Sunday, January 16

ദുബൈയിലെ വാഹന ഉടമകള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ ആജീവനാന്ത ഇ രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭ്യമാകും

ദുബൈയിലെ വാഹന ഉടമകള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ ആജീവനാന്ത ഇ രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭ്യമാകും. നിലവിലുള്ള കാര്‍ഡ് സ്ഥിരം ഇ രജിസ്‌ട്രേഷന്‍ കാര്‍ഡാക്കി മാറ്റാം. എന്നാല്‍, മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓരോ വര്‍ഷവും പരിശോധന ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി പുതുക്കിയിരിക്കണം. പദ്ധതിയുടെ ഒന്നാം ഘട്ടം റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) ജനുവരിയില്‍ ആരംഭിച്ചിരുന്നു.

സര്‍ക്കാര്‍ വാഹനങ്ങള്‍, കാര്‍ വാടകക്ക് നല്‍കുന്ന കമ്പനികൾ, ടാക്‌സികള്‍ എന്നിവക്കാണ് ഒന്നാം ഘട്ടത്തില്‍ സ്ഥിരം ഇ രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചത്. മേയില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ സ്വകാര്യ കമ്പനികളുടെ വാഹനങ്ങള്‍ക്കും ഈ സംവിധാനം ലഭ്യമാക്കി തുടങ്ങി. മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലാണ് വ്യക്തികളുടെ വാഹനങ്ങള്‍ക്കും ആജീവനാന്ത ഇ കാര്‍ഡുകള്‍ അനുവദിക്കുന്നത്. ആര്‍.ടി.എയുടെ ‘ദുബൈ ഡ്രൈവ്’ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് ( www.rta.ae), കാള്‍ സന്റെറുകള്‍ (8009090) എന്നിവ മുഖേന രജിസ്‌ട്രേഷന്‍ സേവനം ലഭ്യമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതുക്കപ്പെടുന്ന ഇ രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ കാലഹരണപ്പെടില്ലെന്ന് ആര്‍.ടി.എയുടെ ലൈസന്‍സിങ് ഏജന്‍സിയിലെ വാഹന ലൈസന്‍സിങ് ഡയറക്ടര്‍ സുല്‍ത്താന്‍ ആല്‍ മര്‍സൂഖി പറഞ്ഞു.

ഇ രജിസ്‌ട്രേഷന്‍ കാര്‍ഡ് വാഹന ഉടമകള്‍ക്ക് ഇ മെയില്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇക്ക് പുറത്തേക്ക് വാഹനവുമായി പോകുന്നവര്‍ കാര്‍ഡിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. എല്ലാ സേവനങ്ങളും ഇലക്‌ട്രോണിക് രീതിയിലേക്ക് ക്രമേണ മാറ്റുന്നതിന്റെയും സ്മാര്‍ട്ട് സിറ്റി സംരംഭത്തിന്റെയും ഭാഗമായാണ് പുതിയ നടപടിയെന്ന് ആര്‍.ടി.എ വ്യക്തമാക്കി. അതോറിറ്റി ഇതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണ കത്തുകള്‍ അയക്കുകയും ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ സമയവും പ്രയത്‌നവും ലാഭിക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കും.

വാര്‍ഷിക പുതുക്കല്‍ പ്രക്രിയ സുഖകരമാക്കാന്‍ ആര്‍.ടി.എയുടെ ഇ വാലറ്റില്‍ ചേരാം. പുതുക്കാനുള്ള പണം ഇ വാലറ്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ഓരോ വര്‍ഷവും ഇരജിസ്‌ട്രേഷന്‍ പുതുക്കല്‍ താനേ നടക്കും. പിഴ അടക്കാനും ഇ വാലറ്റ് ഉപയോഗിക്കാം. നോല്‍ കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡുകളോ ഉപയോഗിച്ച് ഇ വാലറ്റില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. ഇ രജിസ്‌ട്രേഷന്‍ കാര്‍ഡ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ തസ്ജീല്‍, അല്‍ ശാമില്‍, മറ്റു രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ തിരക്ക് ഗണ്യമായി കുറയും. പുതിയ രജിസ്‌ട്രേഷന് 400 ദിര്‍ഹം തന്നെയായിരിക്കും ഫീസ്. വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 350 ദിര്‍ഹവും നല്‍കണം.

Spread the love
Read Also  ലോകത്തിലെ വലിയ ഓഡിയോ ലൈബ്രറി ദുബായില്‍