Monday, January 17

വലിച്ചു താഴെയിടാൻ ഒരുങ്ങുന്ന അമിത് ഷായെ കാണാൻ മുൻ ഡി ജി പി സെൻ കുമാറെത്തുമ്പോൾ…

പിണറായി വിജയൻ അധികാരത്തിലേറിയപ്പോൾ മുതൽ പ്രതിപക്ഷത്തേക്കളുപരി ആ റോൾ ഏറ്റെടുത്തയാളായിരുന്നു മുൻ ഡിജിപി സെൻ കുമാർ. സെൻ കുമാറിൻ്റെ നിയമപോരാട്ടങ്ങൾ ഇടതു സർക്കരിൻ്റെ പോലീസ് അഴിച്ചുപണിയിൽ കുറച്ചൊന്നുമല്ല തലവേദനസൃഷ്ടിച്ചത്.എന്നാലിപ്പോൾ ഇടതുമുന്നണി പ്രതീക്ഷിച്ചതുപോലെ തന്നെ  സെൻ കുമാർ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിൽ എത്തിച്ചേർന്നിരിക്കുന്നു. നിലവിൽ കേരളത്തിലേക്ക് നോട്ടമിട്ടിരിക്കുന്ന ബി ജെ പി യുടെ പാളയത്തിലേക്ക് സെൻ കുമാർ കടന്നുചെന്നു കഴിഞ്ഞു. മുൻ ഡി ജി പി കൂടിയായ സെൻ കുമാറുമായി അമിത് ഷാ ഇന്നു നടത്തിയ കൂടിക്കഴ്ച നിലവിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പരിസരത്തുനിന്നു നോക്കുമ്പോൾ നിസാരമായി തള്ളിക്കളയേണ്ടതല്ല.

സെൻ കുമാർ ഇന്നു നടന്ന കൂടിക്കാഴ്ചയ്ക് ശേഷം പറഞ്ഞതുകൂടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഭരണഘടന പ്രകാരം കേന്ദ്രത്തിനു ക്ഷേത്രഭരണത്തിലിടപെടാൻ അവസരമുണ്ടാകാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് അമിത്ഷായുമായി ആലോചിക്കുമെന്നാണ് സെൻ കുമാർ പറയുന്നത്. ഇതിനായി ഭരണഘടനയുടെ ഏഴാം പട്ടികയാണ് അദ്ദേഹം കൂട്ടുപിടിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയിലെ ഏഴാം പട്ടികയിൽ ഫെഡറൽ ലെജിസ്ലേറ്റീവ് ലിസ്റ്റിൽ കേന്ദ്രഗവൺമെന്റിന് നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ, സ്റ്റേറ്റിനു നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ, കേന്ദ്രത്തിനും സ്റ്റേറ്റിനും നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണെന്നെല്ലാവർക്കുമറിയാവുന്നതാണ്. കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ 254-ആം വകുപ്പനുസരിച്ച് കേന്ദ്രനിയമത്തിനാണ് പ്രാബല്യം. 248-ആം വകുപ്പ്, അവശിഷ്ടാധികാരങ്ങൾ കേന്ദ്രത്തിനു നല്കിയിരിക്കുന്നു. ദേശീയതാത്പര്യത്തെ ലാക്കാക്കി കേന്ദ്ര ഗവൺമെന്റിന്, സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട സംഗതികളിലും നിയമനിർമ്മാണം നടത്താൻ അധികാരം നല്കുന്ന വകുപ്പുകളാണ് 249-ഉം 250-ഉം.

കേന്ദ്രഗവൺമെന്റിന് നിയമനിർമ്മാണാധികാരം നല്കുന്ന കേന്ദ്രലിസ്റ്റിൽ 97 വിഷയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് പൊതുവേ താത്പര്യമുള്ളവയും നിയമങ്ങൾക്ക് ഐക്യരൂപ്യം ആവശ്യമുള്ളവയുമായ വിഷയങ്ങളാണ് കേന്ദ്രലിസ്റ്റിൽ ഉള്ളത്.

സംസ്ഥാന ലിസ്റ്റിൽ 66 വിഷയങ്ങൾ ഉൾപ്പെടുന്നു. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യത്തിന് അനുസൃതമായി നിയമനിർമ്മാണം നടത്തുന്നത് സഹായകമായ രീതിയിലാണ് ഈ വിഷയങ്ങൾ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  ഒരു സംസ്ഥാനത്തിൽ രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ സംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം ഭരണഘടനാ വ്യവസ്ഥയനുസരിച്ച് കേന്ദ്രഗവൺമെന്റിനു ലഭിക്കുന്നു. അപ്പോൾ കളിയങ്ങനെ നീങ്ങും.

കഴിഞ്ഞ ദിവസം അമിത് ഷാ കേരളത്തിൽ വന്നപ്പോൾ തന്നെ ഇതിൻ്റെ സൂചന നൽകിക്കഴിഞ്ഞിരുന്നു.വേണമെങ്കിൽ വലിച്ചു താഴെയിടുമെന്ന്.അതായത് അഞ്ചു വർഷം ഭരിക്കാൻ ഭൂരിപക്ഷത്തിൻ്റെ മാൻഡേറ്റ് കിട്ടിയിട്ടുള്ള ഒരു ഭരണത്തെയാണ് ഒരു രാഷ്ട്രീയ പ്ലാറ്റ് ഫൊമിൽ നിന്നുകൊണ്ട് വലിച്ചു താഴെയിടുമെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷൻ പറയുന്നത്. പിന്നെ ഇപ്പോൾ പുറത്തുവന്നിട്ടുള്ള കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയുടെ  റിപ്പോർട്ട് കൂടി ഈ അവസരത്തിൽ ചർച്ചചെയ്യേണ്ടതാണ്. അതായത് നിലവിലെ പ്രശ്നങ്ങൾ ഉണ്ടാക്കിയ സുപ്രീം കോടതി വിധിക്കു മുൻപേ തന്നെ ഈ മണ്ഡല കാലത്ത് കേരളത്തിൽ അതീവജാഗ്രതപുലർത്തണമെന്ന റിപ്പോർട്ട്. അപ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ? പ്രത്യേകിച്ചും സി ബി ഐ പോലുള്ള അന്വേഷണ വിഭാഗത്തെപ്പോലും വരുതിയിൽ വരുത്തിയ ബി ജെ പി ബുദ്ധി നിറഞ്ഞു നിൽക്കുമ്പോൾ. ഈ ട്രാപ്പിൽ വീണുപോകുകയായിരുന്നോ നമ്മുടെ സംസ്ഥാന ഭരണം. കേരളത്തിൻ്റെ മത ജാതി ചിന്തകൾ എത്രമാത്രം ശക്തമായി ഇന്നും നിലനിൽക്കുന്നുവെന്നത് വ്യക്തമാക്കിത്തരുന്നതാണ് ഇപ്പോഴത്തെ `ഭക്തി പ്രസ്ഥാനം. ഇതുതന്നെയാണ് ബി ജെ പിയുടെ ഉദ്ദേശ്യവും.` അങ്ങനെ കളമറിഞ്ഞു കളിക്കാനിറങ്ങിയ അമിത് ഷാ  സെൻ കുമാറിനെ  കാണുമ്പോൾ നിശ്ചയമായും കേരളത്തിൻ്റെ ആഭ്യന്തര  രാഷ്ട്രീയ രംഗത്ത് എങ്ങനെയിടപെടണമെന്ന് കൂടുതൾ വ്യക്തയുണ്ടാകും. ഒരു പക്ഷേ അമിത് ഷായുൾപ്പടെയുള്ള വടക്കൻ നേതാക്കന്മാർക്ക് ഇപ്പോഴത്തെ ബി ജെ പി സംസ്ഥാന ഘടകത്തിൻ്റെ  വകതിരിവില്ലായ്മയെ പറ്റിയും ജനസ്വാധീനത്തെപ്പറ്റിയും കൂടുതൽ ബോധ്യമുണ്ടായിക്കാണും.

പിൻ കുറിപ്പ്

അല്ലെങ്കിലും ബി ജെ പിയുടെ കേരളഘടകത്തിൽ കരയ്കു നിന്നിട്ടുള്ളവരാണ് വലിയ ഗുണഭോക്താക്കളായിട്ടുള്ളത്. കൊടി പിടിച്ചവർക്കും ചീത്തവിളികിട്ടിയവർക്കും തെരുവിൽ നയിച്ചവർക്കും  സ്ഥാനമില്ലാതായിരിക്കുന്നു. കുമ്മനം, സുരേഷ് ഗോപി, രാമൻ നായർ ഇങ്ങനെ ഈ ശ്രേണി പോകുമ്പോൾ അതിൻ്റെ അവസാന അപ്ഡേറ്റായിമാറുന്നു മുൻ ഡി ജി പി സെൻ കുമാർ.

Spread the love
Read Also  വ്യാജഏറ്റുമുട്ടൽ കേസിൽ തന്നെ അകത്താക്കിയ ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഇന്ന് അമിത് ഷാ

Leave a Reply