Monday, January 24

വത്തിക്കാനിലാണെന്‍റെ വിശ്വാസം..ഇക്കരയാണെന്‍റെ ജീവിതം..ചില ഇരട്ടപൗരത്വങ്ങൾ

      ജലന്തർ ബിഷപ്പിനെ തിരഞ്ഞു നമ്മുടെ പോലിസും ക്രിമിനൽ നിയമവും പരക്കം പായുന്ന സമയം,നമുക്കങ്ങ് വത്തിക്കാൻ സാമ്രാജ്യത്തിലേക്ക് പോകാം.  അവിടത്തെ ഭരണാധികാരിയായ ഫ്രാൻസിസ് മാർപ്പാപ്പയെ ഇപ്പോൾ എറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് രാഷ്ട്രീയമായ പ്രശ്നങ്ങളല്ല, മറിച്ച് സഭയ്ക്കുള്ളിലെ വിഷയങ്ങൾതന്നെയാണ്. അതും `അപ്പോസ്തലന്മാർ`ക്കെതിരെ നിരന്തരമായി ഉയരുന്ന ലൈംഗിക ആരോപണങ്ങൾ. അതെ, ജലന്തർ ബിഷപ്പിനെപ്പോലെ പലരും ഈ ലോകത്തു പലേടങ്ങളിലുമുണ്ട്. ഇവിടെ ചിന്തിക്കപ്പെടേണ്ടത്  രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരവും ആശയപരമായ അതിരുകളെ എങ്ങനെ തിരിച്ചറിയാൻ പറ്റുമെന്നതാണ്. അതായത് വത്തിക്കാൻ വിശ്വാസികളായി മറ്റൊരു രാജ്യത്തെ പൗരന്മരായി ജീവിക്കുന്ന  ഒരു വിഭാഗം(വികാരികൾ). അവർ ജീവിക്കുന്ന രാജ്യത്തെ സിവിൽ നിയമങ്ങൾക്കുള്ളിൽ അവർ വരില്ലെന്ന ചിന്തയിൽ കഴിയുന്നുവെന്നും മനസിലാക്കാം.

 

    ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രതീക്ഷിച്ചതുപോലെ ഫ്രാൻസിസ് മാർപ്പാപ്പയിൽ നിന്നും ചില കാര്യങ്ങളിൽ  വിപ്ലവാത്മകമായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെന്ന് തോന്നിത്തുടങ്ങിയിരുന്നു. അതിനു തെളിവാണ് പള്ളിയുമായിബന്ധപ്പെട്ട ലൈംഗിക കുറ്റങ്ങളിൽ പോപ്പ് കാണിക്കുന്ന നിസംഗതയെന്നും അവരിൽ പലരും വാദിച്ചിരുന്നു. ഈ അവസരത്തിലാണ് തികച്ചും വ്യത്യസ്തമായ ചില തീരുമാനങ്ങളുമായി പോപ്പ് രംഗത്തുവന്നത്. അതാകട്ടെ  ഏതൊരു രാജ്യത്തിൻ്റെയും സിവിൽ നിയമവ്യവസ്ഥയ്ക്കതീതമായി മതസ്ഥാപനങ്ങൾക്ക് നിലനിൽപ്പില്ലെന്ന മനസിലാക്കൽകൂടിയാണുണ്ടാക്കുന്നത്.

 

വത്തിക്കാൻ ചിലിയിലിടപെടുമ്പോൾ  

    നസംഖ്യയിൽ അറുപത്തിയെട്ട് ശതമാനം കത്തോലിക്കാ വിശ്വാസികളുള്ള    ചിലിയിൽ പള്ളിക്കുള്ളിലേക്ക് സിവിൽ നിയമത്തിൻ്റെ കരങ്ങൾ കടന്നു ചെന്നു കഴിഞ്ഞപ്പോൾ വത്തിക്കാനു വെറുതേയിരിക്കാൻ കഴിയാതെ വന്നു.

ലൈംഗിക  ആരോപണം ചിലിയിൽ സഭയെ തകർത്തുവെന്നുകാണിക്കുന്ന   2,300 പേജ് റിപ്പോർട്ട് തയ്യാറാക്കിയശേഷം ചിലിയിൽ നിന്നും 34 ബിഷപ്പുമാരെ റോമിലേക്ക് വിളിപ്പിക്കുകയും ചെയ്തുകൊണ്ട് ചരിത്രത്തിലാദ്യമായി പ്രമുഖരായ അഞ്ചു വികാരികളെ സഭയിൽ നിന്നു തന്നെ പിരിച്ചു വിടുകയാണ് ഫ്രാൻസിസ് മാർപ്പാപ്പ  ചെയ്തത്.

കഴിഞ്ഞ സന്ദർശനത്തിൽ തെക്കെ അമേരിക്കയിലെത്തിയ ഫ്രാൻസിസ് മാർപ്പാപ്പ കുറ്റാരോപിതനായ ബിഷപ്പ് ജുവാൻ ബാരോസെന്ന പുരോഹിതനെ വിശ്വസിക്കുകയാണുണ്ടായത്, ഇതന്നു വിശ്വാസികൾക്കിടയിൽ  പോപ്പിനെപ്പറ്റിയുള്ള അവമതിപ്പിനു കാരണമാകുകയുംചെയ്തിരുന്നു. എന്നാൽ തിയഡോറിൻ്റെ മേലുള്ള നടപടി ശരിക്കും, ഫ്രാൻസിസ് പാപ്പയിലുള്ള പ്രതീക്ഷ അൽപ്പം ഉയർത്തിയിട്ടുണ്ടെന്നതു സത്യമാണ്.

അൾത്താരയിലെ പീഡനങ്ങളെപ്പറ്റി പുറത്തു വരുന്ന റിപ്പോർട്ടുകൾ, ഇപ്പോൾതന്നെ ധാർമ്മികതയെ സംബന്ധിച്ച നിലപാടിൽ സംശയത്തിൻ്റെ മുനയിൽ നിൽക്കുന്ന സഭയെ കൂടുതൽ ക്ഷീണിപ്പിക്കുമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തതരത്തിൽ ബോസ്റ്റൺ ബിഷപ്പായ കർദ്ദിനാൾ സീയാൻ ഓ മല്ലിയെപ്പോലുള്ളവർ ഒർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.  എൺപത്തിയെട്ടു വയസുകാരനായ കർദ്ദിനാൾ തിയഡോർ മാക് ക്യാരിക്ക് അൻപതു വർഷമായി സഭാമറവിൽ വിശ്വാസികൽക്കു മേലേ നടത്തിക്കൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങളെ തുടർന്ന് സഭയിൽ നിന്നും പുറത്തുപോകേണ്ടിവന്ന സന്ദർഭത്തിൽ, ഈ വിലയിരുത്താൽ വളരെ ശ്രദ്ധേയമായി മാറുന്നു.


എന്നാൽ ഇത്തരം വത്തിക്കാൻ നിലപാടുകളെപ്പറ്റി ശക്തമായ എതിർപ്പുകൾ പലഭാഗത്തുനിന്നും വിശ്വാസികളിൽ നിന്നു തന്നെയുണ്ടാകുന്നുവെന്നതും തികച്ചും അതിശയം ജനിപ്പിക്കുന്നതാണ്. ബിഷപ്പുമാർ കൃസ്തുവിൻ്റെ പ്രതിപുരുഷന്മാരാണ് വത്തിക്കാൻ കമ്പനിയിലെ സി ഈ ഓയ്കു കീഴിൽ പ്രവർത്തിക്കുന്ന ഓഫീസർമാരല്ല അതത് ചർച്ചുകളിലെ വിശ്വാസികളാണ് ഇവരെ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കേണ്ടത് അല്ലാതെ വത്തിക്കാനല്ല എന്നു മുതിർന്ന ജസ്യൂട്ട് പുരോഹിതനായ തൊമസ് റീസെ അഭിപ്രായപ്പെടുന്നു.    പക്ഷേ, ചിലിയിലെ നിയമവ്യവസ്ഥ ഇവരെ എങ്ങനെ കൈകര്യം ചെയ്തുവെന്നത് ഇപ്പോഴും അവ്യക്തമാണ്. അതു അപ്രസക്തവുമായി മാറുന്നു.

 

Read Also  സഭയോട് ഓശാന പാടി കോടിയേരി; കന്യാസ്ത്രീകളുടെ സമരത്തെ സംഘപരിവാർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു

രാജ്യമെന്ന സങ്കൽപ്പവും മതമെന്ന കവിഞ്ഞൊഴുക്കും


വിടെയാണ് മുൻപ് സൂചിപ്പിച്ച പ്രശ്നം ചർച്ച ചെയ്യപ്പെടേണ്ടത്. ലോകത്തു എല്ലാ രാജ്യങ്ങളിലും അവരുടേതായ സിവിൽ നിയമങ്ങൾ നിലനിൽക്കുന്നുവെന്ന സത്യം പല വിശ്വാസികളും മനപ്പുർവം വിസ്മരിക്കുന്നു. വത്തിക്കാൻ ഒരു സ്വയം ഭരണസ്വഭാവമുള്ള ടെറിറ്റെറി മാത്രമാണ്. മതപരമായ അധികാരത്തിൻ്റെ ഒരു അവശേഷിപ്പ് ഇപ്പോഴും അവിടെ നിലനില്ക്കുന്നുവെന്നു മാത്രം. ഇത്തരം ഒരു സംവിധാനത്തിൽ വിശ്വാസമർപ്പിച്ചാണ് ജലന്തർ ബിഷപ്പായ ഫ്രാങ്കോയെപ്പോലുള്ളവർ ജീവിക്കുന്നതും. മറ്റൊരു വിശ്വാസിയായ സ്ത്രീയെ അവർ നൽകിയ പരാതിയിൽ പറയുമ്പോലേ ലൈംഗിക സുഖത്തിനായി ഉപയോഗിച്ചതും  സാധാരണ വിശ്വാസികളുടെയും വത്തിക്കാൻ്റെയും സുരക്ഷ ഇവരിൽ എപ്പോഴും നിലനിൽക്കുന്നുവെന്ന ബോധം കൊണ്ടാണ്. അതുതന്നെയാണ്ചിലിയിലും ഇങ്ങ് കേരളത്തിലും വികാരികൾ എന്തു അധാർമ്മികതയും കാണിക്കുവാനായി ഉപയോഗിക്കുന്നത്. മതമെന്നത് ഇവിടെ അംബാസിഡർഷിപ്പാണ്. -എന്തു വിപ്ലവാത്മകമായ രാജ്യസങ്കൽപ്പം – ഒരു രാജ്യത്തെ പൗരനായി ജീവിക്കുകയും മറ്റൊരു രാജ്യത്തെ ഭരണാധികാരിയുടെ നിയമത്തെയോ സൗമനസ്യത്തെയോ അംഗീകരിക്കുകയും ചെയ്യുന്ന ഒരു ഇരട്ട പൗരത്വമെന്നെ ഇതിനെ കാണാൻ കഴിയൂ…

   

ഇത്തരത്തിലുള്ള ഇരട്ടപൗരത്വം പലപ്പോഴും മതവിശ്വാസത്തിൻ്റെ രണ്ട് പിരിവുകളായും മാറാറുണ്ട്. ഇടവകകളിലോ സാധാരണ വിശ്വാസികളിലോ മതം നൽകുന്ന പരിഗണനകൾ അതിൻ്റെ പാരമ്യതയിൽ നേടിയെടുക്കുന്ന പുരോഹിത വർഗ്ഗമാണതിലൊന്ന്, അവർ വളരെ പെട്ടെന്നു തന്നെ വിശ്വാസികളിൽ അവർ ജീവിക്കുന്ന രാജ്യത്തിലെ നിയമസംഹിതകൾക്ക് അതീതരാണവരെന്നു മതചിഹ്നങ്ങളും ബഹുമതികളും കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കിയെടുക്കുകയും  അതിലൂടെയിവർ സ്വാധീനശക്തി നേടിയെടുക്കുകയും ചെയ്യുന്നു..  ഇതിലെ രണ്ടാം തലം സഭയ്ക്ക്  അകത്തു തന്നെ ഇത്തരം അധീശത്വത്തെ ചോദ്യംചെയ്യുന്ന വിഭാഗമാണ്. അവർ പലപ്പോഴും ആശ്രയിക്കുന്നത് അതാത് രാജ്യങ്ങളിൽ നിലനിൽക്കുന്ന സിവിൽനിയമ വ്യവസ്ഥയെതന്നെയാണ്. ഇവിടെ പീഡനത്തിനു വിധേയയായ കന്യാസ്ത്രീയും ഇത്തരമൊരു സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരം കേസുകളിൽവളരെ പെട്ടെന്ന് സഭയ്ക്കുള്ളിൽ നിന്നു തന്നെ സഭാവസ്ത്രത്തിൻ്റെ വിലയനുസരിച്ചുള്ള പിന്തുണ കുറ്റാരോപിതരായ പലർക്കും നേടിയെടുക്കാൻ സാധിക്കുന്നത്. പ്രത്യക്ഷത്തിൽ ഇവിടെ ഉരുത്തിരിയുന്നത് സിവിൽ നിയമലംഘനം തന്നെയാണ്. രാജ്യത്തെ നിലവിലുള്ള നിയമത്തിനതീതമായ ഒരു പിന്തുണ മതം നൽകും എന്നുള്ള ചിന്തയിൽ നിന്നുണ്ടാകുന്ന അവസ്ഥ. ഈ അവസ്ഥയ്ക്കു തന്നെയാണ് ഒരു പരിധിവരെ സംഘപരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ആഗോളമതമായ കൃസ്ത്യൻ വിഭാഗം വളരെ കാലങ്ങളായി അനുവർത്തിച്ചുപോരുന്ന അച്ചടക്കത്തിൻ്റെ ലേബലിൽ ഇത് കുറച്ചു കാലങ്ങൾക്കു മുൻപേ നേടിയെടുത്തുവെന്നു മാത്രം.

 

Spread the love