Saturday, January 29

ബാലറ്റ് പേപ്പര്‍ വോട്ടിംഗ് ആവശ്യം ശക്തമാക്കി 16 രാഷ്ട്രീയപ്പാര്‍ട്ടികള്‍

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വോട്ടിംഗിലേക്ക് മടങ്ങണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷത്തെ 16 രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നിച്ചു. ഭരണപക്ഷത്തെ ശിവസേനയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ വിമര്‍ശിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമ്മേളനത്തില്‍ ആവശ്യം ശക്തമായെങ്കിലും ഇതേപ്പറ്റി ധാരണയായില്ല. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയാല്‍ ബൂത്ത് പിടിച്ചെടുക്കല്‍ വീണ്ടും മടങ്ങി വരുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് അഭിപ്രായപ്പെടുന്നത്.

അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ പത്ത് സംസ്ഥാനങ്ങളിലായി 10300 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. യന്ത്രത്തിലെ ഏത് ബട്ടന്‍ അമര്‍ത്തിയാലും താമരയിലേക്ക് വോട്ടു പോകും വിധമായിരുന്നു കള്ളത്തരം.

ആം ആദ്മി പാര്‍ട്ടി വളരെ മുമ്പേ തന്നെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ രാജ്യത്തെ 70 ശതമാനം രാഷ്ട്രീയപ്പാര്‍ട്ടികളും ബാലറ്റ് പേപ്പര്‍ വേണം എന്ന് വാദിക്കുകയാണ്. കേടു വന്ന മെഷിനുകള്‍ എവിടെ നന്നാക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ തുടരണമെന്നാണ് ബി.ജെ.പി. വാദം. സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വോട്ടിംഗ് യന്ത്രത്തിനെതിരെ തിരിഞ്ഞിട്ടും സി.പി.എം. വോട്ടിംഗ് യന്ത്രത്തിന് എതിരല്ലെന്നാണ് നീലോല്പല ബസുവിന്‍റെ അഭിപ്രായത്തില്‍ വ്യക്തമാകുന്നത്.

Spread the love