Wednesday, January 19

കനയ്യ കുമാറിന് പിഴ ചുമത്തിയ ജെഎന്‍യു നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് 2016ല്‍ കാംമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന ആരോപണത്തില്‍ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും ഗവേഷക വിദ്യാര്‍ത്ഥിയുമായിരുന്ന കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്താനുള്ള ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കനയ്യ കുമാര്‍ ജൂലൈ 17നാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ജെഎന്‍യു ഉത്തരവ് നിരവധി കാരണങ്ങളാല്‍ നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍ നിരീക്ഷിച്ചു. തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയാണെന്ന് സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

സംഭവത്തില്‍ കനയ്യ കുമാര്‍ അച്ചടക്കം ലംഘിച്ചു എന്ന് ആരോപിച്ചാണ് സര്‍വലാശാല നടപടി സ്വീകരിച്ചത്. അഫ്‌സല്‍ ഗുരുവിന് അനുകൂലമായും ദേശവിരുദ്ധമായും മുദ്രാവാക്യം മുഴക്കി എന്ന ചില ദേശീയ ചാനലുകള്‍ പുറത്തുകൊണ്ടുവന്ന ആരോപണം വ്യാജമാണെന്നും അവര്‍ പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങള്‍ വ്യാജമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ അന്ന് തന്നെ വ്യക്തമായിരുന്നു. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാം വാര്‍ഷീകത്തില്‍ ജെഎന്‍യു കാംമ്പസില്‍ 2016 ഫെബ്രുവരി ഒമ്പതിന് സംഘടിപ്പിക്കപ്പെട്ട കവിയരങ്ങാണ് വിവാദത്തിന് തുടക്കമിട്ടത്.

സംഭവത്തില്‍ പങ്കാളി എന്ന് വലതുപക്ഷ തീവ്രവാദികളും നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ചില മാധ്യമങ്ങളും ആരോപിച്ച മറ്റൊരു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ കാംമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കാനും ജെഎന്‍യുവിലെ ഉന്നതാധികാര സമിതി തീരുമാനിച്ചിരുന്നു. അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ച് മറ്റ് 13 വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്താനും തീരുമാനിച്ചിരുന്നു. ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍ തുടങ്ങിയവര്‍ക്കെതിരായ നടപടി ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് അപ്പലേറ്റ് അതോറിറ്റി ശരിവച്ചിരുന്നു. സംഭവത്തില്‍ ദേശവിരുദ്ധ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ, ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Spread the love
Read Also  ജീവിക്കാനുള്ള അവകാശം അന്തസ്സോടെ വിയോജിപ്പുൾപ്പെടെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നതാണ്.

Leave a Reply