Friday, September 17

കോലീബി സഖ്യചർച്ചയ്‌ക്കായി കുഞ്ഞാലിക്കുട്ടിയും മാണിയും വന്നിരുന്നതായി സി കെ പത്മനാഭൻ

2001 ലും കോലീബി സഖ്യത്തിനായി യു ഡി എഫ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നതായി   ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. സഖ്യത്തിനുവേണ്ടി കാസർകോഡ് വെച്ച് നടന്ന ചർച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്ന് സി.കെ. പദ്മനാഭൻ വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസിനോടാണ് ഈ തുറന്നു പറച്ചിൽ.

1991 ൽ താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. കെ ജി മാരാർ മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർഥിയായിരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറിയതായി സി കെ പി പറഞ്ഞു.

അന്ന് കോൺഗ്രസുകാർ തങ്ങളെ ചതിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസിന് ബി.ജെ.പിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞു. 2001 ലെ തിരഞ്ഞെടുപ്പിൽ ഞാൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാണ്. അന്ന് കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാർ, കുഞ്ഞാലിക്കുട്ടി , പി.പി മുകുന്ദൻ, ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർ യോഗം ചേർന്നു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യമെന്നും പദ്മനാഭൻ വെളിപ്പെടുത്തി

വിജയത്തിനായി കോൺഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. അതിന്  അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
പക്ഷെ ന്യൂനപക്ഷ വോട്ടുകൾ നേടാനായി തങ്ങളെ തള്ളിപ്പറയുകയും ചെയ്യും. 1991 ആവർത്തിക്കാനാണ് ലക്ഷ്യമെങ്കിൽ ഒരു സഖ്യത്തിനുമില്ലെന്ന് അന്ന് താൻ വ്യക്തമാക്കിയിരുന്നതായി സി കെ പത്മനാഭൻ പറഞ്ഞു. പഴയ തട്ടിപ്പുമായി വന്നാൽ അതിൽ വീഴുന്നവരല്ല ബി.ജെ.പിയെന്ന് അവർക്ക് ഇപ്പോൾ മനസ്സിലായിക്കാണും.

ഇത്തവണയും കോലീബി സഖ്യമുണ്ടെന്ന് എൽ ഡി എഫ് ആരോപിച്ചതോടെ പി പി മുകുന്ദനും ഇത് ശരിവച്ച് രംഗത്തെത്തിയിരുന്നു.

Spread the love
Read Also  മലമ്പുഴ 'രണ്ടാംനേമം' ; ബി ജെ പി ക്ക് വഴിയൊരുക്കി കോൺഗ്രസ്സ്, പ്രതിഷേധം ശക്തം