Friday, January 21

മൂന്നു കുഞ്ഞുങ്ങൾ നമുക്കിടയിൽ നിന്നും കടന്നുപോയി ..വിശന്ന വയറുമായി കേഴുക പ്രിയ നാടെ

 

തു  വെറുതെ നിരത്തുന്ന കണക്കല്ല. ഇരുനൂറു മില്യൺ വരുന്ന നമ്മുടെ സഹോദരങ്ങൾ ആഹാരമില്ലാതെ ഈ വലിയ ജനാധിപത്യ രാജ്യത്തുണ്ട്. രാഹുൽജി ജൂംല രാഷ്ട്രീയത്തെപ്പറ്റി ഓർമ്മിപ്പിച്ചതും വയോധികനായ പ്രധാനമന്ത്രിയെ ആശ്ലേഷിച്ചതും ജനാധിപത്യത്തിലെ പുതിയ നൈതിക മൂല്യങ്ങളാണെന്നു പറഞ്ഞ് നമ്മൾ ഉൾപ്പുളകം കൊണ്ടത് ഈ അടുത്തനാളിലാണ്.ഇനിയുമെത്താത്ത പതിനഞ്ചു ലക്ഷം പോയിട്ട് റേഷൻ പോലും ലഭിക്കാത്ത അരികുജീവതളെമ്പാടുമുള്ള ഈ രാജ്യത്താണതു നടന്നത്.റെയിൽവെ പാളങ്ങൾക്ക് സമീപമോ ഇനിയും ആരാലും കണ്ടെത്താനോ ചെന്നെത്താനോ കഴിയാത്ത ഉൾത്തടങ്ങളിലോ .`കാട്ടിൻപുറത്തൊ` ജീവിക്കൂന്നവരെ നമുക്ക് തത്ക്കാലം വിസ്മരിക്കാം.

ഭരണസിരാകേന്ദ്രമായ ദൽഹിയിൽ, ചുവപ്പ് കോട്ടയിൽ ത്രിവർണ്ണ പതാകയുയർത്തി നാം ആർഭാടപൂർവം രാജ്യത്തിൻ്റെ യശസിനെപ്പറ്റിയുള്ള ഉൽഗ്രഥനങ്ങൾ കേൾക്കുന്നത്  ഇവിടെനിന്നാണല്ലോ.

കാര്യത്തിലേക്ക് കടക്കും മുൻപ് ചിലതു കൂടി മനസിലാക്കേണ്ടതുണ്ട്..ഇന്ത്യയെന്ന, വളരെ വേഗം വളരുന്ന സാമ്പത്തികശക്തിയിൽ അഞ്ചു പേർ ഓരോ മിനിറ്റിലും പട്ടിണിമൂലം മരിക്കൂന്നുണ്ടെന്നാണ് ഫുഡ് അൻ്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ വെളിപ്പെടുത്തുന്ന കണക്ക്.പിന്നെ ആഹാരമെന്നത് അവകാശമാണെന്ന പ്രഖ്യാപനം നടത്തിയ രാജ്യമാണ് നമ്മുടേത്. നമുക്ക് നമ്മുടേതായ ഒരു ഭക്ഷ്യ സുരക്ഷാനിയമം തന്നെയുണ്ട്. എന്നിട്ടും 20 കോടി ജനങ്ങൾ പട്ടിണിയിലാണെന്നതാണ് സത്യം. ഇതെല്ലാം നിലവിലിരിക്കുമ്പോഴാണ് മാനസിയും ശിഖയും പരുളും വിശന്നു മരിച്ചത്.അതും മുന്നേ സൂചിപ്പിച്ച നമ്മുടെ ദില്ലിയിൽ. ഉത്തരവിട്ടു, ആം ആദ്മി ഗവണ്മെൻ്റ് അതും ജുഡിഷ്യൽ അന്വേഷണത്തിനായുള്ള ഉത്തരവ്.മൂന്ന് കുഞ്ഞുങ്ങൾ പത്തുവയസിനു താഴെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ഇഹലോകം വെടിഞ്ഞ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ..തലതാഴ്ത്തണം ഓരൊ ഇന്ത്യക്കാരനും എട്ട് ദിവസം ആഹാരമില്ലാതെ ഡൽഹി മെട്രോ നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് കഴിഞ്ഞ ഈ കുഞ്ഞുങ്ങളെയോർത്ത്.അതും രാജ്യത്തെതന്നെ ഏറ്റവും ധനാഢ്യന്മാർ വസിക്കുന്ന ഡൽഹിയിൽ.രണ്ടാഴ്ചയായി ഈ കുട്ടികളുടെ പിതാവു ജോലിതേടിയലയുകയായിരുന്നു, ബംഗാളിൽനിന്നെത്തി റിക്ഷാവലിച്ചു ജീവിച്ച മനുഷ്യൻ .വാടകയ്ക്കെടുത്ത വാഹനം തന്നെ ആരോ മോഷ്ടിച്ചുകൊണ്ടുപോയ അവസ്ഥയിൽ കുഞ്ഞുങ്ങളെ ചേരിയിലെ വീട്ടിലാക്കി പോയതായിരുന്നു അയാൾ ഈ കുട്ടികളുടെ അമ്മയാകട്ടെ മാനസിക വിഭ്രാന്തിയുള്ള ഒരു സ്ത്രീയും.

അതിലും ദയനീയമായി തോന്നിയത് കുഞ്ഞുങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസവും ആഹാരവും നൽകുന്ന അംഗൻ വാടിക്കടുത്തായിരുന്നു ഈ കുഞ്ഞുങ്ങൾ വിശപ്പുമായി ജീവിച്ചതെന്നാതാണ്.

ഔദ്യോഗിക കണക്കനുസരിച്ച് എല്ലാവർക്കു നൽകാനുള്ള ഭക്ഷണം ഈ രാജ്യത്തുണ്ടെന്നുള്ളതാണ് സത്യം. എന്നിട്ടും 88800കോടി അല്ലെകിൽ 40% ആഹാരം ഓരോ വർഷവും ഇവിടെ ഉപയോഗശൂന്യമായിപ്പൊകുകയും ചെയ്യുന്നു.

സർക്കാർ സഹായത്തിൻ്റെ അളവുകോൽ ചില രേഖകളിലും മറ്റും ഒതുങ്ങുന്നു വെന്നതും പട്ടിണിമരണങ്ങൾക്ക് കാരണമാകുന്നു.കാർഡില്ലെങ്കിൽ റേഷൻ കിട്ടില്ല കിട്ടിയാൽ തന്നെ അതിലും നിയന്ത്രണങ്ങൾ .നോക്കു, വിശപ്പെന്ന ആത്യന്തികാവസ്ഥയ്കു മുൻപിൽനിന്നെങ്കിലും ഇത്തരം കടമ്പകൾ ഒഴിവാക്കാൻ ഇനിയെങ്കിലും ശ്രമിക്കണം.ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ആഗോള പട്ടിണി സൂചികയിൽ(Global Hunger Index) നൂറ്റിപത്തൊൻപത് രാജ്യങ്ങളെ ക്രമപ്പെടുത്തുമ്പോൾ ഇന്ത്യ അതിൽ നൂറാം സ്ഥാനത്ത് വന്നു നിൽക്കുന്നുവെന്നാണറിയുന്നത്.

നമ്മുടെ ജനകീയമെന്ന് നടിക്കുന്ന ഭരണനേത്രൃത്ത്വം പരസ്പരം പഴിചാരുന്നു,അതവിടെ പതിവുപോലെ നടക്കട്ടേ മനസിലാക്കേണ്ട സത്യം മറ്റൊന്നണ്.ലോകം മുഴുവൻ സഞ്ചരിക്കുന്ന നമ്മുടെ വലിയ യാത്രക്കരൻ്റെ കസേര ഉറപ്പിച്ചിരിക്കുന്ന ഇന്ത്യൻ പാർലമെൻ്റ് മന്ദിരത്തിനു വിളിപ്പാടകലെ ,മൂന്ന് പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച ,രാജ്യത്തെ ഏറ്റവും പാരമ്പര്യം വഹിക്കുന്ന കുടുംബത്തിനു പരിസരത്ത് ,രാജ്യത്തെ ഏറ്റവും ജനകീയനെന്നും സാധാരണക്കാരനെന്നും അവകാശപ്പെടുന്ന ആം ആദ്മി മുഖ്യമന്ത്രി ഭരിക്കുന്ന ദൽഹിയിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് തികച്ചും ഞെട്ടിക്കുന്നതും ഒരു ഇന്ത്യൻ പൗരനെന്നനിലയിൽ ലജ്ജിക്കേണ്ടതുമാണ്…കാരണം ആ കുഞ്ഞുങ്ങളുടെ ഒട്ടിയ വയറിൽ  ഒരു തരി വറ്റുപോലും കണ്ടെത്താനായില്ലെന്നതാണ്.സത്യം ഇവിടെയാണ് അറുപതാണ്ടിൻ്റെ രാഷ്ട്രീയ സ്വാതന്ത്ര്യം നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്..മനസിൽ നിന്നുമൊരു തേങ്ങൽ കേൾക്കുന്നില്ലേ….. ഇല്ലെങ്കിൽ നമുക്കു നമ്മുടേതായ ആഘോഷങ്ങളിലേക്ക് മടങ്ങാം.

ബാലമരണങ്ങൾ കേൾക്കാനില്ലെന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ പാടാം….

Spread the love
Read Also  ഡല്‍ഹിയില്‍ എട്ടുവയസുകാരിയെ സഹോദരന്‍ ബലാല്‍സംഗം ചെയ്തു