Thursday, February 25

ട്രംപ് നാണംകെട്ട പ്രസിഡന്റാകുന്നു ; ഇംപീച്ച്മെൻ്റ് പ്രമേയം പാസായി, ഇനി വിചാരണ

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്മെൻ്റ് പ്രമേയം അംഗീകരിച്ചു. ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പ്രതിനിധികളുൾപ്പെടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ജനപ്രതിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിലാണ് പ്രമേയത്തിൽ തീരുമാനമായത്. 197നെതിരെ 232 നാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.

ഡെമോക്രാറ്റുകൾക്ക് പുറമെ 10 റിപ്പബ്ലിക്കൻ അംഗങ്ങളാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.

കഴിഞ്ഞ ആഴ്ച യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചത്. ഇതോടെ രണ്ട് തവണ ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ് മാറി.

നേരത്തെ ട്രംപിനെ പുറത്താക്കാൻ 25-ാം ഭേദഗതി പ്രയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങിയത്. അധികാരമൊഴിയാൻ ദിവസങ്ങൾമാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കില്ലെന്നായിരുന്നു മൈക്ക് പെൻസിന്റെ വിശദീകരണം. പ്രസിഡന്റിന് കഴിവുകേടോ ശാരീരിക വൈകല്യമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് 25-ാം ഭേദഗതി പ്രയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ജനുവരി 20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്. ഇംപീച്മെന്റ് നടപടി പൂർത്തിയായാൽ നടപ്പാക്കിയാൽ ട്രംപിന് വീണ്ടും മൽസരിക്കാനാവില്ല. കൂടാതെ 1958 ലെ ഫോർമർ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, സുരക്ഷ തുടങ്ങിയവയ്ക്കും അനർഹനാകും

Spread the love
Read Also  അമേരിക്കൻ തിരഞ്ഞെടുപ്പിൽ ആദ്യഫലസൂചനകൾ ട്രംപ് മുന്നിൽ