Monday, January 17

തമിഴ് താര മാമാങ്കം: ഉദയനിധി സ്റ്റാലിനെ മുന്‍നിറുത്തി ഡിഎംകെ പടക്കളത്തിലേക്ക്‌

ചലച്ചിത്രനിര്‍മ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിനെ രംഗത്തിറക്കിയാല്‍ പുതിയൊരു അച്ചുതണ്ട് പാര്‍ട്ടിയില്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് ഡിഎംകെയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു.

പെരിയാര്‍ ഇ വി രാമസ്വാമിയുടേയും അറിഞ്ജര്‍ അണ്ണാദുരേയുടേയും പാദമുദ്രകളില്‍ നിന്ന് ഊര്‍ജ്ജം ഏറ്റുവാങ്ങിയ സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായിരുന്നു. ഒരിക്കല്‍ തമിഴകത്തിന്റേയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും ഭാഗധേയങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുള്ള ഈ നേതാവിനെ ആര്‍ക്കും എഴുതിത്തള്ളാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ അച്ഛന്റെ നിഴലായി സഞ്ചരിച്ച എംകെ സ്റ്റാലിനു ഒരിക്കലും അദ്ദേഹമായി തീരാനാവില്ല എന്നത് ചരിത്രയാഥാര്‍ത്ഥ്യം. മകനു വേണ്ടി വൈ ഗോപാലസ്വാമി എന്ന വൈകോ ഉള്‍പ്പെടെയുള്ള പല യുവനേതാക്കളേയും വെട്ടിയരിഞ്ഞ കരുണാനിധിയുടെ ‘ഉള്‍പ്പാര്‍ട്ടി ജനാധിപത്യ’ചരിത്രം തമിഴകത്ത് നാടോടിപ്പാട്ടാണ്. ഇവിടെയാണ് സ്റ്റാലിനു നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്.

ഡിഎംകെയുടെ വര്‍ക്കിംഗ് പ്രസിഡന്റായ സ്റ്റാലിനില്‍ അണികള്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും ഇന്നത്തെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കരുണാനിധിയുടെ ഈ കണ്ണിലുണ്ണിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന സംശയം ഉയര്‍ന്നപ്പോഴാണ് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ പേരുമായി ചിലര്‍ രംഗത്തെത്തുന്നത്. ചലച്ചിത്രനിര്‍മ്മാതാവും നടനുമായ ഉദയനിധിയെ രംഗത്തിറക്കിയാല്‍ പുതിയൊരു അച്ചുതണ്ട് പാര്‍ട്ടിയില്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് അണികള്‍ വിശ്വസിക്കുന്നു. അതിന്റെ മുന്നോടിയായി കലൈഞ്ജറുടെ ജ•ദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ചീപുരത്ത് ഏഴു സ്ഥലങ്ങളിലാണ് ഉദയനിധി പാര്‍ട്ടി പതാക ഉയര്‍ത്തിയത്. പാര്‍ട്ടി ഭാരവാഹികളല്ലാത്ത ആരും ഇതുവരെ പാര്‍ട്ടി പതാക ഉയര്‍ത്തിയിട്ടില്ല. അതിനു പറ്റിയ ഒരാളെയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് ആവശ്യം. അഴിമതിയില്‍ കുളിച്ചുതിമിര്‍ത്തുകിടക്കുന്ന ദ്രാവിഡ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്താണ് ഡിഎംകെ. സ്റ്റാലിനോ നിലവിലുള്ള മറ്റ് നേതാക്ക•ാര്‍ക്കോ പാര്‍ട്ടിയെ രക്ഷപ്പെടുത്താനാവില്ല. പുതിയ പരിവേഷം സൃഷ്ടിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തോറ്റുതുന്നംപാടുമെന്ന് ജനങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ രഹസ്യറിപ്പോര്‍ട്ടാണ് ഉദയനിധിയെ രംഗത്തിറക്കാന്‍ തലതൊട്ടപ്പ•ാരെ പ്രേരിപ്പിച്ചത്.

ആദവന്‍, ഒരു കല്‍ ഒരു കണ്ണാടി, വണക്കം ചെന്നൈ, മനിതന്‍ തുടങ്ങിയ പത്തിലധികം ചിത്രങ്ങള്‍നിര്‍മ്മിക്കുകയും ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്ത ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ പാര്‍ട്ടിപത്രമായ മുരശൊലിയുടെ മുഖ്യ ചുമതലക്കാരനാണ്. പാര്‍ട്ടിയുടെ യുവജനവിഭാഗം സെക്രട്ടറിയായി ഉയര്‍ത്താനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.യുവജനവിഭാഗംസെക്രട്ടറി സ്ഥാനത്തു നിന്നാണ് എം കെ സ്റ്റാലിന്‍ വര്‍ക്കിംഗ് പ്രസിഡന്റായി ഉയര്‍ന്നത്.ആ സ്ഥാനമാകട്ടെ വലിയ പദവിയാണ്. 1998 ലാണ് ഈ പദവി സൃഷ്ടിക്കുന്നത്. അതും സ്റ്റാലിനു വേണ്ടി. 55 വയസ്സുവരെ യുവജനനേതാവായി വിലസുകയും ചെയ്തു. (കേരളത്തിലെ യൂത്തുകോണ്‍ഗ്രസുകാരെപ്പോലെ). മുന്‍ എംഎല്‍എ സ്വാമിനാഥനാണ് ഇപ്പോഴത്തെ യുവജനവിഭാഗം സെക്രട്ടറി. അയാളെ ഒഴിവാക്കി ഉദയനിധിയെ ആ സ്ഥാനത്തിരുത്താനാണ് ഇപ്പോഴത്തെ ശ്രമം. എന്നാല്‍ മറ്റൊരു വിഭാഗം അതിനെ എതിര്‍ക്കുന്നു. താഴേത്തട്ടിലുള്ള പ്രവര്‍ത്തന പരിചയമില്ലാത്ത ആളെ എങ്ങനെ സെക്രട്ടറിയാക്കുണ്‍മെന്നാണ് അവര്‍ ചോദിക്കുന്നത്. നാടകവും സിനിമയുമാണ് ദ്രാവിഡപ്രസ്ഥാനണ്‍ങ്ങളുടെ അടിത്തറ. അതിന്റെ മുന്നില്‍ നിന്നവരാണ് അണ്ണാദുരൈയും കരുണാനിധിയും എംജിആറും ജയലളിതയുണ്‍മൊക്കെ.ഉദയനിധിയുടെ കാലം പണ്ടത്തെ സിനിമയുടേതല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. രാഷ്ട്രീയം ശക്തിപ്പെടുത്താനല്ല സ്വന്തം കീശ വീര്‍പ്പിക്കാനാണ് ഉദയനിധിയുടെ റെഡ് ജയിന്റ് മൂവീസ് എന്ന കമ്പനി ശ്രമിക്കുന്നതെന്നാണ് അവരുടെ വിലയിരുത്തല്‍.

Read Also  എടപ്പാടി പളനിസ്വാമിക്കെതിരെ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം

പരിചയ സമ്പന്നരായ യുവാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടായിട്ടും കുടുംബവാഴ്ടയുടെ പേരില്‍ ഉദയനിധിയെ കൊണ്ടുവന്നാല്‍ അണികള്‍ പ്രതികരിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് തമിഴകത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടിയില്‍ വിള്ളല്‍ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയുടെ നെടുംകോട്ടയായ മധുരയില്‍ സ്റ്റാലിന്‍ വിഭാഗത്തിനു ശക്തികുറവാണ്. സ്റ്റാലിനു കൂടുതല്‍ പ്രാധാന്യം പാര്‍ട്ടിയില്‍ കൊടുക്കുന്നുവെന്നതിന്റെ പേരിലാണ് അഴഗിരി മുമ്പ് യുദ്ധം പ്രഖ്യാപിച്ചത്. അവര്‍ തമ്മിലുള്ള ശീതസമരം ഇന്നും നിലനില്‍ക്കുന്നുമുണ്ട്. അതാകട്ടെ ഉദയനിധി ഘടകത്തെ എതിര്‍ദിശയിലേക്ക് നയിക്കുമെന്നുറപ്പാണ്. അതായത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ പുതിയൊരു ദശാസന്ധി രൂപപ്പെട്ടേക്കാം. അനധികൃത ഗ്രാനൈറ്റ് കേസില്‍ അഴഗിരിയുടെ മകന്‍ ദുരൈ ദയാനിധി ഉള്‍പ്പെടെയുള്ള 12 പേര്‍ക്കെതിരെയുള്ള കേസ് ഇപ്പോഴും നടക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായി ഗ്രാനൈറ്റ് ഖനനം നടത്തുകയും കോടിക്കണക്കിനു രൂപയുടെ നികുതിവെട്ടിപ്പു നടത്തിയെന്നുമാണ് മധുര ജില്ലാ കളക്ടര്‍ കണ്ടെത്തിയത്. കഷ്ടകാലം വന്നപ്പോള്‍ ഒപ്പംനില്‍ക്കേണ്ട പാര്‍ട്ടി തനിക്കെതിരെ കൂരമ്പുകള്‍ എയ്‌തെന്നും ഈ സന്ദര്‍ഭം സ്റ്റാലിന്‍ മുതലെടുക്കാന്‍ ശ്രമിച്ചെന്നും അഴഗിരി ആരോപിച്ചിരുന്നു. സ്റ്റാലിനെതിരെ കോട്ടകള്‍ തീര്‍ക്കാനുള്ള വ്യഗ്രതയില്‍ സ്വന്തം പിതാവിനെപ്പോലും തള്ളിപ്പറയാന്‍ അഴഗിരി മടിട്ടില്ല.

അഭ്രപാളികളില്‍ നിന്ന് പൊട്ടിവീണ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമിഴക രാഷ്ട്രീയത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍ ചങ്കിടിപ്പേറുന്നത് ഡിഎംകെക്കാണ്. പുരട്ശ്ചിത്തലൈവി ജയലളിതയുടെ ദുരൂഹമായ അന്ത്യവും സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ മറവിയുടെ മുങ്ങാംകുഴിയിലേക്കുള്ള ദയനീയ യാത്രയും സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യത നികത്താനാണ് സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രംഗത്തെത്തിയിരിക്കുന്നത്. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും അന്ധകാരമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന ദ്രാവിഡകക്ഷികള്‍ സൃഷ്ടിച്ച അരാജകത്വത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്നതാണ് അവരുടെ നിലവിലുള്ള അജണ്ട. അവര്‍ സൃഷ്ടിക്കുന്ന ഏതു ചലനവും പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. എന്തായാലും തമിഴകത്ത് പുതിയൊരു രാഷ്ട്രീയസമന്വയത്തിനു കളമൊരുങ്ങുകയാണ്.

Spread the love

Leave a Reply