Friday, May 27

യുജിസി; പ്രത്യാഘാതം കാത്തിരുന്ന് കാണാം; വിദ്യാഭ്യാസ വിദഗ്ധൻ ഡോ. അച്യുത് ശങ്കർ എസ്. നായർ

കേന്ദ്ര സർക്കാർ യുജിസി നിർത്തലാക്കി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ കൊണ്ടുവരാനുള്ള നീക്കത്തെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷണൻ ഡോ. അച്യുത് ശങ്കർ എസ്. നായർ എഴുതുന്നു….

ഇരുപതാം നൂറ്റാണ്ടിലുള്ള ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള വീക്ഷണമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലുള്ളത്. ഒരുപാട് വെള്ളം എല്ലാ നദിയിലും ഒഴുകിയിരുന്നു. അത് ഇവിടെയും ഒഴുകിയിട്ടുണ്ട്, അതിന്റെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഘടനാപരമായി മാറ്റം വരുത്തുന്നതിൽ തത്വത്തിൽ ഞാൻ എതിരല്ല. 1956ൽ ഉന്നത വിദ്യാഭ്യാസ രംഗത്തിലുള്ള കാഴ്ചപ്പാടോ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ പ്രക്രിയയോ അല്ല ഇന്നുള്ളത്. അതുകൊണ്ട് മാറ്റത്തിനെ ഞാൻ എതിർക്കുന്നില്ല.

പക്ഷെ രണ്ട് കാര്യങ്ങൾ നമ്മൾ ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. 14 പേരെയാണ് ഉന്നത വിദ്യാഭ്യാസ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരാണ് ഇതിൽ കൂടതലും. നാലു പേരോ മറ്റോ ആണ് നോമിനേറ്റ് ചെയ്യപ്പെടുന്നവരായി ഉള്ളത്. ഈ 14 പേരെയും കൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ നയിക്കാനുള്ള സമിതി എന്ന് പറയുന്നതിൽ വലിയ പരിമിതി ഉണ്ട്. വളരെ വലിയ ഉപദേശക സമിതി, കുറച്ചു കൂടെ ജനാധിപത്യപരമായി, വിമത സ്വരങ്ങളെ കേൾക്കാൻ തക്കവണ്ണം ഒരു സമിതി ഇതിനു പുറകിൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ അതിനുപകരം ഇതിൽ വെച്ചിരിക്കുന്നത് മന്ത്രിയുടെ കീഴിലുള്ള ഒരു സമിതിയാണ്. അത് നിയമത്തിൽ ബന്ധപെടുത്തിയിട്ടുമുണ്ട്. അത് പോളിസി ഉണ്ടാക്കുന്ന കാര്യത്തിൽ ഉൾപ്പെടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

രണ്ടാമത്തെ വിഷയം യുജിസിയ്ക്ക് ഉണ്ടായിരുന്ന സാമ്പത്തിക അധികാരം എടുത്തുമാറ്റുന്നതോടുകൂടി ആ സമിതിയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിൽ ലഭിക്കുന്ന ശ്രദ്ധ, അതിൽ എത്രമാത്രം ഗൗരവത്തിൽ എടുക്കാൻപറ്റും എന്ന കാര്യത്തിൽ സംശയം ഉണ്ട്. ഇപ്പോൾ കേരളത്തിൽ നടന്നിരിക്കുന്ന കാര്യം സർവകലാശാലകളിൽ ഗ്രാന്റ് കൊടുക്കുന്നതിന് പകരം ട്രെഷറികളിൽ ഇട്ടതിനു ശേഷം അതുവഴി ഉപയോഗിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളെ ലൈൻഡിപ്പാർട്ട്മെന്റ് ആക്കുന്ന ഒരു രീതിയാണ് കേരളത്തിൽ ട്രെഷറി വഴി ആക്കുന്നത് മൂലം നടന്നിരിക്കുന്നത്. അത് പോലെയാണ് കേന്ദ്രത്തിൽ പൈസ ഞങ്ങൾ കൊടുത്തോളം ഉപദേശങ്ങൾ മാത്രം മതി എന്ന് പറയുന്നത്. അതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമോ എന്നുള്ളത് വേറെ കാര്യം. അതിപ്പോൾ യുജിസിക്കുള്ളിലും സംഭവിക്കാം. ആ സ്ഥാപനത്തിന്റെ തന്നെ വലംകൈ വെട്ടിമാറ്റി ഇടംകൈ മാത്രം മതി എന്ന് പറയുന്ന പോലത്തെ അവസ്ഥയാണ് പുതിയത് എന്നതാണ് എന്റെ അഭിപ്രായം. പിന്നെ ഇതിന്റെ ഒരാശ്വാസം എന്ന് പറയുന്നത് കേരളത്തിൽ നടക്കുന്നതുപോലെ നടക്കുന്നില്ല എന്ന കാര്യം എടുത്ത് പറയുകയാണ്.

ഉദാഹരണത്തിന് കേരളസർവകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് ‘യോഗ്യതയുള്ള’ ആളുകളെ എടുക്കാം എന്നതാണ് വ്യവസ്ഥ. എന്നാൽ യോഗ്യത എന്ന ആ വാക്ക് വ്യക്തമല്ലാത്തതുകൊണ്ട് വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്തവരെയും വെച്ചിരിക്കുന്നു. ഈ നിയമത്തിനകത്ത് കൊടുത്തിരിക്കുന്നതിൽ ഏറ്റവും ശുഭകരമായ കാര്യം രാഷ്ട്രീയപരിഗണനയോടു കൂടി വെച്ചാൽപോലും തക്ക യോഗ്യതയുള്ള ആളുകളെ മാത്രമേ നോമിനേറ്റ് ചെയ്യാൻ സാധിക്കൂ എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. മൊത്തത്തിൽ ഇത് കുറച്ചു കൂടി നല്ല രീതിയിൽ ചെയ്യാമായിരുന്നു. എങ്കിലും അത് നല്ലതായി ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഞാൻ. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

പക്ഷെ ഇത് നടപ്പിലാക്കുമ്പോൾ മാത്രമാണ് ഇതിന്റെ പിന്നിലുള്ള അജണ്ടയെക്കുറിച്ച് അറിയാൻ സാധിക്കുക. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഉള്ളതാണോ, അതോ സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Spread the love
Read Also  യുജിസിയെ ഇല്ലാതാക്കുന്നതിന് പിന്നിൽ കാവിവൽക്കരണം; പിണറായി വിജയൻ