Monday, July 6

എം.എൻ.വിജയനെയും ഒ.എൻ.വിയെയും മറക്കുക !  ക്ലാസ് റൂമിൽ വേണ്ടത്  സംഭാഷണങ്ങൾ 

അധ്യാപക ജോലിയുമായി ബന്ധപ്പെട്ട് പല തരം പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടി വരാറുണ്ട് . അവിടെയെല്ലാം ചുരുങ്ങിയത് രണ്ടു പേരെങ്കിലും വന്നു തങ്ങൾ പഠിച്ച സുവർണ കാലത്തെയും അന്നു പഠിപ്പിച്ച മഹാന്മാരായ അധ്യാപകരെയും കുറിച്ച് വാ തോരാതെ സംസാരിക്കാറുണ്ട്. ഒ .എൻ .വി സാറിന്റെ ക്ലാസ് കേൾക്കാൻ ക്‌ളാസിൽ ഇല്ലാത്ത വിദ്യാർഥികൾ വന്നിരിക്കുന്നതും എം.എൻ.വിജയൻറെ ക്ലാസ്സിൽ കേൾവിക്കാർ നിറഞ്ഞു കവിയുന്നതും  ഒക്കെ അയവിറക്കി ഒരു ലോഡ് പുച്ഛം ഇക്കാല അധ്യാപകരായ ക്ലാസ് വാസികൾക്ക് നേരെ അവർ ചെരിച്ചിറക്കും .ഒ .എൻ .വിയും എം.എൻ.വിജയനുമൊക്കെ  പഞ്ച് ചെയ്യേണ്ടിയിരുന്നോ , വേറെ ക്‌ളാസിൽ പോയിരിക്കുന്ന വിദ്യാർഥികൾ 75 ശതമാനം അറ്റൻഡൻസ് ഇല്ലാതെ റോൾ ഔട്ട് ആവേണ്ട സാഹചര്യം ഉണ്ടായിരുന്നോ എന്നൊക്കെ ചോദിയ്ക്കാൻ നാവു ചൊറിഞ്ഞു വരും .  ( ജീവിച്ചിരുന്ന കാലത്ത് അവരുടെ പ്രസംഗങ്ങൾ കേൾക്കാൻ ഞാനും പോയിട്ടുണ്ട് . നല്ല പ്രഭാഷണം ഒരു കുറ്റമാണെന്ന വിവക്ഷയേ ഇല്ല .അവരോടെല്ലാം വ്യക്തിപരമായി നല്ല ബഹുമാനമുണ്ട് താനും. )
 
 
നല്ല പ്രഭാഷകരാണ് നല്ല അധ്യാപകർ എന്ന് മനസ്സാ അംഗീകരിക്കുമ്പോൾ നിശബ്ദമായി മറ്റൊന്നു കൂടി അംഗീകരിക്കപ്പെടുന്നുണ്ട് . ക്ലാസ് റൂമിന്റെ ഏകാധിപതി അധ്യാപകരാണ് എന്ന ധാരണ. ക്ലാസ്  നന്നായാലും ബോറായാലും അതിനുത്തരവാദി ആ ദേഹമാണ് . ഇത് തീർത്തും ജനാധിപത്യ വിരുദ്ധമായ ഒരു കാഴ്ചപ്പാടാണ് എന്നംഗീകരിച്ചാലേ ഒരു പഠിപ്പ് – സമുദായം എങ്ങനെ രൂപപെടുത്താം എന്ന ആലോചന തുടങ്ങാൻ സാധിക്കുകയുള്ളൂ . 
 
 
 
പഠിപ്പ് -സമുദായം എന്ന ആശയം ബെൽ ഹൂക്സ് എഴുതിയ  ‘ Teaching Critical Thinking: Practical Wisdom ‘ എന്ന പുസ്തകത്തിൽ നിന്നുമാണ്  എന്റെ മനസ്സിൽ കേറിത്താമസിച്ചത് . വിദ്യാർത്ഥികളെയും അധ്യാപകരെയും ശാക്തീകരിക്കുന്ന ഒരു സ്ഥലമായി ക്ലാസ് റൂം പരിണമിക്കുക  അതിനുള്ളിൽ ഒരു നിശ്ചിത സമയത്തേക്ക് ഒന്നിച്ചു കൂടുന്ന എല്ലാവരും ഒരു സമുദായമായി സ്വയം മാറാനും തങ്ങളുടെ വരുതിയിലുള്ള വിഭവങ്ങളും വൈഭവങ്ങളും ശക്തികളും പ്രാപ്തികളുമൊക്കെ പൊതുവായി  പങ്കിടാനും  സന്നദ്ധരാവുമ്പോഴാണ് . അങ്ങനെയൊരു ക്‌ളാസ് റൂം ഒരിക്കലും പരാജയമാവില്ല. അധ്യാപകർ സർവജ്ഞരല്ല  എന്നത് തുറന്നംഗീകരിക്കുന്നത് എത്ര മാത്രം ആശ്വാസദായകമായ കാര്യമാണ്. നമ്മുടേതല്ലാത്ത കാഴ്ചയിലും കാഴ്ചപ്പാടുകളിലും കാര്യങ്ങൾ കാണാനുള്ള സന്നദ്ധത കൂടി അതിലുണ്ട് . അല്ലെങ്കിൽ തന്നെ ഇത്രയധികം പേരുള്ള ഒരു സ്ഥലം ബോറാണെങ്കിൽ അതിന്റെ ഉത്തരവാദിത്തവും അവർക്കെല്ലാവർക്കും ഉണ്ടായിരിക്കണ്ടേ ?.
 
                               ബെൽ ഹൂക്സ്
 
വിയറ്റ്നാമീസ് ബുദ്ധ സന്യാസിയായ  Thich Nhat Hanh നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യം ബെൽ ഹൂക്സ് ഓർമ്മിക്കുന്നു : ഉൾക്കാഴ്ചയുള്ള ഒരധ്യാപകന്റെ സാന്നിധ്യത്തിൽ എന്തെങ്കിലും വാക്കുകൾ ഉച്ചരിക്കപ്പെടും മുമ്പു തന്നെ വളരെയേറെ കാര്യങ്ങൾ വിദ്യാർത്ഥികൾ പഠിച്ചു കഴിയും എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരന്തരീക്ഷമാണ് പഠനത്തിനുള്ള മുന്നുപാധി .
 
പഠിപ്പിക്കാൻ പഠിപ്പ് മാത്രം പോരാ . വിദ്യാർത്ഥികളെ അറിയണം . അവരുടെ സ്വരങ്ങൾ ക്ലാസ് റൂമിൽ കേൾക്കണം . ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ സ്വരങ്ങൾ അല്ല ..പരസ്പരം ശ്രദ്ധയോടെ കേൾക്കുക(active listening)  എന്നത് തന്നെ വലിയ പഠിപ്പാണ് . കൂട്ടായി കാര്യങ്ങൾ ചെയ്യുമ്പോൾ, ഓരോരുത്തരും റിസ്ക് എടുക്കുമ്പോൾ, അത് ഒരു പഠിപ്പ് -സമുദായമായി മാറുന്നു .ബെൽ ഹൂക്സ് പറയുന്നത് താനും കൂടി ചെയ്യാൻ സന്നദ്ധമല്ലാത്ത ഒരു അസൈൻമെന്റും അവർ വിദ്യാർത്ഥികൾക്ക് കൊടുക്കാറില്ല എന്നാണ് . ഉദാഹരണത്തിന് “എന്റെ ജീവിതത്തിൽ  ഞാൻ  ഏറ്റവും ധൈര്യം കാണിച്ച മുഹൂർത്തം ഇതായിരുന്നു ..” എന്നത് എഴുതാൻ പറഞ്ഞാൽ ഹൂക് സും  അത് എഴുതും . തുടർന്ന് എല്ലാവരും ഉറക്കെ വായിക്കും . ഈ രീതിയിൽ ഉള്ള ഗാഢ -പഠനം (engaged pedagogy)  എല്ലാവരെയും ശാക്തീകരിക്കും .അദ്ധ്യാപകൻ അവിടെ അധികാരി ആയിരിക്കില്ല .പൂർണ പങ്കാളിത്തം ഉള്ളതു കൊണ്ടു തന്നെ ഇരു കൂട്ടർക്കും വളർച്ചയുണ്ടാവും. വിദ്യാർത്ഥികൾക്ക് മാത്രമല്ല അധ്യാപകർക്കും ക്ലാസ് കയറ്റം ലഭിക്കും , അവർ അതേ മുറിയിൽ തന്നെ തുടരുമെങ്കിലും! പരസ്പരവിശ്വാസത്തിന്റേതായ ഒരന്തരീക്ഷത്തിലാണ് പഠിപ്പ്  സംഭവിക്കുക . ഒരുമിച്ചറിയുക . എല്ലാവരും ചേർന്ന് പഠിക്കൽ . അറിയലും , അറിയിക്കലും.
 
                               Thich Nhat Hanh
 
സ്വന്തം ക്ളോണുകളെ ഉണ്ടാക്കലല്ല ഒരധ്യാപിക എന്ന നിലയ്ക്ക് തന്റെ ലക്ഷ്യമെന്ന് ഹൂക്സ് എടുത്തു പറയുന്നു . വിമർശനാവബോധം ആർജ്ജിക്കുന്ന വിദ്യാർഥികൾ സ്വന്തം കാഴ്ചപ്പാടുകൾ സ്വയം മാറ്റിയേക്കാം . അത് വേറെ കാര്യം. പഠിപ്പും പഠിപ്പിക്കലും ജനാധിപത്യവും നീതിയും ഉറപ്പു വരുത്തുന്ന രീതിയിലായിരിക്കണം .അധീശ മനോഭാവത്തിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും സ്വയം വിമോചിപ്പിച്ചു കൊണ്ടിരിക്കണം . സിലബസ്സിൽ ആധുനികോത്തരം ഒക്കെ കേറ്റിയിട്ട് സ്വയം അഭനന്ദിച്ച ശേഷം ഡിപ്പാർട്മെന്റിൽ  ഫ്യൂഡൽ മനോഭാവവും ഏർപ്പാടുകളും തുടർന്നാൽ ശരിയാവുകയില്ല. സാമ്പ്രദായിക ഏർപ്പാടുകളിലൂടെയാണ് അധീശ സംസ്കാരം തുടർച്ച കണ്ടെത്തുന്നത് . പോസ്റ്റ് കൊളോണിയലിസവും സ്ത്രീവാദവും ഒരേ ഡിപ്പാർട്ട്മെന്റിലിരുന്നു പഠിപ്പിച്ചിട്ട് ആദ്യത്തേത് പഠിപ്പിക്കുന്നയാളോട് മിണ്ടുന്ന സ്വന്തം വിദ്യാർത്ഥിയെ രണ്ടാമത്തേത് പഠിപ്പിക്കുന്നയാൾ ( അല്ലെങ്കിൽ യഥാ അക്രമം തിരിച്ച് ! ) ചക്രശ്വാസം വലിപ്പിക്കുന്ന സംവിധാനത്തെ പ്രതി വല്ലാതങ്ങ് നെഗളിക്കേണ്ട കാര്യമുണ്ടോ ? അതിലുപരി ഇക്കാര്യമൊഴികെ വേറെന്തും ചർച്ച ചെയ്യുന്ന വിദ്യാഭ്യാസ – പരിവർത്തന ചിന്തകൾ  മതിയോ നമുക്ക് ?
 
എന്ത് എങ്ങനെ പഠിപ്പിക്കുന്നു എന്ന പുനരാലോചന പഠിപ്പിൽ ഏർപ്പെട്ട ആളുകളുടെ ഇത്തരം ഏർപ്പാടുകളെ കൂടി പരസ്യമായി ചർച്ചയ്‌ക്കെടുക്കുന്നതായിരിക്കണം . അതിനു ഇന്റെഗ്രിറ്റി എന്ന സംഭവം ഉണ്ടാവണം . കൊളോണിയലിസ്റ്റുകൾ ഉണ്ടാക്കിയ ഏർപ്പാടുകൾ പിന്തുടർന്ന് , പഠിച്ചത് പഠിപ്പിച്ചു  ശീലിച്ച് ക്ലാസ് റൂമുകൾ ഇന്റെഗ്രിറ്റിയില്ലാത്ത സ്ഥലങ്ങളായി മാറിപ്പോയി .അവിടെ ആർക്കും സത്യസന്ധരാവാൻ പറ്റാത്ത സ്ഥിതിയായി . മുൻവിധികൾ പുനരുത്പാദിപ്പിക്കുന്ന സ്ഥലങ്ങളായി അവ നിൽക്കുന്നു .മുൻ വിധികളെ (അത് ജാതീയമാവാം , വർഗ്ഗപരമാവാം , ലിംഗ പദവിസംബന്ധമാവാം )പുനരാലോചിക്കുന്നതിന് അധ്യാപകർക്ക്  തുടർച്ചയായ ശ്രമങ്ങളും പഠിപ്പും കൂടിയേ തീരൂ. പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള ബന്ധമാണ് ഇന്റെഗ്രിറ്റി . കേൾക്കുമ്പോളത് പഴഞ്ചനായി തോന്നാം . പ്രയോജനം , വിജയം എന്നീ മന്ത്രങ്ങൾ മുഴങ്ങിക്കേൾക്കുന്ന നിയോ ലിബറൽ കാലത്ത് പ്രത്യേകിച്ചും . ക്ലാസ് റൂമുകളിൽ സത്യസന്ധരാവുക എന്നത് ധീരമായ ഒരു നീക്കമാവുന്നത് ഈ പശ്ചാത്തലത്തിലാണ് .അതിനുള്ള വഴിയാണ് engaged pedagogy .
 
നടപ്പു ക്രമങ്ങളെയും ചട്ടങ്ങളെയും അതേ പടി പുനരുൽപ്പാദിപ്പിക്കലാണ് വിദ്യാഭ്യാസത്തിന്റെ ധർമമെന്ന് അൽത്തൂസർ പറഞ്ഞില്ലെങ്കിലും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ ,ചട്ടങ്ങൾ വിട്ടു പഠിപ്പിക്കുക എന്ന അപകട സാധ്യതയുള്ള ഒരു നീക്കം , ക്ലാസ് റൂമുകൾ മുൻവിധികൾക്കെതിരായ സത്യസന്ധമായ കൂട്ടന്വേഷണങ്ങളുടെ വേദികൾ ആവാം എന്ന സാധ്യത ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് വെക്കുന്ന ബെൽ ഹൂക്സ് തന്നെ ഇ(തൽ)ക്കാല വഴികാട്ടി .
 
പ്രഭാഷണങ്ങൾ എല്ലായ്പ്പോഴും നിശ്ശബ്ദരായ കേൾവിക്കാരെയും ഉണ്ടാക്കും .ഏറ്റവും മികച്ച പ്രഭാഷണവും ഏകഭാഷണമാണ് .അറിവ് നേടുന്നത് ധ്യാനാത്മകവും സ്വകാര്യവും വ്യക്തി കേന്ദ്രീകൃതവുമായ ഒരേർപ്പാടാണെന്ന മുൻധാരണയാണ് അത് സൃഷ്ടിക്കുന്നത്. സംഭാഷണങ്ങളിൽ കൂട്ടായ്മയുണ്ട്. പങ്കുവെക്കലുണ്ട്. മറ്റെയാളിലെ അറിവ് പുറത്തു കൊണ്ടു വരാനുള്ള തുറവിയുണ്ട്. സ്വന്തം വിവരമോ വിവരക്കേടോ പുറത്താക്കാൻ മാത്രമേ പ്രഭാഷണത്തിൽ സാധ്യതയുള്ളൂ .
 
കൊള്ളക്കൊടുക്കയുള്ളിടത്ത് , സംഭാഷണങ്ങൾ നടക്കുന്നിടത്ത്, സഹകരണമുണ്ട് .  അതൊരു സഹകരണ പ്രസ്ഥാനമാണ്. സ്വകാര്യ സംരംഭമല്ല.  പ്രത്യേകിച്ച് ശ്രമം കൂടാതെ നമ്മൾ ഓർത്തിരിക്കുന്ന കാര്യങ്ങളെല്ലാം സംസാരങ്ങളിലും ചർച്ചകളിലും ഉയർന്നു വന്നവയാണ് . മറ്റേത് പരീക്ഷയിൽ ഛർദ്ദിച്ചു വെക്കുന്നതോടെ ഒഴിഞ്ഞു പോവും. .
 
ജ്ഞാനോൽപ്പാദനത്തിന്റെയും ചിന്തയുടെയും അംഗീകൃതവും ഫലപ്രദവും ജനാധിപത്യപരവും ആയ ഒരു മാർഗ്ഗമായി സംഭാഷണത്തെ കാണാൻ സാധിക്കുക എന്നതാണ് പ്രധാനം . സഹകരണാടിസ്ഥാനത്തിൽ ആശയ രൂപീകരണം സാധ്യമല്ല എന്നത് , മത്സരം മാത്രമേ സാധ്യമാവൂ എന്നത് ഒരു നിയോലിബറൽ മുൻവിധിയാണ് . ഇതെഴുതിക്കൊണ്ടിരിക്കേ തന്നെ പതിനൊന്നുകാരിയായ ബന്ധുവിനെ പതിനാലുകാരി കൊലപ്പടുത്തിയ ഹൃദയഭേദകമായ വാർത്തയും വന്നിരിക്കുന്നു. വിജയികളുടെ ഫ്ളക്സുകൾ വെക്കുകയും വിജയികളെ മാത്രം ആഘോഷിക്കുകയും ചെയ്യുന്ന, നമ്മളെല്ലാം ഉൾപ്പെട്ട ഒരു സമ്പ്രദായത്തിന്റെ ഇരകളല്ലേ ആ രണ്ടു കുട്ടികളും ? കൂട്ടു ചേർന്നു പഠിക്കാനും എല്ലാവരുടെയും നൽ വാഴ്വിന് സ്വന്തം ബുദ്ധി ഉപയുക്തമാക്കാനും അവരെ പ്രാപ്തരാക്കുന്നതിൽ ഒരു സംവിധാനം ഒന്നടങ്കമല്ലേ പരാജയപ്പെട്ടത് ?
 
നമ്മുടെ ഹയർ സെക്കണ്ടറി അധ്യാപകരിൽ നല്ലൊരു വിഭാഗത്തിന്റെ അസഹിഷ്ണുത തുറന്നു കാണിച്ച കഥയാണ് എൻ. പ്രഭാകരന്റെ  “കളിയെഴുത്ത് “. കഥയിലൂടെയല്ല , അതിനോടുള്ള പ്രതികരണങ്ങളിലൂടെയായിരുന്നു ആ തുറന്നു കാട്ടൽ. ആ ചർച്ചയിൽ നേരിട്ട് ഇടപെടാതെ ഒരര്ക്ക് നിന്നും ചെറിയൊരു നിരീക്ഷണം നടത്താനാണ് ഇനി തുനിയുന്നത്. ആ കഥയിൽ, അധ്യാപക പരിശീലനത്തിന്റെ ഭാഗമായി വിവരിക്കപ്പെടുന്ന രണ്ടാമത്തെ കളി “പഴരസം ” എന്നതാണ്. കഥയിൽ അതിങ്ങനെ വിശദീകരിക്കപ്പെടുന്നു  : “ഈ കളിയിൽ പങ്കെടുക്കുന്ന ഓരോ അധ്യാപികയും അവരുടെ ഇരു കൈകളും പിന്നിൽ ചേർത്തു പിടിച്ച് കൈപ്പത്തിക്കുള്ളിൽ ഒരു ഓറഞ്ചോ മൂസംബിയോ മാങ്ങയോ അമർത്തിപ്പിടിക്കണം .അധ്യാപകന്മാരെ കണ്ണു കെട്ടി നിർത്തി ഒന്ന് വട്ടം കറക്കി വിടും . അവർ പോയി അധ്യാപികമാരുടെ പിന്നിൽ തപ്പി അവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സാധനം പിടിച്ചെടുക്കണം .പിടിച്ചെടുത്ത സാധനം മൂർദ്ധാവിൽ വെച്ച ശേഷം അതിനെ ഒരു കൈവിരൽ കൊണ്ടു പോലും സ്പർശിക്കാതെയും കണ്ണിലെ കെട്ടഴിക്കാതെയും തിരിയെ നടന്നു വന്ന് ആദ്യം പുറപ്പെട്ടിടത്ത് തങ്ങളെ കാത്തു നിൽക്കുന്ന ഓഫീസറുടെ മുന്നിൽ എത്തിക്കണം “. 
 
ഇത് സങ്കല്പികമായാലും ശരിക്കുള്ളതായാലും നല്ല ഒരേർപ്പാടല്ലേ ? എന്തിനാണാവോ കഥാകാരനെതിരെ അധ്യാപകർ അക്രമം അഴിച്ചു വിട്ടത് ? ഉടൽ എന്നു പറയുന്ന എല്ലാ പഠിപ്പിന്റെയും ആധാരമായ പ്രതിഭാസത്തെ , അതു വഴി ആവിഷ്കൃതമാവുന്ന അധികാരത്തെ , കാമനകളെ ഒക്കെ കൂട്ടു ചേർന്ന് അറിയുക എന്നത് , ആവിഷ്കാരത്തിന്റെ ഏക മാധ്യമമായി നാവിനെ മാത്രം ഉപയോഗിക്കുന്ന ഒരു പ്രകടനമായി അധ്യാപനം മാറാതിരിക്കുക എന്നത് , വലിയ സാധ്യതയല്ലേ തുറന്നു തരുന്നത് ? ‘മാൻകെണി’ എന്ന ആദ്യത്തെ കളി പോലെ തന്നെ , ‘നാടകമേ ഉലകം ‘ എന്ന പിന്നീട് പറയുന്ന കളി പോലെ തന്നെ ,’പഴരസ ‘വും  “വലിയ ചിരിയും കൂവലും ഒച്ചപ്പാടുമൊക്കെ ആയിട്ടാണ് നടക്കുക” എന്നതാണ് കഥയിൽ പുച്ഛരസത്തിൽ കുറ്റപ്പെടുത്തപ്പെടുന്നത് .
 
പഠിപ്പിൽ ചിരിയും കൂവലും ഒച്ചപ്പാടുമൊക്കെ അലോസരങ്ങളായും  അസ്വാരസ്യമായും  കണക്കാക്കി വരാൻ എന്താണ് കാരണം ? അദ്ധ്യാപകൻ (മാത്രം) സംസാരിക്കുകയും വിദ്യാർഥികൾ ശ്വാസമടക്കിപ്പിടിച്ച് മുന്നിലിരിക്കുകയും ചെയ്യുന്ന ഒരു ക്ലാസ് റൂം ആണ് ആദർശമായി എല്ലാവരുടെയും മനസ്സിലുള്ളത് . സ്‌കൂളുകളിൽ  (ചില കോളേജുകളിലും ) റോന്ത് ചുറ്റാനിറങ്ങുന്ന പ്രിൻസിപ്പൽമാർക്ക് അങ്ങനെയൊരു കാഴ്ച കണ്ടാൽ രതി മൂർച്ഛ പോലും വന്നു പോവും . ചിരിയും കൂവലും ഒച്ചപ്പാടും കേട്ടാൽ അവർ പൊട്ടിത്തെറിക്കും :  ഇതെന്താ ചന്തയോ ?
 
നോക്കൂ ചന്തകളിൽ പണ്ട് കാലം തൊട്ടേ എന്തു മാത്രം പഠിപ്പാണ് നടന്നു വരുന്നത് ? ഹിന്ദി ടീച്ചർ വർഷങ്ങളോളം ശ്രമിച്ചിട്ട് പഠിപ്പിക്കാൻ ആവാത്ത ഹിന്ദി കച്ചോടത്തിനു മുംബൈയിൽ പോയപ്പോൾ ഒന്നര മാസം കൊണ്ടല്ലേ പച്ച വെള്ളം പോലെ പഠിഞ്ഞത്? ചന്തയ്‌ക്കെന്താ കുഴപ്പം ?
 
ചിരിയും കൂവലും ഒച്ചപ്പാടും ഒക്കെ പല തരത്തിൽ ഉണ്ട് . ഈ കഥയിൽ അത് പുറപ്പടുന്നത് ഒരു ആക്റ്റിവിറ്റിയിൽ മുഴുകിയ സന്ദർഭത്തിലാണ് . വിമർശനാവബോധത്തിന്റെ സന്ദർഭമായി അത് മാറുകയാണെങ്കിൽ engaged pedagogy  എന്നതിന്റെ ഒരു നിദർശനമാണ് അത് . കോളേജ് സർവകലാശാലാ അധ്യാപകർക്കുള്ള റിഫ്രഷർ കോഴ്‌സുകളിൽ പോയിട്ടുള്ളവർക്കറിയാം തുടരെ തുടരെയുള്ള പ്രഭാഷണ ക്ലാസ്സുകളുടെ സമയത്ത് എന്താണവിടെ നടക്കുന്നത് എന്ന് . വാട്സാപ്പ് വഴി പല കളികളും സമാന്തരമായി നടക്കും . എന്നാൽ പിന്നെ വാട്സ് ആപ്പ് കളി തന്നെ ഒരു പഠന മാർഗ്ഗമാക്കിയാൽ എന്താ ? എല്ലാവരും സമാന്തര ഏർപ്പാടിന് പകരം പഠനത്തിൽ തന്നെ ആത്മാർഥമായി മുഴുകും .അത്ര തന്നെ.
 
നമുക്ക് എം.എൻ വിജയനെയും ഒ.എൻ.വിയെയുമൊക്കെ അവരർഹിക്കും വിധം  ബഹുമാനിക്കുകയും  ഓർമിക്കുകയും ചെയ്യാം. അധ്യാപനത്തിൽ പക്ഷേ അവരുടെ മാതൃക  വിസ്മരിക്കാം. ഇക്കാലം ഉയർത്തുന്ന വെല്ലുവിളികൾ വേറെയാണ് . നമുക്ക് ഇതേക്കാളൊക്കെ  ജനാധിപത്യപരമായ, ഇന്റഗ്രിറ്റിയുള്ള, സത്യസന്ധമായ  ഒരു ഭാവി സാധ്യവും ആണ്.
Spread the love
Read Also  തൂവലു പോലെ ചില മരണങ്ങൾ ; ദുഖത്തിന്റെ രാഷ്ട്രീയം

Leave a Reply