Thursday, January 20

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന പേരില്‍ മഹാരാഷ്ട്രയിലെ ആള്‍ക്കൂട്ടക്കൊല: 23 പേര്‍ അറസ്റ്റില്‍

പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടന്നതിനെ തുടര്‍ന്ന് ഇന്നലെ മഹാരാഷ്ട്രയിലെ ദൂലെ ജില്ലയില്‍ അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്ന കേസില്‍ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബെയില്‍ നിന്നും 325 കിലോമീറ്റര്‍ അകലെ ശാക്രി താലൂക്കിലെ റെയ്ന്‍പാഡ ആദിവാസി ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. അറസ്റ്റിലായവരെല്ലാം 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.
കുട്ടികളുള്‍പ്പെടെ മുപ്പത്തഞ്ച് പേര്‍ വരുന്ന ആള്‍ക്കൂട്ടമാണ് ഇരകളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന വ്യാജസന്ദേശം ഏതാനും ദിവസങ്ങളായി പ്രദേശത്ത് വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച അപരിചിതരായ ഒരു സംഘം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ റയ്ന്‍പാഡയിലെ ചന്തയില്‍ വന്നിറങ്ങിയത്. വന്നവരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ദൂലെ ജില്ല പോലീസ് സൂപ്രണ്ട് എം രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമത്തിലെ ആഴ്ച ചന്തയില്‍ ഭിക്ഷാടനത്തിന് എത്തിയ നാടോടികളാണ് ആക്രമണത്തിന് ഇരയായത്. 35 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റാണിപഡ ഗ്രാമവാസികളായ ഇവരില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇരകളെ ആദ്യം ചെരുപ്പുകൊണ്ടടിക്കുകയും പിന്നീട് റെയ്ന്‍പാഡ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച ശേഷം വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് സംഭവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സൂചിപ്പിക്കുന്നു. നാല് പേരുടെ ശരീരം രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുകയും അഞ്ചാമന്‍ സഹായത്തിനായി യാചിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിഡിയോ ചിത്രീകരിച്ച ആള്‍, ‘നിന്നെ ഞാന്‍ വീണ്ടും തല്ലും’ എന്ന പറയുന്നതും വിഡിയോ ക്ലിപ്പില്‍ നി്ന്നും വ്യക്തമാണ്.
കൊടിയ ദാരിദ്ര്യം അനുഭവിക്കുന്ന നാടോടി സംഘത്തില്‍ പെട്ടവരാണ് ആക്രമണത്തിന് ഇരയായത്. സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരും കൊല്ലപ്പെട്ടു. റെയ്ന്‍പഡയിലെ ആഴ്ച ചന്തയില്‍ നിന്നും എന്തെങ്കിലും ഭക്ഷണം യാചിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഗ്രാമത്തിലെത്തിയത്. എന്നാല്‍ ക്രൂരമായ ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെടുകയായിരുന്നു.

കൂടുതല്‍ വായനയ്ക്ക്:

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് സംശയിച്ച് മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: അരികുവല്‍ക്കരിക്കപ്പെട്ടവരെ തല്ലിക്കൊല്ലാന്‍ പുതിയ ന്യായം

Spread the love
Read Also  ഇന്ത്യ എങ്ങോട്ട്? ഒമ്പത് സംസ്ഥാനങ്ങളിലായി ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 27 പേരെ