Saturday, September 19

ഡൽഹി ഒരാശ്വാസമാണ്, പരിഹാരമല്ല ; ആർ സുരേഷ് കുമാറിന്റെ നിരീക്ഷണം

ആർ. സുരേഷ് കുമാർ.

സമ്പൂർണ സംസ്ഥാനപദവിയില്ലാത്ത ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വൻവിജയം ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തെ ആശങ്കയോടെ കാണുന്ന ജനാധിപത്യ പ്രേമികൾക്ക് വലിയൊരാശ്വാസം പ്രദാനം ചെയ്തിരിക്കുന്നു. ഈ വിജയത്തിന്റെ പകിട്ട് വർധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷി വിജയത്തിന് വേണ്ടി പയറ്റിയ എല്ലാ വിധ അടവുകളെയും മറികടക്കാൻ കഴിഞ്ഞു എന്നതിനാലാണ്.

അധികാരം, പണം, മതം, വർഗീയത, വിദ്വേഷപ്രചാരണം, ഭീഷണി എന്നിവയെല്ലാം തരാതരം പോലെ പ്രയോഗിച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാർട്ടിപ്രസിഡന്റ്, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ, ഓരോ വീട്ടിലുമെത്തുന്ന തരത്തിൽ എം.പി.മാർ എന്നിവരൊക്കെ പരമാവധി വിഭാഗീയമായ വോട്ടു കേന്ദ്രീകരണമുണ്ടാക്കാൻ കഴിയുന്ന പ്രചാരണതന്ത്രങ്ങളാണ് സ്വീകരിച്ചത്. ഡൽഹിയുടെ വികസനമെന്ന തെരഞ്ഞെടുപ്പ് ചർച്ചാവിഷയത്തെ വഴി തിരിച്ച് വിട്ട് വിവാദങ്ങൾ നിറഞ്ഞ പൗരത്വം പോലുള്ള വിഷയങ്ങളിലേക്കും അതിനെതിരായ സമരങ്ങളെ മതപരമായി അധിക്ഷേപിക്കുന്ന സമീപനത്തിലേക്കുമാണ് കൊണ്ടുപോയത്. വൻറാലികൾ സംഘടിപ്പിച്ചുകൊണ്ട് അവസാനഘട്ടത്തിൽ തരംഗം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള എല്ലാപരിശ്രമങ്ങളും അസ്ഥാനത്തായെന്നതാണ് ഡൽഹി ജനത്തിന്റെ വിധി വ്യക്തമാക്കിയത്.

അരവിന്ദ് കെജ്‌രിവാൾ എന്ന മുൻ ബ്യൂറോക്രാറ്റിന് ഡൽഹിയുടെ രാഷ്ട്രീയ രംഗത്ത് ഒരുചലനമുണ്ടാക്കാൻ കഴിഞ്ഞത് അഴിമതിക്കെതിരായ പ്രവർത്തനങ്ങളിലൂടെയാണ്. യു.പി.എ.ഭരണകാലത്തെ അഴിമതികൾക്കെതിരെ അന്നാ ഹസാരെ നടത്തിയ സമരങ്ങളിലൂടെയാണ് കെജ്‌രിവാൾ രംഗത്തെത്തുന്നത്. അന്ന് സർക്കാർ വിരുദ്ധവികാരങ്ങളെ ബി.ജെ.പി.ക്കനുകൂലമാക്കുന്നതിൽ അന്നാഹസാരെയുടെ സമരങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നുവെന്നതാണ് സത്യം. (ഇപ്പോൾ രാജ്യത്തിലെ ഭരണഘടനാ സ്ഥാപനങ്ങളും മതനിരപേക്ഷമൂല്യങ്ങളും വൻതോതിൽ വെല്ലുവിളിക്കപ്പെട്ടിട്ടും ഡൽഹിയിലുൾപ്പെടെ വിദ്യാർത്ഥികളും പൊതുജനവും സമരരംഗത്തിറങ്ങിയിട്ടും അന്നാഹസാരെ മിണ്ടാതിരിക്കുന്നത് കാണുമ്പോൾ അജണ്ടകളുടെ പൂർത്തീകരണമാണോ നടന്നിരുന്നതെന്ന സംശയം സ്വാഭാവികമാണ്).

പിന്നീട് അന്നാഹസാരെയിൽ നിന്നും അകന്ന കെജ്‌രിവാൾ സ്വന്തം പാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയപ്പോഴും അത് വലിയ രാഷ്ട്രീയചലനമുണ്ടാക്കുമെന്ന് ആരും കരുതിയിരുന്നില്ല.

എന്നാൽ ഗാന്ധിയൻ രീതിയിൽ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലിറങ്ങിയ ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ വോട്ട് ബാങ്കിനെ അപ്പാടെ സ്വാധീനിക്കുന്നതാണ് കണ്ടത്. കോൺഗ്രസിന്റെ വോട്ട് ശതമാനത്തിലെ വർധനവിനനുസരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.നേട്ടങ്ങൾ ഉണ്ടാക്കുന്നതും കണ്ടു.
ഇപ്പോഴത്തെ സംസ്ഥാന തെരഞ്ഞെടുപ്പിൽ എ.എ.പി.നേടിയ വിജയം ആശ്വാസമാണെങ്കിലും പരിഹാരമല്ല എന്നതാണ് വലിയൊരു സത്യം. കെജ്‌രിവാൾ ഇപ്പോഴത്തെ ദേശീയവിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുകയോ അതിന് വേണ്ടി പൊതുരംഗത്തിറങ്ങുകയോ ചെയ്തിട്ടില്ല.

അഴിമതിയെ എതിർക്കുകയും പൊതുഖജനാവിലെ പണം ദുർവിനിയോഗം ചെയ്യപ്പെടാതെ ജനക്ഷേമപ്രവർത്തനങ്ങൾക്കുപയുക്തമാക്കുകയും ചെയ്തുവെന്നത് സത്യമാണ്. എന്നാൽ അതിനപ്പുറമുള്ള ദേശീയവിഷയങ്ങളായ ജമ്മുകാശ്മീർ, മുത്തലാഖ്, പൗരത്വം, അയോധ്യ തുടങ്ങിയവയിലൊക്കെ സംഘപരിവാറിന്റെ കാഴ്ചപ്പാടുകൾക്ക് മൗനമായ അംഗീകാരം നൽകുന്നുവെന്ന തോന്നലാണ് ഉണ്ടായിട്ടുള്ളത്.

ഹിന്ദുത്വതാല്പര്യങ്ങൾക്ക് എതിരായി നിൽക്കുന്ന ഒരാളെന്ന് സംഘപരിവാർ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്ക് തോന്നാത്തിടത്തോളം മാന്യനാണ് കെജ്‌രിവാൾ. അതുകൊണ്ട് ഡൽഹി പോലുള്ള ഒരുനഗരത്തിൽ ജീവിതച്ചെലവുകൾക്കുള്ള പണം കുറച്ചുതന്ന ഒരാൾ തന്നെ ഭരണത്തിൽ തുടരുന്നതിൽ ഹിന്ദുത്വരാഷ്ട്രീയ വിശ്വാസികൾക്കും എതിർപ്പുണ്ടാകുന്നില്ല എന്നതാണ് വസ്തുത. സംഘപരിവാർ രാഷ്ട്രീയത്തെ പിന്തുണക്കുന്ന കേരളത്തിൽ നിന്നുള്ളവർ ഡൽഹിയിൽ സംസ്ഥാനഭരണത്തിന് കെജ്‌രിവാളിന് വോട്ടുചെയ്യുമെന്ന് പറയുന്നത് കേൾക്കാനിടയായിട്ടുണ്ട്.

Read Also  പ്രതിഷേധങ്ങൾക്കിടയിലെ അതിക്രമം ; ഇടപെടില്ലെന്ന് സുപ്രീം കോടതി

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ടുകൾ അഞ്ച് ശതമാനത്തിൽ താണത് ബി.ജെ.പി.വിജയത്തെ തടഞ്ഞുവെന്നതാണ് മറ്റൊരുസത്യം. ഹിന്ദുത്വക്കാരും എ.എ.പി.ക്ക് വോട്ട് ചെയ്തിട്ടുണ്ട്. ബി.ജെ.പി.യുടെ വിദ്വേഷപ്രചാരണത്തെ ഭീതിയോടെ നോക്കിക്കണ്ട മുസ്ലിം ജനവിഭാഗം എ.എ.പി.ക്ക് വൻതോതിൽ പിന്തുണ നൽകിയെന്നതും സ്ഥാനാർത്ഥികളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള ഭൂരിപക്ഷം പരിശോധിച്ചാൽ മനസ്സിലാകും.

കൃത്യമായ രാഷ്ട്രീയ കാരണങ്ങൾ കൂടിയുണ്ട് മുസ്ലിം ജനവിഭാഗത്തിന്റെ വോട്ടിന്. എന്നാൽ മറ്റുള്ളവർ ഡൽഹിയിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതിനാണ് വോട്ട് ചെയ്തിരിക്കുന്നത്. അതിലവർ ബി.ജെ.പി.യുടെ വിദ്വേഷ പ്രചാരണത്തിന് ഒരുപരിഗണനയും നൽകിയില്ലെന്നുവേണം കരുതാൻ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയരാഷ്ട്രീയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് കെജ് രിവാൾ രംഗത്തുവരികയും ബി.ജെ.പി.പരാജയപ്പെടുകയും ചെയ്താൽ മാത്രമേ ഡൽഹിയിലെ ഇപ്പോഴത്തെ വിജയം ഒരുപരിഹാരമായിരുന്നെന്ന് പറയാൻ കഴിയൂ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply