Wednesday, January 19

സംഘർഷത്തിന്റെ ആവിഷ്‌കാരവഴികൾ ; ദേവദാസ് വി. എം.ന്‍റെ കഥകളെക്കുറിച്ചു ഡോ. ഒ.കെ. സന്തോഷ്‌

 

ഡോ. ഒ കെ സന്തോഷ്‌

വൈവിധ്യങ്ങള്‍കൊണ്ടും ഭാഷാപരമായ സൂക്ഷ്മതയാലും മലയാളത്തിലെ ചെറുകഥകൾ നടത്തുന്ന കുതിപ്പുകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. സാഹിത്യ വിവാദങ്ങള്‍ എഴുത്തുകാരനെ പ്രശസ്തനും ശ്രദ്ധാലുവും ആക്കിമാറ്റുന്ന കാലത്ത് ഈ സൂക്ഷ്മതയ്ക്ക് സവിശേഷമായ രാഷ്ട്രീയം കൈവരുന്നു. എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെക്കുറിച്ചുള്ള വിവാദങ്ങളും സംവാദങ്ങളും മലയാളി സമൂഹത്തില്‍ സജീവമാകുമ്പോള്‍ സക്കറിയയുടെ യേശുവിന്റെ ചില ദിവസങ്ങൾ കഥയായി വന്നു. മൂന്നോ നാലോ വാക്കുകളില്‍ , ചെറുവാചകങ്ങളില്‍ അദ്ദേഹം തീര്‍ത്ത വിസ്മയമാണ് ആ കഥയുടെ യഥാര്‍ത്ഥ ശക്തി. പ്രമേയപരമായ സങ്കീര്‍ണ്ണതകളെക്കാൾ വായനക്കാരെ ആകര്‍ഷിക്കുന്ന ഘടകംമറ്റൊന്നല്ല.

ദേവദാസ് വി.എം.ന്റെ കഥകളിലൂടെ കടന്നുപോകുമ്പോഴും വിസ്മയങ്ങളുടെ വന്‍കരകളും അരോചകത്വത്തിന്റെയും ആലസ്യത്തിന്റെയും കൊതിപ്പിക്കുന്നഇരുണ്ടയിടങ്ങളും അനുഭവിക്കുന്നു. കഠിനമായ പ്രയത്നത്തിന്റെ , സംഘര്‍ഷത്തിന്റെ ആവിഷ്ക്കാരങ്ങളാണ് ദേവദാസിന് കഥകൾ എന്നുംപറയാം. മരണസഹായി , ശലഭജീവിതം , അവനവന്‍തുരുത്ത് എന്നീ സമാഹാരങ്ങള്‍ക്കു ശേഷം വഴി കണ്ടുപിടിക്കുന്നവര്‍ എന്ന പുതിയ പുസ്തകത്തിലും എഴുത്തിലേയ്ക്ക് വായനക്കാരെ വലിച്ചടുപ്പിക്കുന്ന രസവിദ്യ അദ്ദേഹം നന്നായി പ്രായോഗിച്ചിരിക്കുന്നു.

ദേവദാസ് വി എം

മനുഷ്യജീവിതത്തിന്റെ അഭേദ്യഭാഗമായ യാത്രകൾ ദേവദാസിന്റെ കഥകളിൽ ആവര്‍ത്തിക്കുന്ന പ്രമേയമാണ്. ഭൌതികമായ സഞ്ചാരങ്ങളും ആന്തരികമായുള്ള നടപ്പുകളും ഇതിഹാസങ്ങളിലൂടെ വായനക്കാരനെന്നനിലയ്ക്ക് നടത്തുന്ന പുനര്‍സഞ്ചാരങ്ങളും കൂടിചേര്‍ന്നതാണ് ഈ സമാഹാരത്തിലെ കഥകളെന്നു ചുരുക്കിപ്പറയാം. ഉല്ലസിച്ചും ഉദ്വേഗത്തോടെയും നിസംഗനായും വിസ്മയത്തോടെയുമാണ്‌ ഈ സഞ്ചാരങ്ങളിലേറെയും. അപരിചിതമായ വഴികളിലൂടെ , ഓര്‍മ്മകളിലൂടെ തെന്നി തെറിച്ചു നീങ്ങുന്ന ജീവിതത്തിന്റെ ഉണ്മേഷങ്ങളാണ് ഈ കഥകളുടെ ജീവനാഡി. തിരക്കുകളോട് താല്‍ക്കാലികമായി നടത്തുന്ന പ്രതികാരംപോലെയും അനുഭവപ്പെടാവുന്ന കഥയാണ്‌ വെറുതെ വര്‍ത്തമാനം പറഞ്ഞ് വഴികണ്ടു പിടിക്കുന്നവർ എന്ന കഥ. ആധുനികോത്താര ജീവിതത്തോടു മറച്ചു പിടിക്കുന്ന ഒരു വെല്ലുവിളിയും പരിഹാസവും അതിലുണ്ട്. അപരിചിതവുംപരിചിതമല്ലാത്തതുമായ ലോകങ്ങൾ മുന്നിൽ നിവര്‍ന്നുകിടക്കുന്ന ഭൂപടത്തിലൂടെയുള്ള യാത്ര. പന്തിരുകുലം എന്ന കഥയും ഇതില്‍ നിന്നും വ്യത്യസ്തമെന്നു തോന്നുമ്പോഴും ഏകാന്തവും നിസംഗവുമായ യാത്രയിലാണ് അവസാനിക്കുന്നത്.

ഇതിഹാസങ്ങളുടെ വേരുകളില്‍നിന്നും കുതറിമാറാൻ പറ്റാത്തവിധത്തിൽ പുതുകാലത്തിന്റെ സര്‍ഗാത്മകതയും മാറുന്നതിന്റെ തെളിവാണ് പന്തിരുകുലവും ചാവുസാക്ഷ്യവും. പരീക്ഷണവ്യഗ്രതയിൽ ഉത്സാഹിയാണ് ദേവദാസ് വി.എം. പന്നിവേട്ട , ഡില്‍ഡോ ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷൻ പാഠപുസ്തകം തുടങ്ങിയ നോവലുകളും റോഡ്‌മൂവി പോലെ കാണാവുന്ന അവനവന്‍ തുരുത്തും ചരിത്രപുസ്തകംപോലെ വായിക്കാവുന്ന ചാച്ചായും വാട്സാപ്പ് മെസ്സേജുകള്‍പോലെ വായിക്കാവുന്ന സമയരേഖയിലൊരു ശരാശരി ജീവിതം എന്ന കഥകളുമെല്ലാം ഇതിനു മികച്ച ഉദാഹരണങ്ങളാണ. കൂടുതല്‍ ആഴത്തിലും പരപ്പിലും അര്‍ഥങ്ങള്‍ നിവര്‍ത്തിവച്ച ഭൂപടമാണ് അദ്ദേഹത്തിന്റെ രചനാലോകമെന്ന് പറയാം. മലയാളത്തിലെ സജീവമായ ചെറുകഥാ സാഹിത്യം വൈവിധ്യവല്ക്കരിക്കപ്പെടുന്നതിന്റെ തെളിവ് കൂടിയാണിവ.

Spread the love