Tuesday, July 7

ജെ എൻ യുവിനെ തകർക്കുകയാണു ലക്ഷ്യം ; വിദ്യാർഥിയായ ബുൾബുൾ പ്രകാശ് എഴുതുന്നു

കഴിഞ്ഞ ദിവസം കാമ്പസിലുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളോടെ ജവഹർലാൽ നെഹ് റു സർവ്വകലാശാലയിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നം ദേശീയശ്രദ്ധയിലേക്ക് വരികയാണു. ജെ എൻ യു  വിദ്യാർഥികൾ അനിശ്ചിതകാലമായി സമരത്തിലാണ്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികളെ പ്രകോപിപ്പിക്കാനായി മാത്രം ലക്ഷ്യം വെച്ച് സർവ്വകലാശാലയുടെ ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത വിധം സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ നേരിടുന്ന രീതിയാണു കേന്ദ്രസർക്കാർ അവലംബിച്ചത്. ഇതോടെ സർക്കാരിൻ്റെ ഏകാധിപത്യപരമായ നിലപാടുകളിൽ അയവു വരുത്തില്ലെന്ന് വ്യക്തമായിരിക്കുന്നു. ഒരാഴ്ച മുമ്പ് ആരംഭിച്ച പ്രതിഷേധാഗ്നിക്ക് ശക്തി പകരുവാനായി വിദ്യാർഥികൾ പൂർവ്വാധികം കരുത്തോടെ പ്രക്ഷോഭത്തിനു പുതിയ മാനങ്ങൾ തേടുകയാണു.

സമ്പന്നന്നതയുടെ നടുവിൽനിന്നും വരുന്ന വിദ്യാർഥികളല്ല സർവ്വകലാശാലയിൽ പഠനം തുടരുന്നവരിൽ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ സർവ്വകലാശാലാ ഭരണസമിതിയിൽനിന്നും വിദ്യാർഥികൾക്കുമേൽ അടിച്ചേല്പിക്കുന്ന തെറ്റായ തീരുമാനങ്ങളെ എതിർക്കാതെ തരമില്ല. ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്ന ഫീസ് ബോധപൂർവ്വം വിദ്യാർഥികളെ സമരത്തിലേക്ക് തള്ളിവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു എന്നതിൽ സംശയമില്ല.

ഫീസ് മുന്നൂറു ശതമാനത്തിലധികമാണു അധികൃതർ വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ വർധനവിൽ പ്രതിഷേധിച്ചു ദിവസങ്ങളായി തുടരുന്ന സമരം ഇതുവരെയും അധികൃതർ ചെവികൊണ്ടിട്ടില്ല. അതോടൊപ്പം പുതുതായി നിലവിൽ വന്ന കരട് ഹോസ്റ്റൽ മാനുവൽ പിൻവലിക്കുകയും ചെയ്തുകൊണ്ട് വൈസ് ചാൻസലർ ചർച്ചയ്ക്ക് വരാത്തിടത്തോളം കാലം സമരം തുടരുമെന്നതാണു വിദ്യാർഥികൾ കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഇക്കാര്യത്തിൽ അധ്യാപകരുടെ പൂർണപിന്തുണ വിദ്യാർഥികൾക്കുണ്ട്

മൂവായിരത്തോളം വരുന്ന ജെ എൻ യു വിദ്യാർഥികളുടെ കുടുംബത്തിലെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയാണ്. പുതിയ മാനുവൽ പ്രകാരം ഓരോ വിദ്യാർഥിയും ഹോസ്റ്റൽ വാടക 7000 രൂപ അടയ്‌ക്കേണ്ടി വരും. ഇത് കൂടാതെ മെസ് ബില്ല് 2000 രൂപയോളം വരും. ഒറ്റമുറിയിൽ താമസിക്കുന്ന വിദ്യാർഥികളുടെ ഹോസ്റ്റൽ വാടക 120 രൂപയിൽ നിന്നും  3600 രൂപയും, രണ്ടു ബെഡുള്ള മുറിയുടെ  വാടക 240 രൂപയിൽ നിന്നും 7500 രൂപയായും വർധിപ്പിച്ചു. മെസ് കോഷൻ ഡെപോസിറ്റ് 6000 രൂപയിൽ നിന്നും 12000 രൂപയായും ഉയർത്തി. ഇതിനുപുറമെ വെള്ളത്തിനും വൈഫൈയ്ക്കും വൈദ്യുതിക്കും മെസ് ജോലിക്കാരുടെ ശമ്പളവുമൊക്കെ കുട്ടികൾ അടക്കണം.

കൂടാതെ ഹോസ്റ്റലുകൾ 10 മണിക്ക് അടയ്ക്കുമെന്നും 12 മണി കഴിഞ്ഞാൽ ലൈബ്രറി ഉപയോഗിക്കാൻ പാടില്ലെന്നും വായനാമുറികൾ 5 മണി കഴിഞ്ഞാൽ അടയ്ക്കുമെന്നുമൊക്കെയാണ് മനുവലിലെ മറ്റു ഉപാധികൾ. ഇതെല്ലാം തന്നെ സർവ്വകലാശാലയെ തകർക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഹോസ്റ്റൽ മാനുവൽ പുതുക്കുന്നതിൻ്റെ ഭാഗമായ ചർച്ചയിൽ നിലവിലെ കീഴ്വഴക്കമനുസരിച്ച് ഹോസ്റ്റൽ പ്രസിഡൻ്റുമാരെയോ യൂണിയൻ ഭാരവാഹികളേയോ അറിയിക്കണം. പക്ഷെ ഇവിടെ അതൊന്നുമുണ്ടായിട്ടില്ല.

സർവ്വകലാശാല അസിസ്റ്റൻ്റ് ഡീൻ വന്ദന മിശ്രയുടെ അഭിപ്രായത്തിൽ ജെ എൻ യുവിലെ യൂണിയൻ തെരഞ്ഞെടുപ്പിൻ്റെ ഫലം കോടതി പുറത്തുവിട്ടിട്ടില്ലെന്നും ആയതിനാൽ വിദ്യാർത്ഥി യൂണിയൻ നിലവില്ലെന്നുമാണ് അഭിപ്രായപ്പെടുന്നത്. വിദ്യാർഥികളുടെ സമരം തുടങ്ങിയത് മുതൽ ഡീൻ വിദേശ പര്യടനത്തിന് പോയിരിക്കുകയാണെന്നതാണു ഏറ്റവും വലിയ വിരോധാഭാസം. പത്തുദിവസത്തോളമായി കൂടുതൽ സമരം ചെയുന്ന വിദ്യാർഥികളെ കാണാൻ കൂട്ടാക്കാത്ത വൈസ് ചാൻസലറുടെ നിലപാടും വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണു. പുതിയ മാനുവൽ നിലവിൽ വന്നാൽ 40 ശതമാനത്തോളം വിദ്യാർഥികൾ പഠനം നിർത്തി പോകേണ്ടി വരുമോ എന്ന ഭീതിയിലാണു.

Read Also  ജെ എൻ യു ചർച്ചയിൽ വി സി വിട്ടുനിന്നു ; വെള്ളിയാഴ്ച ഉന്നതാധികാരസമിതി കാമ്പസിലെത്തും

ഒരു കാലത്തു ധാരാളം ചർച്ചകളും അക്കാഡമിക് ഡിസ്കഷനുകളും ചിന്താധാരകളും നിറഞ്ഞു നിന്ന ജെ എൻ യു വിദ്യാർഥികളുടെ സ്വപ്ന കലാലയമായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലങ്ങളിൽ മുൻപന്തിയിലുള്ള ഈ യൂണിവേഴ്സിറ്റിയിൽ ഇന്ന് വിദ്യാർഥികൾക്കുള്ള ഫെല്ലോഷിപ്പ് പോലും ഇതുവരെ ലഭിച്ചിട്ടില്ല. എം എ വിദ്യാർഥികൾക്ക് മാസം 2000 രൂപയും ഗവേഷക വിദ്യാർഥികൾക്കു മാസം 5000 രൂപയുമാണ് ലഭിക്കുന്നത്. വിദേശത്തേയ്ക്കുള്ള എക്സ്ചേഞ്ച് പ്രോഗ്രാമിന് പങ്കെടുക്കാനുള്ള നൂലാമാലകൾ കാരണം വിദേശത്തു പഠിക്കാനുള്ള കുട്ടികളുടെ മോഹവും പൊലിഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾക്കായി കോൺവൊക്കേഷന് വന്ന വൈസ് ചാൻസിലറോട് സമാധാനപരമായി ചർച്ചയ്ക്കെത്തിയ വിദ്യാർഥികളെ കഴിഞ്ഞ ദിവസം ഡൽഹി പോലീസും സി ആർ പി എഫ് ജവാന്മാരും ജലപീരങ്കി കൊണ്ടും ലാത്തിച്ചാർജ് കൊണ്ടും അടിച്ചമർത്തുകയാണ് ചെയ്തത്. പെൺകുട്ടികളെ പോലും ക്രൂരമായി തല്ലിയൊതുക്കാൻ ശ്രമിക്കുന്ന ഈ ജനങ്ങളുടെ കാവൽക്കാർ ആരുടെ നിർദേശപ്രകാരമാണ് ഇങ്ങനെയൊക്കെ ചെയുന്നത്?

വൈകുന്നേരം നടന്ന യോഗത്തിൽ അധ്യാപക യൂണിയൻ വിദ്യാർഥികൾക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. മാനവശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാൽ യൂണിയൻ ഭാരവാഹികളോട് സംസാരിക്കുകയും ഉചിതമായ നടപടി എടുക്കുമെന്നു ഉറപ്പു നല്കിയതുമാണ് ഇപ്പോൾ കുട്ടികളുടെ പ്രതീക്ഷ. വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപെടുമ്പോൾ കലാലയങ്ങൾ സമരപന്തലായി മാറുന്നതിൻ്റെ നിർബന്ധിതസാഹചര്യം ഉടലെടുത്തിരിക്കുകയാണു ജെ എൻ യുവിലും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply