Thursday, January 20

കേരളത്തിന് പകരം ഉത്തരേന്ത്യയിലായിരുന്നു കരോൾ സംഘത്തെ ആക്രമിച്ചിരുന്നതെങ്കിലോ? രഘു നന്ദനൻ എഴുതുന്നു

കഴിഞ്ഞ 10 ദിവസങ്ങളിലായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോൾ സംഘം ഡിവൈഎഫ്ഐ അക്രമി സംഘത്തെ പേടിച്ച് വീടുകളിൽ പോലും പോവാൻ കഴിയാതെ കൂമ്പാടി ,സെന്റ് പോൾസ് ആംഗ്ളിക്കൻ പള്ളിയിൽ അഭയം തേടാൻ തുടങ്ങിയിട്ട്. കരോൾ സംഘത്തെ ആക്രമിച്ചത് ഇടത് പുരോഗമന വിപ്ലവ സംഘടനായ ഡിവൈഎഫ്ഐ ആയത്കൊണ്ട് മാത്രം കേരളത്തിൽ അതൊരു വാർത്തയെ അല്ല. ഫാസിസത്തെയും ന്യൂനപക്ഷങ്ങളെയും തടയുക തങ്ങൾ വഴി ആണെന്നാണ് അവരെപ്പോഴും അവകാശപ്പെടുന്നത്. തിരിച്ചൊന്ന് ചിന്തിച്ചാൽ ആർഎസ്എസ് അക്രമി സംഘങ്ങൾ ആണ് ഈ കരോൾ സംഘത്തെ ആക്രമിച്ചിരുന്നതെങ്കിലോ? അത് ഉത്തരേന്ത്യയിൽ ആയിരുന്നാൽ പോലും കേരളത്തിലുള്ള സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളും മാധ്യമങ്ങളും വെളിച്ചപ്പാടിനെ കടത്തി വെട്ടുന്ന രീതിയിൽ ഉറിഞ്ഞു തുള്ളിയേനേ. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലാത്തത് കൊണ്ടാവണം മാധ്യമങ്ങൾക്കും ആക്റ്റിവിസ്റ്റുകൾക്കും ഇവരെ വേണ്ടാത്തത് കാരണം അവരിപ്പോഴും ഭയത്തോടെ പള്ളിയ്ക്കുള്ളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

ഡിസംബർ 23ന് രാത്രി കരോൾ പാടുന്നതിനിടെയാണ് മദ്യപിച്ചെത്തിയ ഡിവൈഎഫ്ഐ അക്രമി സംഘം തെറിവിളിയുമായി കരോൾ സംഘത്തിനെതിരെ തിരിഞ്ഞത്. ഇത് ചോദ്യം ചെയ്ത കരോൾ സംഘത്തിലെ ആണുങ്ങളെ മർദ്ദിക്കുകയും സ്ത്രീകൾക്ക് നേരെ തുണി അഴിച്ച് തങ്ങളുടെ വിപ്ലവ വീര്യം ഡിവൈഎഫ്ഐ പുറത്തെടുത്ത് കാണിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കല്ലേറിൽ കരോൾ സംഘത്തിലെ ഒരു പെൺകുട്ടിയ്ക്ക് കണ്ണിന് താഴെ സാരമായ പരിക്ക് പറ്റിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വടിവാളുൾപ്പടെ കാണിച്ചു വെട്ടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നത് സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനാ കൂടിയാണ്.

ക്രിസ്ത്യൻ സ്ത്രീകൾക്ക് ഇന്നും സാധ്യമല്ലാത്ത അൾത്താരയിൽ ജീവൻ രക്ഷാര്‍ഥം പ്രവേശനം നടത്തിയും പാതിരാത്രിയിൽ ഡിവൈഎഫ്ഐ അക്രമി സംഘത്തിൽ നിന്ന് രക്ഷ നേടാനായി കൂട്ടമണി അടിച്ചുമാണ് ഈ സ്ത്രീകളും കുട്ടികളും ജീവനെ തിരികെ പിടിച്ചത്. കരോൾ സംഘത്തിന് കഴിക്കാൻ ഉണ്ടാക്കിയിരുന്ന ഭക്ഷണങ്ങളും പള്ളിയ്ക്കുള്ളിലെ വസ്തുവകകളും നശിപ്പിച്ചാണ് അക്രമി സംഘം അവരുടെ അരിശം തീർത്തതെന്ന് പെൺകുട്ടികൾ പറയുന്നു. വീടുകൾ കയറി ആക്രമിക്കുകയും വാഹനങ്ങളും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും ചെയ്ത ഇവരെ പേടിച്ച് തങ്ങൾ എങ്ങനെ തിരികെ വീടുകളിലേക്ക് പോകുമെന്നാണ് ഈ പെൺകുട്ടികൾ ചോദിക്കുന്നത്.

എന്നാൽ ഡിവൈഎഫ്ഐക്ക് സംഭവുമായി ബന്ധമില്ലെന്നും രണ്ടു കരോൾ സംഘങ്ങൾ തമ്മിലുള്ള തർക്കം മാത്രമാണ് ഇതെന്നും ഇതിൽ ഒരു സംഘം പള്ളിയിൽ കഴിയുന്നതു രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും സിപിഐഎം പനച്ചിക്കാട് ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ പറയുന്നു. മാധ്യമങ്ങളും നേതാക്കളും എത്തുമ്പോൾ മാത്രം ആണ് ഇവർ പള്ളിയിൽ എത്തുന്നതെന്നും മറ്റുള്ള സമയത്തു സ്വന്തം വീടുകളിൽ തന്നെ കഴിയുകയുമാണ് ചെയ്യുന്നതെന്നും കെ. രാധാകൃഷ്ണൻ പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ ഇവരെ സന്ദർശിച്ചുവെങ്കിലും വേണ്ടതെല്ലാം ചെയ്യാമെന്ന് ഉറപ്പ് നൽകിയെങ്കിലും പേടിയില്ലാതെ ഇനി എങ്ങനെ ജീവിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ഇവർ. സ്കൂൾ തുറന്നെങ്കിലും കുട്ടികളെ ഉൾപ്പടെ സ്കൂളിൽ അയച്ച് സുരക്ഷിതമായി മടങ്ങി വരുമോ എന്നുള്ള ആശങ്ക ഇവരെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്നാണ് ഓരോ സ്ത്രീകളും പറയുന്നത്.

Read Also  സംഘപരിവാര തമാശകള്‍: കേരളത്തില്‍ ചുവപ്പന്‍ അടിയന്തരാവസ്ഥയെന്ന് ഓര്‍ഗനൈസര്‍

കോട്ടയം ജില്ലാ കലക്ടർ പി. സുധീർ ബാബുവിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം സബ് കളക്ടർ ഈശ പ്രിയ സന്ദർശിച്ച് തെളിവെടുപ്പു നടത്തിയപ്പോൾ തങ്ങൾ വീടുകളിലേക്ക് മടങ്ങാൻ തയ്യാറാണ്. എന്നാൽ മതിയായ സുരക്ഷ നൽകണമെന്ന അഭ്യര്‍ഥനയാണ് ഇവർ സബ് കളക്ടർക്ക് മുന്നിൽ വെച്ചത്. കുട്ടികൾ അടക്കമുള്ളവർ പള്ളിയിൽ ഒരു വിഭാഗത്തെ പേടിച്ചു കഴിയുന്നത് കേരളത്തിൽ തന്നെയല്ലേ എന്ന ചോദ്യമാണ് വീണ്ടും വീണ്ടും നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ടത്.

Spread the love

Leave a Reply