Wednesday, January 19

നരോദ ദാം കൂട്ടക്കൊല: അമിത് ഷായുടെ മൊഴി തള്ളണമെന്ന് പ്രത്യേക അന്വേഷണ സംഘം

2002ലെ ഗുജറാത്ത് കലാപത്തില്‍ പതിനൊന്ന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത നരോദ ഗാം കേസില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നല്‍കിയ സത്യവാങ്മൂലം തള്ളിക്കളയണമെന്ന് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം വാദം കേള്‍ക്കുന്ന പ്രത്യേക കോടതിയോട് ആഭ്യര്‍ത്ഥിച്ചു. സംഭവത്തിലെ മുഖ്യപ്രതിയും മുന്‍ ബിജെപി മന്ത്രിയുമായ മായ കോട്‌നാനിയെ പിന്തുണയ്ക്കുന്ന മൊഴിയാണ് അമിത് ഷാ കോടതിയില്‍ നല്‍കിയത്. സംഭവം നടക്കുമ്പോള്‍ ഇരുവരും ബിജെപി എംഎല്‍എമാരായിരുന്നുവെന്നും അതിനാല്‍ കോട്‌നാനിക്ക് അനുകൂലമായി 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിത് ഷാ നല്‍കിയ മൊഴിയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഗുരുരാങ് വ്യാസ് കോടതിയില്‍ വാദിച്ചു.

2002ല്‍ എംഎല്‍എ ആയിരുന്ന അമിത് ഷാ ഗോദ്രയില്‍ നിന്നും കര്‍സേവകരുടെ ശവശരീരങ്ങള്‍ എത്തിച്ച സോള സിവില്‍ ആശുപത്രി സന്ദര്‍ശിച്ചതിന് തെളിവുകളില്ലെന്നും വ്യാസ് ചൂണ്ടിക്കാട്ടി. പ്രധാന പ്രതികളായ ബാബു ബജ്രംഗി, ജയ്ദീപ് പാട്ടില്‍ തുടങ്ങിയവരാരും അമിത് ഷായുടെ സാന്നിധ്യം തെളിയിക്കുന്ന മൊഴികള്‍ നല്‍കിയിട്ടില്ല. 2002 ഫെബ്രുവരി 28ന് നരോദ ഗാം പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ താന്‍ അമിത് ഷായോടൊപ്പം സോള സിവില്‍ ആശുപത്രിയിലായിരുന്നു എന്നാണ് മായ കോട്‌നാനി മൊഴിയില്‍ പറ്ഞിരുന്നത്. മായ കോട്‌നാനിയെ താന്‍ ആശുപത്രിയില്‍ വച്ച് കണ്ടിരുന്നതായി ഷാ മൊഴി നല്‍കിയിരുന്നു.

ഗോദ്രയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ രോഷാകുലരായ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനാണ് താനും മായ കോട്‌നാനിയും ആശുപത്രിയില്‍ എത്തിയതെന്നാണ് അമിത് ഷായുടെ മൊഴി. 11നും 11.15 ഇടയ്ക്കുള്ള സമയത്താണ് തങ്ങള്‍ ആശുപത്രിയില്‍ എത്തിയതെന്നും തന്റെ വാഹനം കുറച്ച് അകലത്തില്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ പോലീസ് വാഹനത്തിലാണ് തന്നെ അവിടെ എത്തിച്ചതെന്നും ഷാ മൊഴിയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നാഥുഭായ് വഗേല, ഭാരത് കാന്തിഭായ് എന്നീ പ്രതിഭാഗം സാക്ഷികള്‍ സത്യവാങ്മൂലം നല്‍കുന്നത് വരെ അമിത് ഷായുടെ ആശുപത്രി സാന്നിധ്യം ഉയര്‍ന്ന് വന്നിരുന്നില്ലെന്ന് വ്യാസ് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷം മായകോട്‌നാനിയെ പ്രതിരോധിക്കാന്‍ 50 സാക്ഷികളെയാണ് ബിജെപി രംഗത്തിറക്കിയത്.

മുന്‍ ബിജെപി മന്ത്രിമാരായ മായ കോട്‌നാനിയും ബാബു ബജ്രംഗിയും ഉള്‍പ്പെടെ 82 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. കലാപവുമായി ബന്ധപ്പെട്ട നരോദ പാട്ടിയ കേസില്‍ മായ കോട്‌നാനിയെ ഈ വര്‍ഷം ഏപ്രിലില്‍ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

Spread the love
Read Also  നിശബ്ദരായി കാഴ്ചകാണുന്ന ഈ രാജ്യത്തെ ജനങ്ങളുടെ അവസ്ഥ എന്താകും?; ശ്വേതാ ഭട്ട്