കാസറഗോഡ് ദേവലോകം ഇരട്ട കൊലക്കേസ് പ്രതി എസ് എച്ച് ഇമാം ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. ഇയാളാണ് കൊല നടത്തിയത് എന്നതിന് മതിയായ തെളിവുകളില്ലെന്നും കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ എ എം ഷെഫീഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇമാം ഹുസൈനെ വെറുതെ വിട്ടത്. ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് കോടതിയുടെ വിധി.

1993 ഒക്ടോബര്‍ ഒമ്പതിനാണ് പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണഭട്ട് (52), ഭാര്യ ശ്രീമതി ഭട്ട് (40) എന്നിവര്‍ കൊല്ലപ്പെട്ടത്. നിധി കുഴിച്ചെടുത്ത് നല്‍കാമെന്നു വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയ ശേഷം കൊലപ്പെടുത്തി 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

സംഭവം കഴിഞ്ഞ് 19 വര്‍ഷത്തിന് ശേഷം 2012 ഏപ്രില്‍ 20ന് കര്‍ണാടകത്തിലെ നിലമംഗലത്തു വച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇമാം ഹുസൈനെ പിടികൂടി. ഇയാളെ ദമ്പതികളുടെ വീട്ടിലെത്തിച്ചെന്നു പറയുന്ന ടാക്സി ഡ്രൈവര്‍ യു അഹമ്മദിന്റെ മൊഴിയും വഴിത്തിരിവായി. 20 വര്‍ഷത്തിന് ശേഷം നടന്ന വിചാരണ വേളയിലും അഹമ്മദ്, ഇമാം ഹുസൈനെ തിരിച്ചറിഞ്ഞു. ഇതാണ് ശിക്ഷയിലേക്ക് നയിച്ചത്. എന്നാൽ ഒരാളെ ഒരു പ്രദേശത്ത് കണ്ടു എന്നത് മാത്രം ശിക്ഷിക്കാന്‍ കാരണമല്ലെന്നു ഹൈക്കോടതി വിധിയില്‍ പറയുന്നു.

കൊല നടന്ന വീട്ടില്‍ ആ സമയത്ത് ഇമാം ഹുസൈന്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. ശ്രീമതി ഭട്ടിന്റെ ആഭരണങ്ങളിലും വീട്ടിലെ ഒരു കുപ്പിയിലും പ്രതിയുടെ വിരലടയാളമുണ്ടായിരുന്നു. പക്ഷെ, പ്രതി മുമ്പും ആ വീട്ടില്‍ പോയിട്ടുള്ളയാളാണ്. അതിനാല്‍ വിരലടയാളം കൊണ്ടു മാത്രം ശിക്ഷിക്കാനാവില്ല. ശിക്ഷിക്കാനുതകുന്ന സാഹചര്യത്തെളിവുകള്‍ ഈ കേസിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹുസൈനെ വെറുതെവിട്ടത്.

വീടിന് സമീപത്തെ തോട്ടത്തില്‍ കുഴിയുണ്ടാക്കി ശ്രീകൃഷ്ണഭട്ടിനോട് അതില്‍ ഇറങ്ങി നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട ശേഷം മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കുഴിയില്‍ മൂടിയെന്നും ശ്രീമതി ഭട്ടിനെ പിന്നീട് കൊലപ്പെടുത്തിയെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ടെ​ലി​ഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോ​ഴി​ക്കോ​ട് സ്വദേശിനിയുടെ ഹർജി

LEAVE A REPLY

Please enter your comment!
Please enter your name here