Thursday, January 20

ഞാനാണ് ശക്തി, ഞാനൊരു സൂപ്പര്‍മാനാണ്. ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണ്ണറെ കളിയാക്കി സുപ്രീം കോടതി

ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലിനെതിരെ സുപ്രീം കോടതി. മാലിന്യനിര്‍മ്മാര്‍ജ്ജനം നഗരസഭയുടെ ഉത്തരവാദിത്തമാണെന്നും താന്‍ അതിന് മേല്‍നോട്ടം വഹിക്കുന്ന ആള്‍ മാത്രമാണെന്നുമുള്ള ലഫ്റ്റനന്‍റ് ഗവര്‍ണ്ണറുടെ അഭിപ്രായത്തിനെതിരെയാണ് സുപ്രീം കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. നഗരത്തെ പതിയെ മൂടിക്കൊണ്ടിരിക്കുന്ന മാലിന്യക്കൂന ഒഴിവാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണോ ഡല്‍ഹി ഗവണ്മെന്‍റിനാണോ എന്ന കോടതി അന്വേഷണത്തോടുള്ളതായിരുന്നു ലഫ്.ഗവര്‍ണറുടെ പ്രതികരണം.

മാലിന്യം കൂന കൂടിയ ഡല്‍ഹി-ഘാസിപ്പൂര്‍, ഓഖ് ല, ഭലാസ്വ എന്നീ മൂന്നു സ്ഥലത്തെയും മാലിന്യനിര്‍മ്മാര്‍ജ്ജനം ചര്‍ച്ച ചെയ്യാന്‍ കൂടിയ ഒരു യോഗത്തിലും ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ഒരാള്‍ പോലും പങ്കെടുത്തില്ലെന്ന അമിക്കസ് ക്യൂറി കോളിന്‍ ഗോല്‍സാല്‍വസിന്‍റെ അഭിപ്രായം കേട്ട കോടതി അങ്ങേയറ്റം പരിഹസിച്ചു. നിങ്ങള്‍ (ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍) പറയുന്നു, ഞാനാണ് അധികാരം. ഞാനൊരു സൂപ്പര്‍മാനാണ്. പക്ഷെ നിങ്ങള്‍ ഒന്നും ചെയ്തില്ല. എന്നായിരുന്നു കോടതിയുടെ പരിഹാസം.

ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ ഐ.എ.എസുകാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നുവെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ പ്രസ്താവന വന്നിട്ട് അധികം ദിവസമായിട്ടില്ല. മന്ത്രിമാര്‍ നടത്തുന്ന യോഗങ്ങളില്‍ നിന്നും അവര്‍ നിരന്തരം വിട്ടു നില്ക്കുന്നത് തുടര്‍ച്ചയായി ഭരണമാന്ദ്യത്തിന് കാരണമാകുന്നുവെന്നായിരുന്നു കെജരിവാളിന്‍റെ പരാതി. അക്കാര്യം കഴിഞ്ഞയാഴ്ച സുപ്രീം കോടതി വഴി ഭാഗികമായി പരിഹരിക്കപ്പെട്ടിരുന്നെങ്കിലും സ്ഥിതിഗതികള്‍ക്ക് മാറ്റമില്ലാതെ തുടരുകയാണ്.

അനില്‍ ബൈജാലും അരവിന്ദ് കെജരിവാളും

അടുത്തുതന്നെ ഘാസിപ്പൂരിലെ മാലിന്യക്കൂന 73 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാറിനെക്കാളും ഉയരത്തിലാകുമെന്നും വിമാനങ്ങള്‍ക്ക് അപായസൂചന നല്കാന്‍ അതിനു മുകളില്‍ ചുവന്ന ലൈറ്റ് പിടിപ്പിക്കേണ്ടി വരുമെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഉന്നത കോടതി വ്യക്തമാക്കിയിരുന്നു.

2015 ല്‍ തങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയ ശേഷം അടിസ്ഥാന തലത്തില്‍ യാതൊരു മാറ്റവും പ്രകടമായിട്ടില്ലെന്നും മൂന്നു വര്‍ഷം കൂടി കഴിഞ്ഞെന്നും കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസ് മദന്‍ ബി ലോകുറും ദീപക് ഗുപ്തയും അടങ്ങിയ കോടതി ബഞ്ച്, രണ്ട് മണിക്കകം ശുചീകരണത്തൊഴിലാളികള്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡും യൂണിഫോമും വിതരണം ചെയ്യണമെന്ന് ലഫ്.ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കുകയും ചെയ്തു.

Spread the love