Tuesday, September 22

ഹിന്ദുത്വ അജണ്ട പ്രതിരോധം കലയിലൂടെ സാധ്യമോ ? ജെ ശൈലജയും ശ്രീദേവി എസ് കർത്തയും ചർച്ച ചെയ്യുന്നു

ഇന്ന് വനിതാ ദിനം. ഹിന്ദുത്വവൽകരണത്തിന്റെ ഭാഗമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടഫാസിസം ഒരു വിഭാഗം ജനതയ്ക്കുനേരെ ഭീതീതമായ ആക്രമണങ്ങൾ അഴിച്ചുവിടുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം കണ്ടത്. അതിന്റെ തീവ്രമായ ക്ളൈമാക്‌സാണ് ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനവാരം നാം തലസ്ഥാനത്ത് കണ്ടത്. ഈ സാഹചര്യത്തിൽ നിലവിലുള്ള അപകടകരമായ രാഷ്ട്രീയനീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നു ചർച്ച ചെയ്യുകയാണ് സാമൂഹികമായ ഇടപെടലുകൾ നടത്തുന്ന രണ്ടു വനിതകൾ. നാടകപ്രവർത്തകയും നടിയുമായ ജെ ശൈലജയും കവി ശ്രീദേവി എസ് കർത്തയും

പ്രതിപക്ഷം : രാമൻ എന്ന പുരുഷകേന്ദ്രീകൃതമായ ബിംബം മുൻനിർത്തി രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജൻഡയെ എഴുത്തുകാർക്കും കലാകാരന്മാർക്കും കലയിലൂടെ സ്വാഭാവികമായി പ്രതിരോധിക്കാൻ കഴിയുമോ?

ശൈലജ: വളരെ ഫോർവേഡെന്നും ലഫ്റ്റ് എന്നും ലഫ്റ്റ് ലിബറൽ എന്നുമൊക്കെ വിചാരിച്ചിരുന്ന ഒട്ടേറെ ആർട്ടിസ്റ്റുകൾ രാമ രാജ്യത്തെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഉദാഹരണമായി ഡൽഹിലെ കലാപം  തുടങ്ങുന്നതിനു മുമ്പ് ഞാൻ ഡൽഹിയിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന എൻ്റെ ഒരധ്യാപകൻ അറിയപ്പെടുന്ന ആൾ ഡിസൈനർ ആദ്ദേഹത്തിന് എൻ്റെ പ്രസംഗം വളരെ ഡിസ്റ്റർ ബ്ഡ് ആയി. അതായത് നാടകത്തെക്കുറിച്ച് സംസാരിക്കാനുള്ള വേദിയിൽ നാടകം പറഞ്ഞാൽ മതി. അദ്ദേഹത്തിൻ്റെ പേപ്പർ നാടകം അതിൻ്റെ ഡിസൈൻ ഇത്തരം കാര്യങ്ങൾ ഞാൻ അതിൻ്റെ കൗണ്ടറായിട്ട് ഇന്ത്യയിലെ ദളിത് സ്ത്രീകൾക്ക്

ഭൂമിയില്ലാതാക്കുന്നത് അതിന് പെർഫോമൻസുമായി എന്താണ് ബന്ധം ഷഹിൻ ബാഗിൽ എന്താണ് നടക്കുന്നത് ജാമിയ മിലയിലെന്താണ് നടക്കുന്നത് ജെ.എൻ യു വിൽ എന്താണ് നടക്കുന്നത് അതിനൊക്കെ ലൈവ് പെർഫോമൻസുമായി എന്താണ് റിലേഷൻ എങ്ങനെയാണ് ഒരു ട്രൂ എക്സ്പ്രഷൻ ഒരു ട്രൂആർ ട്ടിലേക്ക് നയിക്കപ്പെടുന്നത്. ജനുവിനായിട്ടുള്ള ആർട്ടിസ്റ്റ് ഫാസിസത്തിൻ്റെ ആദ്യ മുകുളം തിരിച്ചറിയുന്നത് എന്നൊക്കെയുള്ള സംസാരമായിരുന്നു ഉണ്ടായത്. ഞാൻ നടത്തിയത്. അതുകൊണ്ട് തന്നെ എൻ്റെ സ്പീച്ചിൻ്റെ കുറച്ചു ഭാഗം ഡൽഹിയിലെ ഒരു ഗ്രൂപ്പ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ പ്രസംഗത്തിൽ അസ്വസ്ഥനായി ഈ അധ്യാപകൻ എഴുന്നേറ്റ് പോയതായും മറ്റും ഞാനറിഞ്ഞു. ഇതൊരു തെളിവാണ്. വളരെ ക്രിയേറ്റിവ് ആർട്ടിസ്റ്റിക്ക് നാടകങ്ങൾ ചെയ്തിട്ടുള്ള ആൾ ഗവൺമെൻ്റിനെ രാമനെ വിമർശിക്കുക വിശ്വാസത്തെ തൊടുക എന്നൊക്കെ പറയുന്നത് ഭയമാണ്. പുരുഷൻമാരൊക്കെ ഇങ്ങനെ മാറിപ്പോകുകയാണെങ്കിൽ അവരെ ആശ്രയിച്ചു നിൽക്കുന്ന സ്ത്രീകളുടെ കാര്യം പറയാനില്ലല്ലോ. ഇതിനെ ഭേദിക്കണമെന്ന ആഗ്രഹമുള്ളവർ കുറുകേ വെട്ടുക അതേ നിവർത്തിയുള്ളു.

ശ്രീദേവി: എനിക്കും സമാനമായ ഒരനുഭവം കുറച്ച് നാളുകൾക്ക് മുമ്പ് ഉണ്ടായിട്ടുണ്ട് തൃശൂരിൽ വച്ച് .ഇപ്പോഴത്തെ ഈ എൻ ആർ സി യുടെയും മറ്റും പ്രതികരണത്തിൻ്റെ കാലത്തിനു മുമ്പ് സൂക്ഷ്മത്തിൽ നിന്നും അതിസൂക്ഷ്മത്തിലേക്ക് കവിത പോയ്ക്കൊണ്ടിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു.

ലളിതമായ ഒരു മുഹൂർത്തം എടുത്തിട്ട് അതിൻ്റെയും സൂക്ഷ്മതയിലേക്ക് കവിത പോയ്ക്കൊണ്ടിരുന്ന സാരള്യമുള്ള ഒരു ഭാഷ ഉപയോഗിച്ചു കൊണ്ട് പുതിയ കവികൾ കവിതയുടെ കാമ്പിലേക്ക്. എന്നാൽ കവിതയിൽ പ്രത്യക്ഷ പ്രതിരോധത്തിൻ്റെ ആവേഗം ലഭ്യമാകുന്നില്ല, ശ്രമം തീരെയില്ലെന്നല്ല. നമ്മുടെ പ്രതീക്ഷയ്ക്കൊപ്പം അത് കവിതയിൽ എത്തുന്നില്ല. എഴുത്തുകാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. നമുക്ക് ഏറ്റവും പെട്ടെന്ന് ഇഫക്ട് ഉണ്ടാക്കാൻ കഴിയുന്നത് അക്ഷരങ്ങളിലൂടെയാണ് മറ്റ് മാധ്യമങ്ങൾക്ക് സാങ്കേതികത്വം കൂടുതലാണ്.ഇവിടെ വാക്കാണ് ഉപകരണം അതുകൊണ്ട് പ്രത്യക്ഷമായി പെട്ടെന്ന് പ്രതികരിക്കാൻ കഴിയണം.

എന്നാൽ അത്ര വലിയ ഒരാവേഗം ഇതിൽ കാണാത്തതിൽ എനിക്ക് നിരാശയുണ്ട്. മുദ്രാവാക്യം എഴുതണമെന്നല്ല. അതാത്കാലത്തിൻ്റെ റിഫ്ലക്ഷൻ അതാത്കാലത്ത് തന്നെയുണ്ടാകണം. ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഫാസിസത്തിൻ്റെ തീഷ്ണത നമുക്ക് കുറച്ചു പേർക്ക് മാത്രമാണ് മനസിലായിക്കൊണ്ടിരിക്കുന്നത്. ഈ മനസിലാക്കൽ നടത്തിയവർക്ക് സഞ്ചരിക്കേണ്ട വേഗത്തിൽ സഞ്ചരിക്കാനാവുന്നില്ലെന്നതും ഒരു നിരാശാജനകമായ ഘടകമായിട്ടാണ് എനിക്ക് തോന്നുന്നത്.. വളരെ കുറച്ചു പേർ മാത്രമാണ് ഇത് തിരിച്ചറിയുന്നത്. നമ്മുടെ ആത്മാവിലേക്ക് തിരിഞ്ഞിരിക്കുന്ന മനുഷ്യർ ആതിരിഞ്ഞിരിക്കുന്ന ശക്തിയോടു കൂടി ബഹിർമുഖമായി തിരിഞ്ഞിരിക്കുന്നത് കുറവാണ്. അതാണ് ഇപ്പോഴത്തെ ആവശ്യം, അവർ തുടർന്നു വന്ന പശ്ചാത്തലത്തിൽ കാവ്യഘടനയിൽ ഈ കാലത്ത് അവർ പ്രതികരിക്കണം. പക്ഷേ അതു ചെയ്യാത്തതിൽ എനിക്ക് ദുഃഖമുണ്ട്.

ഇപ്പോൾ വേണ്ടത് സ്ത്രീ പുരുഷൻ എന്ന തരത്തിലുള്ള വിഷയങ്ങളല്ല. ഇപ്പോൾ നേരിടുന്ന ദുഷ്ക്കരമായ കാലഘട്ടത്തിൻ്റെ പരിസരമാണ് വേണ്ടത്.
അതെന്തുകൊണ്ട് വരുന്നില്ല എന്നെനിക്കറിയില്ല. എൻ്റെ കവിതയിലും ചിലപ്പോൾ അതില്ലായിരിക്കും എന്നാൽ അതിൻ്റെ ആവശ്യകത വളരെ കൂടുതലുള്ള കാലമാണ്.

ഇത് വരാതിരിക്കാനുള്ളതിൻ്റെ അടിസ്ഥാന കാരണം ഭയം തന്നെയാണ്. ഏത് സമയത്തും എന്തും ആർക്കും അതു മൂലം സംഭവിക്കാം. ആ മനസിലാക്കലിൻ്റെ ഭാഗമായാണ് ഈ പിന്നാക്കം പോകൽ.

ശൈലജ : നാടക വേദിയിൽ ഇങ്ങെനെയുള്ള പ്രശ്നമല്ല. എഴുതുന്നതും നാടകം ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നാടകം ഒരു സമൂഹ കലയാണ്.സമൂഹമായി ഒത്തുചേരലിൽ പൊതു സ്ഥലത്തുണ്ടാകുന്ന ഒരു ക്രിയേറ്റിവിറ്റി യാണത്. കവിത ചേപ്പോല പേഴ്സണലൈസ് ചെയ്യാൻ കഴിയില്ല. ഇപ്പോൾ തിയറ്റർ വിപ്ലവങ്ങൾ ഉണ്ടാകുന്നുണ്ട്. കേരളത്തിലും ഇത് സംഭവിക്കുന്നുണ്ട്. ഇന്നലെ തന്നെ ഡൽഹി റയട്ടിനെ അധികരിച്ച നാടകം കാസറഗോട്ട് നടന്നു. ഞങ്ങളുടെ സംഘടനയായ നാടക് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്.

ശ്രീദേവി: നമ്മൾ ഡൽഹിയിൽ നടന്നതിനെ റയട്ട് എന്ന് വിളിക്കരുത് പൊഗ്രോമാണത് വംശഹത്യ. കലാപമല്ല വംശഹത്യയാണ്. അത് നമ്മൾ ആവർത്തിച്ചു പറയേണ്ടിയിരിക്കുന്നു.

ശൈലജ: എന്നാൽ ഇത് അതൊന്നുമല്ല. ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്നിടത്ത് അവരും മുസ്ലീമുകൾ താമസിക്കുന്നിടത്ത് അവരും ഇടപെട്ട് നടത്തിയ ഒരു കയ്യാങ്കളിയാണെന്ന തരത്തിൽ മലയാളികൾപോലും ഇതിനെ ലഘൂകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ശ്രീദേവി : അതു കൊണ്ടാണ് നമ്മൾ വിട്ടു കളയാതെ പൊഗ്രാമെന്ന വാക്ക് ഉപയോഗിക്കുന്നത്. മരിച്ചുപോയവരുടെ ലിസ്റ്റടുത്താൽ അത് കലാപമാണോ ജിനോസൈഡാണോന്ന് വ്യക്തമാകും. ചെറുപ്പക്കാരും പ്രായമായവരും അടങ്ങുന്ന ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുന്നവരാണ് കൊല്ലപ്പെട്ടത് കലാപത്തിലെ ആനുപാതിക മരണമല്ല അതുകൊണ്ട് തന്നെയാണ് ഇതിനെ വംശഹത്യയെന്ന് വിളിക്കേണ്ടത്

ശൈലജ : വസ്ത്രമുരിഞ്ഞും പേര് ചോദിച്ചും വ്യക്തിത്വ സ്ഥിതീകരണം നടത്തി കൊലപാതകം നടത്തിയിട്ടുപോലും നമ്മുടെ കേരള സമൂഹം പോലും കൃത്യമായി പ്രതികരിക്കുന്നില്ല. നമ്മൾ പിടിച്ചു നിൽക്കും ഒന്നാണ് എന്നൊക്കെ പുറംപൂച്ചായി പറയും ചുമ്മാതെ പറയുകയാണ് അതൊക്കെ കേരളത്തിൻ്റെ മുഖം വളരെ പൊള്ളയാണ്. വീട്ടിൽ തൊട്ടുകൂടായ്മ പാലിക്കുന്നവർ മറ്റ് മതക്കാരെ വിട്ടിൽ കേറ്റാത്തവർ വഴി നടക്കാൻ അനുവദിക്കാത്തവർ മക്കളെ ഇതര മതസ്ഥർക്ക് കെട്ടിച്ചു കൊടുക്കാത്തവർ ഇവരൊക്കെ പുരോഗമന വാദികളുടെ പുറംചട്ട എടുത്തണിഞ്ഞതാണ് കേരള സമൂഹത്തിലെ തൊണ്ണൂറു ശതമാനവും. ഈ ആളുകൾക്ക് ഈ ഹിന്ദു വർഗ്ഗീയത വന്നതോടുകൂടി സമാധാനമാകുകയായിരുന്നു. ഒരു ഐഡൻ്റിഫിക്കേഷൻ കിട്ടി. നമ്മുടെ ചിന്ത പുറത്തേക്ക് വക്കുന്നതിൽ നാണം കെടേണ്ട ആവശ്യമില്ല എന്ന ധാരണ അവരിലുണ്ടായി

ശ്രീദേവി: അതേ അതാണ് ഈ കാലഘട്ടത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം. ഇങ്ങനെയുള്ളവർക്ക് ഓപ്പൺ ആകാൻ സാധിച്ചു. ജാതി പറയുന്നതിലെ ഒരു കുറവ് ഒരു കാലത്തുണ്ടായിരുന്നു.എന്നാൽ ഇന്ന് അതൊരു സംസ്കാരത്തിൻ്റെ ഭാഗമാണെന്ന തലത്തിൽ എത്തുന്നു. അതാണ് അപകടം. എൻ്റെ സംസ്കാരത്തെ എൻ്റെ ജാതിയെ രക്ഷിക്കുന്നതിൻ്റെ ഭാഗം കൂടിയാണ് ഇതെന്നു മനസ്സിലാക്കാൻ എൻ്റെ ഐഡൻ്റിറ്റി എൻ്റെ ജാതിയെ, മതത്തെ സംരക്ഷിക്കുന്നതിനു സമാനമാണെന്ന ധാരണ. അത് വളരെ സുതാര്യമായി തീർന്നു എന്നതാണ് കാലഘട്ടത്തിൻ്റെ ദുരന്തം. ഇതുകൊണ്ട് തന്നെയാണ് എഴുത്തുകാരിൽ കലാകാരൻമാരിൽ ഒക്കെ പ്രതിരോധത്തിൻ്റെ അളവ് കുറയുന്നത്.

ശൈലജ: ശ്രീദേവി മുമ്പ് പറഞ്ഞത് പോലെ കേരളത്തിൽ 90 ശതമാനത്…കേരളത്തിൽ ആർക്കും ഇത്തരം പ്രശ്നങ്ങളില്ല ശ്രീദേവി.

ശ്രീദേവി : അതേ എനിക്ക് തോന്നുന്നത് നമ്മൾ തുടർന്നു വന്ന ഒരു ജീവിതരീതി വളരെ സുരക്ഷിതമായ ഒന്നാണ്. അതിഭയങ്കരമായ പട്ടിണിയോ കലാപത്തിൻ്റെ ഇരകളോ ആയിട്ടില്ല. മാക്സിമം അല്പം ദാരിദ്ര്യം അതിനപ്പുറത്തേക്കു് അതും പുറത്ത്. പറയില്ല. അഭിമാന പ്രശ്നമാണ്. ഈ സുഖകരമായ ജീവിത രീതി പിന്തുടർന്നു വന്നതാണ്

ശൈലജ : കേരളത്തിൽ കവിതയെഴുതിക്കൊണ്ടിരിക്കുന്നവരെ നോക്കിയൽ എസ്ടാബ്ലിഷ്‌ ചെയ്ത വരെ മാത്രം നോക്കിക്കഴിഞ്ഞാൽ അതിവിപ്ലവവും വൈകാരികതയും മാത്രം കവിതയിൽ കൈകാര്യം ചെയ്തിരുന്നവരാണ് എല്ലാവരും. ഇവരെല്ലാം കുടംബസ്ഥരുമാണ്. കുടുംബത്തെ രക്ഷിക്കാൻ വേണ്ടി രണ്ടു കയ്യും നീട്ടി മറ്റെല്ലാം മാറ്റിവെക്കുന്നവരല്ലാത്തവരായിട്ടുള്ള ഏതു പ്രതിഭകളാണ് ഇവിടെയുള്ളത്. ജ്ഞാനപീഠം കിട്ടിയവർ മുതൽ താഴോട്ടുള്ള പട്ടിക നോക്കിക്കഴിഞ്ഞാൽ എല്ലാവരും സ്വസ്ഥമായി സുഖമായി വാഴുന്നവരാണ്. അലഞ്ഞുതിരിഞ്ഞുനടന്നു കവിതയെഴുതിയിരുന്ന എ അയ്യപ്പന് ഇവിടെ എന്ത് സ്ഥാനമാണ് നൽകിയിരുന്നത്. ഇതൊന്നുമല്ലാത്ത എത്രയോ പേർ, ഇവരെല്ലാം കുടുംബസ്ഥരാണ്, ഇവിടെ കുലസ്ത്രീ, കുലപുരുഷർ എന്നുള്ള വാക്കുകളൊക്കെ ഇപ്പോഴാണ് ഇവിടെ വന്നിട്ടുള്ളതു. ആ വാക്കു ഞാനുപയോഗിക്കുന്നില്ല കുടുംബം എന്ന സ്ഥാപനത്തെ പരിപാലിച്ചുപോയിട്ടുള്ളവർക്കു മാത്രമാണ് അതിന്റെ മാന്യതയും പരിപാവനതയും നേടാനായത്.

ശ്രീദേവി : നമ്മുടെ പോരാട്ടങ്ങളുടെ ചരിത്രത്തിൽ അങ്ങനെ ഒരു ജീവന്മരണപ്രശ്നങ്ങൾ നമ്മൾ നേരിട്ടിട്ടില്ല. അങ്ങനെയൊരു വിപത്ത് നമുക്കുണ്ടാകാത്തതുകൊണ്ടാണ് അതിലേക്കു നമ്മുടെ എഴുത്തുകാരും കലാകാരന്മാരും ഇറങ്ങാറിച്ചെല്ലാത്തതു. അത് ഒരു പ്രധാനകാരണമാണ്. നാം സമാനമായ സമരങ്ങളും പ്രതിഷേധങ്ങളും നേരിട്ടുകാണുന്നതു സിനിമകളിലും മറ്റും മാത്രമാണ്.

ശൈലജ : അതെ അതുതന്നെയാണ് നമ്മുടെ അനുഭവം. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ഞാൻ പഠനത്തിനായി എത്തുമ്പോൾ ഒരു അദ്ധ്യാപകൻ ചോദിച്ചത് നിങ്ങൾ മലയാളികൾക്ക് എന്ത് പോരാട്ടത്തിന്റെ ചരിത്രമാണുള്ളത്, നിങ്ങൾക്കു അതിന്റെ ആവശ്യകത ഉണ്ടായിട്ടില്ലല്ലോ, നിങ്ങൾക്കു ഒരു അതിർത്തിയുണ്ടോ, നിങ്ങൾ ഒരു യുദ്ധം കണ്ടിട്ടുണ്ടോ? നിങ്ങൾ വെള്ളയും വെള്ളയുമൊക്കെ ധരിച്ചു വിപ്ലവം പ്രസംഗിച്ചു നടക്കുന്നവരല്ലേ എന്നാണു അദ്ദേഹം പരിഹസിച്ചത്. സുരക്ഷിതത്വപ്രശ്നമുണ്ടോ , അതിർത്തി കടന്നുവരുന്നവരെക്കുറിച്ചു പേടിക്കേണ്ടതുണ്ടോ? എല്ലാമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം 

Read Also  ശ്രീദേവി എസ് കർത്തയുടെ രണ്ട് കവിതകൾ

പ്രതിപക്ഷം : ഇന്ന് പൊതുവെ സ്ത്രീകൾ പ്രക്ഷോഭങ്ങളിലേക്കു കടന്നു വരുന്നത് ആശാവഹമായ ഒരു മാറ്റമായി തോന്നിയിട്ടില്ലേ ?

ശൈലജ : അതെ ഷഹീൻ ബാഗ് പോലുള്ള പ്രക്ഷോഭങ്ങളിൽ സ്വാഭാവികമായി സ്ത്രീകളുടെ സംഘം കടന്നുവരികയായിരുന്നു, ഒരു പുരുഷൻ പോലും സ്ത്രീയുടെ തുല്യതയുടെ അവകാശം അട്ടിമറിക്കാനോ അവരെ തടസ്സപ്പെടുത്താനോ ശ്രമിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ല പക്ഷെ നേരത്തെ അങ്ങനെയല്ലായിരുന്നു. ഒരു സ്ത്രീ സമരത്തിന്റെ മുന്നണിയിലേക്കോ നേതൃത്വത്തിലേക്കോ വന്നാൽ വളരെ തന്ത്രപരമായി അവരെ പിന്നിലാക്കാൻ ശ്രമിക്കുന്ന കാഴ്ചയായിരുന്നു. പാട്രിയാർക്കൽ സമൂഹത്തിൽ അത് നിലനിർത്താൻ വേണ്ടിയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളായിരുന്നു നേരത്തെ യുവാക്കളിൽ നിന്നുപോലും ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ ഇന്ന് ഇത്ര മാത്രം പോസിറ്റിവായി ഒരു സ്ത്രീപുരുഷ ഐക്യത്തിന് ഇത്രയധികം ഊന്നൽ കൊടുക്കുന്ന, അവർക്കു നേതൃത്വങ്ങളിലേക്കുള്ള ഇടം നൽകി മാറിക്കൊടുക്കുന്ന പുരുഷന്മാരെയാണ് കാണാൻ കഴിയുന്നത്. ഈ പെരുമാറ്റത്തിൽ അവരോടു എനിക്ക് അങ്ങേയറ്റം ആദരവും സ്നേഹവും തോന്നുന്നു.

അതുപോലെതന്നെ ജെ എൻ യു വിലെ ഐഷി ഘോഷിന്റെ സമരം തന്നെ നോക്കാം. അവർക്കു തലയിൽ തല്ലു കിട്ടുന്നതും സമരത്തെ മുന്നോട്ടു കൊണ്ടുപോകുന്നതും, അവരുടെ വാർത്ത സമ്മേളനം നോക്കിയാൽ പോലും വളരെ കരുതലോടെയാണ് കാര്യങ്ങൾ നീങ്ങുന്നത്. വേറെ ആണുങ്ങൾ സംസാരിക്കാതിരിക്കാൻ എത്ര ജാഗ്രതയോടെയാണ്‌ കൂടെയുള്ള ആൺകുട്ടികൾ ശ്രദ്ധിക്കുന്നത് എന്ന് നാം കണ്ടതാണ്. ഇത് ഞാൻ വളരെ സൂക്ഷമായി നിരീക്ഷിച്ചിരുന്നു. ഇത് വലിയൊരു തുടക്കമാണ്. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ തന്നെ നിലപാടിലും മാറ്റം കാണുന്നുണ്ട്. നേരത്തെ നിങ്ങൾ പുരുഷന്മാരൊക്കെ നേതാക്കന്മാരാകാൻ വേണ്ടി ചോറ് വെച്ചുതരാനും മൈക്ക് കെട്ടിവെച്ചുതരാനും വേണ്ടി ഞങ്ങളെന്തിനാണ് കഷ്ടപ്പെടുന്നത് എന്നൊരു അവസ്ഥയുണ്ടായിരുന്നു. അതിനു ഒരു മാറ്റം വന്നുതുടങ്ങിയിരിക്കുന്നു.

ഇന്ത്യയിൽ 6 കൊല്ലമായി നടക്കുന്ന ഒരു സമരത്തിലും ആൺകുട്ടികൾ അല്ലെങ്കിൽ പുരുഷന്മാർ പാട്രിയാർക്കിയുടെ ഒരു സൂചനയും കാണിച്ചിട്ടില്ല എന്നതാണ് പോസിറ്റിവായി കാണേണ്ടത്. ഇക്കാര്യങ്ങളിൽ സ്ത്രീപുരുഷന്മാരുടെ ഐക്യനിര ഉണ്ടാകുന്നത് പുരുഷന്മാരും പോസിറ്റിയാണ് കാണുന്നത്. അവർ മുൻ നിരയിലേക്ക് വരാൻ ശ്രമിക്കാതെ പിന്നിൽ നിൽക്കുകയാണ്. എല്ലായിടത്തും അതാണ് കാണാൻ കഴിയുന്നത്. അതിനു ഒരപവാദമുണ്ടാകുന്നത് കേരളത്തിലായിരിക്കും. മറ്റിടങ്ങളിലെല്ലാം സ്ത്രീകളാണ് മുൻ നിരയിൽ നിൽക്കുന്നത് എന്ന് അടിവരായിട്ടുകൊണ്ടു പറഞ്ഞാണ് ഓരോ സമരങ്ങളുടെയും റിപ്പോർട്ടുകൾ നാം കാണുന്നത്. വലിയൊരു സംഘര്ഷാത്മകമായ ഒരു ചുറ്റുപാടിലും ഇത് വലിയൊരു പ്രതീക്ഷ നൽകുന്നതാണ്.

ശ്രീദേവി : അത് ജൈവപരമായ ഒരു മാറ്റമായിത്തന്നെ നാം കാണണം. സ്ത്രീയും പുരുഷനും ജൈവപരമായി നിരീക്ഷിച്ചാലും വൈകാരികമായി എടുത്താലും ഒരു സന്നിഗ്ധഘട്ടത്തിൽ, മരണതുല്യമായ അവസ്ഥയിൽ സ്ത്രീയാണ് എപ്പോഴും മുന്നിൽ നിൽക്കുന്നത്, അവിടെയെല്ലാം ഇടപെടുന്നതു സ്ത്രീയാണ്. അതുവരെ അവൾ കാണിച്ചിട്ടില്ലാത്ത ഒരു ശക്തി, ധീരത അപ്പോൾ കാണിക്കുന്നുണ്ട്. ഇത് ജൈവപ്രക്രിയയുടെയും ഒരു ഭാഗമാണ്. ഷഹീൻ ബാഗിൽ വന്നിരിക്കുന്ന സ്ത്രീകളിൽ ഭൂരിപക്ഷവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയൊന്നുമല്ല. അവർക്കു എൻ ആർ സി എന്താണ് സി എ എ എന്താണ് എന്ന് അവർക്കു ഒരിക്കലും ഒന്നും അറിയില്ല. അവർ അവിടെ വന്നിരിക്കാൻ കാരണമെന്തെന്ന് ചോദിച്ചാൽ നാളെ ഇവിടെ നിങ്ങളുടെ കുഞ്ഞിന് ജീവിക്കാൻ ഒരു വീടുണ്ടാകാൻ സാധ്യതയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കിയതുകൊണ്ടാണ്.

അതാണ് ജൈവപരം എന്ന് പറഞ്ഞത്. പണ്ടുകാലത്ത് മനുഷ്യൻ ഗുഹാജീവിയായിരുന്നപ്പോൾ ഗുഹക്കു മുന്നിൽ ഒരു സിംഹം വന്നുനിൽക്കുകയാണെങ്കിൽ അവിടെ സ്ത്രീയാണ് മുന്നിൽ നിന്ന് നേരിടുക. അത് പ്രകൃതി നൽകിയിരിക്കുന്ന ജൈവപരമായ സവിശേഷതയാണ്. അതുകൊണ്ടാണ് ഇവിടെ ഷഹീൻ ബാഗ്, ജാമ്യ മിലിയ പോലുള്ള സമരത്തിന് സ്ത്രീകളും പെൺകുട്ടികളും മുന്നോട്ടു വന്നിരിക്കുന്നത്. അത് അവർക്കുള്ളിലുള്ള ആന്തരികമായി ഒരു സമ്മർദ്ദമാണ്. എന്തുകൊണ്ട് കേരളത്തിലെ സ്ത്രീകൾ ഇങ്ങനെ മുന്നോട്ടുവരുന്നില്ല എന്ന് ചോദിച്ചാൽ ഇവിടെ അങ്ങനെയൊരു മരണസമാനമായ ഒരു അവസ്ഥ വന്നിട്ടില്ല എന്നതുകൊണ്ടാണ്. നമുക്ക് അങ്ങനെയൊരു അവസ്ഥയില്ല. ഇനി ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ എന്തൊക്കെ സംഭവിച്ചാലും കേരളത്തിൽ അങ്ങനെയൊരു അവസ്ഥയുണ്ടാകില്ല എന്നൊരു തോന്നൽ നമുക്കുണ്ട്. അതേസമയം ഇനി തങ്ങൾക്കു രക്ഷയില്ല എന്നൊരു തോന്നൽ ഉണ്ടായതുകൊണ്ടാണ് ഷഹീൻ ബാഗിൽ സ്ത്രീകൾ രംഗത്തിറങ്ങിയത്. അതേസമയം ഇവിടെയുള്ള സ്ത്രീകൾ രംഗത്തുവരില്ല

ശൈലജ : ഇവിടെയുള്ള സ്ത്രീകൾക്ക് ഭർത്താവിന് ദോശ ചുട്ടുകൊടുക്കണം, കുട്ടികളുടെ കാര്യങ്ങൾ നോക്കണം, അതൊക്കെക്കൊണ്ടാണ് ഈ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്

ശ്രീദേവി : അങ്ങനെയൊക്കെത്തന്നെയാണ് ഷഹീൻ ബാഗിലും ഉണ്ടായിരിക്കുന്നത്.

ശൈലജ : അല്ല, അവർ കൃത്യമായ ഒരു തീരുമാനമെടുത്തത്. സമരത്തിന് പോകാൻ തീരുമാനിച്ചതിൽ പിന്നെ മറ്റെല്ലാം ജോലികളും അവർ മാറ്റിവെക്കുന്ന ചെയ്തത്

ശ്രീദേവി : പക്ഷെ ഇത് ഒരു പ്രത്യക സവിശേഷ സാഹചര്യമാണ്. അവർ അങ്ങനെയൊരു ജൈവപരമായ സാഹചര്യത്തിൽ അവിടെ വന്നിരിക്കുന്നവരാണ്. അവർ ഈ ആർജ്ജവവും ശക്തിയും തുടർന്നും നിലനിർത്തണം എന്നില്ല.

ശൈലജ : അത് സി ഐ എ / എൻ ആർ സി പ്രതിഷേധത്തിൽ മാത്രമേയുള്ളൂ. നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം സർവ്വകലാശാലകളിലുണ്ടായ പ്രക്ഷോഭങ്ങളിലെല്ലാം പെൺകുട്ടികളാണ് മുന്നിൽ.

ശ്രീദേവി : ഈ ഫാസിസ്റ്റു ഭരണകൂടം വന്നതിനു ശേഷമുള്ള കാര്യങ്ങളാണ് ഇതൊക്കെ. ഇവിടെയൊരു പാട്രിയാർക്കൽ സിസ്റ്റമാണ് ശീലം. ഈ ഭരണകൂടംപോയി മറ്റൊന്ന് വന്നാൽ പഴയ ശീലങ്ങളിലേക്കു തന്നെ മടങ്ങിപ്പോകുന്ന കാഴ്ചയായിരിക്കും കാണുക. നമ്മുടെ ശീലം പാട്രിയാർക്കൽ സിസ്റ്റമായതുകൊണ്ടാണ് വീണ്ടും അതിലേക്കു മടങ്ങിപ്പോകുന്നു. ഇവിടെ യുദ്ധസമാനമായ ഒരു സാഹചര്യം ഉണ്ടായതുകൊണ്ട് അവർ രംഗത്തിറങ്ങിയതാണ്. ഒരു പക്ഷെ അവരുടെ മക്കൾ ഇത് കണ്ടു വളരുമ്പോൾ അവക്കുള്ളിൽ ഇത് വിലപിടിപ്പുള്ള ഒരു ഓർമ്മയായാവുകയും ഈ സംഭവത്തിന്റെ തീപ്പൊരി ഉള്ളിൽ കിടന്നു കത്തുകയും അത് ഭാവിയിൽ പിന്നെ മറ്റൊരു മുന്നേറ്റത്തിന് സമായകമാവുകയും ചെയ്തേക്കാം

ശൈലജ : പക്ഷെ മറ്റൊന്നുണ്ട് എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും ഇങ്ങനെയൊരു ഷഹീൻ ബാഗ് കേരളത്തിലുണ്ടാവില്ല.

ശ്രീദേവി : പക്ഷെ പ്രളയം വന്നപ്പോൾ സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും രംഗത്തിറങ്ങി

ശൈലജ : അത് ഇതിനോട് ചേർത്തുവെച്ചു കാണാനാവില്ല. യുദ്ധമായാലും പലായനമായാലും ഒരു തിയേറ്ററിക്കൽ ടൈമിംഗ് ഉണ്ട്, അത് റേപ്പിനും ഉണ്ട്. എന്നാൽ പകൃതിദുരന്തത്തിനു അങ്ങനെയൊരു ഒരു തിയേറ്ററിക്കൽ ടൈമിംഗ് ഇല്ല, അക്രമത്തിനും ഒരു ടൈമിംഗ് ഇല്ല. പക്ഷെ പ്രളയത്തിൽ നിന്നും അതിജീവിക്കാനായി മറ്റൊരു വഴിയില്ലാത്തതുകൊണ്ടു എല്ലാവരും ഒത്തോരുമിച്ചുനിന്നു. പക്ഷെ ഷഹീൻ ബാഗ് മോഡൽ സമരം നടത്താൻ ശ്രമിച്ച കോഴിക്കോട് നോക്കാം. അവിടെ അതിനുള്ളിലിരിക്കാൻ ആളില്ല.

ശ്രീദേവി : അത് കാരണം മറ്റൊന്നാണ്. അതിന്റെ ആവശ്യകത അവർക്കു അനുഭവപ്പെടുന്നില്ല. നമ്മൾ രാവിലെ ഫേസ്ബുക്കിൽ ഷാഹീൻബാഗ് ലിങ്കിൽ നാല് ലൈക് അടിക്കുന്നതോടെ നമ്മുടെ ഉത്തരവാദിത്വം കഴിഞ്ഞു.

ശൈലജ : ദില്ലിയിൽ അക്രമം നടന്ന വടക്കൻ പ്രദേശവും ഷാഹീൻബാഗും ഏറ്റവും റിമോട്ട് ആയ സ്ഥലമാണ്. ഡിസംബർ 12 നു പാർലമെന്റിൽ സി എ എ അവതരിപ്പിച്ചു മണിക്കൂറുകൾക്കകം ഷഹീൻ ബാഗ് പൊങ്ങി. ഒരാളും സംഘടിപ്പിച്ചിട്ടില്ല. ഒരു രാഷ്ട്രീയപാർട്ടിയും പിന്നിലില്ലായിരുന്നു. നിയമത്തിൽ മുസ്ലിങ്ങൾക്ക് സ്‌പേസ് ഇല്ല എന്ന ഒറ്റ വാചകം കേട്ടു. അതോടെ അവർ രംഗത്തിറങ്ങുകയായിരുന്നു. ഒരു സമ്മർദ്ദവുമില്ലായിരുന്നു. സ്വയം സംഘടിച്ച 10 പേരാണ് അവിടെ സമരം തുടങ്ങിയത്. പിന്നാലെ ആൾക്കൂട്ടം വന്നു, പന്തലുയർന്നു. വലിയ പ്രക്ഷോഭമായി മാറി. പക്ഷെ ഇവിടെ നമ്മൾ നടത്താൻ തുടങ്ങിയാൽ അതൊഴിവാക്കാൻ രാഷ്ട്രീയസമ്മർദ്ദം ശക്തമായിരിക്കും. മാത്രമല്ല ഓരോ കുടുംബവും അവരുടെ കാര്യങ്ങളിൽ മാത്രം ഒതുങ്ങിക്കൂടി പ്രിമിറ്റിവായ സങ്കൽപ്പത്തിൽ മാത്രം നിലനിന്നുപോരുന്നവരാണ്.

ശ്രീദേവി : പക്ഷെ ബംഗാളിൽ ഞാൻ നേരിട്ടത് വ്യത്യസ്തമായ അനുഭവമായിരുന്നു. ബംഗാളിലെ അവസ്ഥ മറ്റൊന്നാണ്. അവിടെ വീടുകളുടെ മുന്നിലൊക്കെ എഴുതിവെച്ചിരിക്കുന്നതു സ്ത്രീകളുടെ പേരാണ്. അവിടെ സ്ത്രീകളാണ് സമ്പത്ത് കയ്യാളുന്നത്, തീരുമാനമെടുക്കുന്നതും പെണ്ണുങ്ങളാണ്. അവിടെ മുതിർന്ന ആൺമക്കളെ പോലും തല്ലി അധികാരം ഉറപ്പിക്കുന്ന സ്ഥിതിയാണുള്ളത്. അത് വടക്കു കിഴക്കൻ സംസ്ഥാനം മുഴുവൻ അങ്ങനെത്തന്നെയാണ്

ശൈലജ : അത് അവർക്കു ലഭിച്ചിരിക്കുന്ന അധികാരത്തെ പരമാവധി കവർന്നെടുത്തുകൊണ്ടു ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. പുരുഷൻ പ്രകടമാക്കുന്നതിലുമധികം അധികാരപ്രമത്തത കാണിക്കാനുള്ള പ്രവണതയും സ്ത്രീകൾക്കുണ്ട്.

പ്രതിപക്ഷം : ബംഗാളിൽ അധികാരം ലഭിച്ച മമത ബാനർജിയും സമാനമായ പ്രകടനമല്ലേ നടത്തിക്കൊണ്ടിരിക്കുന്നത് ?

ശ്രീദേവി : അതെ, അവരുടെ ഒരു പുരുഷ പതിപ്പാണെങ്കിൽ സഹിക്കാനാവും. പക്ഷെ അവരെ സഹിക്കാൻ കഴിയാത്തതിന്റെ കാരണം നമ്മൾ പ്രതീക്ഷിക്കുന്ന എല്ലാ സീമകളെയും അവർ ലംഘിക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്. അവർക്കു ഇത് പ്രകടിപ്പിക്കുന്നതിനു ഒരു മടിയുമില്ല എന്നതുകൊണ്ടാണ്

ശൈലജ : മാത്രമല്ല, അവരെപ്പോലെ ഒരു സ്ത്രീയായ ഏകാധിപതിയെ നാം കണ്ടിട്ടില്ലാത്തതുകൊണ്ടായിരിക്കും. അവർ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത നമുക്ക് സഹിക്കാനാവാത്തത്.

ശ്രീദേവി : സ്വേച്ഛാധിപതികളെല്ലാം അങ്ങനെ തന്നെയാണ്. മോദിയെ നമ്മൾ സഹിച്ചാലും അമിത് ഷായെ നമ്മൾ സഹിക്കാൻ കഴിയാത്തതിന്റെ കാരണമെന്താണ്. മോദി ഗുജറാത്തിൽ വംശഹത്യ നടത്തിയതിനു കൂട്ടുനിന്നു എന്ന് നമുക്കെല്ലാം അറിയാവുന്നതുതന്നെയാണെങ്കിലും നമുക്ക് തോന്നുന്നത് അമിത് ഷാ ഒരു പത്ത് വംശഹത്യക്ക് പിന്നിൽ പ്രവർത്തിക്കാൻ കഴിയും എന്നാണു. എല്ലാ സീമകളെയും ലംഘിച്ചുപോകാനുള്ള ഒരു ശേഷി അയാൾക്കുണ്ട് എന്നുള്ളതുകൊണ്ടാണ് അയാളെ സഹിക്കാൻ കഴിയാത്തതു.

Read Also  നഗരത്തിൽ നായയെ വെടിവെച്ച് പരിക്കേല്പിച്ച സംഭവത്തെക്കുറിച്ച് ശ്രീദേവി എസ് കർത്താ എഴുതുന്നു

ശൈലജ : മാത്രമല്ല, മോദിക്ക് ഒറ്റയ്ക്ക് നിന്ന് ഒരു ഉറുമ്പിനെപ്പോലും ഊതിപ്പരപ്പിക്കാൻ പറ്റില്ല. മോദിയെ മുന്നിൽ നിർത്തിക്കൊണ്ട് അജണ്ട നടപ്പാക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. അതിന്റെ നേതാവാണ് അമിത് ഷാ. അതുകൊണ്ടു തന്നെ അതിമാനുഷൻ, സൂപ്പർ ലീഡർ എല്ലാം അമിത് ഷായാണ്. മോദി ഒരു പപ്പറ്റ് ആണ്, കിംഗ് മേക്കർ ആണ്.

ശ്രീദേവി : അതുപോലെ തന്നെയാണ് അത്തരത്തിലുള്ള ഒരു സ്ത്രീക്കും അധികാരം ലഭിക്കുമ്പോൾ അത് ദുർവിനിയോഗം ചെയ്യാൻ അവർക്കു തോന്നുന്നത്. അങ്ങനെയൊരു സ്ത്രീ ഒരിടത്തുനിൽക്കുന്നതുകാണുമ്പോൾ പോലും നമുക്ക് ഭയം തോന്നും. അങ്ങനെയൊരു സ്ഥലത്ത് ഒരു ഷഹീൻ ബാഗ് ഉണ്ടാകാത്തതെന്താണ്. കമ്യൂണിസ്റ്റു പശ്ചാത്തലം ഉള്ള സ്ഥലത്താണ് ഇത് സംഭവിക്കുന്നത്

ശൈലജ : കേരളം പോലുള്ള സ്ഥലത്ത് ഒരു ഷഹീൻ ബാഗ് നടക്കാത്തത് പോലെ തന്നെയാണിതും. ദീദി ഇത് ഇവിടെ നടപ്പാകില്ല എന്ന് അവർക്കു തോന്നൽ ഉണ്ടാകുന്നതുകൊണ്ടായിരിക്കും. ഇവിടെ പിണറായി വിജയൻ നടപ്പാക്കില്ലെന്നു പറഞ്ഞു, അവിടെ മമത നടപ്പാക്കില്ലെന്നു പറഞ്ഞു അപ്പോൾ ഈ രണ്ടിടത്തും സുരക്ഷിതമാണെന്ന തോന്നൽ ഉണ്ടായിരിക്കുന്നതുകൊണ്ടാണ് പ്രക്ഷോഭം ഉയർന്നുവരാത്തത്.

ശ്രീദേവി : അപ്പോൾ ഒരു ചോദ്യം നാം ഉന്നയിക്കുന്നത്, നമ്മുടെ ചിന്താധാരകളിലും ദര്ശനങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്ന കമ്യൂണിസം ഒരു വശത്ത് ഉള്ളപ്പോഴും നിത്യജീവിതത്തിൽ മറ്റു മനുഷ്യരുടെ കാര്യത്തിൽ അത്തരത്തിൽ ഒരു ചിന്തയുണ്ടാകുന്നില്ല. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ വലിയ പ്രതിസന്ധി നേരിടുമ്പോൾ നമ്മുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധം ഉണ്ടായി വരേണ്ടതാണ്. അപ്പോൾ നമ്മെക്കുറിച്ചു മാത്രം ആലോചിച്ചാൽ പോരാ എന്ന കമ്യൂണിസത്തിന്റെ അടിസ്ഥാന തത്വശാസ്ത്രം നമ്മുടെ ചോരയിലും വന്നിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. നമ്മൾ സുരക്ഷിതരാണ് അതുകൊണ്ടു നമുക്ക് പ്രശ്നങ്ങളില്ല എന്ന ചിന്ത ഒരു കമ്യൂണിസ്റ്റു സിദ്ധാന്തമല്ല. അത് നാം ഉൾക്കൊണ്ടിരുന്നെങ്കിൽ ഇന്ത്യയിലെ ഏതു ഭാഗത്ത് ഒരു പ്രശ്നമുണ്ടായാലും നാം അത് നേരിട്ടേനെ.

ശൈലജ : കേരളത്തിൽ അഞ്ചു സ്ഥലത്ത് ഷഹീൻ ബാഗ് മോഡൽ സമരം സംഘടിപ്പിക്കാൻ സി പി എമ്മിന് കഴിയുമായിരുന്നു. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ളവർ പ്രതീക്ഷയോടെ നോക്കുന്നത് കേരളത്തെയാണ്. അതുകൊണ്ടു എന്നാണോ ദില്ലി ഷഹീൻ ബാഗ് സമരം തീരുന്നത് അന്നേ നമ്മുടെ സമരവും അവസാനിക്കൂ എന്ന് പറഞ്ഞുകൊണ്ട് രംഗത്തിറങ്ങണമായിരുന്നു. മറ്റുള്ളവർക്ക് പ്രതീക്ഷ നൽകണമായിരുന്നു. ഇത് പറഞ്ഞുകൊണ്ട് മോദിയേയും ഷായെയും ഭയപ്പെടുത്താൻ കഴിയുമായിരുന്നു. അങ്ങനെയൊരു നേതൃത്വമോ ബോധ്യമോ സി പി എമ്മിന് ഇന്ന് ഇല്ല എന്നാണു ഇപ്പോൾ മനസ്സിലാകുന്നത്.

ശ്രീദേവി : അതെ ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരു പോസിറ്റിവായ തീരുമാനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കലാകാരന്മാർക്കും എഴുത്തുകാർക്കും ഇടപെടാൻ കഴിയുന്നത്. കാരണം നമ്മുടെ കഴുത്തിനാരും കത്തി വെച്ചിട്ടില്ല. നമ്മുടെ നേരെ തൽക്കാലം ആരും തോക്കു ചൂണ്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ സൃഷ്ടികൾ വരേണ്ടിരുന്നത്. ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ വേണ്ടുവോളമുണ്ട്. അതുകൊണ്ടു ശക്തമായ കവിത, മറ്റു ആവിഷ്‌കാരകലാരൂപങ്ങൾ വരേണ്ട സമയം തന്നെയാണ്. അത് എന്തുകൊണ്ടോ വരുന്നില്ല. രണ്ടു കമ്യൂണിസ്റ്റു സംസ്ഥാനങ്ങളിലുള്ള എഴുത്തുകാർ മാത്രം വിചാരിച്ചാലും ഭരണകൂടത്തെ പരാജയപ്പെടുത്താനുള്ള വഴിമരുന്നിടാൻ നമുക്ക് കഴിയുമായിരുന്നു.

ശൈലജ : അതോടൊപ്പം മറ്റൊന്നുണ്ട്. കൂടുതൽ കൂടുതൽ ആളുകൾ സ്വയംകേന്ദ്രീകൃതമായ കാര്യങ്ങളിലെക്കു മാത്രം ചുരുങ്ങുകയാണ്. . പക്ഷെ നമ്മുടെ പ്രമുഖരായ എഴുത്തുകാരും കലാകാരും പോലും സമൂഹമാധ്യമങ്ങളിൽ സ്വയം പ്രൊഫൈൽ മാറ്റിക്കളിക്കുകയാണ്. ഇവരുടെടെയൊന്നും കലകളൊന്നുംതന്നെ ഒരു പരിധിവരെ ജീവിതത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളുന്നവയല്ല. ഒരു കലാരൂപം നമ്മുടെയുള്ളിൽ അതിന്റെ ബീജം ഉണ്ടാകുന്നു, ശേഷം അതിനെ അലങ്കരിച്ചു നാം പുറത്തേക്കു കൊണ്ടുവരുന്നു. ഇതാണ് നമ്മുടെ ആവിഷ്കാരം. ഇവിടെ സത്യസന്ധമായി നാം അനുഭവിച്ച, തിരിച്ചറിഞ്ഞ ഒരു സംഭവത്തെക്കുറിച്ചു നമുക്ക് പൂർണമായും നമുക്ക് ബോധ്യമുണ്ടായതിനുശേഷമേ ആവിഷ്കരിക്കുന്നുള്ളൂ. ഈ രീതിയിലാണ് നാം ശരിയായ കല ആവിഷ്കരിക്കുന്നത്.

കേരളത്തിൽ നിന്നുണ്ടാകുന്ന എഴുത്ത്, സിനിമ, എല്ലാം വളരെ വ്യാജമായാണ് എനിക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ടാണ് ഇവിടെ നേരത്തെ ചോദിച്ചതുപോലെ ഈയൊരു സാഹചര്യത്തിൽ ഇവിടെ എന്തുകൊണ്ട് നാടകം വരുന്നില്ല, എന്തുകൊണ്ട് കവിത വരുന്നില്ല, സിനിമ ഉണ്ടാകുന്നില്ല എന്നൊക്കെ ചോദിച്ചുപോകുന്നത്. സോവിയറ്റ് റഷ്യ തകർന്നപ്പോൾ വല്ലാതെ തകർന്നുപോയ ആളാണ് ഞാനും. അന്ന് റഷ്യൻ ഭാഷയിലെ മികച്ച 10 സിനിമാവരെ ഞാൻ കണ്ടു. ഞാൻ റഷ്യയിലെ പോയി നാടകം പഠിക്കാനിരുന്ന ആളാണ്. സോവിയറ്റ് യൂണിയൻ തകർച്ചയുമായി ബന്ധപ്പെട്ടു ഒന്നര വർഷത്തിനുള്ളിൽ നൂറുകണക്കിന് സിനിമകൾ അന്നിറങ്ങി. പക്ഷെ ഇന്ന് നമ്മൾ മോദിയെ പ്രകീർത്തിക്കുന്ന സിനിമയിറക്കുന്നു.

ശ്രീദേവി : പക്ഷെ ഭയപ്പെന്നതിന്റെ പ്രശ്നമല്ല. നമുക്ക് ആ ശീലമില്ല. വീട്ടിനകത്തെ ശത്രുവിനെ നമുക്കറിയില്ല, ചരിത്രം പരിശോധിച്ചാലും പോർച്ചുഗീസുകാർ, ബ്രിട്ടീഷുകാർ, എല്ലാവരും പുറമെന്നു വന്നു നമ്മെ എന്തോ ചെയ്തിട്ടുപോയ ആളുകളെ നാം ശക്തമായിട്ടു പ്രതിരോധിച്ചു. പക്ഷെ ഇന്ന് നമ്മുക്ക് ഇന്ത്യയിൽ നിന്നുതന്നെ ജനാധിപത്യത്തിന്റെ ശത്രു ഉയർന്നുവരുക എന്ന് പറയുന്നത് അന്ധാളിപ്പിന്റെ കാലമാണിത്. ഒരാളെ നാം തെരഞ്ഞെടുത്തുപോയി. സിവിൽ വാർ നമുക്കറിയില്ല. യുദ്ധം പോലും നമുക്കറിയാം. ഇത് വിനാശമാണ്. ഇത് ശരിയല്ലെന്നും ആർ എസ് എസ് കാരനും അറിയാം. പക്ഷെ സമ്പത്താണ് അവരുടെ ലക്‌ഷ്യം. അവർക്കു ഇന്ത്യയിലെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഓടിച്ചുകഴിഞ്ഞാൽ അവരുടെ സ്വത്ത് ഭീമമായ സ്വത്ത് കൈക്കലാക്കാൻ എന്നതാണ് മോഹം. ഇങ്ങനെ ഈ വിശ്വാസമെല്ലാം സാമ്പത്തികമായ ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണു അവരുടെ ധാരണ.

ഇതിനെ പ്രതിരോധിക്കാനായി ബദലായി മാർഗ്ഗങ്ങൾ ഇല്ലെന്നു അവർക്കു പൂർണ ബോധ്യം ഉണ്ടെന്നുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പിന്തിരിപ്പൻ നിലപാട് അവർ സ്വീകരിച്ചിരിക്കുന്നത്. അവർ സുരക്ഷിതരായതുകൊണ്ടാണ് അവരുടെ മൂല്യങ്ങൾ താൽക്കാലികമായി മറക്കുന്നത്. ഇന്ത്യയിലെ മുസ്ലിംകൾ മുഗളന്മാരുടെ പിന്തുടർച്ചക്കാരാണെന്നാണ് അവർ പഠിച്ചുവെച്ചിരിക്കുന്നതു, അതേസമയം അവർ ഇവിടെയുണ്ടായിരുന്നവരാണെന്നും മതം മാറിയവരാണെന്നും അവർ തന്നെ പറയുന്നുണ്ട്. അതാണ് വിരോധാഭാസം. അതുകൊണ്ടു അവർ ഇവിടെനിന്നും പോകണം എന്നാണു അവരുടെ ഉള്ളിലിരുപ്പ്.

ശൈലജ : ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് പോകാനൊരിടമില്ലെന്നു അവർക്കു നന്നായി അറിയാം. അവരെ മറ്റു രാജ്യക്കാർക്കു ആവശ്യമില്ല. അതുകൊണ്ടു അവർ ഇവിടെ തടങ്കൽപ്പാലങ്ങളിൽ കിടന്നു ചാകണം എന്നാണു അവരുടെ ആഗ്രഹം, അവരെ ഇങ്ങനെ ഒന്നോടെ ഉന്മൂലനം ചെയ്യണം എന്നാണു അവരുടെ അജണ്ട. അങ്ങനെയൊരു വംശഹത്യ തന്നെയാണ് അവരുടെ ലക്‌ഷ്യം.

ശ്രീദേവി : അതെ വംശഹത്യ തന്നെയാണ് അവരുടെ ലക്‌ഷ്യം. അതുകൊണ്ടു തന്നെ ജനാധിപത്യവിശ്വാസികളും മതേതരവാദികളുമാണ് ഇതിനു മുന്നിൽ നിൽക്കേണ്ടത്.  എല്ലാവും ഉൾപ്പെടുന്ന മതേതരവാദികൾ ഈ സമരം നയിക്കണം. പക്ഷെ നിർഭാഗ്യവശാൽ 95 ശതമാനവും ഈ പോരാട്ടത്തിന്റെ മുന്നിൽ നിൽക്കുന്നത് മുസ്ലിങ്ങൾ തന്നെയാണ്. കുറച്ചു മതേതരവിശ്വാസികൾ രംഗത്തുണ്ടെന്നുള്ളത് ശരിയാണ്.

ശൈലജ : സി എ എ നടപ്പാക്കാനുള്ള സാഹചര്യമാണ്. ഇത് നടപ്പിലായാൽ ആയിരക്കണക്കിന് ശവങ്ങൾ ഇവിടെ വീഴും. അതുകൊണ്ടു അത് അനുവദിക്കാൻ പാടില്ല.

ശ്രീദേവി : എനിക്ക് ജുഡീഷ്യറിയിലും വിശ്വാസമില്ല. അതിൽ ഒരു പ്രതീക്ഷയും വേണ്ട. പകരം ജനാധിപത്യവിശ്വാസികൾ ഇതിനെതിരെ രംഗത്തുവന്നു വലിയ പോരാട്ടങ്ങൾ നടത്തണം

ശൈലജ : കേരളം പോലുള്ള സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ എല്ലാ പ്രശ്നങ്ങളെയും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. നമ്മുടെ ഭൂരിപക്ഷത്തെ രാഷ്ട്രീയവിശ്വാസികളും ഇവിടെ ഒന്നും സംഭവിക്കില്ല എന്ന രൂഢമൂലമായ വിശ്വാസമാണ് പലർക്കുമുള്ളതു. പല സമരങ്ങളും ഇവിടെ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. ഇവിടെ ജനം മോദിക്കെതിരാണ് എന്ന വിശ്വാസമുണ്ടെങ്കിൽ അവർ മുന്നോട്ടു വന്നു ഈ പ്രശ്നം ഏറ്റെടുക്കണം. കേരളം ഒരു വഴി കാണിക്കും എന്ന ഒരു പ്രതീക്ഷയിൽ വടക്കേ ഇന്ത്യയിലെ പുരോഗമനവാദികൾ ഉറ്റുനോക്കുകയാണ്. അവർക്കു കേരളത്തിലെ ജനതയിൽ വലിയ വിശ്വാസമാണുള്ളത്.

ശ്രീദേവി : കേരളത്തിലെ ഇടതു നേതൃത്വത്തിൽ വലിയ പ്രതീക്ഷയൊന്നും വേണ്ട. ജാമ്യ മിലിയ പോലെ അലിഗർ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ രംഗത്തുവന്നതുപോലെ പലയിടത്തും ചെറിയ ചെറിയ സംഘങ്ങൾ ഇറങ്ങി ഈ പ്രക്ഷോഭം നേരിടും എന്ന് തോന്നുന്നു. അതുകൊണ്ടു ആ പ്രതീക്ഷയിലാണ് ഞാൻ നിൽക്കുന്നത്. ഹിന്ദുക്കൾക്ക് അവനവന്റെ നിലനിൽപ്പിനു ദോഷമുണ്ടായാൽ മാത്രം അവർക്കു ഇക്കാര്യത്തിൽ ഭയമുണ്ടാകും.

ശൈലജ : അതുണ്ടാവുമോ എന്നുള്ളതാണ് പ്രശ്നം. അറബ് രാജ്യമായ സൗദി അറേബിയയിൽ നിന്ന് ജോലി ചെയ്തുകൊണ്ട് അവിടെനിന്നാണ് മുസ്‌ലിംകൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ഇന്ത്യയുടെ ഒരു സാഹചര്യത്തിൽ നിന്നുകൊണ്ട് നിലവിലുള്ള പ്രതിസന്ധിയെ കലയിലൂടെ ചോദ്യം ചെയ്യാൻ കഴിയുന്ന ഒരു അവസ്ഥയല്ല നിലനിൽക്കുന്നത്. ഓരോ സംസ്ഥാനത്തിന് വ്യത്യസ്തമായ ഭൂമിശാസ്ത്രവും ഭാഷയും സംസ്കാരവും ജീവിതരീതികളുമാണ്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഏകരൂപമായ ഒരു പ്രതിരോധം കലയിലൂടെ സാക്ഷാത്കരിക്കാൻ പ്രയാസമാണ് എന്നാണു എനിക്ക് തോന്നുന്നത്. ജനാധിപത്യമാർഗ്ഗത്തിൽ സമരം ഇനിയും തുടരും എന്ന് തന്നെയാണ് തോന്നുന്നത്

ശ്രീദേവി : ഇത്തരം ചർച്ചയിൽ നേരത്തെയായിരുന്നെങ്കിൽ ശുദ്ധമായ കലയെക്കുറിച്ചുമാത്രം നാം സംസാരിച്ചേനെ. പക്ഷെ ഇന്ന് രാഷ്ട്രീയമില്ലാതെ കലയെക്കുറിച്ചു ആലോചിക്കാൻ കഴിയാത്ത സാഹചര്യമാണ് അതുകൊണ്ടു രാഷ്ട്രീയത്തിന് തന്നെ മേൽക്കൈ വരുമെന്നതുകൊണ്ട് ദോഷമില്ല

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

16 Comments

Leave a Reply