Wednesday, January 19

ചരിത്രമെന്ന ദുരന്തവും കോമാളിത്തരവും: അഭയാര്‍ത്ഥിപുത്രന്‍ ട്രംപിന്റെ ജീവിതം

യുഎസിലേക്ക് കുട്ടികളുമായി അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നവരെ സ്വീകരിക്കുക എന്നതാണ് വര്‍ഷങ്ങളായി ഫെഡറല്‍ സര്‍ക്കാര്‍ പിന്തുടരുന്ന നയം. ദീര്‍ഘമായ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെട്ട് വര്‍ഷങ്ങളോളം അമേരിക്കന്‍ തടവറകളില്‍ കുട്ടികള്‍ കഴിയേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കിക്കൊണ്ടുള്ള ഈ നയം സാധ്യമായത്. ഇത്തരത്തില്‍ കുടിയേറിയവര്‍ക്ക് എതിരായ നിയമനടപടികള്‍ തുടരുകയും മതിയായ രേഖകളില്ലെങ്കില്‍ അവരെ തിരിച്ചയയ്കും ചെയ്യുമെങ്കിലും കുട്ടികള്‍ക്ക് അക്കാലമത്രയും മാതാപിതാക്കളോടൊപ്പം തുടരാം. എന്നാല്‍ ഈ നയമാണ് അനധികൃത കുടിയേറ്റത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇപ്പോള്‍ അതിര്‍ത്തിയില്‍ എത്തുന്ന മാതാപിതാക്കളെ അവരുടെ കുട്ടികളില്‍ നിന്ന് അകറ്റുന്നത്.

മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷും ബാരക്ക് ഒബാമയും ഇത് തന്നെയാണ് ചെയ്തിരുന്നതെന്ന് ട്രംപ് ഇന്നലെ പ്രസ്താവിക്കുകയും ചെയ്തിരുന്നു.
സീറോ ടോളറന്‍സ് എന്ന് വിശേഷിപ്പിക്കുന്ന ഈ നയത്തില്‍ പെട്ട് രണ്ടിടങ്ങളിലായി നൂറോളം ഇന്ത്യക്കാര്‍ തടവിലാണ്. ഇവരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തി മറ്റൊരു തടവിലാക്കിക്കഴിഞ്ഞു. എന്നാല്‍ ഇത്തരം കടുത്ത നടപടികള്‍ പോലും അഭയാര്‍ത്ഥി പ്രവാഹത്തെ തടയാന്‍ പര്യാപ്തമല്ലെന്നാണ് അരിസോണ-മെക്‌സികോ അതിര്‍ത്തിയിലെ കുടിയേറ്റക്കാരെ സന്ദര്‍ശിച്ച ന്യൂയോര്‍ക്ക് ടൈംസിലെ ജൂലിയ ടുര്‍കെവിറ്റ്‌സും ജോസ് എ ഡെല്‍ റിയാലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ മനുഷ്യവകാശ സംരക്ഷണത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന അമേരിക്ക പോലെയുള്ള ഒരു രാജ്യത്തിന് ഒട്ടും അനുയോജ്യമല്ല ട്രംപിന്റെ നടപടികളെന്ന വിമര്‍ശനം ലോകവ്യാപകമായി ഉയരുമ്പോഴും കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് യുഎസ് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ അതിര്‍ത്തിയുടെ ഇരുവശത്തുമായി തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളുമായി ടൈംസ് റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ അഭിമുഖങ്ങള്‍ ശരിയായ ദിശയിലല്ല അമേരിക്കന്‍ സര്‍ക്കാര്‍ നീങ്ങുന്നതെന്ന സൂചനയാണ് നല്‍കുന്നത്. എത്ര കടുത്ത നടപടികള്‍ക്കും അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാനാവില്ല. പ്രത്യേകിച്ചും തകര്‍ന്ന സമ്പദ്ഘടനയും ക്രിമിനലുകളുടെ സായുധ സംഘര്‍ഷങ്ങളും കൊണ്ട് പൊറുതി മുട്ടിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍. മധ്യ അമേരിക്കയില്‍ നിന്നും എത്തുന്നവരാണ് അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിപക്ഷം എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

വേര്‍പിരിയലിന് മുമ്പ്

എന്തിനാണ് ഇത്ര അപകടകരമായ ഒരു യാത്ര തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ”നിങ്ങളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടപ്പെടുമ്പോള്‍, നിങ്ങളെ ബലാല്‍സംഗം ചെയ്യുമെന്ന് ആളുകള്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍, നിങ്ങളുടെ വാണിജ്യസ്ഥാപനങ്ങള്‍ കൊള്ളയടിക്കുമ്പോള്‍, നിങ്ങളുടെ മകന്‍ ക്രിമിനല്‍ സംഘങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന് അന്ത്യശാസനം ലഭിക്കുമ്പോള്‍, നിങ്ങള്‍ എന്ത് ചെയ്യും?’ എന്നാണ് ടുസ്‌കോണിലെ സാസ അലിറ്റാസ് തടവറയില്‍ കഴിയുന്ന മഗ്ദലേന എസ്‌കോബെഡ എന്ന 32കാരി തിരിച്ച് ചോദിച്ചത്. സ്വന്തം നാട്ടിലെ ഭീതിജനകമായ അവസ്ഥയെക്കാള്‍ മക്കളെ തങ്ങളെ പിരിഞ്ഞ് അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്നതാണ് ഭേദമെന്ന് ഭൂരിപക്ഷം രക്ഷിതാക്കളും കരുതുന്നു.

നിയമവിരുദ്ധമായി അതിര്‍ത്തികടക്കുന്നവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യുമെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രം 52,000 അനധികൃത കുടിയേറ്റക്കാരെയാണ് നിയമപാലകര്‍ അറസ്റ്റ് ചെയ്തത്. യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ 250,000 പേരെ അറസ്റ്റ് ചെയ്തു.
അതിര്‍ത്തി ഉദ്യോഗസ്ഥരെ സമീപിച്ച് അഭയം അഭ്യര്‍ത്ഥിക്കുന്നവരെ മാത്രമാണ് കാസ അലിറ്റാസില്‍ പാര്‍പ്പിച്ചിരിക്കുന്നത്.  ഇമിഗ്രേഷന്‍ അധികൃതര്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചുകഴിഞ്ഞാല്‍, കുളിക്കും ഭക്ഷണത്തിനും ശേഷം കോടതി വിചാരണ തീയതിവരെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പം താമസിക്കാനായി ഇവരെ വിട്ടയയ്ക്കുന്നു. തങ്ങള്‍ വേര്‍പ്പിരിയുമെന്നോ ജയിലാവുമെന്ന അറിയാമായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച മകനോടൊപ്പം അതിര്‍ത്തി കടന്ന് യുഎസില്‍ എത്തിയ നാല്‍പതുകാരനായ റെനെ പെരസ് പറയുന്നു. അങ്ങനെ സംഭവിക്കുന്നെങ്കില്‍ സംഭവിക്കട്ടെ എന്ന് കരുതി തന്നെയാണ് വന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതേ അഭിപ്രായമാണ് അമേരിക്കയിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് മെക്‌സിക്കന്‍ അതിര്‍ത്തി പട്ടണമായ നോഗല്‍സില്‍ കഴിയുന്നവര്‍ക്കും. നാട്ടിലെ ആക്രമണങ്ങളും കലാപങ്ങളും സഹിക്കുന്നതിനേക്കാള്‍ ഭേദമാണ് താല്‍ക്കാലിക വേര്‍പ്പിരിയിലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. തന്റെ മകന്‍ സുരക്ഷിതനായിരിക്കുന്നു എന്ന് അറിയുന്നതാണ്  ഏറ്റവും വലിയ കാര്യമെന്ന് നാലുവയസുകാരനായ മകനോടൊപ്പമെത്തിയ ലിസ്ബത്ത് ഡി ല റോസ എന്ന 24കാരി പറയുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ഭയമാണെന്നും അതിനാല്‍തന്നെ വേര്‍പിരിയല്‍ സഹിക്കവുന്നതേയുള്ളന്നുമായിരുന്നു ഒമ്പത് വയസുകാരിയായ മകളോടൊപ്പമെത്തിയ ലിഡിയ റോഡ്രിഗസ്-ബാര്യേന്തോസ് എന്ന 36കാരി പറഞ്ഞത്.

അഭയാര്‍ത്ഥി കുഞ്ഞുങ്ങളെ തടവിലാക്കുന്നതില്‍ നിന്ന് ഫെഡറല്‍ സര്‍ക്കാരിനെ വിലക്കുകയും കുട്ടികളെ നിര്‍ദ്ദിഷ്ട സാഹചര്യങ്ങളില്‍ കുറച്ചുകാലത്തേക്ക് സംരക്ഷിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്ന 1997ലെ ഫ്‌ളോറസ് വി റെനോ കേസിലെ ഉടമ്പടിയായിരുന്നു സമീപ വര്‍ഷങ്ങള്‍ വരെ അതിര്‍ത്തി തടങ്കല്‍ നയത്തിലെ മാര്‍ഗ്ഗരേഖ. തങ്ങളുടെ കുടുംബങ്ങളോടൊപ്പം സഞ്ചരിക്കുന്ന കുഞ്ഞുങ്ങള്‍ എന്ന ഭേദഗതി പിന്നീട് ഉടമ്പടിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. കുഞ്ഞുങ്ങളെ കുടുംബങ്ങളില്‍ നിന്നും വേര്‍പിരിക്കുന്നതില്‍ താല്‍പര്യമില്ലാതിരുന്ന ബുഷിന്റെയും ഒബാമയുടെയും ഭരണുകൂടങ്ങള്‍ ഇമിഗ്രേഷന്‍ നടപടികള്‍ കാത്തിരിക്കുന്ന കുടുംബങ്ങളെ മോചിപ്പിക്കുക എന്ന നയമാണ് പിന്തുടര്‍ന്നിരുന്നത്. കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും ഒന്നിച്ചു തടങ്കലില്‍ പാര്‍പ്പിക്കുന്ന നയങ്ങള്‍ക്കെതിരായ നിയമപോരാട്ടത്തിലെ വിധികളെ തുടര്‍ന്നാണ് ഒബാമ ഭരണകൂടം ബുഷിന്റെ നയം പിന്തുടരാന്‍ തയ്യാറായതെന്നത് മറ്റൊരു കാര്യം. എന്നിരുന്നാലും ഇന്നലത്തെ ട്രംപിന്റെ പ്രസ്താവന ശുദ്ധ കളവാണെന്ന് വ്യക്തം.
എന്നാല്‍, ഇമിഗ്രേഷന്‍ കേസുകളിലെ ദീര്‍ഘ നടപടികള്‍ തീരാനെടുക്കുന്ന കാലം മുഴുവന്‍ കുടുംബത്തിത്തെ കുഞ്ഞുങ്ങള്‍ക്കൊപ്പം സ്വതന്ത്രമായി വിടുന്നതാണ് കൂടുതല്‍ പേരെ കുഞ്ഞുങ്ങള്‍ക്കൊപ്പം അനധികൃതമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ കുറച്ചുകാലമായി വാദിച്ചുവരികയാണ്. എന്നാല്‍ കുഞ്ഞങ്ങളെ കുടുംബത്തോടൊപ്പം തടവിലിടാനുള്ള ഫ്‌ളോറസ് ഉടമ്പടിയിലെ കുറഞ്ഞ കാലയളവില്‍ മാറ്റം വരുത്തുന്നതിനായി ഉടമ്പടി ഭേദഗതി ചെയ്യണമെന്നാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അഭയാര്‍ത്ഥി പ്രവാഹത്തെ തടയുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.
മാതൃരാജ്യങ്ങളിലെ കലാപവും സാമ്പത്തിക അവസരമില്ലായ്മയുമാണ് യുഎസിലേക്ക് കുടിയേറാന്‍ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലുള്ളവരെ പ്രേരിപ്പിക്കുന്നതെന്ന് വില്‍സണ്‍ സെന്ററിലെ ഗ്ലോബല്‍ ഫെലോ ഗ്വാഡലൂപ് കൊറേയ-കബ്രേര ചൂണ്ടിക്കാണിക്കുന്നു. അഭയാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ യുഎസില്‍ പരിചയക്കാരുണ്ടാവുമെന്നതും യുഎസില്‍ ധാരാളം തൊഴിലവസരങ്ങള്‍ നിലനില്‍ക്കുന്നു എന്നതുമെല്ലാം ആകര്‍ഷക ഘടകങ്ങളാണെന്ന് കുടിയേറ്റക്കാര്‍ക്കിടയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അവര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തുന്ന എല്‍ സാല്‍വഡോറും ഹോണ്ടുറാസും ഇന്നും ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളായി തുടരുന്നു. മിക്ക മധ്യ അമേരിക്കന്‍ രാജ്യങ്ങളും ദാരിദ്ര്യത്തില്‍ പൊറുതി മുട്ടുകയാണെന്നതും മെച്ചപ്പെട്ട ഒരു ജീവിതത്തിനായി ചൂതാട്ടം നടത്താന്‍ അഭയാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു.

Read Also  മുസ്ലിം വനിതാംഗത്തിനെതിരായ ട്രമ്പിൻ്റെ വർഗ്ഗീയ ട്വീറ്റ് വിവാദമാകുന്നു
ജീവന്‍ രക്ഷിക്കാന്‍ അഭയാര്‍ത്ഥിയായ ബ്രയാന്‍ വിന്‍സെന്റ് (16)

ജീവന്‍ തന്നെ രക്ഷിക്കാനുള്ള ചൂതാട്ടമാണ് മറ്റു ചിലര്‍ നടത്തുന്നത് വ്യാഴാഴ്ച കാസ അലിറ്റാസില്‍ എത്തിയ ക്രൂസും 16കാരനായ പുത്രനും ഉദാഹരണമാണ്. ഒരു മധ്യ അമേരിക്കന്‍ രാജ്യത്തില്‍ ഓറഞ്ച് തോട്ടത്തില്‍ തൊഴിലാളിയായിരുന്നു ക്രൂസ്. ഒരു ദിവസം ഒരു അധോലോക സംഘം തോക്കു ചൂണ്ടി, തങ്ങളുടെ കൂട്ടത്തില്‍ കൂടിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അനുസരിച്ചില്ലെങ്കില്‍ അവര്‍ കൊല്ലുക തന്നെ ചെയ്യും. അങ്ങനെയാണ് അവര്‍ ജൂണ്‍ മൂന്നിന് യുഎസിലേക്ക് തിരിച്ചത്. തങ്ങള്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെ കത്തും ഒപ്പം കരുതിയിരുന്നു. കത്തില്‍ ഇങ്ങനെ പറയുന്നു: ‘കലാപവും അധോലോക ഭീഷണിയും മൂലം വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്നും പിരിയേണ്ടി വ്ന്നിരിക്കുന്നു. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഇവിടെ നിന്നും പലായനം ചെയ്യാന്‍ അവന്‍ തീരുമാനിച്ചു.’
മധ്യ, ലാറ്റിന്‍ അമേരിക്കിയിലെയും ഏഷ്യയിലെയും രാജ്യങ്ങളെ തമ്മിലടിപ്പിച്ചും അവരുടെ സമ്പത്തും കവര്‍ന്നെടുത്താണ് ്അമേരിക്ക വന്‍ശക്തിയും വികസിതരാജ്യവുമായതെന്ന് രണ്ടാം ലോകയുദ്ധക്കെടുതിയില്‍ പലായനം ചെയ്ത് അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളുടെ പുത്രനായ ഡൊണാള്‍ഡ് ട്രംപ് മറക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ആദ്യം ദുരന്തവും പിന്നെ കോമാളിത്തരവുമായി ചരിത്രം ആവര്‍ത്തിക്കുക തന്നെയാണ്.

Spread the love

Leave a Reply