ദിലീപ് ആർ

‘ലേർണിങ് ഫ്രം ദെറിദ’ എന്ന വിഷയത്തിൽ വിഖ്യാത പണ്ഡിതനായ ജോനാഥൻ കള്ളർ മൊകേരി കോളേജിൽ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ ഞാൻ ആലോചിച്ചു കൊണ്ടിരുന്നത് ഇവരോടൊക്കെ കസേര വലിച്ചിട്ടിരുന്ന് നേർക്കു നേർ തർക്കിക്കാ നുള്ള പഠിപ്പ് നമ്മൾക്കും നമ്മൾ പഠിപ്പിക്കുന്ന കുട്ടികൾക്കും എങ്ങനെ ഉണ്ടാവും എന്നതായിരുന്നു. മൗലിക ചിന്ത മുഴുവൻ പുറത്ത് ആദ്യമുണ്ടാവുമെന്നും അത് മര്യാദയ്ക്ക് വായിച്ചു പഠിക്കുക എന്നതാണ് നമുക്ക് ചെയ്യാനാവുക എന്നും ഉള്ള വിശ്വാസം എങ്ങനെ മാറും? ദെറിദയിൽ നിന്ന് കള്ളർ പഠിക്കുന്നതാണോ നമ്മൾ പഠിക്കുന്നത് ? 

അദ്ദേഹത്തോട് തന്നെ ചോദിച്ചു : ക്‌ളാസ് റൂമിൽ ചിന്ത എന്ന പ്രോസസ്സ്  ( സിദ്ധാന്തം എന്ന പ്രോഡക്റ്റിനു പകരം )  പഠിപ്പിക്കുക സാധ്യമോ ? സാധിക്കും എന്ന് ഉദാഹരണ സഹിതം മറുപടി .

സാഹിത്യ സിദ്ധാന്തങ്ങൾ മാത്രമല്ല ഏതു വിഷയം പഠിപ്പിപ്പിക്കുമ്പോഴും ഈ പ്രശ്നമുണ്ട്. കണ്ടെത്താനല്ല  പഠിപ്പിക്കുന്നത് , കണ്ടെത്തലുകളാണ് . അതും മിക്കവാറും കാണാപ്പാഠം പഠിക്കൽ . കണ്ടെത്തലിന്റെ അദ്‌ഭുതമോ പഠനത്തിന്റെ ആനന്ദമോ ഒന്നും ക്‌ളാസ് റൂമുകളിൽ കാണാനില്ല  വിഷയങ്ങളൊക്കെയും  മെക്കാനിക്കൽ ആയി പഠിച്ചവരും പഠിപ്പിക്കുന്നവരും ആണ് നമ്മിൽ ഭൂരിപക്ഷവും .. എങ്ങനെ ഒരു വിഷയത്തിന്റെ  അന്തരീക്ഷം നൽകാം  എന്നതാണ് വാസ്തവത്തിലുള്ള  വെല്ലുവിളി .പഠിക്കാൻ പഠിപ്പിക്കുക എന്നതല്ല , പഠിക്കാനുള്ള അന്തരീക്ഷത്തിൽ എത്തിക്കുക എന്നത് . 

ഇങ്ങനെയൊക്കെ ചിന്തിക്കാൻ പ്രത്യേകിച്ച് ഒരു കാരണമുണ്ട് . എന്റെ സുഹൃത്ത്  ഡോ .സി.ജെ.ജോർജ്ജ്   അദ്ദേഹം ഇപ്പോൾ ജോലിചെയ്യുന്ന  ബാലുശ്ശേരി ഡോ .ബി.ആർ.അംബേദ്‌കർ സ്മാരക ഗവൺമെന്റ് കോളേജിന്റെ ഭാവിയെ സംബന്ധിച്ച് എടുത്തിട്ടുള്ള ഒരു മുൻകൈ ആണത് .

ഇപ്പോൾ അവിടെ മൂന്നു യു .ജി (മാത്തമാറ്റിക്സ് , എക്കണോമിക്സ് , കോമേഴ്‌സ് ) കോഴ്‌സുകൾ ആണുള്ളത് .

ശ്രീ.പുരുഷൻ കടലുണ്ടിയുടെ മണ്ഡലത്തിൽ ഉള്ള പുതിയ കോളേജാണ് . അതിന്റെ കെട്ടിടോദ്‌ഘാടനം  നടക്കാൻ പോവുന്നു. . പുതിയ കോഴ്‌സുകളെ സംബന്ധിച്ച്  ആലോചന വന്നപ്പോൾ ജോർജ് ഒരു നിർദേശം മുന്നോട്ടു വെച്ചു .അതായത് എല്ലാവരും താന്താങ്ങളുടെവിഷയത്തിൽ പി.ജി ഒക്കെ ആവശ്യപ്പെടുന്ന (അങ്ങനെ എല്ലാ കോളേജുകളും പരസ്പരം കാർബൺ കോപ്പി എടുത്തത് പോലെ ആവുന്ന )പതിവ് ഉപേക്ഷിച്ച് കോളേജിന് ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ ഉണ്ടാക്കണം എന്ന ആശയം . സവിശേഷമായ വിഷയങ്ങൾ (മ്യൂസിക്ക് ,ജോഗ്രഫി , ഫിലോസഫി, ക്രിമിനോളജി തുടങ്ങി  ..) കൊണ്ടു വന്നു കോളേജിന് ഒരു വ്യതിരിക്ത ഐഡന്റിറ്റി ഉണ്ടാവണം എന്ന ചിന്ത .

കൗൺസിലും പ്രിൻസിപ്പൽ ഡോ.ശങ്കര ശർമയും  തുടർന്ന്  എം.എൽ.എ യും  ഒക്കെ ഈ നിർദേശം സ്വാഗതം ചെയ്യുകയും തുടർ ആലോചനകളിൽ ഏർപ്പെടുകയും ചെയ്തു . അങ്ങനെ “പഠനത്തെക്കുറിച്ച് പഠിക്കുക ” (‘Learning About Learning’) എന്ന ഒരു ദ്വി ദിന  വർക്ക് ഷോപ്പ് ഉദ്‌ഘാടനത്തിനു മുന്നേ ഈ മാസം നടക്കാൻ പോവുന്നു . ഡോ .നിസാർ അഹമ്മദ് , ഡോ .രാജൻ ഗുരുക്കൾ, യമ , ഡോ.ടി.വി.സജീവ് , ഡോ.രേഷ്മ ഭരദ്വാജ് , ഡോ. സഞ്ജയ് പി.കെ തുടങ്ങിയവർ അതിൽ വിദ്യാർത്ഥികൾക്ക് മാർഗ നിർദേശം നൽകും  .  

ഒരു കലാലയത്തെ പുനർവിഭാവനം  ചെയ്യാൻ ഒരുമ്പെടുമ്പോൾ പല തരം  ഘടനാപരമായ പരിമിതികൾ ഉണ്ട് .നിലവിലുള്ള വിദ്യാഭ്യാസവ്യവസ്ഥയ്ക്കുള്ളിൽ ഒരു കോളേജിന് സവിശേഷമായ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കണമെങ്കിൽ അക്കാദമിക സ്വാച്ഛന്ദ്യംഅനിവാര്യമാണ് . ഇപ്പോൾ നിലനിൽക്കുന്ന കോഴ്‌സുകളും പ്രോഗ്രാമുകളും അതിന്റെ ഉള്ളടക്കത്തിൽ തന്നെ പരിമിതികൾനേരിടുന്നവയാണെന്ന് അവ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കറിയാം . അനുശീലനങ്ങളുടെ (disciplines ) അതിർത്തികൾതന്നെ അതിവ്യാപിക്കുകയോ കൂട്ടിക്കലരുകയോ ഒക്കെ ചെയ്യുന്ന ‘ഒരു സമകാല കാലാവസ്ഥയാണുള്ളത് . മാനവിക – ശാസ്ത്ര -കലാ –  സാമൂഹിക ശാസ്ത്ര വിഷയങ്ങൾ ഒരുമിച്ചു കൂടുന്ന (convergence ) ഒരു കാലാവസ്ഥയിൽഭാവനാപരമായി സമഗ്രമായ, പരസ്പര ബന്ധിതമായഡിസിപ്ലിനുകൾ ഉള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെങ്കിലേ ഒരു കലാലയത്തിനു സവിശേഷമായ മുഖം കൈവരുകയുള്ളൂ . ഇങ്ങനെയൊരു വ്യതിരിക്ത ഐഡന്റിറ്റി ഉണ്ടാവുക എന്നത് തന്നെയാവും ഭാവിയുടെ കലാശാലയുടെ മുഖമുദ്ര . അങ്ങനെ വരുമ്പോൾആ കാമ്പസ്സിൽ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നവർ സ്വാതന്ത്ര്യ ബോധമുള്ള ഒരു സമുദായമായിരിക്കും. ഇങ്ങനെ സ്വതന്ത്ര്യാഭിവാഞ്ജ ഉള്ള  ഒരു വിദ്യാർത്ഥി  സമൂഹം (community of free spirited students) ആയിരിക്കണം  ഒരു കോളേജിന്റെ അനന്യമായ വ്യതിരിക്തത .

ഇതിന്റെ ആദ്യപടി നിലവിലുള്ള അവസ്ഥയിൽ പഠനം എന്നത് എന്താണ് ഒരനുഭവമെന്ന നിലയിൽ എന്നത് മനസ്സിലാക്കലാവും.ഏത്പഠനശാഖ ആയാലും അത് എങ്ങനെ അനുഭവത്തിൽ വരുന്നു എന്നത് പ്രധാനമാണ് .എങ്ങനെയാണു വിദ്യാർത്ഥികൾ സയൻസിനോടുംകലയോടും സാഹിത്യത്തോടും മാനവിക വിഷയങ്ങളോടും ബന്ധപ്പെടുന്നത് ?  വിദ്യാർഥികൾ ഒരു വിഷയം പഠിക്കുമ്പോൾ ആ പഠിപ്പ്അവർക്ക് എന്താണ് കൊണ്ടു കൊടുക്കുന്നത് ? ഇത് വിദ്യാർത്ഥികളിൽ നിന്നു തന്നെ അറിയേണ്ടതുണ്ട് . കണ്ടെത്തലുകൾ കാണാതെപഠിക്കുന്നതിനു പകരം കണ്ടെത്തുന്നതിന്റെ ആനന്ദവും അദ്‌ഭുതവും അനുഭവത്തിൽ വരുന്ന ഒരു പഠനം സാധ്യമാണോ ?

നിലവിലുള്ള പഠന വിഭാഗങ്ങളിലെ കുട്ടികൾക്ക് കാണികൾ എന്നല്ലാതെ പങ്കാളികൾ ആയി പങ്കെടുക്കാൻ അവസരം നൽകുകയുംപരീക്ഷണാത്മകമായ പ്രയോഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പഠന പ്രക്രിയയിൽ ഉള്ളടങ്ങിയ പ്രശ്നങ്ങളും സാധ്യതകളും സ്വയംകണ്ടെത്താൻ അവസരമൊരുക്കുകയും ചെയ്യുന്ന ബാലുശ്ശരിയിലെ  വർക്ക് ഷോപ്പ് എന്നിൽ പ്രത്യാശയുണർത്തുന്നു . ആദ്യമായാണ് ഒരു കോളേജിനെ സമഗ്രമായി മുൻനിർത്തി ഒരാലോചന എല്ലാ പരിമിതികൾക്കുള്ളിലും നിന്ന് ഉയരുന്നതും അധികാരപ്പെട്ടവർ അതിനോട് അനുകൂല മനോഭാവം പുലർത്തുന്നതും . പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എന്നെ പോലെ ഒട്ടേറെ പേരിൽ ഇത് പുതിയ ഉണർവുണ്ടാക്കും .

വേണം നമുക്കൊരു പുത്തൻ മുന്നേറ്റം , ഉന്നത വിദ്യാഭ്യാസ മേഖലയിൽ . കെട്ടിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ അല്ല , വിദ്യാർത്ഥികളാണ്  വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം . അവരുടെ സർഗ്ഗാത്മകതയ്ക്കു അതിരുകളില്ലാതെ വളരാനുള്ള അന്തരീക്ഷം ഒരുക്കി നോക്കൂ ..

നമുക്ക് കിട്ടും ഭാവി ദെറിദമാരെയും ശാസ്ത്രജ്ഞരെയും ഒക്കെ !

Read Also  പഠിപ്പിക്കൽ എന്ന അനീതി; (ബുദ്ധി) ഉള്ളവരും ഇല്ലാത്തവരും

LEAVE A REPLY

Please enter your comment!
Please enter your name here