അല്പംകൂടി ആലോചിച്ച് നിലവിലെ, ട്രെയിനുകൾ ഉൾപ്പടെയുള്ള യാത്രാസംവിധാനം ഈ കാലയളവിൽ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പൗരന്മാർക്ക് ഒരാഴ്ചത്തെ (നാല് മണിക്കൂർ അല്ല) നോട്ടീസ് നൽകിയിരുന്നെങ്കിൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാമായിരുന്നു. സുരക്ഷിതമായും സുഖമായും ഇവർക്ക്‌ നാടുകളിലേക്ക് എത്താൻ കഴിയുമായിരുന്നു.
വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചതുപോലെ, ലോക്ക്ഡൗൺ ശരിയായി ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെടുമ്പോൾ പൊതുജനാരോഗ്യ പ്രതിസന്ധിയെ അത് രൂക്ഷമാക്കി. തൊഴിൽരഹിതരായി തീർന്ന മനുഷ്യർ ദുരിതത്തിലേക്കും രോഗത്തിലേക്കും മാറി. ഇപ്പോൾ, രണ്ടുമാസത്തിനുശേഷം, കേന്ദ്രസർക്കാർ കാലതാമസത്തോടെയും കുറ്റബോധത്തോടെയും അവർക്കായി ട്രെയിനുകൾ സംഘടിപ്പിക്കുമ്പോൾ, പതിനായിരങ്ങൾ വൈറസിനെയും അവരുടെ സ്വന്തം നാടുകളിലേക്ക് തിരികെ കൊണ്ടുപോകുന്ന അവസ്ഥയാണുണ്ടാകുന്നത്.

Read Also  രോഗബാധിതരിൽ 56 പേർ പുറത്തു നിന്നും വന്നവർ

ഇതിനെല്ലാം ഉപരിയായി രാജ്യം ഇപ്പോൾ വ്യക്തമായ മറ്റൊരു മാനുഷിക പ്രതിസന്ധികൂടി അനുഭവിയ്ക്കുന്നുണ്ട്. കോവിഡ് -19 ന് വളരെ മുമ്പുതന്നെ, ഇന്ത്യൻ സമൂഹം വർഗ്ഗത്തിന്റെയും ജാതിയുടെയും കാര്യത്തിൽ വളരെ ശ്രേണിപരമായതും മതത്തിന്റെ കാര്യത്തിൽ മുൻവിധിയോടെയുള്ളതുമായിരുന്നു. പാൻഡെമിക്കും അതിന്റെ തെറ്റായ കൈകാര്യം ചെയ്യലും ഈ ഭിന്നതകൾക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നു.

ഭരണകക്ഷി നേതാക്കന്മാർ കോവിഡ് കേസുകളുടെ മതപരമായ പ്രൊഫൈലിംഗ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ നടത്തികൊണ്ടിരിക്കുന്നു. ഇതിനകം തന്നെ ദുർബലരായ മുസ്ലീം ന്യൂനപക്ഷത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലാക്കി എന്നും വേണമെങ്കിൽ പറയാം. ഇത്തരം പഴിചാരലുകൾ നിയന്ത്രണാതീതമായി നടക്കുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും ചെയ്തു; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിന്നുള്ള കടുത്ത വിമർശനത്തിന് ശേഷമാണ് അദ്ദേഹം ഒരു അനോഡൈൻ പ്രസ്താവന പോലും ഇറക്കിയത്, വൈറസ് ഒരു മതത്തെയും അംഗീകരിച്ചിട്ടില്ലെങ്കിലും ഭരണകക്ഷിയും അതിന്റെ ‘ഗോഡി മാധ്യമങ്ങളും’ അഴിച്ചുവിട്ട വിഷം രാജ്യത്തുടനീളമുള്ള സാധാരണ ഇന്ത്യക്കാരുടെ ബോധത്തിലേക്ക് മതപരമായ ശത്രുതയെ ആഴത്തിൽ ആക്രമിച്ചുകൊണ്ടുമിരുന്നു.

നാലാമത്തെ പ്രതിസന്ധി ആദ്യ മൂന്ന് പോലെ വ്യക്തമല്ല. എന്നിരുന്നാലും ഇത് വളരെ ഗുരുതരമായി മാറിയേക്കാം. ഇതൊരു മാനസിക പ്രതിസന്ധിയാണ്. ജോലിയില്ലാത്തവർക്ക്, വീട്ടിലേക്ക് നടക്കാൻ നിർബന്ധിതരായവർക്ക്, അവർ പോയ നഗരങ്ങളിലേക്ക് മടങ്ങാനുള്ള ആത്മവിശ്വാസം ഒരിക്കലും ഉണ്ടാകണമെന്നില്ല. വരും മാസങ്ങളിൽ സ്വയം നേരിടാൻ തയ്യാറെടുത്തു നമ്മുടെ സ്കൂൾ കുട്ടികളിലും കോളേജ് വിദ്യാർത്ഥികളിലും അവരുടെ വിദ്യാഭ്യാസ പ്രക്രിയ പുനരാരംഭിക്കും. അപ്പോഴുണ്ടാകാവുന്ന പ്രത്യാഘാതത്തെക്കുറിച്ച്‌ കൂടി ആലോചിക്കേണ്ടതുണ്ട്. മുതിർന്നവർക്കിടയിലും, സാമ്പത്തിക അരക്ഷിതാവസ്ഥ വിഷാദരോഗത്തിനും മറ്റ് മാനസികരോഗങ്ങൾക്കും ഉറപ്പായും ഇടയാക്കും.

അഞ്ചാമത്തെ പ്രതിസന്ധി ഇന്ത്യൻ ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്നതാണ്. ദുരന്തനിവാരണ നിയമത്തിന്റെ അടിച്ചേൽപ്പിക്കൽ തന്നെ ഇതിനുദാഹരണമാണ് , പാൻഡെമിക്കിന്റെ ആദ്യ മാസങ്ങളിൽ, സംസ്ഥാനങ്ങൾക്ക് അവരുടെ പ്രാദേശിക സന്ദർഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ തരത്തിൽ വെല്ലുവിളിയെ നേരിടാൻ ആവശ്യമായ സ്വയംഭരണാവകാശം നൽകിയിരുന്നില്ല. മുകളിൽ നിന്ന് ഏകപക്ഷീയവും ചിലപ്പോൾ പരസ്പരവിരുദ്ധവുമായ നിർദ്ദേശങ്ങൾ കേന്ദ്രം തുടർച്ചയായി നൽകി കൊണ്ടിരുന്നു. അതേസമയം, സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകളിൽ കേന്ദ്രം മൗനം പാലിക്കുകയും ചെയ്തു ; ജിഎസ്ടി കളക്ഷന്റെ വിഹിതത്തിൽ അവർക്ക് നൽകാനുള്ള പണം പോലും കേന്ദ്രം അവർക്ക് നൽകിയിട്ടില്ല.

ഇതുമായി തന്നെ അടുത്ത ബന്ധം പുലർത്തുന്ന ആറാമത്തെ പ്രതിസന്ധി ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യങ്ങൾക്കു മുൻപിൽ നിർത്തുന്നതാണ്. പാൻഡെമിക്കിന്റെ മറവിൽ, യു‌എ‌പി‌എ പോലുള്ള ശക്തമായ നിയമങ്ങളോ തന്ത്രങ്ങളോ ഉപയോഗിച്ചുകൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്തതാണ്. പാർലമെന്റിൽ ചർച്ച ചെയ്യാതെ ഓർഡിനൻസുകൾ പാസാക്കുകയും പ്രധാന നയതീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. സർക്കാരിനെ വിമർശിക്കരുതെന്ന് പ്രമുഖ പത്രങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും ഉടമകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ വ്യക്തിത്വ ആരാധനയെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നു പറയാതെ പറയുകയും ചെയ്യുന്നു. അടിയന്തരാവസ്ഥക്കാലത്ത്, “ഇന്ദിര ഇന്ത്യ, ഇന്ത്യ ഇന്ദിര” എന്ന് പറഞ്ഞ ഒരു ദേവ കാന്ത ബറൂവ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇപ്പോൾ കാബിനറ്റ് മന്ത്രിമാർ ജനങ്ങളെ മോഡി സ്തുതിയിലേക്കു നിർബന്ധിക്കുന്നു.

Read Also  മലയരയരെ ശബരിമലയിൽ നിന്നകറ്റിയത് കോൺഗ്രസ്സും സിപിഐഎമ്മുമാണെന്ന് ശ്രീധരൻപിള്ള

അതെ, ഇന്ത്യൻ മെഡിക്കൽ സമ്പ്രദായം അതീവ ഗുരുതരാവസ്ഥയിലാണ്; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്; ഇന്ത്യൻ സമൂഹം ഭിന്നിച്ചു ദുർബലമാകുന്നു; ഇന്ത്യൻ ഫെഡറലിസം മുമ്പത്തേതിനേക്കാൾ ദുർബലമാകുന്നു; കേന്ദ്ര ഇടപെടലുകളിൽ സംഭവിക്കുന്ന വ്യക്തതയില്ലായ്മയും ദീർഘ വീക്ഷണത്തിന്റെ അപര്യാപ്തയും കാരണം സംസ്ഥാനങ്ങൾ കൂടുതൽ സ്വേച്ഛാധിപത്യപ്രവണതയുടെ മുൻപോട്ടു പോകുന്നു. ഈ ഘടകങ്ങളെല്ലാം ചേരുമ്പോഴാണ് ഇന്ത്യ വിഭജനത്തിനുശേഷം ഏറ്റവും വലിയ പ്രതിസന്ധിലേക്ക് നീങ്ങുന്നതായി വായിക്കുവാൻ കഴിയുന്നത്,

രാജ്യം എന്ന നിലയിൽ നമുക്ക് എങ്ങനെ അസാധാരണമായ ഒരു പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോകാനാകും?
ചരിത്രപരമായ ഒരു വായന ഇന്ത്യൻ ഭരണാധികാരികൾ നടത്തേണ്ടതുണ്ട് . 1947 ൽ ജവഹർലാൽ നെഹ്‌റുവും വല്ലഭായ് പട്ടേലും എന്തുചെയ്തുവെന്നെങ്കിലും മനസിലാക്കണം – അന്ന് രാജ്യം നേരിട്ട വെല്ലുവിളിയുടെ തീവ്രത തിരിച്ചറിഞ്ഞ അവർ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ മാറ്റിവച്ച് അംബേദ്ക്കറെപ്പോലുള്ള എതിർ ചിന്തകരെപോലും നേടിയെടുത്തു, മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തു. അത്തരത്തിലുള്ള ഒരു ദേശീയ സർക്കാർ ഇപ്പോൾ പ്രായോഗികമാകണമെന്നില്ല;

പക്ഷേ, പ്രതിപക്ഷ നേതാക്കളെയും വിവിധ രാഷ്ട്രീയ ശ്രേണിയിലുള്ള വിദഗ്‌ധരെയും കേൾക്കാനുള്ള മനസുണ്ടാകണം. ഇത്തരം സജ്ജീവമായ ആലോചനകൾ നടത്തുന്നതിൽ നിന്നും പ്രധാനമന്ത്രിയെ തടയാൻ മറ്റാരുമില്ല . നാടകീയമായ തീരുമാനങ്ങൾ എടുക്കുന്നതിനുപകരം സാമ്പത്തികശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയിലെ വിദഗ്ധരെ ബഹുമാനിക്കാനും ആശ്രയിക്കാനും പ്രധാനമന്ത്രി പഠിക്കണം. ഭാരതീയ ജനതാ പാർട്ടി ഭരിക്കാത്ത സംസ്ഥാനങ്ങളെ ഉപദ്രവിക്കാനുള്ള ആഗ്രഹം കേന്ദ്രവും ഭരണകക്ഷിയും ഉപേക്ഷിക്കണം. നിലവിൽ അധികാരത്തിലിരിക്കുന്നവരുടെ ഉപകരണങ്ങളാക്കാൻ ശ്രമിക്കുന്നതിനുപകരം സിവിൽ സർവീസുകൾ, സായുധ സേനകൾ, ജുഡീഷ്യറി, അന്വേഷണ ഏജൻസികൾ എന്നിവയ്ക്ക് കേന്ദ്രം ഒരു സ്വയംഭരണാവകാശം നൽകിക്കൊണ്ടെങ്കിലും ഈ സ്ഥിതിയെ തരണം ചെയ്യേണ്ടതുണ്ട്. കാരണം റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. അതിനെ മറികടക്കാൻ നമ്മുടെ എല്ലാ ജ്ഞാനവും എല്ലാ വിഭവങ്ങളും അനുകമ്പയും അനുധാവനതയും ആവശ്യമാണ്.

resource teleghraph india

Spread the love

Leave a Reply