നരേന്ദ്രമോദി സർക്കാറിൻ്റെ സർജിക്കൽ സ്ട്രൈക്കുകളിൽ ജനങ്ങളെ വല്ലാതങ്ങു ബാധിച്ച നോട്ട് നിരോധനത്തിൻ്റെ രണ്ടു വർഷങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയത്. രണ്ടായിരത്തിൻ്റെയും ഇരുനൂറിൻ്റെയും മറ്റും ഇതുവരെകാണാത്ത നിറക്കൂട്ടിലുള്ള നോട്ടുകൾ നമുക്ക് കിട്ടിയെന്നതിനുപരി ബി ജെ പി യെന്ന രാഷ്ട്രീയ കക്ഷി ഇതിലൂടെയെന്തു നേടിയെന്നത് ഏതാണ്ട് എല്ലാ ഇന്ത്യക്കർക്കും മനസിലാകുകയും ചെയ്തു.
നോട്ട്നിരോധനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ എത്രമാത്രമെത്തിയെന്ന് പ്രതികരിക്കാൻ ബിജെപിയുടെ ഔദ്യോഗിക വിഭാഗം ഇതു വരേ തയ്യാറായിട്ടില്ല യെന്നത് ശ്രദ്ധേയമാണ്. അപ്പോൾ പിന്നെ ആ കാലത്ത് നടന്ന ഉത്തർ പ്രദേശ് തെരെഞ്ഞെടുപ്പ് തന്നെയായിരുന്നു നോട്ട് നിരോധനത്തിൻ്റെ പ്രധാന അജണ്ടയെന്ന് കരുതുന്നതാവും ശരി. ഇത് അക്കാലത്ത് ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കാതെ പോയ സത്യമായിരുന്നു. ഇതിനുള്ള പ്രധാന കാരണം തന്നെ നരേന്ദ്രമോദിയെന്ന പുതിയ പ്രധാനമന്ത്രി തൻ്റെ ഓരോ പ്രസംഗത്തിലൂടെയും ഉണ്ടാക്കിവച്ച ചില അസംബന്ധ പ്രതിച്ഛായ തന്നെയായിരുന്നു. എന്നാൽ പിൽക്കാലത്ത് ഒട്ടെല്ലാവർക്കും മനസിലായി തുടങ്ങി എലിയെ പേടിച്ച് ഇല്ലം ചുടാൻ വരെ മടിക്കാത്ത ബി ജെ പി രാഷ്ട്രീയ കാഴ്ചപ്പാടിനെപ്പറ്റി.
ഇനി ചില ബി ജെ പി അനുഭവത്തിലൂടെ കടന്നു പോകാം.
നോട്ട് നിരോധനം നടന്ന് അഞ്ച് ദിവസത്തിനുള്ളില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെ ഗുജറാത്തില്‍ ബി.ജെ.പി നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകളില്‍ മാത്രമായി എത്തിയത് ഏതാണ്ട് 1500 കോടിയുടെ നോട്ടുകള്‍. ഇതിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ് സാക്ഷാൽ അമിത് ഷാ ആയിരുന്നു. കുറെക്കുടി കൃത്യമായി പറഞ്ഞാൽ അഹമ്മദാബാദ് ബാങ്കില്‍ 745.59 കോടിയുടേയും ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ജയേഷ്ഭായ് വിത്തല്‍ഭായ് റാദിയ ചെയര്‍മാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ 693.19 കോടി രൂപയുടേയും നിരോധിച്ച കറന്‍സികളാണ് ചുരുങ്ങിയ ദിവസത്തിനകം എത്തിയത്.
ഈ തട്ടിപ്പിൻ്റെ വിശദവിവരം പുറത്തുകൊണ്ടുവന്നത് മുബൈയിലെ ഒരു വിവരാവകാശ പ്രവർത്തകനായിരുന്നു.
എന്നാൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ബി ജെ പി യുടെ സമ്മർദ്ദ രാഷ്ട്രീയത്തിനു കീഴടങ്ങുകയായിരുന്നു. ഐ എൻ എസ് ഇതു വാർത്തയാക്കിയെങ്കിലും റിലയൻസ് ഗ്രൂപ്പിൻ്റെയൊക്കെ പിടിയിലമർന്ന പല പൊതു മാധ്യമങ്ങളും ഈ വാർത്ത ശരിക്കും മുക്കുകയും ചെയ്തു,
ഇക്കണോമിക് ടൈംസ് അമിത്ഷായുടെ പേര് പരാമര്‍ശിക്കാതെ വാര്‍ത്ത നല്കി. അമിത് ഷായുടെ കാര്യം അവിടെ നിൽക്കട്ടെ. ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ നേരിട്ട നിയന്ത്രണത്തിലുള്ള മെഹ്സാന ജില്ലാ സഹകരണ ബാങ്ക്215.44 കോടി രൂപ, ബിജെപി എംഎല്‍എ രാജേന്ദ്രസിങ് ചവാഡ ഡയറക്ടറായ സബര്‍കന്ത ജില്ലാ സഹകരണ ബാങ്ക് 328.50 കോടി രൂപ, ഇങ്ങനെ പോകുന്നു ബി ജെ പിയുടെ നോട്ട് നിരോധനത്തിലെ ലാഭക്കച്ചവടം.
ഇനി ഔദ്യോഗികമായ ചില ചിന്തകളിലൂടെ പോകാം.
15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് നവംബർ എട്ടിന് അസാധുവാക്കിയത്. ഇതിനു ശേഷം 15.28 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ഒരു വർഷം കൊണ്ടുതന്നെ തിരിച്ച് ബാങ്കിലേക്ക് എത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. അതായത് തിരിച്ചു ബാങ്കുകളിലേക്ക് വരാത്തത്ത് 16,000 കോടി രൂപ മാത്രം.
അസാധുവാക്കിയ 1000 രൂപ നോട്ടുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും തിരിച്ചെത്തിയെന്നും ബാങ്ക് വ്യക്തമാക്കി. കള്ളനോട്ട് കാര്യമായി പിടിക്കാനായിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തേയും കള്ള നോട്ടുകളേയും നേരിടാനെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ നടപടി മൂലം കള്ളപ്പണവും കള്ളനോട്ടും പ്രതീക്ഷിച്ച പോലെ കണ്ടെത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ 2000, 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രം 8000 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. വെറും 16000 കോടി രൂപയുടെ കള്ളപ്പണം പിടിക്കാനാണ് നോട്ട് അസാധുവാക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞതോർക്കുക.
തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് റിസർവ് ബാങ്ക് ഉപയോഗിച്ചത്. കറൻസി വെരിഫിക്കേഷൻ ആൻഡ് പ്രോസസിംഗ് സിസ്റ്റമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.
ഇത്തരത്തിലെല്ലാം ചിന്തിക്കുമ്പോൾ നോട്ട് നിരോധനം ഒരു മനുഷ്യ നിര്‍മ്മിത ദുരന്തമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരോധനത്തെത്തുടര്‍ന്ന് നൂറോളം ആളുകള്‍ മരിച്ചു. 15 കോടി ദിവസ വേതനക്കാരുടെ ജീവിത മാര്‍ഗം ആഴ്ചകളോളം അവസാനിച്ചു. ചെറുകിട വ്യവസായ യൂണിറ്റുകള്‍ പൂട്ടി, ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടം സംഭവി്ച്ചു. സമ്പത്തിക മാന്ദ്യവും പൊതുവിപണിയിലെ വിലക്കയറ്റവുമെല്ലാം ഇത്തരത്തിലൂടെയുള്ള കോർപ്പറേറ്റ് സഹകരണ ഭരണത്തിൻ്റെ ബാക്കിപത്രങ്ങളായി നിലനിൽക്കുന്നു. ഇന്ത്യയുടെ വളർച്ചാനിരക്കിനേയും സാധാരണ ജീവിതത്തേയും ഇരുട്ടടിയിലൂടെ നന്നാക്കാൻ ശ്രമിച്ച ഈ ഉദ്യമത്തിൻ്റെ പരാജയത്തിൻ്റെ തോതിൽ നിന്നും ഇനി രക്ഷപെടണമെങ്കിൽ രാഷ്ട്രീയവും പൗരബോധവും ജനകീയ ഉത്തരവാദിത്വവുമുള്ള ഭരണാധികാരികൾ ഉണ്ടാകേണ്ടതുണ്ട്. അത്രയ്ക്കുണ്ടായിരുന്നു അതിൻ്റെ പ്രത്യാഖാതം.