Wednesday, July 15

പാൽക്കാരിയുടെ സ്വപ്നങ്ങളെ ചവുട്ടിമെതിച്ച് കേന്ദ്രസർക്കാർ

പാൽക്കാരിയുടെ സ്വപ്നങ്ങളെക്കുറിച്ചുള്ള നാടോടിക്കഥ നാം ധാരാളം കേൾക്കുകയും കുട്ടികൾക്ക് പകർന്നുകൊടുക്കുകയും ചെയ്തതാണ്. അന്ന് തകർന്നുപോയ പാലുപോലുള്ള കിനാവുകളുടെ ദുരന്തം നമ്മെയൊക്കെ വേദനിപ്പിച്ചുകളഞ്ഞത് ഇന്നും ഓർമ്മയിൽ നിന്നും മായാതെ നിൽക്കുകയാണ്. അതിൻ്റെ പുതിയ പാഠഭേദങ്ങളാണു നമ്മെ കാത്തിരിക്കുന്നത്. അതെ, അതാണു നമ്മുടെ രാജ്യത്ത് നടക്കാൻ പോകുന്നത്`

ഗോരക്ഷകർ ഭരിക്കുന്ന രാജ്യത്താണ് ഈ ദുരന്തം സംഭവിക്കാൻ പോകുന്നത്. കഴിഞ്ഞ നാലുവർഷം മുമ്പുവരെ ഇന്ത്യയിൽ പാലിനു 11 രൂപയാണു കർഷകനു ഒരു ലിറ്ററിനു ലഭിച്ചിരുന്നത്. ക്ഷീരകർഷകർ പാൽ നഗരത്തിലെ പ്രധാന പാതയിൽ ഒഴുക്കി വലിയ പ്രതിഷേധം നടത്തിയതിനെ തുടർന്ന് ഈ വർഷമാരംഭത്തിൽ ലിറ്ററിൻ്റെ വില 21 രൂപയിലെത്തിയിരുന്നു. ഇപ്പോൾ വില അല്പം കൂടി ഉയർന്നിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. ദിനം പ്രതി കാലിത്തീറ്റയുടെ വില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണു. 50 കിലോയുടെ ഒരു ചാക്ക് പെല്ലെറ്റിനു 2018 മധ്യത്തോടെ 800 രൂപ ആയിരുന്നെങ്കിൽ ഇന്ന് അത് 1250 ൽ എത്തിനിൽക്കുകയാണു. പല സംസ്ഥാനങ്ങളിലും പാൽ വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ട്.

കഴിഞ്ഞ കേന്ദമന്ത്രിസഭ കൂടിയപ്പോഴാണ് വൻതോതിൽ പാൽപ്പൊടി ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ചർച്ച വന്നത്. വിദേശരാജ്യങ്ങളൂമായുള്ള വ്യാപാരക്കരാർ അനുസരിച്ച് ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്തിനു ആവശ്യമായ മുഴുവൻ പാലും പൊടിയുടെ രൂപത്തിൽ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞു. പാൽ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ ആസ്ത്രേലിയ, ന്യൂസിലാൻഡ് മുതലായ രാജ്യങ്ങളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണു. ഇതുകൂടാതെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടിക്കിടയിൽ ഡൊണാൾഡ് ട്രമ്പിൻ്റെ ആവശ്യപ്രകാരം ക്ഷീര ഉല്പന്നങ്ങളൂടേ ഇറക്കുമതി തീരുവ കുറയ്ക്കാനും ശ്രമം നടക്കുന്നുണ്ട്.

ഇന്ത്യയിലെ ക്ഷീരകർഷകരുടെ നെഞ്ചിൽ തീ കോരിയെറിയുകയാണു കേന്ദ്രസർക്കാർ. കേരളത്തിലുൾപ്പെടെ പാൽ വിറ്റ് ഉപജീവനം നടത്തിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു കർഷകരെ ദുരിതത്തിലാഴ്ത്തുകയാണ് കേന്ദ്രസർക്കാരിൻ്റെ തീരുമാനം. കർഷകരുടെ ജീവിതം തകർത്തുകൊണ്ട് കഴിഞ്ഞ നരേന്ദ്രമോദി സർക്കാർ നിർണായകമായ പല തീരുമാനങ്ങളും എടുത്തതിനെത്തുടർന്ന് കർഷകർ ദുരിതത്തിലാവുകയും വൻ തോതിൽ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർ പ്രദേശ്, ബീഹാർ, ഹരിയാന തുടങ്ങി മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മുഖ്യവരുമാനമാർഗ്ഗമായി അവലംബിക്കുന്ന ക്ഷീരകർഷകരെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനുള്ള തീരുമാനമാണു സർക്കാർ കൈക്കൊള്ളുന്നത്

രാജ്യത്തെ ക്ഷീരകർഷകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ പൊതുമേഖല സ്ഥാപനമായ അമുലും അതിന്റെ മാതൃസ്ഥാപനമായ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡും (എൻ‌ഡി‌ഡി‌ബി) ന്യൂസിലാന്റിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനെതിരെ കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ക്ഷീരകർഷകരുടെ നട്ടെല്ലൊടിക്കുന്ന നടപടിക്കാണു സർക്കാർ മുതിരുന്നതെന്നാണു അമുൽ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

16 രാജ്യങ്ങളുടെ കൂട്ടായ്മയായ റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർ‌സി‌ഇ‌പി ) വ്യാപാരകരാർ സംബന്ധിച്ചുണ്ടായിരുന്ന തർക്കങ്ങൾ ഏറെക്കുറെ അവസാനിപ്പിക്കുകയും ഇറക്കുമതി ചർച്ചകളെക്കുറിച്ച് അന്തിമതീരുമാനമെടുക്കുകയും വാണിജ്യ മന്ത്രാലയം അതിനു പച്ചക്കൊടി കാണിക്കുകയും ചെയ്തുകഴിഞ്ഞു. ഇതാണു ആശങ്കയുണ്ടാക്കുന്ന വാർത്ത

Read Also  ബംഗാളിൽ നാടകീയ സംഭവങ്ങൾ; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മമതയുടെ അനശ്ചിതകാല സത്യാഗ്രഹം

ഇതുസംബന്ധിച്ച് ഔദ്യോഗികചർച്ചകൾ പുരോഗമിക്കുകയാണു. ലോകത്ത് ഏറ്റവുമധികം പാൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണു ന്യൂസിലാൻഡ്. ഇവരുമായും ആസ്ത്രേലിയയുമായും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര കരാറാണ് ഒപ്പുവെക്കാൻ പോകുന്നത്. അടുത്ത മാസം, ഒക്ടോബർ 31 മുതൽ നവംബർ 4 വരെ ആസിയാൻ വ്യാപാര ഉച്ചകോടി ബാങ്കോക്കിൽ നടക്കുകയാണു. ഈ സമ്മേളനത്തിൽ ന്യൂസിലാൻഡിലും ആസ്ത്രേലിയയിലും നിന്ന് ഇന്ത്യയിലേക്ക് വൻ തോതിൽ പാൽ പ്പൊടികൾ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെക്കുകയാണു. ഇനി ഇന്ത്യൻ ഉപഭോക്താവിനു പാൽ വാങ്ങാനായി പാൽക്കാരിയെ കാത്തിരിക്കേണ്ടതില്ല. അവരുടെ എല്ലാ പാലുല്പന്നങ്ങളും വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

ഈ ഇറക്കുമതി ദശലക്ഷക്കണക്കിനുള്ള ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണു സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇത് ഇന്ത്യയിലെ ദരിദ്രരായ ക്ഷീരകർഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചേക്കാം. പുതുവർഷാരംഭമാകുമ്പോഴേക്കും രാജ്യത്തെ പാലിൻ്റെ വില വൻ തോതിൽ ഇടിയുമെന്നാണു കണക്കു കൂട്ടുന്നത്. പശുവിനുവേണ്ടി നിരന്തരം മനുഷ്യനെ കുരുതി കൊടുക്കുന്ന പ്രവണതയെ പ്രോത്സാഹിപ്പിച്ച് അധികാരത്തിൽ വന്ന സർക്കാരാണു ഇത് ചെയ്യുന്നത് എന്നത് വിരോധാഭാസമായി തോന്നാം. സാധാരണയായി വലിയ തോതിലുള്ള ഡയറി ഫാമുകൾ ഉള്ള ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദരിദ്രരായ കർഷകരാണു പശുവളർത്തിലിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ന് 30 രൂപ കിട്ടുന്ന കർഷകനു അടുത്ത വർഷമാകുമ്പോഴേക്കും അതിൻ്റെ പകുതി വിലയിലേക്ക് കൂപ്പുകുത്തുമെന്നാണു മുന്നറിയിപ്പ്.

മറ്റൊരു തമാശയുണ്ട്. നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാൻപൗരന്മാർ പശുവിൻ്റെ ആരാധകരല്ല. പക്ഷെ അവിടെ ഒരു ലിറ്റർ പാലിനു 120 മുതൽ 140 രൂപവരെ ലഭിക്കുമ്പോഴാണു നമ്മുടെ ദരിദ്രകർഷകൻ്റെ പാലിനു അതിൻ്റെ നാലിലൊന്നു മാതം കിട്ടുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്.

“പോഷക സുരക്ഷയെ അപകടത്തിലാക്കുന്ന, വീണ്ടും ഇറക്കുമതിയെ ആശ്രയിക്കുന്ന  നമ്മുടെ രാജ്യത്തിൻ്റെ തീരുമാനം  ദാരുണമായ അവസ്ഥയിലേക്ക് നിലംപതിക്കും,” അമുൽ മേധാവി മുന്നറിയിപ്പ് നൽകുന്നു. എല്ലാം കൊണ്ടു പശുരക്ഷകർ ജയിക്കട്ടെ, പാൽക്കാരി പെണ്ണുങ്ങൾ മണ്ണടിയട്ടെ, അവരുടെ സ്വപ്നങ്ങളെല്ലാം ചിതലരിക്കട്ടെ. അപ്പോഴൊക്കെ നമുക്ക് ജയ് ശ്രീറാം മുഴക്കാം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply