Monday, January 17

ആദിവാസികളെ പിന്തുണയ്ക്കുന്നത് രാജ്യദ്രോഹമാവുമോ? ഫാദര്‍ സ്റ്റാന്‍ സ്വാമി ചോദിക്കുന്നു

 

സ്റ്റാന്‍ സ്വാമി

ആദിവാസികളോടും അന്തസോടെയും സ്വാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള അവരുടെ പോരാട്ടത്തോടും കഴിഞ്ഞ രണ്ട് ദശാബ്ദമായി ഐക്യദാര്‍ഢ്യം പ്രഖാപിച്ചിട്ടുള്ള ആളാണ് ഞാന്‍. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ പ്രക്രിയയ്ക്കിടയില്‍, ഇന്ത്യന്‍ ഭരണഘടനയുടെ വെളിച്ചത്തില്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നിരവധി നയങ്ങളോടും നിയമങ്ങളോടുമുള്ള എന്റെ ഭിന്നാഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരുകളും ഭരണവര്‍ഗ്ഗവും കൈക്കൊണ്ട നിരവധി നടപടികളുടെ നിയമസാധുതയെയും നീതിയെയും ഞാന്‍ ചോദ്യം ചെയ്തിട്ടുമുണ്ട്.

പതല്‍ഗാഡി പ്രശ്‌നത്തെ സംബന്ധിച്ചിടത്തോളം അവര്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നു എന്ന് എന്നോട് തന്നെ നിരവധി തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്. സഹിക്കാവുന്നതിനപ്പുറം അവര്‍ ചൂഷണം ചെയ്യപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ് എനിക്ക് ലഭിക്കുന്ന ഉത്തരം. അവരുടെ മണ്ണില്‍ നിന്നും ഖനനം ചെയ്യപ്പെട്ട സമ്പുഷ്ടമായ ധാതുക്കള്‍ വഴി പുറത്തുനിന്നുള്ള വ്യവസായികളും വ്യാപാരികളും സമ്പന്നരായപ്പോള്‍ തദ്ദേശീയരായ ആദിവാസികളുടെ ജീവിതം പട്ടിണി മരണങ്ങളിലേക്ക് ചുരുങ്ങി. ഉല്‍പാദിപ്പിക്കപ്പെടുന്ന ഒന്നിലും അവര്‍ക്ക് ഓഹരിയുണ്ടായിരുന്നില്ല. അവരുടെ ക്ഷേമത്തിനായി നിര്‍മ്മിച്ച നിയമങ്ങളും നയങ്ങളും ബോധപൂര്‍വം നടപ്പിലാക്കപ്പെട്ടില്ല. ഇനിയും ഈ ചൂഷണം അനുവദിക്കാനാവില്ലെന്ന് അവര്‍ തീരുമാനിച്ചു. പത്തല്‍ഗാകളിലൂടെ ഗ്രാമ സഭകളെ ശാക്തീകരിച്ചുകൊണ്ട് തങ്ങളുടെ സ്വത്വം വീണ്ടെടു്കകാന്‍ അവര്‍ തീരുമാനിച്ചു. അവരുടെ പ്രവൃത്തികള്‍ മനസിലാക്കാവുന്നതേയുള്ളു.

ഞാന്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍:

1) സംസ്ഥാനത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ക്ഷേമവും വികസനവും സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിലും സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ആദിവാസി സമൂഹത്തിലെ അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഗോത്ര ഉപദേശക സമിതി നല്‍കുന്ന ഉപദേശം സ്വീകരിക്കാന്‍ സംസ്ഥാന ഗവര്‍ണറെ ബാധ്യസ്ഥമാക്കുന്ന ഭരണഘടനയുടെ അഞ്ചാം ്അനുശ്ചേദത്തിലെ 244(1) വകുപ്പ് നടപ്പിലാക്കാത്തതിനെ ഞാന്‍ ചോദ്യം ചെയ്തിരുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ ഭരണഘടന കാവല്‍ച്ചുമതല ഗവര്‍ണര്‍ക്കാണ്. ആദിവാസി ജനങ്ങളുടെ ക്ഷേമത്തിനായി സ്വന്തമായി നിയമങ്ങളുണ്ടാക്കാനോ സംസ്ഥാന നിയമസഭയോ പാര്‍ലമെന്റോ നിര്‍മ്മിക്കുന്ന നിയമം ഈ ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് എതിരാണെന്ന് തോന്നിയാല്‍ തള്ളിക്കളയാനോ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എ്ന്നാല്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുമായി സൗഹൃദത്തില്‍ പോകണമെന്ന ന്യായം പറഞ്ഞ് കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ഗവര്‍ണറും ഭരണഘടന നല്‍കുന്ന ഈ വിവേചനാധികാരം ഉപയോഗിച്ചിട്ടില്ല. ഗോത്ര ഉപദേശക സമിതിയുടെ യോഗങ്ങള്‍ അത്യപൂര്‍വമായി മാത്രമാണ് നടക്കാറുള്ളത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങള്‍ എല്ലായിപ്പോഴും നിയന്ത്രിക്കുന്നത് അതത് സംസ്ഥാനങ്ങളിലെ ഭരണ പാര്‍ട്ടികളാണ്. ഭരണഘടന ആദിവാസികള്‍ക്ക് ഉറപ്പുനല്‍കിയ സംരക്ഷണം ഇല്ലാതാക്കിക്കൊണ്ട് ഗോത്ര ക്ഷേമ സമിതികളെ നിര്‍ഗുണ സ്ഥാപനങ്ങളാക്കി മാറ്റി.

2) ഗ്രാമ സഭകളിലൂടെ സ്വയം ഭരണത്തിന്റെ ശക്തമായ പാരമ്പര്യം ഇന്ത്യയിലെ ആദിവാസി സമൂഹങ്ങള്‍ക്കുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിച്ച 1996ലെ പഞ്ചായത്ത് (ഷെഡ്യൂള്‍ഡ് പ്രദേശങ്ങളിലേക്കുള്ള വ്യാപനം) ചട്ടത്തെ ഞാന്‍ ചോദ്യം ചെയ്തു. ആദിവാസി സമൂഹങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലും ഈ ചട്ടം നടപ്പാക്കിയില്ല. ആദിവാസികള്‍ക്ക് സ്വയം ഭരണം ലഭിക്കുന്നതില്‍ കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കുന്ന ഭരണവര്‍ഗ്ഗങ്ങള്‍ താല്‍പര്യമില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

3) ഷെഡ്യൂള്‍ഡ് പട്ടികയില്‍ പെടുന്ന പ്രദേശങ്ങളിലെ ആദിവാസികള്‍ക്ക് വിലിയ ആശ്വാസമായി വിലയിരുത്തപ്പെട്ട സുപ്രീം കോടതിയുടെ 1997ലെ സമാതാ വിധിയെ കുറിച്ച് സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന മൗനത്തെ ഞാന്‍ ചോദ്യം ചെയ്തു. ആഗോളീകരണത്തിന്റെയും ഉദാരീകണത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കണത്തിന്റെയും ഫലമായി ധാതു സമ്പത്ത് കൊള്ളയടിക്കുന്നതിനായി മധ്യേന്തിയിലെ ആദിവാസി മേഖലകളിലേക്ക് തദ്ദേശീയ, അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ കടന്നുകയറുന്ന സമയത്താണ് ആ വിധി പുറത്തുവരുന്നത്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ കോര്‍പ്പറേറ്റുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. ആദിവാസികളുടെ ഭാഗത്തുനിന്നുള്ള ഏത് തരത്തിലുള്ള ചെറുത്ത് നില്‍പ്പും ഉരുക്ക് മുഷ്ടിയുപയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ടു. തങ്ങളുടെ ഭൂമിയില്‍ ഖനനം നടത്തുന്നത് നിയന്ത്രിക്കാനും സാമ്പത്തികമായി സ്വയം പുരോഗമിക്കുന്നതിനും ആദിവാസികള്‍ക്ക് അവസരം നല്‍കുന്ന ഒരു വിധിയായിരുന്നു സുപ്രീം കോടതിയുടേത്. എന്നാല്‍ പരമോന്നത് കോടതിയുടെ വിധി അവഗണിക്കുകയാണ് ഭരണകൂടം ചെയ്തത്. ഖനനത്തിന്റെ ഇരകളായ ജനതയ്‌ക്കെതിരെ നിരവധി കേസുകള്‍ നിലവില്‍ വന്നു. സമ്പുഷ്ടമായ ധാതു സമ്പത്ത് കൊള്ളിയടിക്കുന്നതിനും ആദിവാസികളെ അരികുവല്‍ക്കരിക്കുന്നതിനുമായി കോളനി ഭരണകാലത്തെ കരിനിയമങ്ങള്‍ ഉപയോഗിക്കപ്പെട്ടു.

4) 2006ല്‍ പാസാക്കിയ വനവകാശ നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിനുള്ള വൈമുഖ്യത്തെ ഞാന്‍ ചോദ്യം ചെയ്തു. ജലവും കാടും കൃഷി ഭൂമിയുമാണ് ആദിവാസി ജനതയുടെ സാമ്പത്തിക ജീവിനത്തിന്റെ അടിസ്ഥാനമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. കാടിന് മേലുള്ള അവരുടെ പരമ്പരാഗത അവകാശങ്ങള്‍ ദശാബ്ദങ്ങളായി കവര്‍ന്നെടുക്കപ്പെട്ടു. ആദിവാസികളോടും വനത്തില്‍ താമസിക്കുന്ന മറ്റുള്ളവരോടും ചരിത്രപരമായ അനീതിയാണ് കാണിക്കുന്നതെന്ന് ഒടുവില്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. അത് തിരുത്തുന്നതിനായാണ് വനവകാശ നിയമം കൊണ്ടുവന്നത്. എന്നാല്‍ 2006നും 2011നും ഇടയില്‍ ഇന്ത്യയിലെമ്പാടുമായി പട്ടയത്തിനായി 30 ലക്ഷം അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 14 ലക്ഷം അപേക്ഷകള്‍ നിരസിക്കപ്പെട്ടു. പതിനൊന്ന് ലക്ഷം അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ അഞ്ച് ലക്ഷം അപേക്ഷകള്‍ ഇപ്പോഴും തീര്‍പ്പാവാതിരിക്കുകയാണ്. മാത്രമല്ല, ജാര്‍ഖണ്ഡ സര്‍ക്കാര്‍ ഇപ്പോള്‍ വ്യവസായത്തിനായി വനഭൂമി ഏറ്റെടുക്കുന്നതിന് ഗ്രാമ സഭകളെ മറികടക്കാനുള്ള ശ്രമത്തിലുമാണ്.

5) ഭൂമിയുടെ ഉടമസ്ഥനാണ് ഭൂമിയ്ക്കടിയിലെ ധാതുക്കളുടെ അവകാശം എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാതിരുന്ന സര്‍ക്കാരിന്റെ നടപടിയെ ഞാന്‍ ചോദ്യം ചെയ്തു. നിയമപരമായ എന്തെങ്കിലും പ്രക്രിയയിലൂടെ നഷ്ടപ്പെടുത്താതിരിക്കുന്ന പക്ഷം ഭൂമിക്കടിയിലുള്ള സമ്പത്തിന്റെ ഉടമ ഭൂമിയുടെ ഉടമസ്ഥനാണെന്നും അല്ലാതെ സര്‍ക്കാരിനാണ് അവകാശമെന്ന് പ്രഖ്യാപിക്കുന്ന ഒരു നിയമവും നിലവിലില്ലെന്നും സുപ്രീം കോടതി ആ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആദിവാസി ഭൂമികളിലെ സമ്പുഷ്ടമായ ധാതുക്കള്‍ സര്‍ക്കാരും സ്വകാര്യ കമ്പനികളും കൊള്ളയടിക്കുന്നു. രാജ്യത്തെ 219ല്‍ 214 കല്‍ക്കരിപ്പാടങ്ങളും നിയമവിരുദ്ധമായതിനാല്‍ അവ അടച്ചുപൂട്ടാനും അനധികൃത ഖനനത്തിന് പിഴ ചുമത്താനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പുനര്‍ലേലത്തിലൂടെ ഇത്തരം അനധികൃത കൊള്ളകളെ നിയമവിധേയമാക്കുന്ന നടപടിയാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ചത്.

6) ഒരു വ്യക്തി കലാപം നടത്തുകയോ അല്ലെങ്കില്‍ കലാപം നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ അതുമല്ലെങ്കില്‍ കലാപത്തിലൂടെയോ പരപ്രേരണയിലൂടെയോ ക്രമസമാധാനം തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുമ്പോള്‍ മാത്രമാണ് അയാള്‍ കുറ്റവാളിയായി മാറുന്നതെന്നും അല്ലാതെ ഒരു നിരോധിത സംഘടനയില്‍ അംഗമായിരുന്നത് കൊണ്ട് അയാളെ ക്രിമിനലായി കണക്കാക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതി നിരീക്ഷണം സര്‍ക്കാര്‍ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചു. ചങ്ങാത്തം വഴിയുള്ള അപരാധം എന്ന പ്രമാണം കോടതി തള്ളിക്കളഞ്ഞിരുന്നു. നക്‌സലൈറ്റുകളെ സഹായിക്കുന്നു എന്ന സംശയത്തില്‍ അനേകം യുവാക്കളെയും യുവതികളെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണ്. അറസ്റ്റ്് ചെയ്തശേഷം കൂടുതല്‍ വകുപ്പുകള്‍ അവര്‍ക്കെതിരെ ചുമത്തുന്നു. പോലീസ് അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളെ മുദ്രകുത്തി അകത്താക്കാന്‍ എളുപ്പമാണ്. അതിന് തെളിവുകളോ സാക്ഷികളോ ആവശ്യമില്ല. ഒരു നിരോധിത സംഘടനയിലെ അംഗത്വം പോലും ഒരാളെ കുറ്റക്കാരനാക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ക്രമസമാധാന ഏജന്‍സികള്‍ കോടതിയില്‍ നിന്നും എന്തുമാത്രം അകലെയാണെന്നതാണ് എന്റെ ചോദ്യം.

7) ആദിവാസി സമൂഹത്തി്‌ന്റെ മരണമണി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ 2013 ലെ ഭൂമിയേറ്റടുക്കല്‍ ചട്ടത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇപ്പോള്‍ പാസാക്കിയിരിക്കുന്ന ഭേദഗതികളെ ഞാന്‍ ചോദ്യം ചെയ്തു. ബാധിതരായ ജനങ്ങളുടെ പരിസ്ഥിതിയെയും സാമൂഹ്യ ബന്ധങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും സംരക്ഷിക്കാനുദ്ദേശിച്ച് ആദ്യ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന സാമുഹ്യ ആഘാത പഠനം ഭേദഗതിയിലൂടെ ഇല്ലാതായി. ഏത് കൃഷി ഭൂമിയും കാര്‍ഷീകേതര ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാനുള്ള അധികാരം ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
8) ആദിവാസി ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും ഒടുവിലത്തെ പദ്ധതിയെന്ന് ഞാന്‍ കരുതുന്ന ഭൂമി ബാങ്കിനെ ഞാന്‍ ചോദ്യം ചെയ്തു. 2017ലെ മൊമെന്റം ജാര്‍ഖണ്ഡിന്റെ സമയത്ത് 21 ലക്ഷം ഏക്കര്‍ ഭൂമി ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ പത്തു ലക്ഷം ഭൂമി ഇപ്പോള്‍ തന്നെ വ്യവസായികള്‍ക്ക് പതിച്ചു നല്‍കാന്‍ തയ്യാറാക്കി വച്ചിരിക്കുകയാണ്.

കൃഷി ചെയ്യാത്ത ഭൂമി സ്വകാര്യമോ പൊതു ഉടമസ്ഥതയിലുള്ളതോ ആവാം. പാരമ്പര്യ പ്രകാരം ആദിവാസി കുടുംബങ്ങള്‍ക്കോ സമൂഹത്തിനോ ഈ ഭൂമിയുടെ കൈവശാവകാശവും ഉപയുക്തതയും ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പരമ്പരാഗത പട്ടയങ്ങള്‍ റദ്ദാക്കുകയും കൃഷിയിറക്കാത്ത ഭൂമി സര്‍ക്കാരിന്റെ അധീനതയിലുള്ളതാണെന്നും ആര്‍ക്ക് വേണമെങ്കിലും പതിച്ചു നല്‍കാമെന്നും പറയുന്നു. ഇവിടെ ആര്‍ക്കും വന്‍കിട, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ സാധിക്കും.

ഭൂമിയിലുള്ള തങ്ങളുടെ അധികാരം എഴുതിത്തള്ളപ്പെടുമ്പോള്‍ ജനങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ നിര്‍ബന്ധിതമായ ഗോത്ര ക്ഷേമ സമിതിയുടെ അംഗീകാരം ഈ ഭേദഗതിക്ക് ലഭിച്ചിട്ടില്ല. പെസ ചട്ടപ്രകാരം ആവശ്യമായ ഗ്രാമ സഭകളുടെ അനുമതി ലഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ബാധിക്കുന്ന ജനങ്ങളുടെ അംഗീകാരവും ലഭിച്ചിട്ടില്ല. ഇത്തരം ചോദ്യങ്ങള്‍ ഞാന്‍ നിരന്തരം ചോദിക്കുന്നു. അതിന്റെ പേരില്‍ ദേശദ്രോഹി ആകുന്നതില്‍ എനിക്ക് യാതൊരു വിഷമവുമില്ല.

(ജാര്‍ഖണ്ഡിലെ ആദിവാസി ഗ്രാമ സഭകളുടെ കൂട്ടായ്മയായ പത്തല്‍ഗാഡി പ്രസ്ഥാനത്തെ പിന്തുണച്ചതിന്റെ പേരില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുകയാണ്. ദശാബ്ദങ്ങളായി ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം thewire.inല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

Spread the love