Thursday, January 20

ദസ്തയോവ്സ്കിക്കായി സമർപ്പിച്ച ആ രാത്രി

വധശിക്ഷ കാത്തു കഴിയുന്ന
ഫയദോർ ദസ്തയെവ്സ്കിയുടെ അന്ത്യദിനങ്ങളെക്കുറിച്ചുള്ള ചിന്ത വീണ്ടെടുക്കാൻ കഴിയുമോ? ഏറെയിഷ്ടപ്പെടുന്ന തോമസ് ജോസഫ് എന്ന കഥാകാരനോടായിരുന്നു ചോദ്യം. റഷ്യൻ ഐതിഹാസിക വീരപുരുഷനെ ആരാധിച്ചിരുന്ന ആ എഴുത്തുകാരൻ്റെ നിസ്സംഗമായ മുഖം കൂടുതൽ മൂകമായി.

ജീവിച്ചിരിക്കുന്ന പ്രീയപ്പെട്ട എഴുത്തുകാരൻ്റെ/എഴുത്തുകാരിയുടെ ജീവിതം പുഷ്പിക്കുന്നതു കാണാൻ ഒരു വായനക്കാരൻ എത്ര കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. പക്ഷെ ജീവിത യാഥാർത്ഥ്യങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ മനോരഥസൃഷ്ടികളിൽ കുടുങ്ങിക്കിടക്കുന്നതിനിടയിൽ വീടും കുടുംബവും അടിക്കടി ദുരന്തത്തിൽപ്പെട്ടുപോകുന്നതിന് വായനക്കാരനും സാക്ഷിയാവുക. കീഴ്മാട് നിന്നുള്ള എത്രയോ ഫോൺ കാളുകൾ
അസ്വസ്ഥമാക്കിയതിൻ്റെ ഓർമകൾ. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം അതിരുകൾ ഭേദിക്കുന്നത് ഇത്തരം സന്ദർഭങ്ങളിലായിരുന്നു.

തോമസ് ജോസഫ് എന്ന കഥാകാരൻ്റെ/സുഹൃത്തിൻ്റെ ജീവിതത്തിലെ സങ്കീർണമായ ചില ഏടുകളിലൂടെ കടന്നുപോകാനിടയായപ്പോഴെല്ലാം പൊതുവെ എഴുത്തുകാരുടെ ജീവിതവിജയങ്ങളെക്കുറിച്ച് അറിയാതെ ചിന്തിച്ചു പോയിട്ടുണ്ട്. പക്ഷെ അതെല്ലാം മറച്ചുവെച്ച് ജീവിതദുരന്തങ്ങളെ നേരിട്ടുകൊണ്ട് നിരന്തരമായി എഴുത്തു തുടർന്ന ദസ്തയെവ്സ്കിയെയും ജോൺ സ്റ്റെയിൻബക്കിനെയും ഇടപ്പള്ളിയെയു മൊക്കെ സൂചകങ്ങളായി എടുത്തിട്ടത് ഓർക്കുകയാണ്.

നമ്മെക്കാൾ എത്രയോ ഇരട്ടി വേദനയും അവഗണനയും സങ്കടങ്ങളും പ്രതിസന്ധികളും അനുഭവിച്ചവരാണ് അവരെല്ലാം. പക്ഷെ ഇതൊക്കെ വിശദീകരിച്ചിട്ടും കീഴ്മാട് വീട്ടിൽ ചെലവഴിച്ച ഒരു രാത്രിയിലായിരുന്നു ഉള്ളു തുറന്ന ഞങ്ങളുടെ ചർച്ച. ഇടയ്ക്കിടെ തൊഴിലിൻ്റെ ആധിയും ആശയക്കുഴപ്പവും സൃഷ്ടിച്ച
ആ കഥാകാരൻ്റെ ആശങ്കകളെ അകറ്റാനായി പല മാർഗ്ഗങ്ങളും ഞാൻ തേടി. സമാനമായ സന്ദർഭങ്ങളിലും ഇടയ്ക്കിടെ വരുന്ന ഇൻകമിംഗ് കാളുകളിലും തൊഴിലന്വേഷണം പതിവുപോലെ തുടർന്നുകൊണ്ടിരുന്നു. ഒരു തൊഴിലുടമയുമായും സ്ഥാപന മേധാവികളുമായും അടുത്ത ബന്ധങ്ങളില്ലാത്ത എന്നോട് പിന്നെയും പിന്നെയും ഒരേ ചോദ്യം തന്നെ ഉന്നയിച്ച നിഷ്ക്കളങ്കനായ ഈ മനുഷ്യൻ എന്നും എൻ്റെയും വേദനയായിരുന്നു. ഒരെഴുത്തുകാരനോട് മൂന്ന് ദശാബ്ദക്കാലം ഒരു പരിഭവം പോലുമില്ലാതെ
ഇടമുറിയാത്ത ആത്മബന്ധം തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞെങ്കിൽ അത് തോമാച്ചനോട് മാത്രമായിരുന്നു.

തോമാച്ചൻ്റെ വീട്ടിൽ പലവുരു അന്തിയുറങ്ങിയിട്ടുണ്ട്. ചില രാത്രികളിൽ ഞങ്ങൾ മണിക്കൂറുകളോളം സാഹിത്യത്തിൽ കുടുങ്ങിക്കിടന്നിട്ടുണ്ട്. അങ്ങനെയൊരു വേളയിലാണ് വധശിക്ഷ കാത്തിരിക്കുന്ന ദസ്തയെവ്സ്കിയുടെ ഭീദിതമായ ഏകാന്തതയെ കഥാകാരനെ ഓർമ്മിപ്പിച്ചത്.

ബൈബിളിൽനിന്നും നമുക്കിടയിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്ന ആദത്തെയും മാലാഖമാരെയും ഇങ്ങനെ പുനസൃഷ്ടിക്കുന്നതിൽ തോമസിനോട് കിടപിടിക്കുന്ന മറ്റൊരു കഥാകാരനുണ്ടെന്ന് തോന്നുന്നില്ല. പറുദീസയിൽനിന്നും ഭൂമിയിലേയ്ക്ക് പുറംതള്ളപ്പെട്ട ആദം ഒരു നീണ്ട ഉറക്കത്തിനുശേഷം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സങ്കീർണമായ പരിസരത്ത് എത്തിപ്പെടുകയാണ്. ടെലിവിഷനിൽ വയലൻസ് കണ്ട് ഉൾക്കിടിലം കൊള്ളുന്ന പെൺകുട്ടിയുടെ മുന്നിലേക്ക് നഗ്നനായ ആദത്തെ കൊണ്ടുവരികയാണ് എഴുത്തുകാരൻ.

‘പറുദീസയിലെ അരുവിയിലേയ്ക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ആദം. മത്സ്യങ്ങൾ ജലോപരിതലത്തിലേയ്ക്ക് പൊങ്ങിവന്ന് അവൻ്റെ നഗ്നതയിലേയ്ക്ക് കണ്ണാടി നോക്കി വാലുകൾ വിറപ്പിച്ചുകൊണ്ട് ജ്വലിച്ചു. ആ മത്സ്യങ്ങൾ കൊത്തി വിഴുങ്ങാൻ തുടങ്ങിയപ്പോൾ അവൻ കിതച്ചു കൊണ്ട് എഴുന്നേറ്റിരുന്നു. ജാലകപ്പഴുതിലൂടെ സൂര്യരശ്മികൾ അകത്തേയ്ക്ക് നുഴഞ്ഞു കയറുന്നുണ്ടായിരുന്നു. തൻ്റെ വയറ്റിനുള്ളിൽ വിശപ്പിൻ്റെ മീൻ കുഞ്ഞുങ്ങൾ നീന്തുന്നതിൻ്റെ ആരവം അവന് കേൾക്കാമായിരുന്നു.’

പൊരുത്തപ്പെടുന്ന ഒരു ഉപജീവനമാർഗ്ഗംപോലും വെച്ചു നീട്ടാൻ കെല്പില്ലാത്ത ദൈവത്തോട് അബോധതലത്തിലുള്ള അമർഷമാണ് ‘സാത്താൻ ബ്രഷ് ‘ എഴുതാൻ തോമസ് ജോസഫിനെ പ്രേരിപ്പിച്ചത് എന്ന് തോന്നിയിട്ടുണ്ട്.
സെമിറ്റിക് മതങ്ങൾ
ദൈവത്തെ മഹത്വവൽക്കരിച്ചു രക്ഷകനെന്ന് പറഞ്ഞു പഠിപ്പിച്ച പാഠങ്ങളെ തമസ്കരിക്കുകയാണ് കഥാകാരൻ. അതിജീവനത്തിനായി സാത്താനിൽ അഭയം പ്രാപിക്കുന്ന മനുഷ്യൻ. പരാജയങ്ങളുടെ തുടർക്കഥയായ തൻ്റെ ജീവിതത്തിൽ ആശയുടെ ഒരു കിരണം പോലും തെളിക്കാത്ത ദൈവത്തെ പരിഹസിക്കുക കൂടിയാണ് കഥാകൃത്ത് ഈ കഥയിലൂടെ ചെയ്യുന്നത്.

ആദ്യത്തെ കണ്ടുമുട്ടലിൻ്റെ ഓർമ

ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത, നാം ആദരിക്കുകയോ പ്രണയിക്കുകയോ ചെയ്യുന്ന ക്ലാസിക് എഴുത്തുകാരായ ചില മഹാത്മാക്കളെ നേരിടാനുള്ള ഊറ്റമില്ലാത്ത ഒരു ചങ്ക് മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരെ മറഞ്ഞുനിന്ന് നിരീക്ഷിക്കുന്ന ഒരു യൗവ്വനമായിരുന്നു യൂണിവേഴ്സിറ്റി കോളേജ് പഠനകാലത്തെ എൺപതുകൾ. ഈ ദശകത്തിൻ്റെ ഒടുവിലാണ് തോമസ് ജോസഫ് എന്ന കഥാകാരനെയും കണ്ടുമുട്ടുന്നത്.
കഥകളെയും കഥാപാത്രങ്ങളെയും ഹൃദയത്തിൽ നിന്ന് പറിച്ചെടുത്ത് ചുമന്ന് നടക്കുന്നതിനിടെയായിരുന്നു തോമാച്ചൻ അപ്രതീക്ഷിതമായി എൻ്റെ ജീവിതത്തിലേക്ക് കടന്നു കയറിയത്. ‘തോമസ് ജോസഫിൻ്റെ കഥകൾ നീ വായിക്കണം’ അത്ഭുതസമസ്യ എന്ന കഥയെ പരിചയപ്പെടുത്തിയ സഹപാഠിയും കവിയുമായ അൻവർ അലി തന്നെയാണ് ഒരു വൈകുന്നേരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി ഡിപ്പാർട്ടുമെൻ്റിൻ്റെ വരാന്തയിൽ കുത്തിയിരുന്ന ഞങ്ങൾക്കിടയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന തോമസ് ജോസഫിനെ പരിചയപ്പെടുത്തിയത്. സാഹിത്യ ക്യാമ്പിൻ്റെ അതിഥിയായി കോളേജിലെത്തിയതാണ് തോമസ്. അതിനിടെ കലാകൗമുദിയിലൂടെയും മറ്റും തോമസിൻ്റെ വിസ്മയക്കാഴ്ചകൾക്ക് സാക്ഷിയായി ഫാൻ്റസിയുടെ മറുകര കണ്ട ഞങ്ങൾ സാഹിത്യവിദ്യാർഥികൾക്ക് എല്ലാം കൊണ്ടും സമൃദ്ധിയുടെ കാലമായിരുന്നു അത്.

Read Also  ശിവേന സഹനർത്തനം ; അഷിതയെ അനുസ്മരിക്കുന്നു

ബൈബിളിൻ്റെ പരികല്പനകളെ താളം തെറ്റിച്ച തോമാച്ചൻ്റെ കഥാപാത്രങ്ങളെ ചുമന്ന് നടന്നിരുന്ന എൻ്റെ ചിട്ട തെറ്റിച്ച ഒരു സംഭവമായിരുന്നു അന്നത്തെ കൂടിച്ചേരൽ. എഴുത്തുകാരിൽ പലരും യൂണിവേഴ്സിറ്റി കോളേജിൽ വന്ന് പോകുന്ന കാലമായിരുന്നു. ആവേശം തലയ്ക്ക് പിടിച്ച് ബേപ്പുരിലെത്തിയിട്ടും ബഷീറിനെയും അന്ന് കോളേജിലെത്തിയ സക്കറിയയെയും പോലുള്ള മഹാരഥന്മാരെയും സന്ധിക്കാനാവാതെ വഴിമാറി നടന്ന കാലത്താണ് എഴുത്തിൽ അമ്പരിപ്പിച്ച തോമസ് ജോസഫ് എന്ന കഥാകാരൻ
ഹൃദയം കവർന്നെടുത്ത സുഹൃത്തായി വന്നു ചേർന്നത്.

എല്ലാം പരസ്പരം പങ്കുവെക്കുന്ന കരുത്തുറ്റ ഒരു സൗഹൃദത്തിലേക്ക് അത് വളർന്നപ്പോഴാണ് ജീവിതത്തെ നേരിടാനറിയാത്ത ഒരു ഗൃഹനാഥൻ്റെ നിരാശയെ, പരാജയത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്.

എഴുതുക എന്നുള്ളതുതന്നെയാണ് സാഹിത്യകാരൻ്റെ ദൗത്യം. തുടർന്നുള്ളതെല്ലാം മറ്റുള്ളവരുടെ കാര്യമാണ്. മൗനമായി തൻ്റെ കലയെ ആവിഷ്ക്കരിക്കുക മാത്രമാണ് കലാകാരൻ്റെ
ധർമ്മം എന്ന് ഞാൻ ആദ്യകാലങ്ങളിലെ സൗഹൃദ സംഭാഷണങ്ങളിൽ വിശദീകരിച്ചിരുന്നു. പക്ഷെ പ്രകാശം പരത്തി ജീവിക്കേണ്ട ആളാണ് എഴുത്തുകാരൻ
എന്നെ പഠിപ്പിച്ചത് പ്രീയപ്പെട്ട
തോമാച്ചനാണ്. അതുവരെ അത്രയേറെ അന്തർമുഖത്വമുള്ള ഒരു മനുഷ്യനാണ് തോമസ് ജോസഫ് എന്നാണ് കരുതിയിരുന്നത്. പക്ഷെ നിരവധി സുഹൃത്തുക്കളും സജീവമായ സാമൂഹ്യബന്ധവുമുള്ള ഒരു വ്യക്തിയാണ് തോമസ് എന്ന് പിന്നീട് ബോധ്യപ്പെടുകയായിരുന്നു. ‘ഒരു തീവണ്ടിയുടെ ഏകാന്തത ആർക്ക് അളക്കാൻ കഴിയും’ എന്ന ക്ലാസിക് കഥ വായിച്ചപ്പോൾ കഥാകാരന് സാമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് നന്നെ ബോധ്യപ്പെട്ടു.

മലയാളത്തിൽ ലോകനിലവാരത്തിലുള്ള ധാരാളം കൃതികളുണ്ടെന്നാണ് എൻ്റെ വിലയിരുത്തൽ. അത്തരം കഥകളെഴുതിയ ഒ വി വിജയൻ, സക്കറിയ, വി പി ശിവകുമാർ, സി അയ്യപ്പൻ ഈ നിരയിലാണ് തോമസ് ജോസഫിനെയും ഞാൻ കാണുന്നത്. ഇറ്റാലോ കാൽവിനോയുടെ ഒരു കൃതി വായിക്കുന്ന അതേ അനുഭവം തന്നെയാണ് ചിത്രശലഭങ്ങളുടെ കപ്പൽ, തീവണ്ടിയുടെ ഏകാന്തത ആർക്ക് അളക്കാൻ കഴിയും, പനിക്കിടക്ക, അത്ഭുതസമസ്യ തുടങ്ങി നിരവധി കഥകൾ വായിക്കുമ്പോഴുണ്ടാകുന്നത്.

ഞങ്ങൾ സുഹൃത്തുക്കൾ ഇടതടവില്ലാതെ സാഹിത്യം മാത്രം ചർച്ച ചെയ്തു തുടങ്ങുന്ന കലാലയ കാലം. കൊച്ചിയിലെ കഥാകാരന്മാരുടെ കൂട്ടായ്മയിലെ ആത്മാർഥതയെക്കുറിച്ച് ഞങ്ങൾ സുഹൃത്തുക്കൾ തിരുവനന്തപുരത്തിരുന്ന് ചർച്ച ചെയ്യുമ്പോൾ കൂടുതൽ സമയമപഹരിക്കുന്നത് തോമസ് ജോസഫ് കഥകളായിരുന്നു. അതിനിടെ ഒരു ദിവസം കൊച്ചിയിലെത്തിയപ്പോഴാണ് അൻവറിൻ്റെ ഒരു ഉപദേശം ഓർമ്മ യിലെത്തിയത്. തങ്കച്ചൻ്റെ തൊഴിലിടമായ ഫാൽക്കൻ ലോഡ്ജിലെത്തിയാൽ അന്തിയുറങ്ങാം. അങ്ങനെയൊരിക്കൽ അവിടെയെത്തി രാത്രി തങ്ങിയപ്പോൾ കൗതുകത്തോടെ തോമസ് ജോസഫിനെക്കുറിച്ച് അന്വേഷിച്ച് കുംടുംബവീടിൻ്റെ വഴിയെല്ലാം മനസ്സിലാക്കിയെങ്കിലും കാണാൻ ധൈര്യമുണ്ടായിരുന്നില്ല.

തൊണ്ണൂറുകളുടെ ആദ്യം
ചന്ദ്രികയിലെ ഇടനാഴിയിലെ കണ്ടുമുട്ടലുകൾക്കിടെ പുതുതായി പണിഞ്ഞ വീട്ടിലേയ്ക്ക് ക്ഷണിച്ചെങ്കിലും ഞാൻ തിരക്ക് പിടിച്ച് മടങ്ങുകയായിരുന്നു. അന്നൊക്കെ നിരന്തരം ലക്ഷ്യമില്ലാത്ത യാത്രകളായിരുന്നു. അങ്ങനെയൊരിക്കൽ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അലഞ്ഞു മടങ്ങവെ കൊച്ചിയിലിറങ്ങി ചന്ദ്രികയിലെത്തി. അന്ന് തോമാച്ചൻ്റെ ക്ഷണം സ്വീകരിച്ച് ആദ്യമായി പാതാളത്തെ വീട്ടിലേക്ക് പോയി. പിന്നെ പലതവണ കടത്ത് കടന്ന് ഞാനവിടെയെത്തിയിട്ടുണ്ട്. രാത്രി ഞങ്ങളുടെ ചർച്ചയിൽ ദസ്തയേവ്സ്കിയും ഹുവാൻ റൂൾഫോയും നിറഞ്ഞുനിന്നു.

എഴുത്തുകാരുടെ മനോരഥ സൃഷ്ടികളെക്കുറിച്ചുമാണ് കണ്ടുമുട്ടുന്ന വേളയിൽ ഞങ്ങൾ പരസ്പരം പലപ്പോഴും ആവേശത്തോടെ ചർച്ച ചെയ്തിരുന്നത്. കപ്പൽ നിറഞ്ഞു തുളുമ്പുന്ന ചിത്രശലഭങ്ങളുടെയും ഏകാന്തതയിൽപ്പെട്ടുപോയ തീവണ്ടിയിൽ തിക്കിത്തിരക്കിയ ഉഴലുന്ന മനുഷ്യ ജന്മങ്ങളുടെയും അത്തരം ജീവിതമുഹൂർത്തത്തെക്കുറിച്ച് ഒന്ന് സങ്കല്പിച്ചുനോക്കാൻ കഴിയുമോ! സമാനമായ അനുഭവമുള്ളതുകൊണ്ടാകാം തോമസ് ജോസഫ് എന്ന കഥാകാരൻ്റെ ഉള്ളിൽ ജന്മം കൊള്ളുന്ന ഭ്രമകല്പനകൾക്കും അതേ ഛായയുള്ളത്.

Read Also  തോമസ് ജോസഫിന് സഹായഹസ്തവുമായി സുഹൃത്തുക്കളുടെ പുസ്തകപ്രസാധനം ; 'അമ്മയുടെ ഉദരം അടച്ച്' പ്രകാശനം ചെയ്തു

എപ്പോഴാണ്, എങ്ങനെയാണ് ഇത്തരം ഫാൻ്റസികളുടെ കലവറ തുറന്നു കിട്ടുന്നത്. ഒരുമിച്ചുള്ള ഒരു രാത്രിയിൽ ചോദിച്ചിരുന്നു. അപ്പോഴാണ് എഴുത്തിൻ്റെ ആ രഹസ്യം വെളിപ്പെടുത്തിയത്. ‘അർധരാത്രിയിൽ കാണുന്ന സ്വപ്നങ്ങളാണ് എല്ലാം, മൂന്ന് മണിയൊക്കെയാവുമ്പോൾ ഞെട്ടിയുണരും. പിന്നെ അതെല്ലാം ഒറ്റയെഴുത്താണ്. പിന്നെയൊരിക്കൽ തിരുത്തും’

തോമാച്ചൻ്റെ എഴുത്തിൻ്റെ രഹസ്യം എന്നെ അത്ഭുതപ്പെടുത്തി. എഴുത്തുകാരൻ്റെ തലച്ചോറിനുള്ളിലെ താക്കോൽപ്പഴുതിലൂടെ ഊളിയിട്ടുകയറാൻ പലപ്പോഴും ശ്രമിച്ച് പരാജയപ്പെട്ട അനുഭവം എനിക്കുണ്ട്. സക്കറിയയും അയ്മനം ജോണും പി കെ രാജശേഖരനും ഇ പി രാജഗോപാലും അൻവറും പി എഫ് മാത്യൂസും എ ജെ തോമസും ബിജുവുമൊക്കെ കഥാകാരനെ വിശദമായി വിലയിരുത്തിയപ്പോഴും പിന്നെയും ഈ എഴുത്തുകാരനെ വ്യാഖ്യാനിക്കാൻ ഇനിയും ബാക്കി കിടക്കുന്നതുപോലെ. വരും കാലങ്ങളിൽ കൂടുതൽ പഠനങ്ങൾ ഈ കഥാകാരനു വേണ്ടി തുറക്കപ്പെടട്ടെ.

ഇന്ത്യയിലെ പ്രാദേശികഭാഷാസാഹിത്യം ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിസ്മയാഖ്യാനമാണ് കഥകളിലൂടെ തോമസ് കോറിയിട്ടത്. സാമാന്യവായനക്കാരനെ ലളിതവത്ക്കരണത്തിലൂടെ മൃദുവായി സ്പർശിക്കാൻ കെല്പില്ലാത്ത തോമസിനോട് ‘നമുക്ക് ഈ ശൈലിയും ഉള്ളടക്കവുമൊക്കെ ഒന്ന് മാറ്റിപ്പിടിച്ചാലോ’ എന്ന് ഞാനും ഒരിക്കൽ ചോദിച്ചിരുന്നു. ശ്രമിക്കാം എന്ന് പറഞ്ഞെങ്കിലും കഴിയില്ല എന്ന് പിന്നീട് പറഞ്ഞതോർക്കുന്നു.

ഇതൊക്കെയാണെങ്കിലും മനുഷ്യന് അപരിചിതവും അസ്പൃശ്യവുമായ വാങ്മയച്ചിത്രങ്ങൾ മെഴുകി ഉജ്വലമാക്കുന്നതിൽ സമാനതകളില്ലാത്ത മിഴിവാണ് കഥകളിലൂടെ തോമസ് ജോസഫ് കാഴ്ചവെച്ചത്.

നോവലുകളെക്കുറിച്ച് ഒന്നും പറയാനാവാതെ വായനക്കാരനായ ഞാൻ ഒഴിഞ്ഞുമാറുമ്പോഴും മലയാള നോവൽ സാഹിത്യചരിത്രത്തിൽ പരീക്ഷണാത്മകമായ കൃതികൾ മുന്നോട്ടുവെച്ച നോവലിസ്റ്റ് എന്ന് തോമസ് ജോസഫിനെ അടയാളപ്പെടുത്തേണ്ടതായി വരും.

2017ൽ തിരുവനന്തപുരത്ത് ഓണാഘോഷത്തോടനുബന്ധിച്ച് കഥയരങ്ങിൽ ക്ഷണം ലഭിച്ചപ്പോൾ തോമസ് ജോസഫ് പങ്കെടുക്കുന്നുണ്ടോ എന്ന് സംഘാടകരോട് അന്വേഷിച്ചു. അങ്ങനെ അവർ തോമസിനെ ഉൾ പ്പെടുത്തി. യാത്ര ആഗ്രഹിക്കുന്ന എഴുത്തുകാരനായിരുന്നെങ്കിലും പരമാവധി പ്രതിഫലം തരാൻ പറയണം എന്ന് ഉപാധിയും വെച്ചു. തോമസിനെ സന്ധിക്കാൻ മോഹിച്ച എനിക്ക് അയ്യങ്കാളി ഹാളിൽ(വി ജെ ടി ഹാൾ) നടന്ന കഥാവേളയിൽ ഒരേ ദിവസം വേദി പങ്കിടാനായി. അന്ന് തോമാച്ചനെ സക്കറിയയുടെ ഫ്ലാറ്റിനു മുന്നിൽ വിട്ടശേഷമാണ് മടങ്ങിയത്. പിന്നെ മകളുടെ വിവാഹത്തിന് വലിയതുറ പള്ളിയിൽ വെച്ചാണ് കാണുന്നത്. വിവാഹത്തിന് നഗരത്തിൽനിന്നുള്ള എഴുത്തുകാരെയൊന്നും ക്ഷണിക്കുന്നില്ല എന്നു പ്രത്യേകം പറഞ്ഞിരുന്നു. സാഹിത്യവുമായി ബന്ധമുള്ള രണ്ടു പേർ മാത്രമെ പങ്കെടുക്കുന്നുള്ളൂ എന്ന് തോമാച്ചൻ പറഞ്ഞതോർക്കുന്നു. മറ്റൊരാൾ ജോൺ സാമുവലായിരുന്നു. അതായിരുന്നു ഞങ്ങളുടെ ഒടുവിലത്തെ കൂടിക്കാഴ്ച്ച.

താൻ ദൈവമായിരിക്കുമോയെന്ന് ഒരുവേള സംശയിച്ച ചെറുപ്പക്കാരൻ്റെ കഥ പറയുന്ന ‘മുടി ചീകുമ്പോൾ’ എന്ന ചെറുകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്.
‘ഞാൻ ഈ കണ്ണാടിക്കു മുന്നിൽ നിൽക്കുകയാണ്. എൻ്റെ കഷണ്ടി ബാധിച്ച ശിരസ്സിലെങ്ങും ഒരു തലമുടി പോലും കാണുന്നില്ല. എങ്കിലും എനിക്കു മുടി ചീകാതിരിക്കാനാവുന്നില്ല. ഇതാ ഞാൻ തല ചീകാൻ തുടങ്ങിയിരിക്കുന്നു. ഏതു നിമിഷവും ഒരു പ്രകാശരശ്മിയായി പൊലിഞ്ഞു തീരാവുന്ന ഒരു ചിർപ്പു കൊണ്ട് ഞാൻ തല ചീകുകയാണ്. ആ ചെറുപ്പക്കാരൻ എൻ്റെ സങ്കല്പം മാത്രമായിരിക്കുമോയെന്ന് സംശയിച്ചുകൊണ്ട് ഞാൻ തല ചീകുകയാണ്. ഞാൻ ആരാണെന്ന് ദൈവവും പക്ഷികളും കുഞ്ഞുങ്ങളും നിഴലുകളും അറിയുന്നില്ല. ഞാൻ തല ചീകുകയാണ്.’

തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ എസ് ബി ടി അവാർഡ് വാങ്ങാൻ അനന്തപുരിയിലേക്ക് വന്നപ്പോൾ പക്ഷിക്കൂട്ടം ബുക്സ് ഓഫീസിലെത്തിയ രാത്രി ഒരിക്കലും മറക്കാനാവില്ല. അവാർഡിനുശേഷം
തോമാച്ചനും അൻവറുമൊന്നിച്ച് സന്ധ്യക്ക് ശംഖുംമുഖത്തേയ്ക്ക് പോയി. ബീച്ചിലെ ബാറിൽ കുറച്ചുനേരം ചെലവഴിച്ചശേഷം കടപ്പുറത്തിരുന്നു. ആ രാത്രി അവിചാരിതമായി കടന്നുവന്ന അതിഥി ഫയദോറായിരുന്നു. ദസ്തയോവ്സ്കിയുടെ കൃതികളെക്കുറിച്ച് പറഞ്ഞപ്പോൾ വികാരാധീനരായി ഞങ്ങൾ മൂവരും പൊട്ടിക്കരഞ്ഞുപോയി. ഞങ്ങളുടെ വിലാപത്തിൻ്റെ ഒച്ച ആർത്തിരമ്പുന്ന തിരമാലകളിൽ അലിഞ്ഞില്ലാതായി. അങ്ങനെ ദസ്തയോവ്സ്കിക്കായി സമർപ്പിച്ച ആ രാത്രി ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറുകയായിരുന്നു.

Spread the love