Wednesday, July 15

പാമ്പ് കടിയേറ്റ ഷഹ്ല മരിച്ചത് ആൻ്റിവനം നൽകാത്തതിനാലെന്ന് പിതാവ് ; സംഭവത്തിൽ അധ്യാപകനെയും രണ്ട് ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തു

ക്ലാസില്‍ വച്ച് പാമ്പു കടിയേറ്റ് ഷെഹ് ല മരിച്ചത് ആശുപത്രിയിൽ വെച്ച് സമയത്ത് ആൻ്റിവനം നൽകാത്തതിനാലാണെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കൊണ്ടുപോയ ആശുപത്രികളിലൊന്നും ഡോക്ടർമാർ കുട്ടിക്ക് ആൻ്റിവനം നൽകിയിട്ടില്ല. ഇതാണു മരണകാരണമെന്നാണു ഡോക്ടർമാരും പറയുന്നത്.

കുട്ടിയുടെ കാൽ കുഴിയില്‍ കുടുങ്ങി എന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്. മൂന്ന് മണിക്ക് നടന്ന സംഭവം സ്‌കൂള്‍ അധികൃതര്‍ വിളിച്ചറിയിച്ചത് 3.36നാണ്. കുട്ടിയുടെ കാലുകുടുങ്ങിയ കുഴി ഹെഡ്മാസ്റ്റര്‍ തന്നെ കാണിച്ചുതന്നുവെന്നും ഷഹ്ലയുടെ പിതാവ് അഡ്വ. അസീസ് പറയുന്നു.

കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനു കുറ്റക്കാരനായ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ഷജിലിനെ സസ്പെൻഡ് ചെയ്തു. ചികിത്സ വൈകിപ്പിച്ചതിനും ആൻ്റിവനം നൽകാത്തതിനും ബത്തേരി താലൂക്ക് ആശുപത്രിയിലെ  ഡോക്ടറെയും സസ്പെൻഡ് ചെയ്തു.

വിദ്യാര്‍ത്ഥിനിയെ സമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് സഹപാഠികളും പറഞ്ഞു. പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനി കരഞ്ഞ് പറഞ്ഞിട്ടും മൂക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. കുട്ടിയുടെ രക്ഷിതാവ് വന്നാണ് ഷഹ്ല ഷെറിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് വിദ്യാര്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിൻ കഴിഞ്ഞ ദിവസമാണു ക്ലാസില്‍ വച്ച് പാമ്പു കടിയേറ്റത്. ക്ലാസിന്റെ ചുമരിനോട് ചേര്‍ന്നുളള പൊത്തില്‍ പതിയിരുന്ന പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. 3.15നാണ് ഷഹ്ലയുടെ കാലില്‍ മുറിവ് കണ്ടത്. ഇതോടെ അവള്‍ കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ കാലില്‍ നീല നിറമായി. പാമ്പു കടിച്ചതാണെന്ന് ഷഹ്ല തന്നെ പറയുന്നുണ്ടായിരുന്നു. എന്നിട്ടും ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. കാലിൽ ആണി കൊണ്ടതാണെന്നായിരുന്നു അധ്യാപകനായ ഷജിലിൻ്റെ വാദം.

ഉടൻ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞ അധ്യാപികയെ ശാസിക്കുകയാണ് മറ്റു അധ്യാപകര്‍ ചെയ്തത്. ‘ഞങ്ങള്‍ എല്ലാം കരഞ്ഞുപറഞ്ഞു’ എന്നിട്ടും ആരും അനങ്ങിയില്ല- വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌കൂള്‍ വിടുന്നതിന് തൊട്ടുമുന്‍പ് പതിവായി കേള്‍പ്പിക്കാറുളള ദേശീയഗാനത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഷഹ്ലയുടെ മരണത്തെത്തുടർന്ന് സ്‌കൂളില്‍ പ്രതിഷേധം തുടരുകയാണ്. രക്ഷിതാക്കള്‍ അടക്കം നിരവധിപ്പേരാണ് പ്രതിഷേധവുമായി സ്‌കൂളില്‍ എത്തിയിരിക്കുന്നത്.ക്ലാസില്‍ കയറുമ്പോള്‍ ചെരുപ്പ് ഇടാന്‍ അധ്യാപകര്‍ അനുവദിക്കാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്ലാസ് വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിന് വിശദീകരണമായി അധ്യാപകര്‍ തുടര്‍ച്ചയായി പറയാറെന്നും കുട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ, സ്‌കൂളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ലാസ് മുറിയില്‍ നിരവധി മാളങ്ങളാണ് കണ്ടെത്തിയത്.

സ്കൂൾ അധികൃതർക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രിൻസിപ്പൽ നിഷേധിച്ചിട്ടുണ്ട്. തക്കസമയത്തുതന്നെ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഉടന്‍ സ്വീകരിച്ചതായി പ്രിന്‍സിപ്പല്‍ പറയുന്നു. നാലുമണിക്ക് മുന്‍പ് തന്നെ കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ ആസമയത്ത് ജൂനിയര്‍ ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടി ഛര്‍ദിച്ചതിനെ തുടര്‍ന്ന് പാമ്പു കടിയാണെന്ന് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Read Also  'മൂർഖനെ ഉപയോഗിച്ച് കൊലപാതകം' ; സൂരജിൻ്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ

ഷഹ്ല മരണത്തിനിടയാക്കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply