Monday, January 24

ധബോല്‍ക്കര്‍ കൊലയാളികള്‍ സനാതന്‍ സന്‍സ്താ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

യുക്തിവാദി ഡോ.നരേന്ദ്ര ധബോല്‍ക്കറെ വധിച്ച രണ്ട് സനാതന്‍ പ്രവര്‍ത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് സംഘടനയെ നിരോധിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംഘടനാപ്രവര്‍ത്തകരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സനാതന്‍ സന്‍സ്തയുടെ അക്രമബന്ധങ്ങള്‍, ബോംബിടലുകള്‍, കൊലപാതകങ്ങള്‍ ഇവ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

1990ല്‍ ഡോ. ജയന്ത് ബാലാജി അതാവലെ തുടങ്ങിയ ലാഭരഹിത ട്രസ്റ്റായിരുന്നു സനാതന്‍ സന്‍സ്ത. ഗോവയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടന സനാതന്‍ പ്രഭാത് എന്ന പത്രവും നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ പനവേലിലും പൂനെയിലും ബോംബെയിലും മിറാജി (സന്ഗ്ളി) ലുമെല്ലാം സംഭടനയ്ക്ക് ഓഫീസുകളുണ്ട്.

2008ല്‍ സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍ പനവേല്‍ സിനിമാ തിയേറ്റില്‍ ജോദ്ധാ അക്തര്‍ കളിക്കുമ്പോള്‍ ബോംബു വെക്കുകയുണ്ടായി. പിന്നീട് 2008 ജൂണ്‍ നാലിന് താനെയിലെ ഗാഡ്കരി രംഗ്യടന്‍ ആഡിറ്റോറിയത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ ബോംബു സ്ഫോടനം നടത്തിയതിന് രണ്ടു പേര്‍ പിടിക്കപ്പെട്ടു. ഹിന്ദു ദൈവങ്ങളെ മോശമായി അവതരിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞ്,  അംഖി സത്പതെയുടെ നാടകം കളിക്കുന്നതിനെതിരെയായിരുന്നു അന്ന് ഉപരോധം. കേസില്‍ രണ്ടു പേര്‍ക്ക് പത്ത് വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്.

2009ല്‍ ഗോവയിലെ മഡ്ഗാവില്‍ ബോബു വെച്ചത് സംഘടനയാണെന്ന് തെളിഞ്ഞിരുന്നു. അന്ന് സ്കൂട്ടറില്‍ ബോംബുമായി പോയ രണ്ട് പ്രവര്‍ത്തകര്‍ ബോംബു പൊട്ടി മരിച്ചിരുന്നു. കേസില്‍ അന്ന് പോലീസ് ആറ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

2013ല്‍ ധബോല്‍ക്കറുടെ വധത്തോടെ സംഘടന കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നു. ഓരോരുത്തരും കര്‍മ്മഫലം അനുഭവിക്കുകയാണ് എന്നാണ് ധബോല്‍ക്കര്‍ വധത്തെപ്പറ്റി പിറ്റേ ദിവസത്തെ സനാതന്‍ പ്രഭാത് എഴുതിയത്. സംഘടനയുടെ വെബ്സൈറ്റില്‍ ചുവന്ന അടയാളം ഇട്ടു വച്ചിരുന്ന ധബോല്‍ക്കറുടെ ചിത്രം അതില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം സംഘടന രണ്ട് കൊലപാതകങ്ങല്‍ കൂടി നടത്തി. ഇടതുചിന്തകന്‍ ഗോവിന്ദ് പന്‍സാരെയും കന്നട പണ്ഡിതന്‍ എം.എം. കല്‍ബുര്‍ഗിയുമാണ് കൊല ചെയ്യപ്പെട്ടത്. ഈ വര്‍ഷം ജൂണില്‍ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഫ്ലാറ്റില്‍ വെടിയേറ്റു മരിച്ചതിലും സംഘടനയുടെ പങ്കാണുള്ളത്.

സംഭവങ്ങളും തെളിവുകളും ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനയുടെ അക്രമങ്ങളെയും കൊലപാതകങ്ങളെയും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് പരാതിയുണ്ട്. സംഘടനയെ നിരോധിക്കാനുള്ള ആവശ്യം ഇപ്പോള്‍ കൂടുതല്‍ ഉയര്‍ന്നു വരികയാണ്.

Spread the love