ഈദുല്‍ ഫിത്വര്‍ അവധിക്ക് ദുബായിൽ ഉണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് 34 ലക്ഷം ദിര്‍ഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനമായി നല്‍കണമെന്ന് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍.  

ബസ് ഓടിച്ചിരുന്ന 53കാരനായ ഒമാനി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്. 40 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ചിരുന്ന ഭാഗത്തേക്ക് 94 കിലോമീറ്റര്‍ വേഗതയില്‍, ബസ് ഓടിച്ചു കയറ്റുകയായിരുന്നു. ഇവിടേക്ക് ബസുകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. ഏഴുവർഷം ഇയാൾ തടവ് അനുഭവിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.  

ജൂൺ ആറിന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.  

ഒമാൻ സ്വദേശിയും 53കാരനുമായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയിൽ ഹാജരാക്കി. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു.  

ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.  

വേഗപരിധിയെ കുറിച്ചും ഉയര പരിധിക്ക് ദിശാസൂചകം നല്‍കുന്ന ബാരിയാറിനെ കുറിച്ചും പ്രധാന റോഡില്‍ സൂചന ഉണ്ടായിരിക്കെ അതൊക്കെ അവഗണിച്ചു അനുമതിയില്ലാത്തിടത്തേക്ക് പ്രവേശിച്ചത് അശ്രദ്ധയും അങ്ങേയറ്റം കുറ്റകരവുമാണെന്ന് എമിറേറ്റ്‌സ് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവിയും അഡ്വക്കേറ്റ് ജനറലുമായ സലാഹ് ബു ഫറൂഷ അല്‍ ഫലാസി പറഞ്ഞു.  

30 യാത്രക്കാരില്‍ 17 പേരുടെ മരണത്തിനിടയാക്കുകയും 13 പേര്‍ക്ക് പരിക്ക് പറ്റുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കും സ്ഥാവര ജംഗമ വസ്തുക്കള്‍ക്കും കേടുപാടുകള്‍ വരുത്തുന്നതിനും ഇടയാക്കിയ അപകടത്തിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും പിഴയും ഒടുക്കണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിയാധനമായി നല്‍കണമെന്നും അദ്ദേഹം ഉത്തരവിട്ടു. യു എ ഇ ഫെഡറല്‍ പീനല്‍ കോഡ്, ട്രാഫിക് നിയമം അനുസരിച്ചാണ് പിഴ.  

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കൊട്ടിഘോഷിച്ചു തുടങ്ങിയ മലയാളം ചാനൽ പൂട്ടി; ഉടമ രാജ്യം വിട്ടതിനെ തുടർന്ന് തൊഴിലാളികൾ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here