Wednesday, June 23

‘അവയവക്കച്ചവട മാഫിയ ഇടപെടൽ’ ; ബന്ധുവിന്റെ മൃതദേഹം പോലീസ് തിടുക്കത്തിൽ ദഹിപ്പിച്ചതായി സനൽ കുമാർ ശശിധരൻ

 

‘അവയവക്കച്ചവട മാഫിയ ഇടപെടൽ’ ; ബന്ധുവിന്റെ മൃതദേഹം പോലീസ് തിടുക്കത്തിൽ ദഹിപ്പിച്ചതായി സനൽ കുമാർ ശശിധരൻ

രണ്ടു ദിവസം മുമ്പ് സംശയകരമായ സാഹചര്യത്തിൽ മരിച്ച തന്റെ ബന്ധുവിന്റെ മൃതദേഹം പോലീസ് തിടുക്കത്തിൽ കത്തിച്ചുകളഞ്ഞതായി ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരൻ. മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി സനൽ കുമാറും ബന്ധുക്കളും ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നും സനൽ കുമാർ പറയുന്നു.

അതേസമയം ഇക്കാര്യത്തിൽ അന്വേഷണത്തിനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായും ഉടൻ തന്നെ ഡി ജി പി അന്വേഷണത്തിന് ഉത്തരവ് നൽകിയതായും സനൽ എഴുതുന്നു.

ഗുരുതരമായ രോഗങ്ങളൊന്നുമില്ലാത്ത സന്ധ്യ മരണകാരണം ദുരൂഹമാണെന്നും അവയവക്കച്ചവട മാഫിയയുടെ ഇടപെടൽ മരണത്തിലുണ്ടോ എന്ന് സംശയിക്കുന്നതായും കഴിഞ്ഞ ദിവസം സനൽ കുമാർ ആരോപണം ഉന്നയിച്ചിരുന്നു. കോവിഡ് ബാധിച്ച സന്ധ്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായി വീട്ടിലെത്തിയശേഷം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു ദിവസങ്ങൾ കഴിഞ്ഞാണ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. സംസ്ഥാനത്തെ പോലീസ് അവയവ മാഫിയയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതായി സംശയമുണ്ടെന്ന് സനൽ കുമാർ എഴുതുന്നു

സനൽ കുമാർ ശശിധരന്റെ കുറിപ്പ്

‘സന്ധ്യയുടെ മരണത്തെ സംബന്ധിച്ചും മൃതശരീരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ദഹിപ്പിക്കാൻ പോലീസ് കാണിക്കുന്ന അമിതോത്സാഹത്തെ സംബന്ധിച്ചും കൂടുതൽ ആലോചിക്കുമ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത് ഗുരുതരമായ ക്രമസമാധാന തകർച്ചയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുറ്റകൃത്യത്തെ കുറിച്ചന്വേഷിക്കേണ്ട പോലീസ് തന്നെ അത് മൂടിവെയ്ക്കാൻ കൂട്ടുനിൽക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.

ഈ മരണത്തിൽ ഓർഗൻ മാഫിയയുദെ കരങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കണം എന്ന് 9/11 നു തന്നെ ഞാൻ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു എങ്കിലും യാതൊരു അന്വേഷണവും ഉണ്ടായില്ല. എന്നാൽ അന്നേദിവസം പ്രധാനമന്ത്രിക്ക് ഞാൻ സമർപ്പിച്ച പരാതിയിന്മേൽ നടപടിയുണ്ടായപ്പോൾ 11/11 നു ഡിജിപി തിരുവനതപുരം റൂറൽ എസ്പിക്ക് അന്വേഷണ ചുമതല നൽകി ഉത്തരവിടുകയായിരുന്നു. എങ്കിലും ഇതുവരെയും കാര്യമായ യാതൊരു അന്വേഷണങ്ങളും ഉണ്ടായില്ല എന്ന് മാത്രമല്ല മൃതദേഹം എത്രയും വേഗം കത്തിച്ച് കളയാൻ അമിതോത്സാഹം കാണിക്കുകയാണ് പോലീസ് ചെയ്തത്.

ഇതോടൊപ്പമുള്ള ചിത്രങ്ങളിൽ ഉള്ളത് നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് എഴുതിയ തിയതി വെക്കാത്ത കത്താണ്. സന്ധ്യയുടെ ശരീരം പോസ്റ്റ് മോർട്ടം കഴിഞ്ഞ് മോർച്ചറിയിൽ സൂക്ഷിക്കുകയാണെന്നും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിക്കാൻ നടപടിയുണ്ടാവണം എന്നുമാണ് ഉള്ളടക്കം.
എന്നാൽ പോസ്റ്റ് മോർട്ടം കഴിഞ്ഞോ ഇല്ലയോ എന്ന് മെഡിക്കൽ കോളേജിൽ നിന്നും ഒരു തീർപ്പും ഇതുവരെയും കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജ് സൂപ്രണ്ട് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത് സന്ധ്യ 8/11 നു മെഡിക്കൽ കോളേജിൽ വെച്ച്‌ മരണപ്പെട്ടു എന്നും ആയത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മറവുചെയ്യാൻ നടപടി ഉണ്ടാവണം എന്നുമാണ്. ഈ കത്തിന്റെ തിയതി 10/11 എന്നത് വെട്ടിത്തിരുത്തി 11/11 എന്നാക്കി മാറ്റിയിട്ടുണ്ട്. ‘

ഇതോടൊപ്പമുള്ള മറ്റൊരു ചിത്രം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനാണ്. അതിൽ പറയുന്നത് സന്ധ്യയുടെ TrueNat കോവിഡ് പൊസിടിവ് ആനെന്നും nasopharyngeal ആലപ്പുഴയിൽ അയച്ചിടുണ്ടെന്നും ആവശ്യമുള്ള പക്ഷം പോസ്ട് മോർട്ടം നടത്തിയ ശേഷം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടക്കം ചെയ്യണം എന്നുമാണ്.

ഇതൊരു വ്യക്തിക്ക് ഉണ്ടായ അനീതി ആണെന്ന് പൊതുജനം ഇനിയും വിശ്വസിക്കുന്നു എങ്കിൽ അത് ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും എന്ന് മാത്രം പറഞുകൊള്ളട്ടെ. എന്റെ ജീവൻ അപകടത്തിലാണ് എന്നെനിക്കറിയാം. അതിലും അപകടത്തിലാണ് കേരള സമൂഹത്തിന്റെ ക്രമസമാധാന ജീവിതം

Spread the love