എല്ലാ ദിവസവും രാവിലെ തൊടുന്ന കവർപ്പാലിൽ എങ്ങനെ പാൽ നിറയുന്നുവെന്ന് നമ്മളാരും അന്വേഷിക്കാറില്ല. അതിരാവിലെ ഉണർന്നെഴുന്നേറ്റു ചാണകം നീക്കം ചെയ്ത്, തൊഴുത്തു കഴുകി വെടിപ്പാക്കി പശുവിനെ കുളിപ്പിച്ച് അതിൻ്റെ അകിട് വൃത്തിയാക്കി, വെണ്ണപുരട്ടി പാൽ കറന്നെടുക്കുന്ന ഒരമ്മയെയോ അച്ഛനെയോ നാം കാണുന്നില്ല. സൂര്യനുദിക്കും മുമ്പ് പാതയോരത്തെ പാൽ സൊസൈറ്റിയിലേക്കു തൂക്കുപാത്രവുമായി പോവുന്ന കുട്ടികളെ നാം കാണാറില്ല. എങ്ങനെ കാണാനാണ് നമ്മുടെ പ്രഭാതങ്ങൾ അതിനും എത്രയോ ശേഷമാണ് ആരംഭിക്കുന്നത്. ഊണ് കഴിഞ്ഞു കൈ കഴുകിയാലും പോവാതെ വിരൽത്തുമ്പിൽ തങ്ങിനിൽക്കുന്ന തൈര് മണം എവിടെനിന്നെന്നു നാം കൗതുകം കൂടാറില്ല.

എൻറെ നല്ലമ്മച്ചി, എൻറെ അമ്മ ഉൾപ്പെടെ രണ്ടു പെൺമക്കളെയും പേരമ്മച്ചി മൂന്ന് പെൺ മക്കളേയും വളർത്തി വലുതാക്കിയത് പശുക്കളെ വളർത്തിയാണ്. ഇടുക്കി യിലെ തേയിലത്തോട്ടത്തിൽ നിന്ന് വല്യവധിക്കു കങ്ങഴയിൽ എത്തുമ്പോൾ രണ്ടു മാസം പശുക്കളോടൊപ്പം ഞാനും കൂട്ടുകുടും. തോമാപ്ളേടെ കടേന്നു പറ്റുബുക്കിൽ പെടുത്തി പുളീംപൊടി, കടലപ്പിണ്ണാക്ക്, ഒക്കെ വാങ്ങി കാടിവെള്ളത്തിൽ കലക്കും. കാടി മുന്നിൽ വെച്ചാൽ ആദ്യം മുങ്ങിത്തപ്പും. പഴത്തൊലി പിണ്ണാക്ക് എല്ലാം ആദ്യം തിന്നാനാണ്. കൂടെ ഇളക്കികൊണ്ടിരിക്കുന്ന നമ്മുടെ കയ്യിലും നക്കു കിട്ടും. അര മുള്ള നാക്കാണ്. മേയാനായി അഴിച്ചുവിട്ടാലും നമ്മുടെ പുറകെ കുടും. ഓരോ പശുക്ക ൾക്കും സുന്ദരമായ പേരിട്ട് വിളിക്കും. അതെന്നെയാണ് വിളിക്കുന്നതെന്ന് അതി നറിയാം. ഇടയ്ക്കിടയ്ക്ക് ചെറുതായൊന്നു ചൊറിഞ്ഞുകൊടുത്താൽ കൂടുതൽ ഇഷ്ടമാകും. വേപ്പെണ്ണയുടെ നാറ്റം അതോടെ കയ്യിലും പകരും.

മഹാപ്രളയം പതിനായിരക്കണക്കിന് ക്ഷീരകർഷകരുടെ ഉപജീവനമാണ് തകർത്തു കളഞ്ഞത്. വെറ്റിനറി ഡോക്ടറായ ദീപു ഫിലിപ്പ് മാത്യു ചെങ്ങന്നൂരിലെ പ്രളയത്തെ കുറിച്ച് വിവരിക്കുന്നതിന് ഞാൻ കേട്ടിരുന്നു. അദ്ദേഹത്തിൻറെ പെങ്ങൾ പത്തുലക്ഷം രൂപ ക്ഷീരകർഷകർക്ക് നൽകി എന്ന് കൂടെയുള്ളവർ പറഞ്ഞു. അതിന് കാരണം, അദ്ദേഹം കണ്ട സങ്കടങ്ങൾ നേരിട്ട് പറഞ്ഞപ്പോൾ അനുജത്തിയിൽ ഉണ്ടായ വൈകാരിക അനുഭവമാണ്. എന്നാൽ പൊതു സമൂഹം അങ്ങനെ ആയിരുന്നില്ല. പ്രളയത്തിൽ ആടുമാടുകളെ നഷ്ടപ്പെട്ടവർക്ക് സഹായം തേടിയ ക്രൗഡ്
ഫണ്ടിങ് പോർട്ടലിൽ ആരും ഇതിനായി പണം നൽകിയില്ല. അതിനു നമ്മൾക്കറിയില്ലല്ലോ പാലു വരുന്ന വഴി.

ബാലകൃഷ്ണൻ എന്ന കർഷകന്റെ അനുഭവം കേട്ടു. മറ്റു പല കർഷകരുടേയും. തൊഴുത്തിൽ വെള്ളം കയറിയപ്പോൾ പശുക്കളെ ഒന്നൊന്നായി ഉയർന്ന സ്ഥലത്തേക്ക് നീന്തി കൊണ്ടെത്തിച്ചു. വെള്ളം പിന്നെയും കയറിക്കൊണ്ടിരുന്നു. തിരികെ നീന്തുമ്പോൾ കണ്ടത് സുരക്ഷിതതീരത്തുനിന്ന് രണ്ടു പശുക്കളും അയാളോടൊപ്പം തിരികെ നീന്തുന്നതാണ്‌. കയറു പൊട്ടിച്ചു വന്ന ആ വരവിലാണ് രണ്ടും ഒഴുകി പോയത്. അവയുടെ സുരക്ഷിതത്വം ഉടമയിലും അതിനു പരിചിതമായ
തൊഴുത്തിലുമായിരുന്നു . ദീപു കൊണ്ടുവന്ന ചിത്രങ്ങളിൽ ശ്വാസം കിട്ടാനായി മേൽക്കൂരയ്ക്ക് മുകളിലേക്ക് മുക്ക് ഉയർത്തി മരിച്ചു കഴുക്കോലുകളിൽ തൂങ്ങികിടക്കുന്ന പശുക്കളുമുണ്ടായിരുന്നു.

Read Also  ഭരണകൂടത്തിനെതിരെ മാധ്യമവാർത്തകൾ വരുമ്പോൾ ; കെ മനോജ് കുമാർ എഴുതുന്നു

അതിനേക്കാൾ ഭീകരമായിരുന്നു വെള്ളം ഇറങ്ങുമ്പോൾ കണ്ട കാഴ്ചകൾ. നാട്ടിലെങ്ങും പശുക്കളുടെ ശവശരീരങ്ങൾ. അവയൊക്കെ സംസ്കരിച്ചു. അണുബാധ ഉണ്ടാകാതിരി ക്കാൻ ജലസ്രോതസ്സുകൾ അണുവിമുക്തമാക്കി. വെള്ളമിറങ്ങിയപ്പോൾ രക്ഷപ്പെട്ട മൃഗങ്ങളുടെ ദേഹമാസകലം ചേറുനിറഞ്ഞിരുന്നു. പശപോലെ പറ്റിപ്പിടി ച്ചയിടങ്ങളിൽ അവ വൃണങ്ങളായി മാറി. കറവയുള്ളപശുക്കളുടെ മുലകളിൽ അകിടുവീക്കം വന്നു. അതോടെ കറവ വറ്റി. കുളമ്പു രോഗം മുതൽ പല മാറാവ്യാധികളും അതിനുപുറകെ വന്നു. വലിയ ചെലവ് വഹിക്കണം അവയെ രക്ഷിക്കാനായി. എന്നിട്ടും വളർത്തുമൃഗങ്ങളേ ആരും കയ്യൊഴിഞ്ഞില്ല .

രണ്ടുമാസം മുമ്പ് ദീപു പറഞ്ഞത് അവരാരും പശു വളർത്തൽ ഇനി തൊഴിലായി
തെരഞ്ഞെടുക്കുമെന്നു തോന്നുന്നില്ല എന്നാണ്. സങ്കടം കൊണ്ടാണ് അപ്പറഞ്ഞത്. വളർത്തു മൃഗങ്ങളോട് ഇടപഴകിയവർക്ക് അവ എന്നും ഓമനകളായിരിക്കും. നഷ്ടങ്ങൾ അല്ല വൈകാരികമായ ഇഷ്ടങ്ങളാണ് നമ്മളെ പലപ്പോഴും നയിക്കുന്നത്. അവർ വീണ്ടും ക്ഷീരകർഷകർ തന്നെ ആവുന്നു.

പ്രളയം ഉണ്ടാകുമ്പോൾ പൊന്നാനി പറപ്പൂരിൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ ഡോക്ടർ സന്തോഷ് പറഞ്ഞ കാര്യമുണ്ട്. കൗസല്യയ്ക്ക് നല്ലസുഖമില്ല. ക്യാമ്പിലേക്ക് പോകാതെ വെള്ളം വരുന്നതിനനുസരിച്ച് അടുത്ത വലിയ വീടിന്റെ ടെറസിലും മറ്റുമായി കൗസല്യ ദിവസങ്ങൾ കഴിച്ചുകൂട്ടി. അവിടം വിട്ടുപോകണമെന്ന് നിർബന്ധിച്ചു പറഞ്ഞപ്പോൾ അവരൊരു രഹസ്യം പറഞ്ഞു.

`എനിക്ക് ലക്ഷ്മികുട്ടിയെ കാണാതിരിക്കാൻ വയ്യ`.

ലക്ഷ്മിക്കുട്ടി അവരുടെ പശുവാണ്. വെള്ളംപൊങ്ങുന്നത് അനുസരിച്ച് അതിനെ മാറ്റി കെട്ടും. പിന്നെ അതിനെ കാണാൻ കഴിയുന്ന അകലെ ഒരു വീട്ടിൽ അവർ അഭയം തേടും. അവരെ കണ്ടില്ലെങ്കിൽ പശുവും ബഹളമുണ്ടാക്കും. ഇങ്ങനെ എത്ര
കഥകൾ പ്രളയകാലത്ത് കേട്ടിരിക്കുന്നു. എല്ലാ ഭൗതിക ഇച്ഛകൾക്കും അപ്പുറത്താണ് നമ്മുടെ വൈകാരിക ഇഷ്ടങ്ങൾ.

നഷ്ടപ്പെട്ട വീടുകളേക്കാൾ നഷ്ടപ്പെട്ട ഫോട്ടോകളെ ചൊല്ലി വിലപിക്കുന്നവരെ കണ്ടു. വർഷങ്ങൾക്കു മുൻപ് വിദേശത്തു നിന്ന് വന്ന  കൊച്ചുമകൻ ക്രിക്കറ്റ് കളിക്കാൻ ഭിത്തിയിൽ സ്റ്റമ്പിനായി കോറിയിട്ട നീണ്ട മുന്ന് വരകൾ, വീട് വൃത്തിയാക്കാൻ വന്നവർ വെള്ളപൂശിയപ്പോൾ മാഞ്ഞുപോയത് പറഞ്ഞു സങ്കടപ്പെടുന്ന
അമ്മൂമ്മയെ കണ്ടു. അവരിൽ മറഞ്ഞിരിക്കുന്ന മറ്റൊരു ക്ലിന്റിന്റെ
അമ്മയെയും നമുക്ക് കാണാൻ കഴിഞ്ഞേക്കാം. എനിക്ക് എൻറെ
നല്ലമ്മച്ചിയെയും .

വൈവിധ്യങ്ങളുടെ കലാസങ്കല്പവുമായി കൊച്ചി മുസിരിസ് ബിനാലെ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here