ബന്ധങ്ങൾ നഷ്ടമാകുന്നതിന്റെ വേദന തനിയ്ക്ക് നല്ലപോലെ അറിയാമെന്നു കാശ്മീരി യുവാവ് ഫൈസാന്‍ ബുഖാരി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണമായ ചന്ദ്രയാൻ 2-ന്റെ ഭാഗമായ വിക്രം ലാൻഡർ നഷ്ടമായതുമായി ബന്ധപ്പെട്ട് ഇസ്രോ മേധാവി ഡോ. കെ. ശിവന് അയച്ച തുറന്ന കത്തിലാണ് ബുഖാരി ബന്ധങ്ങൾ നഷ്ടമാകുന്നതിലെ വേദന വ്യക്തമാക്കുന്നത്. ആഴ്ച്ചകളായി ഫോണും ഇന്റർനെറ്റും ഉൾപ്പടെയുള്ള ആശയവിനിമയ മാർഗ്ഗങ്ങൾ വിച്ഛേദിച്ചതിലൂടെ തങ്ങൾക്ക് കുടുംബവുമായി ആശയവിനിമയം പുലർത്താനാവുന്നില്ലെന്നും ഇതിനു സമാനമാണ് ചന്ദ്രയാൻ 2-നു സംഭവിച്ച ആശയ വിനിമയ തകരാറെന്നും ബുഖാരി പറയുന്നു. ദി ക്വിന്റിലാണ് ബുഖാരിയുടെ കത്ത് പ്രസിദ്ധീകരിച്ചത്.

പ്രിയപ്പെട്ട ഡോ. കെ. ശിവൻ,

ഞാൻ ആദ്യമായി താങ്കളെയും താങ്കളുടെ ടീമിനെയും അഭിനന്ദിക്കുന്നു. ചന്ദ്രയാൻ 2-ദൗത്യം വിജയിപ്പിക്കുന്നതിന് നിങ്ങൾ കഠിനമായി പരിശ്രമിച്ചിരുന്നുവെന്നു എനിക്കറിയാം. എന്നാൽ നിർഭാഗ്യവശാൽ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇറങ്ങുന്നതിനു നിമിഷങ്ങൾക്ക് മുൻപ് വിക്രം ലാൻഡറുമായി ആശയ വിനിമയം നഷ്ടമാവുകയായിരുന്നുവെന്നു ഞാൻ മനസിലാക്കുന്നു.

സ്വന്തം രാജ്യത്തെ ലോകം അഭിമാനത്തോട് കൂടി നോക്കുന്നത് കാണാൻ ആഗ്രഹമില്ലാത്തതാരാണ്? ആശയവിനിമയം നഷ്ടമായപ്പോൾ നിങ്ങൾ എത്രമാത്രം വേദനയിലൂടെയും തകർച്ചയിലൂടെയുമാണ് കടന്നു പോയിരിക്കുകയെന്നു എനിക്ക് നന്നായി അറിയാം. എനിക്കത് പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കും. കാരണം, എനിക്കും എന്റെ ‘ചന്ദ്രനു’മായുള്ള ആശയവിനിമയം നഷ്ട്മായിരിക്കുന്നു. ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ ഉള്ള എന്റെ മാതാവുമായി ഞാൻ സംസാരിച്ചിട്ട് ഒരാഴ്ച്ചയിൽ അധികമായിരിക്കുന്നു.

എല്ലാകാര്യങ്ങളെയും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു വളരെ വ്യക്തമായി അറിയാവുന്ന വലിയൊരു ശാസ്ത്രജ്ഞനാണ് താങ്കൾ. എന്നിട്ടും നിങ്ങൾ പ്രധാനമന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി. നമുക്ക് ബന്ധങ്ങള്‍ നഷ്ടമാകുമ്പോള്‍ നമ്മളുമായി അടുത്ത് നില്‍ക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരുമ്പോള്‍ അത് നമ്മളെ ഏറെ വേദനിപ്പിക്കും.

സര്‍, താങ്കള്‍ ഭാഗ്യവാനാണെന്ന് ഞാന്‍ പറയട്ടെ, കാരണം താങ്കളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് ഒക്കെ ശരിയാവുമെന്ന് പറയാന്‍ പ്രധാനമന്ത്രിയുണ്ടായിരുന്നു. പക്ഷേ എന്റെ കാര്യം നോക്കൂ, ഞാനത്രെ ഭാഗ്യം കെട്ടവനാണ്. ഒരുമാസത്തിലേറെയായി എനിക്ക് എന്റെ കുടുംബവുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടമായിട്ട്. എന്നിട്ടും എന്നെ ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ ആരും വന്നിട്ടില്ല.

നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി എന്നെപ്പോലെ കുടുംബത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ട ജനങ്ങളോട് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സര്‍, ഒരുതരത്തില്‍ പറഞ്ഞാല്‍ ഞാനും നിങ്ങളും ഒരേ തൂവല്‍ പക്ഷികളാണ്.

ഇപ്പോള്‍ എനിക്കു തോന്നുന്നത്, എന്റെ കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ളതിനേക്കാള്‍ സാധ്യത ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചുകിട്ടാനുണ്ടെന്നാണ്. സാറിനറിയാമോ എന്താണ് ഏറ്റവും വലിയ വേദനയെന്ന്? സ്വന്തം രാജ്യത്തിലുള്ളവര്‍ നമ്മളെ ആശ്വസിപ്പിക്കാനില്ലാത്ത അവസ്ഥ.

സര്‍, ഞാന്‍ വീണ്ടും പറയുന്നു, താങ്കള്‍ ഭാഗ്യവാനാണ്. കാരണം ലാന്‍ഡറുമായുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ താങ്കളെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചുമുള്ള സന്ദേശങ്ങളായിരുന്നു. പക്ഷേ ഇവിടെ ഞാന്‍ ഒറ്റയ്ക്കിരുന്ന് താങ്കള്‍ക്ക് ഈ കത്തെഴുതുകയാണ്.

Read Also  കേന്ദ്രസർക്കാരിൻ്റെ ജമ്മു കാശ്മീർ അജണ്ടയുടെ മുന്നൊരുക്കങ്ങൾ ; പി കെ സി പവിത്രൻ

ഫൈസാന്‍ ബുഖാരി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here