Monday, January 24

ഭരണകൂടത്തിന്‍റെ ക്രൂരഫലിതങ്ങള്‍ ; എം പാനല്‍കാര്‍ നേരിടുന്ന മനുഷ്യാവകാശപ്രശ്നം

പത്തും പതിനഞ്ചും വര്‍ഷമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ ‘നീ നാളെ ജോലിക്ക് വരേണ്ടതില്ല, നമ്മുടെ സാധനങ്ങളൊക്കെ അകത്തുവെച്ചിട്ട് പൊയ്‌ക്കോ’ എന്ന് തൊഴിലുടമ പറയുമ്പോള്‍ തൊഴിലാളിയുടെ ആ നേരത്തെ  അവസ്ഥയൊന്നാലോചിച്ചു നോക്കൂ. ആ മുഹൂര്‍ത്തത്തില്‍  അവരുടെ മനസ്സിനേല്‍ക്കുന്ന  ആഘാതങ്ങള്‍ ആര്‍ക്കാണ് അളക്കാന്‍ കഴിയുക. ഈ  രണ്ടുംകെട്ട പ്രായത്തില്‍ ജോലിയന്വേഷിച്ച് ഇനി എവിടെ പോകാനാണ്. അക്ഷരാര്‍ത്ഥത്തില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു ഇന്നലെ കെ എസ് ആര്‍ ടി സി യില്‍ നിന്നും പിരിച്ചുവിടപ്പെട്ട  3850 കണ്ടക്ടര്‍മാര്‍ . പലരും ആത്മഹത്യയുടെ വക്കോളം എത്തിനില്‍ക്കുകയാണ്. ഈ അവസ്ഥ  ഇന്നലെയും ടെലിവിഷന്‍ ചാനലുകളിലും മറ്റും നിങ്ങള്‍ കണ്ടതാണല്ലോ. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ ജയപ്രകാശ് പറയുന്നതുകേള്‍ക്കൂ. ‘ഞാന്‍ പത്ത് വര്‍ഷമായി കണ്ടക്ടറായി  ജോലി ചെയ്തുവരികയാണ്. ഇന്നലെ ഉച്ചയ്ക്ക് വണ്ടിയില്‍ നിന്നറങ്ങിയ ഡിപ്പോ ഓഫീസിലേക്ക് കയറിയപ്പോള്‍  ഇനി പണിക്ക് വരേണ്ടെന്നു പറഞ്ഞു. എനിക്കു  വേറെ വരുമാനമൊന്നുമില്ല. ഒരു കാലിനു സ്വാധീനക്കുറവുള്ളതുകൊണ്ട്‌ കൂലിപ്പണിക്ക് പോലും പോകാനാവില്ല. വീട്ടില്‍ ഭാര്യയും രണ്ടു മക്കളും രോഗിയായ അമ്മയുമുണ്ട്‌, വീട് പണിപോലും  ഇതുവരെയും  പൂര്‍ത്തിയാക്കിയിട്ടില്ല. ഞാനിനി എങ്ങനെ ജീവിക്കുമെന്ന് ഒരു നിശ്ചയവുമില്ല സാറേ’

          പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്കൊപ്പം ജയപ്രകാശ് 

ഒരു ഡ്യൂട്ടിക്ക് 480 രൂപ നിരക്കില്‍ വേതനം ലഭിക്കുമായിരുന്ന  ഇവരില്‍ തൊണ്ണൂറു ശതമാനവും ദരിദ്രരാണ്. പലരും ഉറക്കമിളച്ചു ഒരു മാസം മുപ്പത്തഞ്ചും നാല്പതും ഡ്യൂട്ടി ചെയ്തു കുടുംബം പുലര്‍ത്തുന്നവരാണ്.   ജയപ്രകാശിന് അപകടത്തില്‍ ഒരു  കാലിനു ഗുരുതരമായ പരിക്ക് പറ്റി  സ്വാധീനമില്ലാത്ത അവസ്ഥയിലാണ്. കൃഷിഭൂമിയില്ല. വീടിന്‍റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച മട്ടാണ്. 

പതിനൊന്നു വര്‍ഷമായി കൊല്ലം ജില്ലയിലെ  കുളത്തൂപ്പുഴ ഡിപ്പോയില്‍ ജോലി ചെയ്യുന്ന  ആനന്ദ് റെക്സിന് സ്വന്തമായി ഭൂമി പോലുമില്ല. ഇടുക്കിയില്‍നിന്നും വന്നു കുളത്തൂപ്പുഴയില്‍ വാടകവീട്ടില്‍ ഭാര്യയും മക്കളുമൊത്ത് താമസിക്കുകയാണ്. വാടകയും  കൊടുത്ത് ദിനചര്യ കഴിയണമെങ്കില്‍ ഇനി മറ്റെന്തെങ്കിലും ജോലി കണ്ടെത്താനാവുമോ എന്ന് ഒരു ഉറപ്പുമില്ല.  ഇടുക്കി ബന്ധമുള്ളതുകൊണ്ട് തേയില കൊണ്ടുവന്നു വിറ്റ്‌ കുടുംബം പോറ്റാനുള്ള ശ്രമമാണ് എന്നും ആനന്ദ് പറയുന്നു 

ആനന്ദ് റെക്സ് 

ഡിപ്പോയിലെ 17 പേരോടൊപ്പം പിരിച്ചുവിടപ്പെട്ട അലെക്സിനു അല്പം ഭൂമിയുണ്ട് പക്ഷെ ബാങ്ക് വായ്പ എടുത്തു കൃഷി ചെയ്‌താല്‍ പന്നി ശല്യം കാരണം ഒന്നും കിട്ടില്ല, ഇനി എന്തുചെയ്യണമെന്നു ഒരു രൂപവുമില്ല 

 

     അലെക്സ് 

പതിനൊന്നു വര്‍ഷമായി ജോലിചെയ്യുന്ന ജോലി ചെയ്യുന്ന വിനീഷിനു സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയായിരുന്നു. ഭാര്യയും കുഞ്ഞുങ്ങളുമായി കൊല്ലം ജില്ലയിലെ ചോഴിയക്കോട് താമസിക്കുന്ന വിനീഷ് കോടതി വിധി വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ജീവിക്കാന്‍ മറ്റൊരു വഴിയും കാണുന്നില്ല. സംഘടന സുപ്രീംകോടതിയില്‍ കൊടുക്കുന്ന അപ്പീലില്‍ എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം എന്നല്ലാതെ എന്ത് പറയാനാണ് വിനീഷിനു കഴിയുക.

വൻതൊഴിൽ പ്രശ്നങ്ങളാണ് എതാണ്ട് എല്ലാ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും തുടർച്ചയായുണ്ടായിക്കോണ്ടിരിക്കുന്നത്. അതിൻ്റെ ഏറ്റവും പുതിയ തെളിവാണ് കെ എസ് ആർ ടിസിയിൽനിന്നും കഴിഞ്ഞദിവസം കുറച്ചു ജീവനക്കാരെ പിരിച്ചു വിടപ്പെട്ട സംഭവം. ഒരു തരത്തിൽ പറഞ്ഞാൽ കോർപ്പറേഷനുകളിലും ബോർഡിലുമൊക്കെയുള്ള അമിതരാഷ്ട്രീയ ഇടപെടലിൻ്റെ അവസാനഭാഗമാണിപ്പോൾ പിരിച്ചുവിടപ്പെട്ട ജീവനക്കാർ. ഭരണം നടത്തുന്ന രാഷ്ട്രീയകക്ഷികൾക്ക് ബന്ധുക്കളേയും പാർട്ടി അണികളേയും പ്രീതിപ്പെടുത്താനുള്ള ഇടങ്ങളായി മാറുകയാണ് ബോർഡുകളും കോർപ്പറേഷനുകളും.  

Read Also  സംസ്ഥാനത്ത് ബസ്‌ ചാർജ് വർദ്ധിപ്പിക്കാൻ ശുപാർശയുമായി കമ്മീഷൻ

ഇപ്പോൾ ഉണ്ടായ എം പാനൽ ജീവനക്കാരെ പിരിച്ചുവിടപ്പെട്ട സംഭവത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ  2014 ൽ തുടങ്ങിയ പ്രതിസന്ധിയാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് റാങ്ക് ലിസ്റ്റ് നിലവിലിരിക്കുമ്പോൾ എൻ ജെ ഡി ഒഴിവിലേക്കെന്നു പറഞ്ഞ്   ഏതാണ്ട് ആയിരത്തി നാനൂറു പേരെ നിയമിക്കുകയുണ്ടായി. അതിനെതിരെ റാങ്ക് ലിസ്റ്റിലുള്ളവർ കോടതിയില്പോയിരുന്നു. അന്ന് കയറിയവരെ പിരിച്ചുവിടാനുള്ള ഉത്തരവിനു മുകളിലാണ് ഇപ്പോൾ ഹൈക്കോടതി അതിനുംമുൻപ് സർവീസിൽ കയ്യറിയ  എം പാനൽ കാരെ മൊത്തം പിരിച്ചുവിടണമെന്നു ഉത്തരവിട്ടിരിക്കുന്നത്. ഈ റാങ്ക് ലിസ്റ്റിൽനിന്നും ജോലിക്ക് ചേരാന്‍  അധികമാരും തയ്യാറാവില്ല  എന്നതും സത്യമാണ്. ജോലിയുണ്ടേങ്കിൽ മാത്രം പണിയെടുക്കുന്ന എം പാനൽ ജീവനക്കാരെ  നിയമിച്ചുകൊണ്ട് തന്നെ ജോലിയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാമായിരുന്നു. അവിടെ ചിലപ്പോൾ ഒരു സ്വാഭാവിക പിരിഞ്ഞുപോകൽ മാത്രമേ സംഭവിക്കുമായിരുന്നുള്ളൂ. മാത്രമല്ല ഇനി ഒരു മാസത്തിൽ കൂടുതലെടുക്കും ഇവരുടെ നിയമനം പൂർത്തിയാക്കാൻ. അത്രയുംകാലം കെ എസ് ആർ ടി സിയ്ക്കുണ്ടാകുന്ന ഷെഡ്യൂൾ നഷ്ടംപോലും കണക്കാക്കിയിട്ടില്ല.

കഴിഞ്ഞ സർക്കാർ ഇല്ലാത്ത ഒഴിവുകൾ ഉണ്ടെന്ന് വരുത്തിത്തീർത്ത് ഏതാണ്ട് പതിനായിരത്തോളം ഒഴിവുകളുണ്ടെന്നു പറഞ്ഞു പി എസ് സിയ്ക് റിപ്പോർട്ട് കൊടുക്കുകയും അതനുസരിച്ച് എഴുത്ത് പരീക്ഷയും ശാരീരികക്ഷമതാ പരീക്ഷയുമൊക്കെ നടത്തിയുണ്ടാക്കിയ റാങ്കു ലിസ്റ്റ് നിലവിലിരിക്കേതന്നെയാണ് രാഷ്ട്രീയ നിയമനം നടത്തി ഈ ആയിരത്തി നാനൂറുപേരെ നിയമിച്ചത്. പി എസ് സിയും സർക്കാരും തമ്മിലുള്ള പൊരുത്തക്കേടിൻ്റെ ഭാഗമായും ഇതിനെ കാണാം. കാരണം സർക്കാർ നൽകിയ കണക്കനുസരിച്ച് പതിനായിരത്തോളം പേർക്ക് അവർ അഡ്വൈസ് അയക്കുകയും നിലവിൽ ഒഴിവുകൾ ഇല്ലാതിരിക്കുകയും ചെയ്ത അവസ്ഥയാണുണ്ടായത്, അഡ്വൈസ് ലഭിച്ച ഉദ്യോഗാർത്ഥികൾ കേസിനായി പുറപ്പെടുകയും ചെയ്തു. ഇങ്ങനെ ഈ സംഭവത്തിനു മറ്റൊരു മുഖം കൂടിയുണ്ടായി. പഠിച്ചെഴുതിയ ടെസ്റ്റ് പാസായിട്ടും ജോലി നിഷേധിക്കപ്പെടുന്ന ഒരു സംഘം ഉദ്യോഗാർത്ഥികളും പിന് വാതിലിലൂടെ നിയമനം  ലഭിച്ച കുറച്ചു മനുഷ്യരും തമ്മിലുള്ള പ്രശ്നമായി മാറി. ഈ പ്രശ്നത്തെ പുറത്തുനിൽക്കുന്ന മറ്റൊരാൾ നിരീക്ഷിക്കുമ്പോൾ ഒരു തൊഴിൽപ്രശ്നത്തിനുപരി തൊഴിലില്ലായ്മയുടെ പ്രശ്നമായിക്കണ്ട് ന്യായീകരിക്കുകയേ ഉള്ളൂ. എന്നാൽ നിലവിലെ അവസ്ഥയിൽ കെ എസ് ആർ ടിസി നൽകുന്ന തുച്ഛമായ കൂലി കൈപ്പറ്റി കുടുംബം പുലർത്തുന്നവരാണ് ഇപ്പോൾ പിരിച്ചു വിടപ്പെട്ട എം പാനൽ എന്നപേരിൽ അറിയപ്പെട്ട ജീവനക്കാർ. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ മുൻപ് നമ്മൾ ബാർ ജീവനക്കാർക്ക് സംഭവിച്ചതുപോലെ ഒരു മാനുഷിക പ്രശ്നമായി കണക്കാക്കേണ്ടതാണ്.

ഇനി മറ്റോന്നുകൂടി പരിശോധിക്കാം. നിലവിൽ കോർപ്പറേഷൻ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോൾ ഈ എം പാനൽ കാരെ പിരിച്ചുവിട്ട ദിവസം തന്നെ ആയിരത്തിലധികം ഷെഡ്യൂളുകൾ റദ്ദാക്കപ്പെട്ടു. നിലവിലെ കണ്ടക്ടർമാർക്ക് ഒരു തരത്തിലുള്ള അവധിയും കൊടുക്കേണ്ടെന്ന ഉത്തരവും ഇതോടോപ്പം മാനേജ്മെൻ്റ് ഇറക്കിയിട്ടുമുണ്ട്. ലീവ് അനുവദിക്കണമെങ്കിൽ ചീഫ് ഓഫീസിൽനിന്നും നേരിട്ടുള്ള അനുമതിവാങ്ങണമെന്നു ആവശ്യപ്പെടുന്നു. ഓരോ ജില്ലയിൽനിന്നും ഇരുനൂറിനടുത്ത് ജീവനക്കാരെ പിരിച്ചുവിടപ്പെട്ടതായറിയുന്നു.

എതാണ്ട് പത്തുവർഷങ്ങളായി കെ എസ് ആർ ടിസി യെ സേവിച്ചുകോണ്ടിരിക്കുന്ന അർദ്ധപട്ടിണിക്കാരാണിവരിൽ അധികവും. അതി വിചിത്രമായ സേവനനിയമങ്ങളും ഇവരുടെ മുകളിൽ കെ എസ് ആർടി സി മാനേജ്മെൻ്റ് അടിച്ചേൽപ്പിച്ചിട്ടുണ്ട്. മാസത്തിൽ ഇരുപത് ഡ്യൂട്ടി തികയ്ക്കേണ്ട ഉത്തരവാദിത്വം അത്തരത്തിലൊന്നാണ്. ഇരുപതു ജോലി മാസത്തിൽ തികയ്ക്കാൻ സാധിക്കാത്ത ഒരു എം പാനൽ ജീവനക്കാരൻ ആയിരം രൂപാ മാനേജ് മെൻ്റിനു പെനാലിലിറ്റിയായി കൊടുക്കണം. കേരളത്തിലെ ഏതാണ്ട് അസംഘടിതമായ താത്കാലിക തൊഴിൽ മേഖലകളിലെല്ലാം ഇത്തരത്തിലുള്ള മുതലെടുപ്പ് നടക്കുന്നുണ്ട്. ദിവസകൂലിയായ  രൂപയ്ക്കാണിവർ പണിചെയ്തിരുന്നതും. 

Read Also  തമ്പാനൂർ ബസ്റ്റാന്റിലെ കയ്യേറ്റക്കച്ചവടം ചോദ്യം ചെയ്ത യാത്രക്കാരനെ സെക്യൂരിറ്റി ജീവനക്കാരൻ ആക്രമിച്ചു

ശമ്പളപരിഷ്കരണ കരാറിൽ പത്തുവർഷമായവരെ സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനവും നിലവിലുണ്ടായിരുന്നപ്പോഴാണിവരെ പിരിച്ചുവിട്ടതെന്നതു ശ്രദ്ധേയമാകുന്നു..

ഇനി മറ്റൊന്നുകൂടി പരിശോധിക്കാം അതു കോർപ്പറേഷൻ എം ഡിയുടെ തൊഴിലാളി വിരുദ്ധ മനോഭാവമാണ്.

എം ഡിയെന്ന അധികാരകേന്ദ്രം കൃത്യമായ അജണ്ടയോടുകൂടി നടപ്പാക്കുന്ന തൊഴിൽ വിരുദ്ധനയമാണിപ്പോൾ  നിലവിലിരിക്കുന്നത്. അതേ സമയത്താണ് ഇത്തരത്തിലുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ജീവനക്കാർ പറഞ്ഞുകേട്ട ഒരു സംഭവം കൂടിയിവിടെ വിശദീകരിക്കാം

ഡ്യൂട്ടിക്കിടെ ഉണ്ടായ ആക്സിഡൻ്റിൽ കാലുമുറിക്കപ്പെട്ട ജീവനക്കാരനോടുള്ള എം ഡിയുടെ ഇടപെടലിനെപ്പറ്റി ജീവനക്കാർ തന്നെ പറയുന്നത് കേട്ടാൽ നമ്മൾ ജീവിക്കുന്ന തൊഴിലിടത്തിലെ മാന്യതയ്ക്ക് വേണ്ടി ശബദമുയർത്തുന്ന ജനാധിപത്യകേരളത്തിലാണോ ഈ കോർപ്പറേഷൻ നിലനിൽക്കുന്നതെന്നു പോലും
സംശയമുണ്ടാകുന്നു. മുൻപ് ചെയ്തുകൊണ്ടിരുന്ന ഡ്രൈവിംഗ് ജോലി ഇനി ചെയ്യാൻ സാധിക്കാത്തതിനാൽ  അദർ ഡ്യൂട്ടി ആവശ്യപ്പെട്ട ആ ജീവനക്കാരനോടു നിങ്ങൾ മരിച്ചാൽ അനന്തരാവകാശിക്ക് ജോലികിട്ടുമെന്നു പറയാൻ തക്ക ധാർഷ്ഠ്യമാണ് എം ഡിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ജോലിഭാരമടിച്ചേൽപ്പിച്ചും പലതും ഔട്ട് സോഴ്സ് ചെയ്തും കെ എസ് ആർ ടി സി യെ എങ്ങനെ പരുവപ്പെടുത്തിയെടുക്കാമെന്നുള്ള തീരുമാനമാണ് നിലവിലെ എം ഡി യ്കുള്ളതെന്ന് ജീവനക്കാർ ഒന്നടങ്കം പറയുന്നു. ടോമിൻ തച്ചങ്കരി എം ഡിയായി ചാർജെടുക്കുമ്പോൾ ജീവനക്കാരില്‍  ബഹുഭൂരിപക്ഷത്തിനും അദ്ദേഹത്തിൻ്റെ അക്കാലത്തെ പ്രവർത്തനങ്ങളോടു വലിയ മതിപ്പും അതുകൊണ്ടുതന്നെ പിന്തുണയും നൽകിയിരുന്നു. പക്ഷേ പിന്നീടുള്ള പോക്കിൽ സംശയം തോന്നിത്തുടങ്ങിയപ്പോൾ കലാപക്കൊടിയുയർത്തിയത് സി ഐ റ്റി യു നേതൃത്വത്തിലുള്ള സംഘടന തന്നെയായിരുന്നുവെന്നതും ഈ സംശയത്തിനിടനൽകുന്നു. നിലവില്‍ അനുവദിച്ച സഹായധനം പോലും ബസുകൾ വാങ്ങാനായുപയോഗിക്കാതിരിക്കുകയും തൊഴിൽ അവസരങ്ങൾ അങ്ങനേയും തടയുകയും ചെയ്യുന്ന മാനേജുമെൻ്റിൻ്റെ തീരുമാനം ഈ പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്കനുകൂലമാകില്ലെന്നുള്ളതും ഉറപ്പാണ്. 

തൊഴിൽ മേഖലയിലെ അമിത രാഷ്ട്രീയ ഇടപെടലിൻ്റെ രക്തസാക്ഷികളാണ് ഇത്തരത്തിൽ നിയമനം ലഭിക്കുന്നവർ മുൻപ് സൂചിപ്പിച്ചതു പോലെ മിക്ക അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള തൊഴിൽ ചൂഷണം ശക്തമായി നിലനിൽക്കുന്നുണ്ട്. ഒടുവിൽ മനുഷ്യാവകാശ പ്രശ്നത്തിലെത്തിനിക്കുന്ന ഇത്തരം തൊഴിൽ പ്രശ്നങ്ങളവസാനിക്കണമെങ്കിൽ അനധികൃത നിയമനത്തിനെതിരെ ശക്തമായി നിലപാടെടുക്കാൻ സർക്കാരിനു കഴിയണം അതുപോലെ തന്നെ എല്ലാ തൊഴിൽ മേഖലകളിലേക്കുമുള്ള നിയമനം പി എസ് സിയ്ക്ക് വിട്ടു കൊടുക്കുകയും വേണം. സേവന മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭനഷ്ട കണക്കല്ല എടുക്കേണ്ടത്.  പൂര്‍ണമായും സേവനമേഖലയില്‍ ഉള്‍പ്പെടുത്തി ജീവനക്കാരെയും കോര്‍പ്പറേഷനെയും നിലനിര്‍ത്തുക എന്ന ദൗത്യത്തിനാവണം ഊന്നല്‍ കൊടുക്കേണ്ടത്.   അത്തരത്തിലുള്ള ഒരു നയരൂപീകരണം സർക്കാരിൻ്റെ ഭാഗത്തുനിന്നുമുണ്ടാകാതെ തൊഴിൽ മേഖലയിലെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഇതിനു സര്‍ക്കാരിന്റെ  നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനമാണ് ആവശ്യം 

കവര്‍ ഫോട്ടോ , കടപ്പാട് : കേരള കൗമുദി  

 

Spread the love

Leave a Reply