Sunday, September 20

‘രോഗവും മരുന്നും ‘ – ‘വൈദ്യത്തിൻ്റെ സ്മൃതി സൗന്ദര്യം’ എന്ന ഗ്രന്ഥത്തെക്കുറിച്ച്

കവണി

രോഗവും മരുന്നും ‘
– ‘വൈദ്യത്തിൻ്റെ സ്മൃതി സൗന്ദര്യം’ എന്ന ഗ്രന്ഥത്തെക്കുറിച്ച്

കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാണ് ഈ മഹാമാരിക്ക് ഒരു ശമനമുണ്ടാകുക. ഈ പകർച്ച രോഗത്തിനു മരുന്നു കണ്ടു പിടിക്കാൻ ശാസ്ത്രലോകം കൊണ്ടു പിടിച്ചു ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ.

ഏകാന്ത വേളകളിൽ രോഗവും മരണവും ചിന്തയിൽ വന്നു കൊണ്ടേയിരിക്കുന്നു. പുസ്തകങ്ങൾ വായിക്കാൻ മടി. ആകെപ്പാടെ ഒരു മടുപ്പ്. മന്ദത. യൗവനങ്ങളോടൊത്തു മേളിക്കാൻ അവസരമുള്ള ജോലിയും ഓൺലൈൻ പ്രതലങ്ങളിലേക്ക് മാറി. അവയോട് ആദ്യാനുഭവം എന്ന നിലയിൽ പൊരുത്തപ്പെടാനുള്ള പ്രയാസം. മഴ ഇടയ്ക്ക് പെയ്യുന്നുണ്ടെങ്കിലും ആനന്ദിക്കാനാകുന്നില്ല. മഴ നനയുന്ന ശീലവും നിന്നു. പനി പിടിച്ചാൽ ആകെ പ്രശ്നമാകുമല്ലോ.
ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചയിൽ ഇടപെട്ടുകൊണ്ട് സമയം നീക്കാൻ ആരംഭിച്ചു. ചെറുപ്പക്കാർ ഉള്ള ചില ഗ്രൂപ്പുകളിൽ സ്വീകാര്യത കിട്ടിയതിനാൽ കുറച്ചൊക്കെ ഉണർവ്വ് തിരിച്ചു കിട്ടി. പലയിടത്തു നിന്നും വിട്ടു പോരേണ്ടി വന്നു. അതിവാദങ്ങൾ പറഞ്ഞതിനാൽ ചിലർ പഴിച്ചു. എറിഞ്ഞ തമാശകളുടെ കല്ലുകൾ ഉന്നംതെറ്റി തെറിച്ച് തിരിച്ചു വന്ന് തലയ്ക്കു തന്നെ കൊണ്ടു. പലരുടെയും ഭാവുകത്വവുമായി ഇടയേണ്ടി വന്നു.
ഇതിനിടയിൽ പത്തു പതിനഞ്ച് പുതിയ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. വാങ്ങി വെച്ചതു പോലെ അവ ഇരിക്കുന്നു. അപ്പോഴാണ് അലമാരയിലിരിക്കുന്ന ഒരു തടിച്ച പുസ്തകത്തിൽ കണ്ണുടക്കിയത്. കോളേജ് ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ടുവന്ന പുസ്തകമാണ്. ഡോ.കെ.രാജശേഖരൻ നായർ എഴുതിയ ‘വൈദ്യത്തിൻ്റെ സ്മൃതി സൗന്ദര്യം ‘ എന്ന പുസ്തകം. അദ്ദേഹം വിവിധ കാലങ്ങളിലെഴുതിയ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളിലെ ലേഖനങ്ങൾ ഒന്നിച്ച് ഈ ഗ്രന്ഥത്തിൽ അടുക്കിയിരിക്കുന്നു. അവയിൽ ഒരു പുസ്തകം മുൻപ് വായിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരുടെ രോഗങ്ങളെ വിശകലനം ചെയ്യുന്ന ആ പുസ്തകം ആകർഷിക്കുകയും ചെയ്തു. അതിപ്രഗൽഭനായ ന്യൂറോളജിസ്റ്റാണ് ഡോ.കെ.രാജശേഖരൻ നായർ.

സാഹിത്യ പണ്ഡിതാഗ്രേസരനായിരുന്ന ഡോ. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ മകനാണ് രാജശേഖര നായർ. കെ.പി.അപ്പൻ അവതാരികയിൽ രേഖപ്പെടുത്തിയതുപോലെ ഡോ.കെ.രാജശേഖരൻ നായരുടെ എഴുത്തിൽ രോഗശാസ്ത്രവും സാഹിത്യ പഠനവും രസകരമാം വിധം കലരുന്നു.
സ്വാതി തിരുനാൾ ,കുട്ടികൃഷ്ണമാരാര് ,സി.ജെ.തോമസ് തുടങ്ങിയ പ്രതിഭാശാലികളുടെ രോഗങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും എഴുതിയിട്ടുള്ളത് സാഹിത്യാസ്വാദകർ വായിച്ചിരിക്കേണ്ടതാണ്.
ഹിംസാത്മകമായ വിമർശനം നടത്തിയ കുട്ടിക്കൃഷ്ണമാരാര് മലയാളസാഹിത്യ വിമർശന ശാഖയ്ക്ക് നൽകിയ കനം ചില്ലറയല്ല. മലയാള സാഹിത്യ വിദ്യാർത്ഥികൾ മാരാർ സാഹിത്യം വിളക്കു വെച്ചു വായിക്കണം.മലയാളശൈലിയും വൃത്തശില്പവും സാഹിത്യഭൂഷണവും ഉൾപ്പടെ. മലയാള ഗദ്യത്തിൻ്റെ സമസ്ത സൗന്ദര്യവും ശക്തിയും മാരാരുടെ രചനയിലാണ് പ്രകടമാകുന്നത്.

മാരാര് വള്ളത്തോളിനു കൊടുത്ത വിശേഷണം മാരാർക്കും ചേരും – വാഗ്ദേവതയുടെ പുരുഷാവതാരം.
ഭാരതപര്യടനവും വാല്മീകിയുടെ രാമൻ എന്ന വിശ്രുത ലേഖനവും ഇമ്പമോടെയാണ് ഇന്നും വായിക്കുന്നത്. എന്നാൽ അതിൽ ചിലതിലെ ആശയങ്ങളോട് അന്നും ഇന്നും യോജിപ്പില്ല. കുട്ടികൃഷ്ണമാരാരുടെ കൃതികൾ കമ്പോട് കമ്പ് വായിച്ചു വരുമ്പോഴാകും നാം അത്ഭുതപ്പെടുക. യുക്തിവാദിയായ മാരാർ ആത്മീയവാദിയായി മാറുന്നു. മാരാരുടെ ബൗദ്ധിക ജീവിതം നെടുകെ വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടു ഭാഗങ്ങൾ പോലെ. ശ്രീരാമകൃഷ്ണാശ്രമത്തോട് ചേർന്നു നിന്ന് വിവേകാനന്ദ സാഹിത്യ സർവ്വസ്വത്തിൻ്റെ പ്രകാശനത്തിൽ പങ്കാളിയായ മാരാർ സത്യസായി ബാബയുടെ ഭക്തനായി മാറി.
എനിക്ക് അപൂർവ്വം ചില ഗദ്യഭാഗങ്ങൾ കാണാതറിയാമായിരുന്നു. അതിലൊന്ന് വാല്മീകിയുടെ രാമൻ്റെ തുടക്കമായിരുന്നു. ഉടലിലെമ്പാടും ഗോപീ മൺ ചന്ദനങ്ങൾ കൊണ്ട് .. എന്നാരംഭിക്കുന്ന ആ വാചകം എത്രയോ പ്രാവശ്യം ഉരുവിട്ടിരിക്കുന്നു, പതുക്കെയും ഉറക്കെയും. മാരാര് പിൽക്കാലത്ത് ആ പ്രബന്ധത്തിലെ തൻ്റെ കാഴ്ച്ചകളെ തിരുത്തി.
എന്തേ മാരാരിങ്ങനെ? ഇന്ത്യൻ ബുദ്ധിജീവികൾക്കു സംഭവിക്കുന്ന പൊതു പരിണാമമായി ഈ അന്ത്യകാല ഭക്തിയെ കണ്ടവരുണ്ട്. അതല്ല കാരണം, മാരാരുടെ രോഗമായിരുന്നു എന്ന് രാജശേഖരൻ നായർ വിവരിക്കുന്നു. ഗോപീ മൺചന്ദന ഭാഗം തന്നെ ഡോക്ടറും ഉദാഹരിക്കുന്നതു കണ്ട് അദ്ദേഹത്തിൻ്റെ സഹൃദയത്വവുമായി ഏതോ ബിന്ദുവിൽ ഞാനും തൊടുന്നുവല്ലോ എന്ന ആഹ്ലാദം തോന്നി. എന്നാൽ മാരാരുടെ രോഗത്തിൻ്റെ വിവരണം കേൾക്കുമ്പോൾ ആ ആഹ്ളാദം മാഞ്ഞു പോകും. കണ്ണ് നിറയും. അൽഷൈമേഴ്സ് എന്ന രോഗം മാരാരുടെ പ്രതിഭയെ വിഴുങ്ങുന്നത് വായിക്കവേ നാം സ്തബ്ധരായിപ്പോകും .സാഹിത്യ പ്രണയികളേ വൈദ്യത്തിൻ്റെ സ്മൃതി സൗന്ദര്യം വായിക്കുക.
പുരാണത്തിലെ ചിരഞ്ജീവികളെക്കുറിച്ചുള്ള ഒരു വാട്സ് ആപ്പ് ചർച്ചയിൽ അശ്വത്ഥാമാവും പരശുരാമനും ഒക്കെ കടന്നു വന്നു. സ്വാഭാവികമായും ഭാരത പര്യടനവും മാരാരും പരാമർശിക്കപ്പെടുമല്ലോ. വക്രിച്ചു നോക്കുന്ന ദോഷത്താൽ അനുഗ്രഹിക്കപ്പെട്ട ഞാൻ മരിച്ചു മണ്ണടിയുന്ന മനുഷ്യരെ ഓർത്തു പോയി . പുരാണത്തിലെ ചിരഞ്ജീവികൾ ചാകില്ലല്ലോ. അവർ തകർത്തു ജീവിക്കട്ടെ. അതുപോലല്ലല്ലോ രോഗവും മരണവും പിടിച്ചെടുത്തു കൊണ്ടു പോകുന്ന നമ്മൾ മനുഷ്യർ .ദാർശനികത എന്നിൽ തലപൊക്കി. മാരാരുടെ അന്ത്യരംഗത്തെക്കുറിച്ച് ഞാൻ ഒരു കുറിപ്പിട്ടു. ഒരിക്കലും അതു ചെയ്യരുതായിരുന്നു. എന്നാൽ ഡോക്ടറുടെ മാരാർ ലേഖനത്തെ ഓർമ്മിപ്പിക്കാൻ ഒരു തുടക്കം എന്ന നിലയിൽ എഴുതിപ്പിടിപ്പിച്ചതാണ്. രൂക്ഷമായ പ്രതികരണങ്ങൾ വന്നു. അഹങ്കാരിയായ എനിക്കു പ്രതിവാദങ്ങൾ നടത്തി ന്യായീകരണം ചമയ്ക്കാനായിരുന്നു ധൃതി. സ്വാഭാവികമായും ഗ്രൂപ്പിൽ നിന്നു ലെഫ്റ്റായി പോരേണ്ടി വന്നു. ഇറക്കി വിടുന്നതിനു മുൻപ് ഇറങ്ങിപ്പോരുന്നതാണല്ലോ മര്യാദ.
ജളനും ദു:ഖിതനും ആയി വീണ്ടും മാരാരെക്കുറിച്ച് രാജശേഖരൻ നായർ എഴുതിയതു വായിച്ചു. രോഗവും മരണവും എങ്ങനെയൊക്കെയാണ് മനുഷ്യനെ വേട്ടയാടുന്നത്. പേടി തോന്നി. പിന്നെ ശമിച്ചു. പേടിച്ചിട്ടെന്തു കാര്യം?
ധൈര്യത്തോടെ ഈ പടു കാലത്തെയും അതിജീവിക്കണം.

Spread the love
Read Also  അയൽക്കാരനുമൊത്ത് ഒടുവിലത്തെ ഉരുളച്ചോറും പങ്കിടുക; കെ. രാജേഷ് കുമാർ

5 Comments

Leave a Reply